16 January 2026, Friday

പഹൽഗാമിലെ കണ്ണീരിന് സൈന്യത്തിന്റെ തിരിച്ചടി

Janayugom Webdesk
May 8, 2025 5:00 am

26 ജീവനുകൾ കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ പൊലിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോൾ കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടി പ്രതീക്ഷിച്ചതായിരുന്നു. ഭീകരരെ പരിശീലിപ്പിച്ച് രാജ്യത്തിനകത്തേയ്ക്ക് കടത്തിവിടുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന താവളങ്ങൾക്കുനേരെയായിരുന്നു സൈനികാക്രമണം. അർധരാത്രി 23 മിനിറ്റ് നീണ്ടുനിന്ന സൈനിക നടപടിയിൽ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. നിരപരാധികളുടെ ജീവൻ അപഹരിക്കുകയും രാജ്യത്ത് സമാധാന ഭംഗമുണ്ടാക്കുന്നതിനും സാമുദായിക സൗഹാർദം തകർക്കുന്നതിനും ലക്ഷ്യമിടുകയും ചെയ്ത് നടത്തിയ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണമല്ലാതെ ഇന്ത്യക്ക് മുന്നിൽ മറ്റ് മാർഗമില്ലായിരുന്നു. യുദ്ധങ്ങളും സൈനിക നടപടികളും ആരും ആഗ്രഹിക്കാത്തതാണെങ്കിലും ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലുള്ള ഇന്ത്യയുടെ തിരിച്ചടി അനിവാര്യമായ ഒന്നായിരുന്നു. പഹൽഗാം ഭീകരാക്രമണം ഉണ്ടായതിനുശേഷവും പ്രകോപനപരമായ സമീപനങ്ങളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യം അംഗീകരിച്ച യുഎൻ സുരക്ഷാ സമിതി കഴിഞ്ഞ ദിവസം പാക് നിലപാടിനെതിരെ കടുത്ത ഭാഷയിലാണ് വിമർശനമുന്നയിച്ചത്. പാകിസ്ഥാൻ മന്ത്രിമാരും ചില രാഷ്ട്രീയ നേതാക്കളും സംയമനത്തിന്റെയോ ഭീകരരെ തള്ളിപ്പറയുകയോ ചെയ്യുന്ന സമീപനമായിരുന്നില്ല, മറിച്ച് കൂടുതൽ പ്രകോപനപരവും ഭീകരർക്ക് പ്രോത്സാഹനം നൽകുന്നതുമായ നിലപാടുകളാണ് സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ നയതന്ത്ര തിരിച്ചടികളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. ഈ നടപടികളെ വെല്ലുവിളിക്കുകയും പ്രശ്നം കൂടുതൽ വഷളാക്കുകയും ചെയ്യുന്ന നിരവധി പ്രസ്താവനകൾ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായി. ഈ സാഹചര്യത്തിലാണ് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യംവച്ചുള്ള തിരിച്ചടിക്ക് ഇന്ത്യ തയാറായത്.

അന്താരാഷ്ട്ര വേദികളിലും ലോകരാഷ്ട്രങ്ങൾക്ക് മുമ്പിലും ഇന്ത്യക്കെതിരായ ഭീകരാക്രമണത്തിന്റെ ലക്ഷ്യങ്ങളെയും പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തുകയും രണ്ടാഴ്ച കാത്തിരിക്കുകയും ചെയ്ത ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ഭീകരരെ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ളതായിരുന്നു നീക്കം. പൗരന്മാർക്ക് അപകടം സംഭവിക്കാതിരിക്കുവാനായിരുന്നു അർധരാത്രി തെരഞ്ഞെടുത്തതെന്ന് വ്യക്തമാണ്. പാകിസ്ഥാനാണ് ഇന്ത്യയുടെ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് ചെല്ലും ചെലവും നൽകുന്നതെന്നതിനുള്ള വ്യക്തമായ വിവരങ്ങൾ ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയെയും വിവിധ രാജ്യങ്ങളെയും അറിയിച്ചുവെന്നാണ് തിരിച്ചടിയെക്കുറിച്ച് വിവരിക്കുന്നതിനായി വാർത്താ സമ്മേളനം നടത്തിയ വിദേശകാര്യ വകുപ്പ് സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്. വിങ് കമാൻഡർമാരായ കേണൽ സോഫിയ ഖുറേഷി, വ്യോമിക സിങ് എന്നിവരാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട് നടത്തിയ സൈനിക നടപടി വിശദീകരിച്ചത്. സൈനികർക്കും പൗരന്മാർക്കുമെതിരെ കശ്മീരിനകത്ത് ആക്രമണം പതിവാക്കിയ ഭീകരർക്ക് എല്ലാ പിന്തുണയും നൽകുന്നത് പാകിസ്ഥാൻ ആണെന്നത് സ്പഷ്ടമാണ്. കൂടാതെ അക്ഷർധാം, മുംബൈ, ഉറി, പുൽവാമ എന്നിങ്ങനെ വൻതോതിൽ ആൾനാശത്തിനും സുരക്ഷാ ഭടന്മാരുടെ വീരമൃത്യുവിനും കാരണമായ ആക്രമണങ്ങളും കഴിഞ്ഞ വർഷങ്ങളിൽ ഭീകരർ അഴിച്ചുവിട്ടു. അതിന്റെ ഒടുവിലത്തേതായിരുന്നു പഹൽഗാമിലുണ്ടായത്.

പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയും ജനവാസ പ്രദേശങ്ങളെയും പൂർണമായും ഒഴിവാക്കിയുള്ള നടപടി, സംഘർഷങ്ങൾ കൂടുതൽ വ്യാപിക്കുന്നതിനുള്ള സാധ്യതയും പാകിസ്ഥാന് എന്തെങ്കിലും ചെയ്യുന്നതിന് അവസരവും ഇല്ലാതാക്കുന്നു. ഇതിന്റെ പേരിൽ പാകിസ്ഥാൻ തിരിച്ചടിക്ക് തയ്യാറാവുകയാണെങ്കിൽ ഭീകരരെ സംരക്ഷിക്കുന്നില്ലെന്ന അവരുടെ നിലപാടിന് വിരുദ്ധമാകുമത്. എന്നുമാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ അവർ കൂടുതൽ ഒറ്റപ്പെടുകയും ചെയ്യും. അതുകൊണ്ട് ഇനിയും അബദ്ധങ്ങൾക്ക് നിൽക്കാതെ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ശക്തികളെ വേരോടെ ഇല്ലായ്മ ചെയ്യാൻ പാകിസ്ഥാൻ തയ്യാറാകുകയാണ് വേണ്ടത്. അതേസമയം ഇപ്പോഴത്തെ സാഹചര്യങ്ങളെ സംയമനത്തോടെ നേരിടുകയും തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ സമവായത്തോടെ ഭാവി നിലപാടുകൾ തീരുമാനിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം നമ്മുടെ രാജ്യത്തിനുമുണ്ട്. അതിന് ഇന്ന് വിളിച്ചിരിക്കുന്ന സർവകക്ഷിയോഗമുൾപ്പെടെ എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.

കൂടുതൽ സംഘർഷമല്ല, മേഖലയിൽ സമാധാനം നിലനിർത്തുകയും രാഷ്ട്രീയ പരിഹാരം തേടുകയും നയതന്ത്ര മാർഗങ്ങൾ പിന്തുടരുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ കടമ. പഹൽഗാം ആക്രമണത്തെ മതവിദ്വേഷം സൃഷ്ടിക്കുവാനുള്ള ഉപാധിയാക്കുവാൻ ചില കോണുകളിൽ നിന്ന് ശ്രമുണ്ടായെന്നത് മറന്നുകൂടാ. ഇപ്പോഴത്തെ സൈനിക നടപടി അത്തരം ദുരുപയോഗങ്ങൾക്ക് വിധേയമാക്കാതിരിക്കുവാനും ജനങ്ങളെയാകെ വിശ്വാസത്തിലെടുത്തും നിശ്ചയദാർഢ്യത്തോടെയും മുന്നോട്ടുപോകാനും സാധിക്കണം. കൂടുതൽ ഐക്യവും നീതിയോടും മതേതര മൂല്യങ്ങളോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും സൃഷ്ടിക്കാനുള്ള അവസരമായി ഈ സന്ദർഭത്തെ ഉപയോഗിക്കണം. പാക് പിന്തുണയോടെയുള്ള ഭീകരത, അതിനെതിരായ തിരിച്ചടി എന്നിവ അതിവൈകാരികത സൃഷ്ടിച്ച് നമ്മുടെ നാട്ടിൽ വിഭാഗീയതയും വിദ്വേഷവും വിതറാനുള്ള ഉപകരണമാക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരുടെയും, പ്രത്യേകിച്ച് ബന്ധപ്പെട്ട സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.