
പ്രതീക്ഷയ്ക്കനുസൃതമായ ഫലപ്രാപ്തിയില്ലാതെ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് ബ്രസീലിലെ ബെലമില്‍ സമാപനമായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനിലെ അംഗരാജ്യങ്ങളാണ് സിഒപി (കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്) എന്ന പേരില്‍ എല്ലാ വര്‍ഷവും കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കെത്തുന്നത്. 30-ാമത്തെ ഉച്ചകോടിയാണ് ബെലമില്‍ ചേര്‍ന്നത്. ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുക, ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം, ദരിദ്ര രാജ്യങ്ങളെ കഠിനമായ കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ ധനസഹായം നൽകുക എന്നീ ചര്‍ച്ചാ വിഷയങ്ങളാണ് പ്രസ്തുത ഉച്ചകോടിയുടെ അജണ്ടകളായി അംഗീകരിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നേരിടുന്ന ആഗോളതാപനം, പരിസ്ഥിതിനശീകരണം എന്നിവയുടെ മുഖ്യകാരണമായ ജൈവ (കല്‍ക്കരി, പെട്രോള്‍ മുതലായ) ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന വിഷയത്തില്‍ തീരുമാനമാകാതെയാണ് ഉച്ചകോടിക്ക് സമാപനമായിരിക്കുന്നത്. അതുപോലെതന്നെ പ്രതിവര്‍ഷം കൂടിക്കൊണ്ടിരിക്കുന്ന ആഗോളതാപനം കുറച്ചുകൊണ്ടുവരണമെന്ന കാര്യത്തിലും മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെടുകയോ നടപടികള്‍ തീരുമാനിക്കുകയോ ചെയ്തില്ല.
ഇക്കാര്യത്തില്‍ ശക്തമായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ഒരുവിഭാഗം രാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനമുണ്ടായില്ല. ആകെയുണ്ടായ സമവായം കാലാവസ്ഥാ ധനസഹായം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ്. കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി 2035ഓടെ പ്രതിവർഷം കുറഞ്ഞത് 1,100 ലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കണമെന്നും ഇക്കാര്യത്തില്‍ വന്‍കിട രാജ്യങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്നും ഉച്ചകോടിയില്‍ ധാരണയിലെത്തി. 2035ഓടെ ആരോഗ്യ സംവിധാനങ്ങളിലെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി 120 കോടിയുടെ പുതിയ പദ്ധതികളും ബെലം ആരോഗ്യ പദ്ധതിക്കായി 267 കോടിയും നീക്കിവയ്ക്കാനാണ് ധാരണമായത്. വന്‍കിട രാജ്യങ്ങള്‍, കാലാവസ്ഥാ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ ധനസഹായം നല്‍കണമെന്ന മുന്‍കാല തീരുമാനം നടപ്പിലാക്കപ്പെട്ടില്ലെന്നത് ഈ ധാരണയുടെ ഭാവിയെ സംശയാസ്പദമാക്കുന്നുണ്ട്.
മുമ്പ് നടന്ന ഉച്ചകോടികളിലെന്നതുപോലെ പരിസ്ഥിതി വിനാശത്തിന് കാരണമാകുന്ന വിവിധ മേഖലകളിലുള്ളവരുടെ സാന്നിധ്യവും ഇടപെടല്‍ നീക്കങ്ങളും ബെലം ഉച്ചകോടിയെയും ശ്രദ്ധേയവും അതേസമയം വിവാദത്തിലുമാക്കിയിരുന്നു. ജൈവ ഇന്ധന വ്യാപാര ലോബിയിലെ പ്രബല വിഭാഗം വിവിധ രാജ്യങ്ങളുടെ പ്രതിനിധി പട്ടികയില്‍ കടന്നുകൂടി ബെലമിലെത്തി. മുന്‍ വര്‍ഷങ്ങളിലെ ഇവരുടെ പങ്കാളിത്തത്തേക്കാള്‍ 10 ശതമാനത്തിലധികം വര്‍ധനയുണ്ടായെന്നാണ് പരിസ്ഥിതി മേഖലയില്‍ നിന്നെത്തിയവര്‍ വെളിപ്പെടുത്തിയത്. 1,600ഓളം പേരാണ് ഈ മേഖലയില്‍ നിന്നുമാത്രമായെത്തിയത്. ഇതിന് പുറമേ വന്‍കിട കാര്‍ഷിക കോര്‍പറേറ്റ് ഭീമന്മാരുടെ പ്രതിനിധികളുമെത്തി. മുന്നൂറിലധികമായിരുന്നു ഇവരുടെ എണ്ണം. ചില രാജ്യങ്ങളില്‍ നിന്ന് ഔദ്യോഗിക പ്രതിനിധികളേക്കാള്‍ ഇത്തരം മേഖലയില്‍ നിന്നുള്ളവരായിരുന്നുവെന്നും പറയുന്നു. പരിസ്ഥിതിക്കും മാനവരാശിയുടെ നിലനില്പിനും വേണ്ടി ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിക്കുന്നവരേക്കാള്‍ കൂടുതലായി ഇവരെത്തിയെന്നതുതന്നെ ഉച്ചകോടിയുടെ ശോഭ കെടുത്തുന്നതായിരുന്നു. എന്നുമാത്രമല്ല പ്രതിനിധി പരിവേഷത്തോടെ എത്തിയ ഇവരുടെ ചര്‍ച്ചകളിലെ പങ്കാളിത്തവും തര്‍ക്കങ്ങളിലൂടെ വിഷയങ്ങളെ വഴിതിരിച്ചുവിടാന്‍ നടത്തിയ നീക്കങ്ങളും ഉച്ചകോടിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചിരിക്കുമെന്ന നിഗമനവുമുണ്ട്. പക്ഷേ തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യവും അവരുടെ ശബ്ദം ഉയര്‍ന്നുവെന്നതും എല്ലാ ദിവസവും സിഒപി30 ന് സമാന്തരമായി നടന്ന പരിസ്ഥിതി സമ്മേളനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുടെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സാംസ്കാരിക പരിപാടികളും ശ്രദ്ധേയമായി. ഇത്തരം പരിപാടികള്‍ വരുംകാല ഉച്ചകോടികളെയെങ്കിലും മൂര്‍ത്തമായ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷ ബാക്കിയാക്കുന്നു.
ഫലത്തില്‍ മാനവരാശി നേരിടുന്ന പ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ പിരിയുന്ന മറ്റൊരു ഉച്ചകോടിയെന്ന വിശേഷണം സിഒപി30 ന് ചാര്‍ത്തപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ മുഖ്യ ഉത്തരവാദിത്തമുള്ള യുഎസ് ഉള്‍പ്പെടെ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിസഹകരണം തന്നെ ഇത്തരം ഉച്ചകോടികളെ വ്യര്‍ത്ഥമാക്കുന്നു. പതിവുപോലെ പരിസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഇതരവിഭാഗവുമായി തിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമപ്പുറം ഭാവി തലമുറയ്ക്ക് ശുദ്ധവായു ശ്വസിക്കുന്നതിനും സുഖകരമായ കാലാവസ്ഥ സമ്മാനിക്കുന്നതിനും സഹായകമായ തീരുമാനങ്ങള്‍ ഇത്തവണത്തെ സിഒപിയിലുമുണ്ടായില്ല. ഫലത്തില്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാരിസ് ഉച്ചകോടിയെ തുടര്‍ന്നുണ്ടായ ഉടമ്പടിയില്‍ നിന്ന് വളരെയൊന്നും മുന്നോട്ടുപോയില്ലെന്ന നിരാശാജനകമായ സാഹചര്യം തന്നെയാണ് സിഒപി അവശേഷിപ്പിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സിഒപി വേദി ഇതിനകം തന്നെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉച്ചകോടികളും പ്രഖ്യാപനങ്ങളുമല്ല ഫലപ്രദമായ നടപ്പിലാക്കല്‍ മാത്രമേ പരിസ്ഥിതി വിനാശത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കുന്നതിന് സഹായകമാകൂ എന്ന തിരിച്ചറിവില്ലാത്തതാണ് സിഒപികളെ നിരാശാജനകമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.