
കേരളത്തിലെ ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്ന് ഒരുദിനം പിന്നിട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖ രാഷ്ട്രീയപാർട്ടികൾ, മുന്നണികൾ തുടങ്ങിയവയുടെ പ്രാഥമിക പ്രതികരണങ്ങൾക്കപ്പുറം തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച സൂക്ഷ്മവും വിശദവുമായ വിലയിരുത്തലുകൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ആറുമാസത്തിനുള്ളിൽ നടക്കുന്ന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പ് സംബന്ധിച്ച സൂചനയായാണ് ബന്ധപ്പെട്ട എല്ലാവരും തദ്ദേശ തെരഞ്ഞെടുപ്പുഫലത്തെ വിലയിരുത്തുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകൾക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലം. പ്രതിപക്ഷ ഐക്യജനാധിപത്യ മുന്നണിയാവട്ടെ അതിരുകവിഞ്ഞ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പുഫലത്തെ നോക്കിക്കാണുന്നതെന്നാണ് മുന്നണിനേതൃത്വത്തിന്റെ പ്രതികരണങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് തങ്ങൾക്ക് കേരള രാഷ്ട്രീയത്തിൽ കാലുറപ്പിച്ച് മുന്നേറാനുള്ള അവസരമാണ് ഒരുക്കി നൽകിയിരിക്കുന്നതെന്ന് ദേശീയ ജനാധിപത്യ സഖ്യവും അതിന് നേതൃത്വം നൽകുന്ന ബിജെപിയും വിലയിരുത്തുന്നു. വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ‘ഡ്രസ് റിഹേഴ്സൽ’ ആയിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് എന്നതിൽ തർക്കമേതുമില്ല. എന്നാൽ, ഈ തെരഞ്ഞെടുപ്പുഫലങ്ങളുടെ അടിസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത് തിടുക്കമേറിയതും അപക്വവുമായിരിക്കുമെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകൾ, നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ എന്നിവയുടെ മുൻകാല ചരിത്രം അത്തരമൊരു അനുഭവമാണ് കേരള രാഷ്ട്രീയത്തിന് നൽകിപ്പോന്നിട്ടുള്ളത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പുഫലത്തെ എത്രത്തോളം സത്യസന്ധവും യാഥാർത്ഥ്യബോധത്തോടെയുമാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും മുന്നണികളും വിലയിരുത്തുന്നതെന്നും ഏതുതരത്തിലുള്ള ഗതിമാറ്റങ്ങൾക്കാണ് അവർ സന്നദ്ധമാവുക എന്നതിനെയും ആശ്രയിച്ചായിരിക്കും കേരളത്തിന്റെ രാഷ്ട്രീയഭാവി നിർണയിക്കപ്പെടുക.
കഴിഞ്ഞ പത്തുവർഷക്കാലത്തെ സമാനതകളില്ലാത്ത വികസന നേട്ടങ്ങളുടെയും ജനക്ഷേമ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയ പ്രതിയോഗികളുടെയും മുഖ്യധാരാ മാധ്യമങ്ങളിൽ വലിയൊരു പങ്കിന്റെയും വിമർശനങ്ങൾക്കപ്പുറം പ്രകടവും ജനങ്ങൾ നിത്യജീവിതത്തിൽ അനുഭവിച്ചറിഞ്ഞതുമായ നേട്ടങ്ങൾതന്നെയാണ് മേല്പറഞ്ഞ രണ്ടുരംഗങ്ങളിലും എൽഡിഎഫ് സർക്കാരിന് കാഴ്ചവയ്ക്കാനായത്. അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിനും മുന്നണിക്ക് വലിയൊരളവ് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ, അതിനപ്പുറത്തേക്ക് രാഷ്ട്രീയമായി ജനങ്ങളെ അർഹിക്കുന്ന അളവിൽ വിശ്വാസത്തിലെടുക്കുന്നതിൽ മുന്നണിക്കും ഭരണകൂടത്തിനും വേണ്ടത്ര കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. നാടിന്റെ സമഗ്രവും സർവതല സ്പർശിയുമായ വികസനവും ജനങ്ങൾക്ക് ഭരണകൂടം ഉറപ്പുവരുത്തുന്ന സാമൂഹ്യക്ഷേമ നടപടികളും ജനങ്ങളുടെ അനിഷേധ്യമായ അവകാശവും ഏതൊരു ഭരണകൂടത്തിന്റെയും രാഷ്ട്രീയവും സാമൂഹികവുമായ ഉത്തരവാദിത്തവുമാണ്. അതിൽ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന വീഴ്ചകളും അതിന്റെപേരിൽ ഉന്നയിക്കുന്ന ഔദാര്യഭാവവും അവകാശവാദങ്ങളും മുഖവിലയ്ക്കെടുക്കാൻ ജനങ്ങൾ സന്നദ്ധമല്ലെന്ന സന്ദേശം ഈ തെരഞ്ഞെടുപ്പുഫലം നൽകുന്നില്ലേയെന്ന് ബന്ധപ്പെട്ടവർ വിലയിരുത്തണം. ഒരു നൂറ്റാണ്ടിലേറെ നീണ്ട സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോഴും മത, ജാതിവാദങ്ങളടക്കം പ്രതിലോമ ചിന്തകൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിത്തട്ടിൽ ഇപ്പോഴും ആഴത്തിൽ വേരോട്ടമുള്ള ഒരു സമൂഹംതന്നെയാണ് നമ്മുടേതെന്നും വിസ്മരിച്ചുകൂടാ. മതമൗലികവാദമടക്കം മതബോധത്തോടും ജാതീയതയോടും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം പാലിക്കേണ്ട അകലം പാലിക്കുന്നില്ലെന്നും അത്തരം പ്രവണതകളോടും ശക്തികളോടും മൃദുസമീപനം കൈകൊള്ളുന്നുവെന്നുമുള്ള തോന്നലും, പ്രതിപക്ഷ, മാധ്യമ പ്രചാരണങ്ങളും, ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെ വിവിധ ജനവിഭാഗങ്ങളിൽ ആശങ്ക വളർത്തുക സ്വാഭാവികമാണ്. സദുദ്ദേശ്യത്തോടെയെങ്കിലും എൽഡിഎഫ് സർക്കാർ സമീപകാലത്ത് കൈക്കൊണ്ട ചില നടപടികളെങ്കിലും വിവിധ ജനവിഭാഗങ്ങളിൽ ആശങ്കയും സംശയവും ജനിപ്പിച്ചിട്ടുണ്ടോ എന്നുള്ളതും ബന്ധപ്പെട്ടവർ പുനർവിചിന്തനവിധേയമാക്കണം.
മതങ്ങൾക്കും ആരാധനാലയങ്ങൾക്കും ജനജീവിതത്തിൽ പ്രാമുഖ്യമുള്ള സമൂഹത്തിൽ അവയുടെ നിയന്ത്രണാധികാരത്തിനായി നിയോഗിക്കപ്പെടുന്നവർ സംശുദ്ധവും സുതാര്യവുമായി ആ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ അതിന് മറുപടിനൽകാൻ രാഷ്ട്രീയനേതൃത്വം കടപ്പെട്ടിരിക്കുന്നുവെന്നും ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. കേരള ജനത ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയതും പിന്തുണയ്ക്കുന്നതും അത് ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോടും രാഷ്ട്രീയത്തോടുമുള്ള ആഭിമുഖ്യംകൊണ്ടും പ്രതിബദ്ധതകൊണ്ടും കൂടിയാണ്. എൽഡിഎഫ് സർക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചിൽ സംഭവിക്കാന്‍ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിത്. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള വിശകലനത്തിലും വിലയിരുത്തലിലും ഈ വിഷയങ്ങളും പരിഗണനാ വിധേയമാകുമെന്ന് ഇടതുപക്ഷ മനസുകൾ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി തുറന്നതും സത്യസന്ധവുമായ വിലയിരുത്തലും യാഥാർത്ഥ്യബോധത്തോടെയുള്ള അവശ്യവും അനിവാര്യവുമായ ഗതിമാറ്റവും ഇപ്പോഴത്തെ തിരിച്ചടികളെ മുറിച്ചുകടക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സർക്കാരിനെയും പ്രാപ്തമാക്കുമെന്നുവേണം കരുതാൻ. തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച് ലഭ്യമായ വിവരങ്ങളുടെ പ്രാഥമിക വിശകലനം പരാജയം അംഗീകരിക്കുമ്പോൾത്തന്നെ ശക്തമായ തിരിച്ചുവരവ് സാധ്യമാക്കുന്ന കരുത്തുറ്റ അടിത്തറ ഉറപ്പിച്ചുനിർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.