21 January 2026, Wednesday

സർവതല സ്പർശിയായ സ്നേഹപ്രവാഹം

Janayugom Webdesk
October 31, 2025 5:00 am

വികസന പ്രവർത്തനങ്ങളും ക്ഷേമാനുകൂല്യങ്ങളും മുഴുവൻ ജനവിഭാഗങ്ങളിലുമെത്തിക്കുകയെന്നത് ജനപക്ഷ സർക്കാരുകളുടെ മുഖമുദ്രയാണ്. കേരളത്തിൽ നാളിതുവരെ അധികാരത്തിലിരുന്ന ഇ‍ടതുപക്ഷ സർക്കാരുകൾ അടയാളപ്പെടുത്തുകയും വഴിവെട്ടിവയ്ക്കുകയും ചെയ്ത വികസന, ക്ഷേമ പദ്ധതികളെ കൂടുതൽ വേഗത്തിലും ആഴത്തിലും വ്യാപ്തിയിലും മുന്നോട്ടുകൊണ്ടുപോകുന്ന അനുഭവമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിലെ സകല മനുഷ്യർക്കുമുള്ളത്. അത് അനുഭവവേദ്യമാകുന്ന ജനങ്ങൾ അത്തരം സർക്കാരുകളെ തുടർഭരണത്തിന് തെരഞ്ഞെടുക്കുമെന്നത് കേരളത്തിന്റെ മുൻ അനുഭവങ്ങളുമുണ്ട്. ഇവിടെ തുടർഭരണത്തിന്റെ ആ കാലപരിധിയും കടക്കുമെന്ന് ഉറപ്പിച്ചു പറയാനാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ്, ഒരാളെയും കൈവിടില്ലെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുണ്ടായിരിക്കുന്നത്. സാമ്പത്തികമായും സാമൂഹ്യമായും പിന്നിൽ നിൽക്കുന്ന, അടിസ്ഥാന ജനവിഭാഗങ്ങളെ മാത്രമല്ല, സ്ത്രീകളും ട്രാൻസ് വിഭാഗവും യുവാക്കളും വിദ്യാർത്ഥികളും വയോജനങ്ങളും മധ്യവർഗവും വ്യവസായികളും സർക്കാർ ജീവനക്കാരും പെൻഷൻകാരും വരെ എല്ലാവർക്കും നേരിട്ട് അനുഭവവേദ്യമാകുന്ന നിരവധി പദ്ധതികളും ക്ഷേമാനുകൂല്യങ്ങളുമാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. നവംബർ ഒന്നുമുതൽ കണക്കാക്കി എല്ലാവരുടെ കയ്യിലും ആനുകൂല്യങ്ങളും സഹായങ്ങളുമെത്തിക്കുമെന്ന പ്രഖ്യാപനം അത് നടപ്പിലാക്കുന്നതിൽ സർക്കാരിന് പ്രതിപക്ഷം ഉന്നയിക്കുന്നതുപോലെ മുന്നുപാധികളില്ലെന്നതിന്റെ തെളിവ് കൂടിയാണ്.
പ്രതിമാസം 1000 രൂപ നൽകുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി, 1600ൽ നിന്ന് 2000 രൂപയാക്കി ക്ഷേമ പെൻഷനില്‍ വർധന, ആശ, അങ്കണവാടി ഉൾപ്പെടെ സ്കീം വർക്കർമാർക്ക് 1000 രൂപ പ്രതിമാസ വർധന, റബർ താങ്ങുവില 180ൽ നിന്ന് 200 രൂപയാക്കിയത്, ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിൽ ഒരു ഗഡു, 11ാം ശമ്പള പരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ അനുവദിക്കൽ, പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി പ്രതിമാസം 1100 രൂപയാക്കുക തുടങ്ങി എല്ലാ പൗരന്മാരെയും തേടിയെത്തുന്ന ആ­നുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപനത്തിലുള്ളത്. വിസ്മയകരമായ നിർദേശങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതിൽപ്പെട്ടതാണ് സ്ത്രീ സുരക്ഷാ പെൻഷനും കണക്ട് ടു സ്കോളർഷിപ്പ് പദ്ധതിയും. ഒരു സാമൂഹ്യക്ഷേമ പെൻഷനും അർഹതയില്ലാത്ത 35 മുതൽ 60 വയസ് വരെയുള്ള, എഎവൈ (മഞ്ഞക്കാർഡ്), പിഎച്ച്എച്ച് (മുൻഗണനാ വിഭാഗം പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട കുടുംബങ്ങളിലെ ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നതാണ് സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ് വരെയുള്ള അഞ്ച് ലക്ഷം യുവതീ യുവാക്കൾക്ക് സഹായമാകുന്ന കണക്ട് ടു സ്കോളർഷിപ്പ് പദ്ധതിക്കായി പ്രതിവർഷം 600 കോടി രൂപയാണ് ചെലവിടുന്നത്. പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പിന് അധിക ധനസഹായമായി 220.25 കോടി, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന അശരണ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതമായി 18.20 കോടി രൂപ ഒറ്റത്തവണയായും അനുവദിച്ചു.

സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിന് കുറഞ്ഞത് 7000ത്തോളം രൂപയെങ്കിലും ഈ പ്രഖ്യാപനങ്ങളിലൂടെ പ്രതിമാസം ലഭ്യമാകും. അതുപോലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ആനുകൂല്യമായും തുക കയ്യിലെത്തുന്ന സാഹചര്യവുമുണ്ടാകും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പൊതുവിതരണ സംവിധാനം വഴി അവശ്യ ഭക്ഷ്യ വസ്തുക്കൾ സബ്സിഡിയായി അനുവദിക്കുന്നതിന്റെ നേട്ടം ഇതിന് പുറമേ ആയിരിക്കും. കേന്ദ്ര സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നയങ്ങളും സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്ന സമ്മർദങ്ങളും ഘടനയിൽ മാറ്റം വരുത്തി നികുതി വരുമാനം കയ്യടക്കാൻ ശ്രമിക്കുന്നതും കേരള സമ്പദ്ഘടനയ്ക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെങ്കിലും ജനപക്ഷ സർക്കാരിന് പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ വിമുഖരാകുന്നതിനോ അത് പറഞ്ഞ് മാറിനിൽക്കാനോ കഴിയില്ലെന്ന് കഴിഞ്ഞ ഒമ്പതുവർഷത്തിലധികമായി കേരളത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാർ കാട്ടിത്തന്നിട്ടുണ്ട്. അതിന്റെ ആവർത്തനമാണ് ഈ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കുക വഴി ഉണ്ടാകുന്നത്. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുകൊണ്ട് രാജ്യത്തു മാത്രമല്ല, ലോകത്തിനാകെ മാതൃകയാകുന്ന ജനപക്ഷ നിലപാടുകൾ സൃഷ്ടിച്ചുകൊണ്ടാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. അതിന്റെ പ്രഖ്യാപനങ്ങളാണ് ഒരിക്കൽകൂടി എൽഡിഎഫ് സർക്കാരിൽ നിന്നുണ്ടായിരിക്കുന്നത്. എല്ലാവർക്കും അനുഭവവേദ്യമാകുന്ന, സർവതല സ്പർശിയായ ഈ സ്നേഹപ്രവാഹം വൻ കയ്യടി അർഹിക്കുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.