
സുതാര്യവും സമയബന്ധിതവുമായ ഭരണനടപടികൾ ഉറപ്പുവരുത്തുകയും വിവരങ്ങൾ കൃത്യമായി പൗരന് ലഭ്യമാക്കുകയും ചെയ്യുന്ന സുപ്രധാന നിയമനിർമ്മാണങ്ങളിൽ ഒന്നായ വിവരാവകാശ നിയമത്തിന് കഴിഞ്ഞ ദിവസം 20 വയസ് പൂർത്തിയായി. ജനാധിപത്യസംവിധാനം നിലനിൽക്കുന്ന സമൂഹത്തിൽ അനിവാര്യമായ ഒന്നെന്ന നിലയിലാണ് 2005ൽ കേന്ദ്ര വിവരാവകാശ നിയമം പ്രാബല്യത്തിലായത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഭരണത്തെ പിന്തുണച്ചിരുന്ന ഇടതുപക്ഷവുമായുണ്ടാക്കിയ പൊതുമിനിമം പരിപാടിയിൽ ഉൾപ്പെട്ടതായിരുന്നു വിവരാവകാശ, വനാവകാശ, തൊഴിലുറപ്പ് നിയമങ്ങൾ നടപ്പിലാക്കുക എന്നത്. ഇടതുപക്ഷ സമ്മർദം ശക്തമായതിനാൽ 2005 ഒക്ടോബർ 20ന് നിയമം പ്രാബല്യത്തിൽ വരുത്തുകയായിരുന്നു. രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള നിയമനിർമ്മാണങ്ങളിൽ ഒന്നായി എണ്ണപ്പെട്ടതായിരുന്നു വിവരാവകാശ നിയമം. സർക്കാർ ഓഫിസുകളിലെയും പൊതുസ്ഥാപനങ്ങളിലെയും വിവരങ്ങൾ യഥാസമയം പൗരന്മാർക്ക് ലഭ്യമാക്കുകയും അതുവഴി സേവനങ്ങളിലുണ്ടാകുന്ന കാലവിളംബങ്ങളും ഒരു പരിധിവരെ കൈക്കൂലിയും ഇല്ലാതാക്കുന്നതിന് സഹായകവുമായിരുന്നു ഈ നിയമം. അതിനാൽതന്നെ വിവരാവകാശത്തിന് ചെറിയ തളർച്ചപോലുമില്ലാതെ സംരക്ഷിക്കുന്നതിനായി വിവരാവകാശ സംഘടനകളും ഉടലെടുത്തു. അങ്ങനെ സാധാരണ പൗരന്മാരുടെ അവകാശ സംരക്ഷണത്തിനും മെച്ചപ്പെട്ട സേവന ലഭ്യതയ്ക്കുമുള്ള ഉപാധികളൊന്നായി വിവരാവകാശ നിയമം മാറുകയും ചെയ്തു.
എന്നാൽ പ്രാബല്യത്തിലായതിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ രാജ്യവും വിവിധ സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ നിയമത്തെ സ്വാഭാവിക മരണത്തിലേക്ക് നയിക്കുന്ന സമീപനങ്ങൾ സ്വീകരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. വിവരങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണെങ്കിലും അത് നൽകാതിരുന്നാൽ പുറത്തുള്ള അപ്പീൽ സംവിധാനങ്ങൾ ഉണ്ടെന്നതായിരുന്നു നിയമത്തിന്റെ പ്രത്യേകത. ആദ്യ അപ്പീലുകൾ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരാണെന്നതിനാൽ നടത്തിപ്പിൽ സ്വാഭാവിക പോരായ്മകളുണ്ടായേക്കാമെന്നതിനാലാണ് അപ്പീൽ സംവിധാനങ്ങൾ വ്യവസ്ഥ ചെയ്തത്. അതുകൊണ്ട് വിവരങ്ങൾ നൽകുന്നതിൽ ബോധപൂർവമോ അല്ലാത്തതോ ആയ വീഴ്ച സംഭവിച്ചാൽ പരിശോധനയ്ക്കും ശിക്ഷയ്ക്കും സാധ്യതയുണ്ടെന്നതുകൊണ്ട് പരമാവധി ഇല്ലാതാക്കപ്പെടുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷേ അപ്പീൽ സംവിധാനങ്ങളായ ഉപരി കമ്മിഷനുകളിലെത്തിയ പരാതികളുടെ ബാഹുല്യം ആ പ്രതീക്ഷയ്ക്ക് മങ്ങലേല്പിക്കുന്നതായിരുന്നു. എങ്കിലും അപ്പീൽ സംവിധാനങ്ങളുടെ ശക്തമായ ഇടപെടലിന്റെ ഫലമായി നിയമത്തിന്റെ നേട്ടങ്ങൾ പൗരന്മാർക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.
എന്നാൽ ബിജെപി അധികാരത്തിലെത്തിയതിനുശേഷം നിയമത്തെ അപ്രസക്തമാക്കുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനുശേഷമുള്ള 11 വർഷവും നിയമത്തെ അപ്രസക്തമാക്കുന്നതിനുള്ള നടപടികൾ ഉണ്ടായി. 20 വർഷത്തിലധികമായി ഭരിക്കുന്ന ഗുജറാത്തിലെ വിവരാവകാശ നടത്തിപ്പിന്റെ സ്ഥിതി പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ ബോധ്യമാകം. ഇവിടെ നിയമത്തിൽ അനുശാസിക്കുന്നതനുസരിച്ച് മാധ്യമരംഗത്തെയോ പൗരസംഘടനയിലെയോ പ്രതിനിധികളെ വിവരാവകാശ കമ്മിഷനിൽ നിയമിച്ചിട്ടില്ല. ഇതിലൂടെ നിയമത്തിന്റെ നടത്തിപ്പും അപ്പീലുകളും ഉദ്യോഗസ്ഥ കേന്ദ്രീകൃതമാക്കപ്പെട്ടു. അതുകൊണ്ടുതന്നെ വീഴ്ച കണ്ടെത്തിയ കേസുകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പിഴയീടാക്കിയത്. 26 വകുപ്പുകളിൽ 2025 ലെ പരിശോധനയിൽ 35% മാത്രമേ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുള്ളൂ. 38% പഴയകാല വിവരങ്ങളാണ് നൽകിയിരിക്കുന്നത്. എട്ട്% പ്രവർത്തനരഹിതമായ വെബ്സൈറ്റുകളാണെന്നും കണ്ടെത്തി.
ഇതിന് സമാനമാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള വിവരാവകാശ കമ്മിഷനുകളുടെ സ്ഥിതി. ദേശീയ‑സംസ്ഥാന കമ്മിഷനുകളിൽ അധ്യക്ഷന്റെയും കമ്മിഷണർമാരുടെയും ഒഴിവുകൾ മാസങ്ങളും വർഷങ്ങളുമായി നിലനിൽക്കുകയാണ്. ഉണ്ടായിരുന്നവർ സ്ഥാനമൊഴിഞ്ഞതിനു ശേഷം പുതിയ കമ്മീഷണർമാരെ നിയമിച്ചിട്ടില്ലാത്തതിനാൽ ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, തെലങ്കാന, ഗോവ, ത്രിപുര, മധ്യപ്രദേശ് എന്നീ സംസ്ഥാന വിവരാവകാശ കമ്മിഷനുകൾ ഒരുവർഷത്തിലധികം കാലം പ്രവർത്തനരഹിതമായ സ്ഥിതിയിലാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുഴുവൻ അംഗങ്ങളുമില്ലാത്തതിനാൽ ഭാഗികമായാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുള്ള അപേക്ഷകൾക്കെതിരായ അപ്പീലുകൾ പരിഗണിക്കുന്ന കേന്ദ്ര വിവരാവകാശ കമ്മിഷൻ, രണ്ട് കമ്മിഷണർമാരുമായാണ് നിലനില്‍ക്കുന്നത്. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ ഉൾപ്പെടെ ഒമ്പത് ഒഴിവുകൾ നികത്തിയിട്ടില്ല. ഒരു വർഷത്തിൽ ശരാശരി 2.4 ലക്ഷം അപ്പീലുകൾ ലഭിക്കുന്നതിൽ 1.8 ലക്ഷം കേസുകൾ മാത്രമേ തീർപ്പാക്കാൻ സാധിക്കുന്നുള്ളൂ എന്നിങ്ങനെ നിരവധി പരിമിതികളാണ് വിവരാവകാശ കമ്മിഷനുകൾ നേരിടുന്നത്. ഈ വിധത്തിൽ സാധാരണ പൗരന്റെ അറിയാനുള്ള അവകാശത്തെ സംരക്ഷിച്ചിരുന്ന വിവരാവകാശ നിയമത്തെ ബോധപൂർവം ദുർബലപ്പെടുത്തുകയാണ്. തീർച്ചയായും മൗലികാവകാശത്തെയാണ് ഇതിലൂടെ ഇല്ലാതാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.