11 February 2026, Wednesday

Related news

February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 8, 2026
February 7, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

ബേപ്പൂർ പോർട്ട് സിറ്റി തീരുമാനം അഭിനന്ദനാർഹം

Janayugom Webdesk
February 12, 2026 5:00 am

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസനത്തിന് നാഴികക്കല്ലായി മാറിയതോടെ കയറ്റുമതിക്കും ചരക്ക് ഗതാഗത നീക്കങ്ങൾക്കും സഹായകമായ വിധത്തിൽ സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളെയും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത പതിന്മടങ്ങായിട്ടുണ്ട്. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ബേപ്പൂർ തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കുവാൻ തീരുമാനിച്ചത് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തുടർച്ചയിലുണ്ടായിരുന്ന ഈ പത്തുവർഷത്തിനിടെ ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിനായി ഒട്ടേറെ പദ്ധതികളാണ് തയ്യാറാക്കി നടപ്പിലാക്കിയത്. നിലവിൽ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനും ഇന്റർനാഷണൽ ഷിപ്പ് ആന്റ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി സർട്ടിഫിക്കേഷൻ നേടാനും ബേപ്പൂരിന് കഴിഞ്ഞിരുന്നു. വിദേശ കപ്പലുകൾ അടക്കമുള്ളവയ്ക്ക് അടുക്കാൻ തക്കവിധത്തിലുള്ള സജ്ജീകരണങ്ങളും രാജ്യാന്തര അനുമതികളും ബേപ്പൂരിന് ലഭ്യമായിരുന്നുതാനും. വിദേശ ചരക്ക്-യാത്രാ കപ്പലുകൾ അടക്കമുള്ളവയ്ക്ക് ബേപ്പൂരിലേക്ക് എത്താനും ചരക്ക് നീക്കം നടത്താനും നിലവിൽ സാധ്യമാകും. എന്നാൽ പോർട്ട് സിറ്റി എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി ബേപ്പൂരിന്റെ സമഗ്രമായ വികസനത്തിനാണ് ആക്കം കൂട്ടുക. മൊത്തത്തിൽ 2,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പദ്ധതി വിഴിഞ്ഞം, സിയാൽ മോഡലിൽ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിപുരാതന തുറമുഖങ്ങളിലൊന്നാണ് ബേപ്പൂരിലേത്. നൂറ്റാണ്ടുകളോളം അറബിനാടുകളുമായുള്ള വ്യാപാരബന്ധത്തിന്റെ കേന്ദ്രസ്ഥാനവുമായിരുന്നു ബേപ്പൂർ. മാത്രമല്ല മികച്ച തുറമുഖ പട്ടണമെന്ന ഖ്യാതിയുള്ളതിനാൽ തന്നെയാണ് ഇവിടെ നിന്നും ഉരുക്കൾ നിർമ്മിച്ച് അറബിനാടുകളിലേക്ക് കൊണ്ടുപേയിരുന്നതും. മലയാളനാട്ടിലെ സുഗന്ധവ്യഞ്ജനങ്ങൾ മാത്രമായിരുന്നില്ല ഉരു നിർമ്മാണവും ഇന്നും പുകൾപെറ്റതായതിന് പിന്നിലും ബേപ്പൂർ തുറമുഖം വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

പശ്ചിമഘട്ടമലനിരകളിൽ നിന്ന് വെട്ടിയെടുത്ത ഈടുറ്റ തടികൾ ചാലിയാറിലൂടെ എത്തിച്ച് പ്രഗത്ഭന്മാരായ തച്ചന്മാരുടെ കരവിരുതിൽ കടൽ കടക്കാനുള്ള യാനങ്ങളാക്കി മാറ്റുന്ന പ്രക്രിയ ബേപ്പൂരിന് മാത്രം അവകാശപ്പെട്ടതായിരുന്നു. യൂറോപ്യൻ അധിനിവേശത്തോടെയാണ് ബേപ്പൂർ തുറമുഖത്തിന്റെയും പശ്ചിമേഷ്യൻ നാടുകളുമായുള്ള വ്യാപാരത്തിന്റെയും ഉരുനിർമ്മാണത്തിന്റെയും പ്രതാപം അസ്തമിച്ചത്. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം കടൽവ്യാപാരരംഗത്ത് കാര്യമായ പ്രാമുഖ്യം നേടിയെടുക്കാനും നമുക്ക് സാധിച്ചില്ല. ഗൾഫിലേക്കുള്ള മലയാളികളുടെ പ്രവാസത്തിന് അരനൂറ്റാണ്ട് പിന്നിട്ട ഇക്കാലത്ത് കയറ്റുമതി-ഇറക്കുമതി രംഗത്ത് വലിയ മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും ചരക്കുനീക്കത്തിന് കപ്പൽ ഗതാഗതത്തെയോ തുറമുഖങ്ങളെയോ ആശ്രയിക്കാൻ നമുക്ക് മടിയായിരുന്നു. ഏറ്റവും ചെലവുകുറഞ്ഞ ചരക്ക് ഗതാഗതസംവിധാനമാണ് തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ലോകത്തെമ്പാടും നടക്കുന്നത്. കാലത്തിനനുസരിച്ച് മാറാനും വികസനപദ്ധതികൾ ആവിഷ്ക്കരിക്കാനും ഏറെ വൈകിയെങ്കിലും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിൽ ഭരണത്തുടർച്ച നേടിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ഇച്ഛാശക്തി ഈ രംഗത്തെ പിന്നാക്കാവസ്ഥയെയും മറികടന്നു. ഇനി വേണ്ടത് വിഴിഞ്ഞത്തേയ്ക്ക് കുറഞ്ഞ ചെലവിൽ ചരക്കുകൾ എത്തിക്കാനുള്ള ചെറുതുറമുഖങ്ങളുടെ ശൃംഖലയൊരുക്കുക എന്നതാണ്. കൊച്ചി തുറമുഖം കാലങ്ങളായി മികച്ച നിലയിൽ തന്നെ പ്രവർത്തന സജ്ജമാണ്. പുരാതന തുറമുഖ നഗരങ്ങളായ കൊല്ലം, കോഴിക്കോട്, ബേപ്പൂർ, കണ്ണൂർ അഴീക്കൽ തുറമുഖങ്ങളെ വികസിപ്പിച്ച് കേരളത്തിന്റെ ചരക്കുനീക്ക സംവിധാനങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതികൾ തയ്യാറാക്കിയത്. അതിന്റെ ഭാഗമായി ബേപ്പൂരിലും അഴീക്കലും വലിയ തോതിൽ തന്നെ നവീകരണ പ്രവർത്തനങ്ങളും ആധുനികവല്‍ക്കരണ നടപടികളും നടത്തി. അടുത്ത പടിയായാണ് ബേപ്പൂർ തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കുവാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 

ഭാവിയിൽ ബേപ്പൂരിനെ ഒരു തുറമുഖ നഗരമാക്കി മാറ്റാനും നാടിനാകെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും ഈ പദ്ധതിയിലൂടെ സാധിക്കും. നിരവധി പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനും നിലവിൽ തൊഴിൽ ചെയ്യുന്നവരുടെ വരുമാനം വർധിക്കുന്നതിനും ഇതിലൂടെ സാധിക്കും. കേരളത്തിന്റെ സ്ഥലലഭ്യതയുടെ പരിമിതി വൻകിട വ്യവസായശാലകളുടെയും നിർമ്മാണ പദ്ധതികളുടെയും സ്ഥാപനത്തിന് വലിയ തടസം തന്നെയാണ്. അതേസമയം മൂല്യവർധിത വസ്തുക്കൾ, കാർഷികോല്പന്നങ്ങൾ അടക്കമുള്ളവയുടെ കയറ്റുമതിക്ക് സാധ്യതകളേറെയാണ്. എന്നാൽ അവ കുറഞ്ഞചെലവിൽ കയറ്റുമതിക്ക് സജ്ജമാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. അതിനുള്ള പരിഹാരമാണ് തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കം. അഴീക്കൽ, ബേപ്പൂർ, കൊച്ചി, കൊല്ലം എന്നീ തുറമുഖങ്ങൾ പൂർണതോതിൽ പ്രവർത്തന സജ്ജമാകുകയും അവിടെനിന്നും വിഴിഞ്ഞത്തേയ്ക്ക് കയറ്റുമതി ഉല്പന്നങ്ങൾ എത്തിച്ച് അന്തർദേശീയ കമ്പോളങ്ങളിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി വിജയകരമായാൽ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് മാത്രമല്ല സാമ്പത്തിക വികസനവും തൊഴിൽ ലഭ്യതയും ധാരാളമായി ഇവിടെ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കുറഞ്ഞ ചെലവിൽ കപ്പൽ യാത്രാ സംവിധാനങ്ങളൊരുക്കാനും ചെറുകിട തുറമുഖങ്ങളുടെ വികസനം സഹായകമാകും. നിലവിൽ ലക്ഷദ്വീപിലേക്കുള്ള ചരക്ക്നീക്കവും യാത്രാസൗകര്യങ്ങളുമാണ് ബേപ്പൂരിൽ നിന്നും നടക്കുന്നത്. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഗൾഫ് നാടുകളിലേക്ക് അടക്കമുള്ള ചരക്കുനീക്കവും യാത്രാസംവിധാനങ്ങളും ഇവിടെ നിന്നും സാധ്യമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.