29 December 2025, Monday

മറ്റത്തൂരിലെ അരുണാചല്‍ പാഠം

Janayugom Webdesk
December 29, 2025 5:00 am

തൃശൂര്‍ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്ത് കേരളത്തിലെ വോട്ടര്‍മാര്‍ക്കുള്ള പരസ്യമായ ഒരു മുന്നറിയിപ്പാണ്. വോട്ട് ചെയ്യുമ്പോള്‍ ജാതി — മത — വര്‍ഗീയ — വ്യക്തി വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ തങ്ങള്‍ പിന്നീട് അപമാനിതരാകേണ്ടിവരും എന്ന മുന്നറിയിപ്പ്. ശനിയാഴ്ച നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മറ്റത്തൂരിലെ എട്ട് കോൺഗ്രസ് അംഗങ്ങള്‍ കൂട്ടമായി പാർട്ടിയിൽ നിന്ന് രാജിവച്ചു. ബിജെപിയോടൊപ്പം ചേര്‍ന്ന ഇവര്‍ സ്വതന്ത്ര അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിപ്പിക്കുകയും ചെയ്തു. ഡിസിസി പ്രസിഡന്റിന് ഒരു തുണ്ട് കടലാസില്‍, തങ്ങള്‍ രാജിവയ്ക്കുകയാണെന്ന് ഒരുമിച്ച് എഴുതിക്കൊടുത്താണ് കോൺഗ്രസ് അംഗങ്ങളുടെ കൂറുമാറ്റം. മറ്റ് പല പഞ്ചായത്തുകളിലും ഇടതുപക്ഷത്തെ അകറ്റി നിര്‍ത്താനായി ബിജെപി, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടുണ്ടായിട്ടുണ്ട്. ചിലയിടത്ത് ഒറ്റപ്പെട്ട ചില അംഗങ്ങള്‍ അധികാരത്തിനായി കൂറുമാറുകയുമുണ്ടായി. പക്ഷേ മറ്റത്തൂര്‍ വേറിട്ടു നില്‍ക്കുന്നത് ‘കോണ്‍ഗ്രസിന് വോട്ട് ചെയ്താലും ബിജെപി ജയിക്കും’ എന്ന നിഗമനം പ്രത്യക്ഷീകരിക്കുന്നതു കൊണ്ടാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുപരിചയമുള്ള രാഷ്ട്രീയനീക്കം കേരളത്തിലും നടത്തി വിജയിപ്പിച്ചെടുക്കുകയായിരുന്നു ബിജെപി എന്നും അനുമാനിക്കാവുന്നതാണ്. ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രന്റെയും മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിലിന്റെയും നേതൃത്വത്തില്‍ പണം വാങ്ങി നടത്തിയ അട്ടിമറിയാണിതെന്ന് ആരോപിക്കുന്നത് ആ പാര്‍ട്ടിയുടെ പ്രവർത്തകർ തന്നെയാണ്. മുഖം രക്ഷിക്കാനായി ചന്ദ്രനെയും ഷാഫിയെയും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയെങ്കിലും രാഷ്ട്രീയ അട്ടിമറിക്ക് വ്യക്തമായ ഉത്തരമാകുന്നില്ല. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തിന് ഡിസിസി പ്രസിഡന്റ് പണം വാങ്ങിയെന്ന് വെളിപ്പെടുത്തിയത് ഒന്നരപ്പതിറ്റാണ്ടായി കോണ്‍ഗ്രസ് കൗണ്‍സിലറായ ലാലി വിന്‍സന്റാണ്. സ്വന്തം നേതാക്കള്‍ക്ക് സ്ഥാനം നല്‍കാന്‍ കോഴ ആവശ്യപ്പെടുന്ന കാേണ്‍ഗ്രസ് നേതാക്കള്‍, അധികാരം മറിച്ചു നല്‍കാന്‍ ജനഹിതം വില്പനച്ചരക്കാക്കില്ല എന്ന് വേട്ടര്‍മാരെങ്ങനെ വിശ്വസിക്കും. ലോക്‌സഭയിലേക്ക് സുരേഷ് ഗോപിയുടെ വിജയം വോട്ട് ഡീലിലൂടെയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന്‍ ആരോപിച്ചതും തൃശൂരില്‍ തന്നെയാണ്. 

കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെ, മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ് സിങ് ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പ്രശംസിച്ച് രംഗത്തെത്തിയതും മറ്റത്തൂര്‍ അട്ടിമറിയും ഒരേ ദിവസമാണ് എന്നത് യാദൃച്ഛികമാണ്. എങ്കിലും പ്രാദേശികം മുതല്‍ ദേശീയതലം വരെ കോണ്‍ഗ്രസ് — ബിജെപി അന്തര്‍ധാര ഒരുപോലെ ശക്തമാണ് എന്നാണിതിനര്‍ത്ഥം. 10 വർഷത്തിനിടെ കോൺഗ്രസ് വിട്ടത് 350ലേറെ നേതാക്കളും ജനപ്രതിനിധികളുമാണ്. നൂറിലധികം എംഎൽഎമാരും എംപിമാരും ജനപ്രതിനിധികളും ബിജെപിയിലെത്തി. കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന ഭാരവാഹികൾ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍വരെ മറുകണ്ടം ചാടി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് മുൻ അധ്യക്ഷനുമായിരുന്ന അശോക് ചവാൻ എംഎൽഎ സ്ഥാനം രാജിവച്ചാണ് ബിജെപിയിൽ ചേര്‍ന്ന് രാജ്യസഭാംഗമായത്. 2015–16 കാലത്ത് അരുണാചലില്‍ നടന്ന ഓപ്പറേഷൻ ലോട്ടസ് കുപ്രസിദ്ധമാണ്. എംഎൽഎമാരെ കൂട്ടത്തോടെ കൂറുമാറ്റി ഭരണകക്ഷിയെ താഴെയിറക്കുകയായിരുന്നു അന്ന് ബിജെപി ചെയ്തത്. ആകെയുണ്ടായിരുന്ന 44 കോൺഗ്രസ് എംഎൽഎമാരിൽ 43 പേരും കൂട്ടത്തോടെ പാർട്ടി മാറി. എന്‍ഡിഎ സഖ്യകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ എന്ന പ്രാദേശിക പാർട്ടിയിലേക്കാണ് പെമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ എംഎൽഎമാര്‍ മാറിയത്. അധികം വെെകാതെ ഈ എംഎൽഎമാരെല്ലാം ബിജെപിയിലെത്തി. അങ്ങനെ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് ഇല്ലാതാവുകയും തോറ്റ ബിജെപി ഭരണത്തിലെത്തുകയും ചെയ്തു. ഈ പരീക്ഷണമാണ് ബിജെപി മറ്റത്തൂരില്‍ നടത്തിയത് എന്ന നിരീക്ഷണം തള്ളിക്കളയേണ്ടതല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി വിജയം കോണ്‍ഗ്രസുമായുള്ള രഹസ്യ ധാരണയിലൂടെയാണെന്ന ആരോപണവും പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വിശ്വസനീയമാകുന്നു.

സംസ്ഥാനത്ത് ബിജെപിയുമായി കോണ്‍ഗ്രസ് പരസ്യമായ കൂട്ടുകെട്ടുണ്ടാക്കിയത് 1991ലെ തെരഞ്ഞെടുപ്പിലാണ്. കോ-ലീ-ബി സഖ്യം എന്നറിയപ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ട് പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ആർഎസ്എസുകാരനായ ഡോ. കെ മാധവൻകുട്ടിയെയും വടകര ലോക്‌സഭാ മണ്ഡലത്തില്‍ കോൺഗ്രസിലെ അഡ്വ. രത്നസിങ്ങിനെയും പരസ്പരം വിജയിപ്പിക്കുക എന്നതായിരുന്നു അന്നത്തെ ധാരണ. ബിജെപി നേതാവ് കെ ജി മാരാര്‍ ‘പാഴായ പരീക്ഷണം’ എന്ന ലേഖനത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മലയാളികള്‍ ആ ബാന്ധവം തള്ളിക്കളഞ്ഞു. പക്ഷേ പിന്നീട് നേമം വഴി നിയമസഭയിലും തൃശൂരിലൂടെ ലോക്‌സഭയിലും ബിജെപി ജയിക്കാൻ കോൺഗ്രസ് വഴിയൊരുക്കി. അത്തരമൊരു പരസ്യ വില്പനയാണ് മറ്റത്തൂരിലും നടപ്പാക്കിയത്. വര്‍ഗീയതയും ജാതീയതയുമായിരുന്നല്ലോ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും ഒരുപോലെ പ്രചരണായുധമാക്കിയത്. മതേതരത്വവും പുരോഗമനചിന്തയും ഇരുകൂട്ടരുടെയും പൊതുശത്രുവാണ്. അത് തിരിച്ചറിയാനും പ്രതിരോധിക്കാനും മറ്റത്തൂരിലെ ‘അരുണാചല്‍ മോഡല്‍’ സംസ്ഥാനത്തെ വോട്ടര്‍മാരുടെ കണ്ണ് തുറപ്പിക്കുമെന്ന് പ്രത്യാശിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.