അയോധ്യയിലെ രാമക്ഷേത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്, അഥവാ നിറയ്ക്കുകയാണ്. അതൊരു രാഷ്ട്രീയ ലക്ഷ്യമാണ്. സംഘ്പരിവാര്‍ നയിക്കുന്ന മോഡി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണ്. നാല് പതിറ്റാണ്ടോളമായി പൊതുതെരഞ്ഞെടുപ്പില്‍ തങ്ങളുടെ തുറുപ്പുചീട്ടായിരുന്ന അയോധ്യ തന്നെയാകും ഇത്തവണയും ചൂണ്ടയില്‍ കോര്‍ക്കുക എന്ന് നരേന്ദ്ര മോഡി നേരിട്ടുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും ഇരകളാക്കാനുള്ള കുതന്ത്രവും പുറത്തെടുത്ത് കഴിഞ്ഞു. രാമക്ഷേത്രം ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്നത് ഒരു രാഷ്ട്രീയ കുതന്ത്രമാണ്. അതിലവര്‍ പങ്കെടുത്താലും വിട്ടുനിന്നാലും ചര്‍ച്ചയാക്കാമെന്ന് സംഘ്പരിവാര്‍ കണക്കുകൂട്ടുന്നു. ജനുവരി 22ന് നടക്കുന്ന ക്ഷേത്രത്തിലെ തികച്ചും മതപരമായ പ്രാണപ്രതിഷ്ഠ, കേവലം രാഷ്ട്രീയപരിപാടിയോ, കേന്ദ്ര സര്‍ക്കാരിന്റെ പൊതുപരിപാടിയാേ എന്നതുപോലെയാണിപ്പോള്‍ പ്രചരിപ്പിക്കുന്നത്. നരേന്ദ്ര മോഡി പങ്കെടുക്കുന്നുവെന്നത് മാത്രമല്ല, അതൊരു പ്രചരണായുധമാക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു എന്നിടത്ത് രാജ്യത്തിന്റെ മതേതരത്വം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ഉദ്ഘാsനത്തിന്റെ മുന്നോടിയായി ഈ മാസം 30ന് അയോധ്യയിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. സമൂഹമാധ്യമങ്ങളിലടക്കം ഇതിന്റെ പ്രചാരണം ശക്തമാക്കാന്‍ മോഡി ആവശ്യപ്പെട്ടിരിക്കുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കണം, സമൂഹമാധ്യമങ്ങളിൽ തത്സമയ സംപ്രേഷണത്തോടൊപ്പം പൊതുസ്ഥലങ്ങളിലും ചടങ്ങ് പ്രദർശിപ്പിക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ. അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം 30ന് ചെയ്യുമെന്നും പ്രതിഷ്ഠാ ചടങ്ങിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്ഷണിതാക്കൾ മര്യാദാ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ എയർപോര്‍ട്ടിലായിരിക്കും ഇറങ്ങുകയെന്നും പ്രചരണം നടക്കുന്നു.
ഉദ്ഘാടന ചടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിക്കുന്നത് ബിജെപിയുടെ നിര്‍ദേശപ്രകാരമാണ്. സോണിയാ ഗാന്ധി, കപില്‍ സിബല്‍ അടക്കമുള്ള നേതാക്കൾ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമെല്ലാം പരിപാടിയിൽ പങ്കെടുക്കുമ്പോള്‍ സർക്കാരുകൾ നിഷ്പക്ഷമായിരിക്കണം എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി, ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. രാമന്‍ മനസിലാണെന്നും അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ പ്രചരണമാണെന്നും കപില്‍ സിബലും പറഞ്ഞിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ തീരുമാനത്തെ വിമർശിച്ച് വിഎച്ച്പി രംഗത്തെത്തിയത് ക്ഷേത്രോദ്ഘാടന ചടങ്ങിലെ രാഷ്ട്രീയം തുറന്നുകാട്ടുന്നു. സീതാറാം എന്ന് പേരുള്ളയാൾ അയോധ്യയിൽ പോകുന്നില്ല, സ്വന്തം പേരിനോട് ഇത്രയും വെറുപ്പുള്ളത് കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമാണെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസൽ പറയുമ്പോള്‍ ലക്ഷ്യം ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്ന് വേറെ തെളിവ് വേണ്ടല്ലോ. എന്നാല്‍ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ചടങ്ങിൽ സോണിയാ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നുമാണ് കോൺഗ്രസ് അറിയിച്ചത്. പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ഈ നിലപാടില്ലായ്മ തന്നെയാണ് അന്നും ഇന്നും ഹിന്ദുത്വ അജണ്ടയെ വളര്‍ത്തിയത്. 1992ലെ ബാബറി മസ്ജിദ് തകര്‍ച്ചയ്ക്ക് മുമ്പും ശേഷവും കോണ്‍ഗ്രസ് പാലൂട്ടിയ മൃദുഹിന്ദുത്വമാണ് തീവ്രഹിന്ദുത്വത്തിന് അടിവളമായത്.
രാമക്ഷേത്രം ആഡംബരപൂര്‍വം കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ അതു നില്‍ക്കുന്നിടത്ത് 31 വര്‍ഷം മുമ്പ് തകര്‍ക്കപ്പെട്ട ബാബറി മസ്ജിദും അതിനുപകരമായി സുപ്രീം കോടതിയില്‍ നിന്ന് ‘ഔദാര്യ’വിധിയിലൂടെ അനുവദിച്ചു കിട്ടിയ ധനിപൂരിലെ മുസ്ലിം ആരാധാനാലയവും നിര്‍മ്മാണം തുടങ്ങാന്‍പോലും ആകാത്ത അവസ്ഥയിലാണെന്ന യാഥാര്‍ത്ഥ്യവും നിലവിലുണ്ട്. പള്ളിയുടെ നിർമ്മാണം അടുത്ത മേയില്‍ ആരംഭിക്കുമെന്നാണ് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് പറയുന്നത്. ഇതിനായി ഫണ്ട് സ്വരൂപണത്തിന് ഫെബ്രുവരി മുതൽ വിവിധ സംസ്ഥാനങ്ങളിൽ ചുമതലക്കാരെ നിയമിക്കും. 2019 നവംബർ ഒമ്പതിനാണ് രാമജന്മഭൂമി വിഷയത്തിൽ സുപ്രീം കോടതി ‘ചരിത്രപരമായ’ വിധി പറഞ്ഞത്. തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയുകയും പകരം മറ്റൊരിടത്ത് പള്ളി പണിയാന്‍ സ്ഥലം കണ്ടെത്തണമെന്നുമായിരുന്നു വിധി. അതനുസരിച്ചുള്ള സ്ഥലത്ത് ഫെബ്രുവരി പകുതിയോടെ മസ്ജിദിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുമെന്നും പിന്നീട് ഭരണാനുമതിക്കായി പോകുമെന്നുമാണ് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍ പറയുന്നത്. ഒരു മതത്തിന് സര്‍ക്കാര്‍തലത്തില്‍ ആഘോഷവും മറ്റാെരു വിഭാഗത്തിന് അവഗണനയും എന്ന വിഭജന രാഷ്ട്രീയം തന്നെയാണിത് തെളിയിക്കുന്നത്. കഴിഞ്ഞദിവസം അയോധ്യയില്‍ നടന്ന ദീപോത്സവത്തിന് ശേഷം ചെരാതിൽ അവശേഷിച്ച എണ്ണ വീട്ടിലെ ഭക്ഷ്യാവശ്യത്തിന് ശേഖരിക്കുന്ന കുട്ടികളുടെ ചിത്രം സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എക്സിൽ പങ്കുവച്ചത് ‘ദൈവത്തിന് നടുവിൽ ദാരിദ്ര്യം’ എന്ന അടിക്കുറിപ്പോടെയാണ്. ഇതേ അയാേധ്യയിലാണ് 350 കോടി മുടക്കി വിമാനത്താവളം വിപുലീകരിച്ചതും 1800 കോടിയുടെ ക്ഷേത്രം പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ കെട്ടിപ്പൊക്കുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.