23 December 2024, Monday
KSFE Galaxy Chits Banner 2

സെബിയുടെ സത്യവാങ്മൂലം സത്യത്തിന്റെ വെളിച്ചം

web desk
May 16, 2023 4:00 am

സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സുപ്രീം കോടതിയില്‍ നടത്തിയ ഒരു കുറ്റസമ്മതം ഞെട്ടിക്കുന്നതാണ്. 2016 മുതൽ ഒരു അഡാനി ഗ്രൂപ്പ് കമ്പനിക്കെതിരെയും അന്വേഷണം നടത്തിയിട്ടില്ലെന്നും ഇതേവിഷയത്തില്‍ മുമ്പ് നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നുമാണ് സെബി കോടതിയെ അറിയിച്ചത്. അന്വേഷണത്തിലെ കാലവിളംബമോ, നിയന്ത്രണ ഏജൻസി കള്ളം പറഞ്ഞുവെന്നതോ അല്ല ഇവിടെ വിഷയം. അഡാനി-കേന്ദ്രസര്‍ക്കാര്‍ രഹസ്യബന്ധത്തെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് സെബിയുടെ കുറ്റസമ്മതം എന്നതാണ്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരും അതിന്റെ സംവിധാനങ്ങളും അഡാനിയെ സംരക്ഷിക്കാന്‍ നടത്തിവന്ന വഴിവിട്ട നീക്കങ്ങളുടെ ഒരു മുഖംമൂടിയാണ് സുപ്രീം കോടതിയില്‍ അഴിഞ്ഞു വീണിരിക്കുന്നത്.

അഡാനി-ഹിൻഡൻബർഗ് വിവാദം അന്വേഷിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സമർപ്പിച്ച പുനഃപരിശോധനാ സത്യവാങ്മൂലത്തില്‍ സെബി പറയുന്നത് ഇങ്ങനെ: ‘2016 മുതൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഡാനിക്കെതിരെ അന്വേഷണം നടത്തുന്നുണ്ടെന്നത് അടിസ്ഥാനരഹിതമാണ്. അഡാനി ഗ്രൂപ്പിന്റെ ഒരു ലിസ്റ്റഡ് കമ്പനിയും തങ്ങൾ പരിശോധിക്കുന്ന 51 കമ്പനികളുടെ ഭാഗമല്ല’. ഇവിടെ അഴിഞ്ഞുവീഴുന്നത് സെബിയുടെ മാത്രം പൊയ്‌മുഖമല്ല; കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കാപട്യമാണ്. അഡാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം നടത്തുന്നുണ്ടെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി 2021 ജൂലൈ 19ന് ലോക്‌സഭയിൽ പറഞ്ഞിരുന്നു. 2016 മുതല്‍ അഡാനിക്കമ്പനികള്‍ക്കെതിരായ ആരോപണങ്ങള്‍ തങ്ങൾ അന്വേഷിച്ചിട്ടില്ലെന്ന് സെബി സുപ്രീം കോടതിയിൽ പറയുമ്പോള്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി എന്നുവേണം കരുതാന്‍. ഹിന്‍ഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി സമിതി രൂപീകരിച്ചത് മാര്‍ച്ചിലാണ്. അതുസംബന്ധിച്ച വാദത്തിനിടയിലാണ് അഡാനി ഗ്രൂപ്പ് ഓഹരിവിലയിൽ കൃത്രിമം കാണിച്ചോ എന്നതില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് സെബി നേരത്തെ അറിയിച്ചിരുന്നത്. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി അന്ന് നിർദേശം നൽകി. നിക്ഷേപകർക്ക് പരിരക്ഷ നൽകുന്നതടക്കമുള്ള ചട്ടക്കൂടുകൾ ഒരുക്കുന്നത് സംബന്ധിച്ച് പഠനം നടത്തുകയായിരുന്നു വിദഗ്ധസമിതിയുടെ ചുമതല. സമിതി അംഗങ്ങളെ കേന്ദ്രസർക്കാർ നിർദേശിച്ചെങ്കിലും മുദ്രവച്ച കവറിൽ സര്‍ക്കാര്‍ നൽകിയ പേരുകൾ അവഗണിച്ച് സുപ്രീം കോടതി സ്വന്തം നിലയ്ക്ക് സമിതിയുണ്ടാക്കുകയായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിലെ തകര്‍ച്ചയില്‍ കടുത്ത ആശങ്കയും കോടതി അറിയിച്ചിരുന്നു.

മേയ് 10ന് മുദ്രവച്ച കവറിൽ വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അന്വേഷണത്തിന് ആറ് മാസം കൂടി സമയം വേണമെന്നാണ് സെബി ആവശ്യപ്പെട്ടത്. ആറ് മാസം നല്കാനാകില്ലെന്നും മൂന്ന്മാസ കാലാവധി പരിഗണിക്കാമെന്നും കഴിഞ്ഞദിവസം സുപ്രീം കോടതി വാക്കാല്‍ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഈ വിഷയത്തിൽ ഉത്തരവ് നല്കാനിരിക്കുകയാണ്. അതിനിടയിലാണ് അന്വേഷണം നേരിടുന്ന 51 ഇന്ത്യൻ കമ്പനികളില്‍ അഡാനിഗ്രൂപ്പ് ഇല്ല എന്ന സെബിയുടെ സത്യവാങ്മൂലം. റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. അഡാനി വിഷയത്തിൽ പ്രതിപക്ഷവും മോഡി സർക്കാരിനെതിരെ നിരന്തരം പ്രതിഷേധമുയര്‍ത്തിയിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അഡാനി വിഷയത്തിൽ വലിയ ബഹളമുണ്ടായി. സഭയിൽ 19 പ്രതിപക്ഷ പാർട്ടികളാണ് മോഡി സർക്കാരിന്റെ അഴിമതി സംരക്ഷണത്തിനെതിരെ പ്രതികരിച്ചത്. ബിനോയ് വിശ്വം, രാഹുൽ ഗാന്ധി തുടങ്ങിയവര്‍ സഭയ്ക്കകത്തും പുറത്തും വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അപ്പോഴെല്ലാം അന്വേഷണം നടക്കുന്നുണ്ടെന്ന ഒഴുക്കന്‍ മറുപടികളുമായി സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ‘രാജ്യത്തെ നിയന്ത്രണ ഏജൻസികൾ പരിചയ സമ്പന്നരാണ്. അതാത് മേഖലയിൽ വിദഗ്ധരുമാണവർ. അവർ വിഷയം ഏറ്റെടുത്തിട്ടുണ്ട്. ശ്രദ്ധയോടെ വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അഡാനി വിഷയത്തിലെ സെബി അന്വേഷണത്തെക്കുറിച്ചു പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ ഒരക്ഷരം പോലും മിണ്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറായില്ല. പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍ ഇല്ലാതാക്കാന്‍ സഭാധ്യക്ഷന്‍മാര്‍ പക്ഷപാതപരമായി പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളെടുത്തു. പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് നിയന്ത്രണ ഏജന്‍സിയുടെ പുതിയ സത്യവാങ്മൂലം. ഇനി പുറത്തുവരേണ്ടത് പൂര്‍ണസത്യമാണ്.

Eng­lish Sam­mury: Janayu­gom Edi­to­r­i­al Affi­davit of SEBI ‑The light of truth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.