
എല്ലായ്പോഴും ദേശീയതയെയും ദേശാഭിമാനത്തെയും കുറിച്ച് വാചാടോപം നടത്തുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ബിജെപി നേതാക്കള്‍. പക്ഷേ അവർ സ്വീകരിക്കുന്ന സമീപനങ്ങളത്രയും ദേശവിരുദ്ധവും വിദേശ പ്രേമം തുളുമ്പുന്നതുമാണ്. അതാണ് പുതിയ ഇൻഷുറൻസ് നിയമ ഭേദഗതിയിലൂടെ തെളിയുന്നത്. എല്ലാവർക്കും ആരോഗ്യ പരിരക്ഷ, എല്ലാവരുടെയും സംരക്ഷണം എന്നൊക്കെ പേരിൽ ചേർത്തിട്ടുണ്ടെങ്കിലും ‘സബ്കാ ബിമാ സബ്കി രക്ഷാ ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ 2025’ വിദേശ പ്രേമമാണ് പ്രകടമാക്കുന്നത്. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും കേരളം പോലുള്ള അപൂർവം സംസ്ഥാനങ്ങളിലൊഴികെ പൗരന്മാർക്ക് ആരോഗ്യ പരിരക്ഷയൊരുക്കുന്നതിൽ ഏറ്റവും പിന്നിലും നിലനിൽക്കുന്ന രാജ്യത്ത് ഇൻഷുറൻസ് പദ്ധതി വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. സർക്കാർ, സ്വകാര്യ ആശുപത്രികളെ ആരോഗ്യ പരിപാലനത്തിന് ആശ്രയിക്കുന്നവർക്ക് വലിയൊരു അത്താണിയാണ് വിവിധ ഇൻഷുറൻസ് പദ്ധതികൾ. നവ ഉദാരവൽക്കരണ നയത്തിന്റെ ഫലമായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് പുറമേ നിരവധി സ്വകാര്യ സംരംഭകരും ഈ രംഗത്തേക്ക് കടന്നുവരികയുണ്ടായി. അതും കടന്ന് വിദേശ സംരംഭകർക്ക് ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളിൽ 100% ഓഹരി പങ്കാളിത്തം അനുവദിക്കുന്നു എന്നതാണ് ഈ ബില്ലിന്റെ ഏറ്റവും പ്രധാന സവിശേഷത. നിലവിലുള്ള 74% എന്ന എഫ്ഡിഐ പരിധിയാണ് ഇങ്ങനെ ഉയർത്തുന്നത്. ഇതിലൂടെ ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികൾ വിദേശ കോർപറേറ്റുകളുടെ കയ്യിലെത്തും. ദേശാഭിമാനവും തദ്ദേശീയതയും പ്രോത്സാഹിപ്പിക്കുക എന്നത് വ്രതമായി ഉരുവിടുന്ന ബിജെപി സർക്കാരിൽ നിന്നാണ് ഇതുണ്ടായിരിക്കുന്നത് എന്നത് വൈരുധ്യം മാത്രമല്ല, രാജ്യത്തിന്റെ വലിയൊരു വാണിജ്യ മേഖലയിലേക്ക് കടന്നുവരാനും അതുവഴിയുണ്ടാകുന്ന ലാഭവിഹിതം വിദേശത്തേക്ക് കടത്തുന്നതിനും അവസരമൊരുങ്ങുക കൂടിയാണ്. ഇതാണ് ബിൽ ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി.
1938ലെ ഇൻഷുറൻസ്, 1956ലെ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, 1999ലെ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിട്ടി എന്നീ മൂന്ന് നിയമങ്ങൾ ഭേദഗതി ചെയ്തുള്ളതാണ് പുതിയ ബിൽ. ഇൻഷുറൻസ് മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുക, പോളിസി ഉടമകളുടെ സംരക്ഷണം വർധിപ്പിക്കുക അതോടൊപ്പം വ്യാപാരം എളുപ്പമാക്കുക എന്നതാണ് ഭേദഗതിയുടെ ഉദ്ദേശ്യമായി സർക്കാർ വിശദീകരിക്കുന്നത്. അതോടൊപ്പം ഇൻഷുറൻസ് കമ്പനികളുടെ നിയന്ത്രണവും സുതാര്യതയും മേൽനോട്ടവും ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യങ്ങളായി പറയുന്നു. യഥാർത്ഥത്തിൽ ഈ ലക്ഷ്യപ്രഖ്യാപനങ്ങൾ പരസ്പര വിരുദ്ധമാണ്. കാരണം അതിൽ മുഴച്ചുനിൽക്കുന്നത് വ്യാപാരം എളുപ്പമാക്കുക എന്നുള്ളത് മാത്രമാണ്. ഇൻഷുറൻസ് കമ്പനികളിൽ 100% വരെ വിദേശ നിക്ഷേപം അനുവദിക്കാമെന്നാണ് ബിൽ നിർദേശിക്കുന്നത്. അതിനുമുമ്പ് പ്രമുഖ പൊതുമേഖലാ ഇൻഷുറൻസ് സംരംഭമായ ലൈഫ് ഇൻഷുറൻസ് കോർപറേഷനു (എൽഐസി) മായി ബന്ധപ്പെട്ട ചില കണക്കുകൾ പരിശോധിക്കേണ്ടതുണ്ട്. എൽഐസി കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രസർക്കാരിന് ലാഭ വിഹിതമായി നൽകിയത് 7324.34 കോടി രൂപയായിരുന്നു. ഇങ്ങനെ എല്ലാവർഷവും എൽഐസി ലാഭവിഹിതം നൽകുന്നു. ഇതിന് പുറമേ വിവിധ അടിസ്ഥാന സൗകര്യ വികസന മേഖലകളിലും എൽഐസി സർക്കാരിനെ സഹായിക്കുന്നു. 2025 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ എൽഐസി അറ്റാദായത്തിൽ 31% വളർച്ച രേഖപ്പെടുത്തി, 10,098 കോടി രൂപയിലെത്തിയെന്ന് കഴിഞ്ഞ മാസം വെളിപ്പെടുത്തലുണ്ടായിരുന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 7,729 കോടിയായിരുന്നു.
എൽഐസിക്ക് ഇത്രയും ലാഭമുണ്ടാകുന്നുവെങ്കിൽ വിവിധ സ്വകാര്യ കമ്പനികൾ എല്ലാംകൂടി കയ്യടക്കുന്ന ലാഭം ഇതിലുമെത്രയോ മടങ്ങ് അധികമായിരിക്കും. കാരണം ഇന്ത്യയിലെ ജനസംഖ്യാ പെരുപ്പവും ആരോഗ്യ പരിപാലന രംഗത്തെ പരിമിതികളും ഭീമമായ ചെലവും. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് വിദേശ സംരംഭകർക്ക് ചുവപ്പ് പരവതാനി വിരിക്കുന്നതിന് പിന്നിലെ സാമ്പത്തികശാസ്ത്രം വെളിച്ചത്തുവരുന്നത്. വർധിച്ചുവരുന്ന ജീവിത ചെലവിനൊപ്പം ചികിത്സാ ചെലവും താങ്ങാനാകാത്ത ബഹുഭൂരിപക്ഷം ആളുകളും ഇൻഷുറൻസ് കമ്പനികളുടെ പരിരക്ഷയെ ആശ്രയിക്കുന്നുണ്ട്. അതിനാൽത്തന്നെ വൻതോതിലുള്ള ലാഭം ഓരോ കമ്പനികളും കയ്യടക്കുന്നുമുണ്ട്. വിദേശ സംരംഭകർ ഓഹരികളെടുത്ത് ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളിൽ പങ്കാളികളാകുമ്പോൾ ലാഭവിഹിതം പൂർണമായും വിദേശത്തേക്ക് ഒഴുകാനിടയാകുന്നുവെന്നല്ലാതെ ഇതുകൊണ്ട് പൗരന്മാർക്ക് എന്തെങ്കിലും മെച്ചമുണ്ടാകുന്നില്ല. സാധാരണ ജനങ്ങൾ അത്യധ്വാനത്തിലൂടെ സ്വരൂപിച്ച് ഏല്പിക്കുന്ന ഇൻഷുറൻസ് തുകയിൽ നിന്നുള്ള വൻലാഭം വിദേശത്തേക്ക് പോകുന്നു എന്നതില്‍ മറ്റപകടങ്ങളുമുണ്ട്. ഇവിടെയുള്ള വികസന പ്രവർത്തനങ്ങൾക്കും ക്ഷേമാവശ്യങ്ങൾക്കും വിനിയോഗിക്കേണ്ട വിഹിതം ഇല്ലാതാകുന്നുവെന്നത് ഒന്ന്. രണ്ടാമതായി രാജ്യത്തിന്റെ പണം പുറത്തേക്ക് പോകുന്നത് ആഭ്യന്തര സാമ്പത്തികവിനിമയത്തെ ബാധിക്കുകയും തകർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്യും. അതുകൊണ്ട് ഈ നീക്കം രാജ്യതാല്പര്യത്തിനെതിരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.