14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 8, 2026
February 7, 2026
February 6, 2026
February 5, 2026

ബംഗ്ലാദേശ് തെരഞ്ഞെടുപ്പുഫലവും ഇന്ത്യയും

Janayugom Webdesk
February 14, 2026 5:00 am

ബംഗ്ലാദേശ് പാർലമെന്റായ ‘ജാതിയോ സങ്സദി‘ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) മൂന്നിൽ രണ്ട്‍ ഭൂരിപക്ഷത്തിലേറെ സീറ്റുകൾ കരസ്ഥമാക്കി അധികാരത്തിലേക്ക് എത്തുകയാണ്. 300അംഗ സഭയിൽ ബിഎൻപി നേതൃത്വം നൽകുന്ന മുന്നണി ഇതിനകം 216 സീറ്റുകൾ കരസ്ഥമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന 11 പാർട്ടികൾ ഉൾപ്പെട്ട മുന്നണി 76 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. ബിഎൻപിയെ നിർണായക വിജയത്തിലേക്ക് നയിച്ച പാർട്ടി ചെയർമാൻ താരിഖ് റഹ്‌മാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ബംഗ്ലാദേശിൽ മാസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കും അക്രമപരമ്പരകൾക്കും ശമനമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ബംഗ്ലാദേശ് ഭരണഘടനയിൽ മൗലിക മാറ്റങ്ങൾ നിർദേശിക്കുന്ന റഫറണ്ടത്തിന് അനുകൂലമായും ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 2024ൽ അന്നത്തെ പ്രധാനമന്ത്രി ഷേക്ക് ഹസീന രാജ്യം വിട്ട് പലായനം ചെയ്തതോടെ താൽക്കാലിക ഭരണച്ചുമതല ഏറ്റെടുത്ത നോബൽ സമാധാന പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസ് മുന്നോട്ടുവച്ച ഭരണഘടനാ പരിഷ്കാര നിർദേശങ്ങൾക്ക് അനുകൂലമായി 60.2% വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ചരിത്ര വിജയത്തിൽ അഭിനന്ദിച്ചും നിർദിഷ്ട ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡി നൽകിയ സന്ദേശത്തെ ബിഎൻപി ചെയർമാൻ താരിഖ് റഹ്‌മാൻ സ്വാഗതം ചെയ്തിട്ടുണ്ട്. 15 വർഷം തുടർച്ചയായി അധികാരം കയ്യാളിയിരുന്ന ഷേഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച ഹിംസാത്മക പ്രക്ഷോഭത്തെത്തുടർന്ന് വഷളായ ഇന്ത്യ‑ബംഗ്ലാദേശ് ബന്ധങ്ങളിൽ ഇതോടെ തെല്ല് അയവുവരുമെന്നാണ് പ്രതീക്ഷ.
ബ്രിട്ടീഷ് കോളനിഭരണത്തിൽ നിന്നുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മോചനത്തെയും വിഭജനത്തെയും തുടർന്ന് ഇന്ത്യയുടെ പടിഞ്ഞാറും കിഴക്കുമായി രൂപംകൊണ്ട പാകിസ്ഥാൻ രാഷ്ട്രത്തിന്റെ സ്ഥാപനവും തുടർന്ന് 1971ൽ ബംഗ്ലാദേശിന്റെ വിമോചനത്തിലേക്ക് നയിച്ച യുദ്ധവും, അതിൽ ഇന്ത്യ വഹിച്ച പങ്കും, ഹിംസയുടെയും രക്തച്ചൊരിച്ചിലിന്റെയും ചരിത്രമാണ്. 

സ്വാതന്ത്ര്യം നേടിയെടുത്തിട്ടും ശാശ്വതമായ സമാധാനവും രാഷ്ട്രീയസ്ഥിരതയും കൈവരിക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നില്ല. പടിഞ്ഞാറൻ പാകിസ്ഥാനിൽനിന്നും വേർപിരിഞ്ഞ ബംഗ്ലാദേശിനെ പാകിസ്ഥാൻ രാഷ്ട്രീയവും ശിഥിലീകരണശക്തികളും കരിനിഴൽപോലെ പിന്തുടരുകയും ഇപ്പോഴും വേട്ടയാടുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ചരിത്രപരമായി ശത്രുപക്ഷത്താക്കപ്പെട്ട ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവും ഭൂപരവുമായ അഖണ്ഡതയ്ക്കെതിരെ ബംഗ്ലാദേശിന്റെ മണ്ണും പ്രയോജനപ്പെടുത്താൻ പാക് ഭരണകൂടവും ആ രാജ്യത്തെ ഇ­ന്ത്യാവിരുദ്ധ ശക്തികളും എക്കാലത്തും ശ്രമിച്ചിരുന്നു. ഇപ്പോഴും ആ ശിഥിലീകരണ ശ്രമങ്ങൾക്ക് അറുതിയായിട്ടില്ല. അതുകൊണ്ടുതന്നെ ബംഗ്ലാദേശിൽ സംഭവിക്കുന്ന ഏത് രാഷ്ട്രീയമാറ്റവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി നിർണായകമാണ്. ബംഗ്ലാദേശിന്റെ ആഭ്യന്തര, വൈദേശിക ബന്ധങ്ങളുടെ ബലതന്ത്രം നിർണയിക്കുന്നതിൽ ഇന്ത്യക്കും പാകിസ്ഥാനും നിർണായക സ്ഥാനമാണുള്ളത്. ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ വിവിധ ധാരകൾ വിലയിരുത്തപ്പെടുന്നത് അവയുടെ ഇന്ത്യയോടും പാകിസ്ഥാനോടുമുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്. സ്ഥാനത്യാഗം ചെയ്ത് ഇന്ത്യയിൽ രാഷ്ട്രീയാഭയം തേടിയ ഷേക്ക് ഹസീനയെയും അവരുടെ അവാമി ലീഗിനെയും ഇന്ത്യ അനുകൂല പാർട്ടിയായി ബംഗ്ലാദേശിലും ഇന്ത്യയിലും വിലയിരുത്തപ്പെടുന്നതിന് ആ രാജ്യത്തിന്റെ വിമോചന യുദ്ധവുമായുള്ള ചരിത്രപരമായ കാരണങ്ങളുണ്ട്. ബംഗ്ലാദേശിന്റെ വിമോചന നായകൻ ഷേഖ് മുജീബുർ റഹ്മാനും രാഷ്ട്രീയമായി അദ്ദേഹത്തെ എതിർത്തിരുന്ന ബിഎൻപി സ്ഥാപകൻ സിയാവുർ റഹ്മാനും ഉൾപ്പെട്ട ആഭ്യന്തര രാഷ്ട്രീയത്തിന്റെ പേരിൽ ബിഎൻപി ഒരു പാക് അനുകൂല പാർട്ടിയായി ഇരുരാജ്യങ്ങളിലും ഒരുപറ്റം ആളുകളെങ്കിലും വിലയിരുത്തുന്നുവെന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. ചരിത്ര യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി വിലയിരുത്തിക്കൊണ്ടും ഇന്നത്തെ യാഥാർത്ഥ്യങ്ങളെ കണക്കിലെടുത്തുകൊണ്ടും മുന്നോട്ടുപോകാൻ ഇരുരാജ്യങ്ങൾക്കും കഴിയേണ്ടതുണ്ട്. ബിഎൻപി നിർണായകവും അനിഷേധ്യവുമായ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ കൈവരിച്ചിരിക്കുന്നത്. ആ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടുള്ള പരസ്പരപൂരകമായ ഉഭയകക്ഷി ബന്ധമാണ് ഇരു രാജ്യങ്ങളുടെയും ഉത്തമതാല്പര്യ സംരക്ഷണത്തിന് ഉചിതം.

2024ലെ ബംഗ്ലാദേശ് സംഭവവികാസങ്ങൾ ഇന്ത്യയിൽ പ്രതികരണം സൃഷ്ടിച്ചത് അവിടെ ഹിന്ദു മതന്യുനപക്ഷത്തിനുനേരെ നടന്ന അക്രമങ്ങളുടെ പേരിലാണ്. അത് വ്യാപകമായ ബംഗ്ലാദേശ് വിരുദ്ധ മുസ്ലിംവിരുദ്ധ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി തീവ്ര ഹിന്ദുത്വ രാഷ്ട്രീയം മാറ്റി. അവിടെ മതന്യുനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളെ അപലപിക്കുമ്പോൾത്തന്നെ അതിന് ഉത്തരവാദികളായ അക്രമകാരികളെ അപലപിക്കാനും അവർക്കെതിരെ നിയമനടപടിക്കും ഭരണകൂടം തയ്യാറായി എന്നത് വിസ്മരിച്ചുകൂടാ. ഇപ്പോൾ ബിഎൻപിയുടെ സ്ഥാനാർത്ഥികളായി വിജയിച്ചുവന്നവരിൽ പ്രമുഖരായ രണ്ട് ഹിന്ദു നേതാക്കളും ഉൾപ്പെടുന്നുവെന്ന വസ്തുതയും, പാർട്ടി ചെയർമാൻ എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നയസമീപനമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അവഗണിച്ചുകൂടാ. ഇന്ത്യയിൽ മുസ്ലിങ്ങളടക്കം മതന്യുനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളും അതിന് ഉന്നത അധികാരകേന്ദ്രങ്ങൾ നേരിട്ട് നൽകുന്ന ഒത്താശയും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കണം. ഇന്ത്യ‑ബംഗ്ലാദേശ് അയൽബന്ധങ്ങൾ സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ആഭ്യന്തര, വൈദേശിക ബന്ധങ്ങളിൽ മതനിരപേക്ഷതയ്ക്ക് നിർണായക പങ്കാണ് നിർവഹിക്കാനുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.