8 January 2026, Thursday

തീവ്രവർഗീയത ആയുധമാക്കി ബിഎംസി തെരഞ്ഞെടുപ്പ് പ്രചാരണം

Janayugom Webdesk
January 7, 2026 5:00 am

ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചമാത്രമാണ് അവശേഷിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ മെട്രോപോളിസ് എന്ന നിലയിൽ മാത്രമല്ല ബിഎംസി തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. 2011ലെ കാനേഷുമാരി കണക്കുകളനുസരിച്ച് രണ്ടരക്കോടിയിലധികം ജനങ്ങൾ അധിവസിക്കുന്ന, രാജ്യത്തിന്റെ ധന തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന മുംബൈ നഗരം അതിന്റെ സാമ്പത്തികവും, രാഷ്ട്രീയവും, സാംസ്കാരികവും, മതപരവും, ഭാഷാപരവുമായ വൈവിധ്യം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ നഗരങ്ങളിൽ ഒന്നാണ്. 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടുമ്പോൾ അവിടെ നടക്കുന്ന നഗരഭരണ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് അതുയർത്തുന്ന വംശീയ, വർഗീയ, മത വിദ്വേഷ വിഷലിപ്ത പ്രചാരണമാണ്. വിദ്വേഷവിഷം വമിപ്പിക്കുന്നതിൽ മുഖ്യ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന പ്രതീതിയാണ് തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഏതൊരാൾക്കും ലഭിക്കുക. മഹാരാഷ്ട്ര സംസ്ഥാനഭരണം കയ്യാളുന്ന ബിജെപി, ശിവസേന (ഏ‌ക്‌നാഥ് ഷിൻഡെ) കൂട്ടുകെട്ട് ഒരുവശത്തും ശിവസേന (യുബിടി), മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മറുഭാഗത്തുമായി അണിനിരക്കുന്ന വർഗീയ, വംശീയവിദ്വേഷ പോരാട്ടമാണ് തെരഞ്ഞെടുപ്പുരംഗം കയ്യടക്കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും ആര് പരാജയപ്പെടും എന്നതിനെക്കാൾ ആര് മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ പ്രചാരണമാണ് മുംബൈ നഗരത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കുക എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. അതിനെ ആശ്രയിച്ചായിരിക്കും നഗരത്തിൽ നരകതുല്യമായ ജീവിതം നയിക്കുന്ന ദശലക്ഷങ്ങളുടെ നിലനില്പും ഭാവിയും നിർണയിക്കപ്പെടുക. അതുതന്നെ ആയിരിക്കും മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവിയും നിർണയിക്കുക എന്നുവേണം ഇപ്പോൾ വിലയിരുത്താൻ. 

1951ലെ ജനപ്രാതിനിധ്യ നിയമത്തെ പരസ്യമായി ലംഘിക്കുന്ന പരാമർശങ്ങളാണ് പ്രചാരണത്തിലുടനീളം ബിജെപി, ശിവസേന (ഷിൻഡെ) കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ തുടർന്നുവരുന്നത്. മതാടിസ്ഥാനത്തിലുള്ള പ്രചാരണത്തെ നിരോധിക്കുന്ന നിയമത്തിന്റെ 123 (3), സമുദായങ്ങൾ തമ്മിൽ വിദ്വേഷവും ശത്രുതയും വളർത്തുന്നതിനെതിരായ 123 (3എ), അത്തരം പ്രചാരണങ്ങളെ ശിക്ഷാർഹമാക്കുന്ന നിയമത്തിന്റെ 125 വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് പ്ര­ചാരണത്തിലുടനീളം നടന്നുവരുന്നത്. തദ്ദേശ തെ­രഞ്ഞെടുപ്പോടെ ഐക്യത്തിലായ ഉദ്ദവ്, രാജ് താക്കറെമാർ ‘മുംബൈ മേയർ ഒരു മറാത്തി ആയിരിക്കുമെന്നും അത് തങ്ങളുടെ പ്രതിനിധി ആയിരിക്കുമെന്നും’ പ്രചാരണവേളകളിൽ പ്രഖ്യാപിക്കുന്നു. ഫ­ഡ്നാ­വിസും ഷിൻഡെയും ഒരുപടി കടന്ന് ‘മേയർ ഒരു മറാത്തി മാത്രമല്ല ഹിന്ദുവും ആയിരിക്കു‘മെന്ന് ആവർത്തിക്കുന്നു. മുംബൈ ബിജെപി പ്രസിഡന്റ് അമീത് സടം ആവട്ടെ ഒരു ‘ഖാനെയും’ മേയറാവാൻ അനുവദിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല എന്ന് ശഠിക്കുന്നു. ‘ബുർഖ ധരിച്ച സ്ത്രീ‘യെ മേയറാകാൻ അനുവദിക്കില്ലെ‘ന്ന് ശപഥം ചെയ്യുന്ന സടം ‘ഭൂമി ജിഹാദും, വോട്ട് ജിഹാദും’ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ആവർത്തിക്കുന്നു. തങ്ങൾ നഗരഭരണം കയ്യടക്കുന്നതോടെ ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും കൂട്ടത്തോടെ കണ്ടെത്തി നാടുകടത്തുമെന്നും, കഴിഞ്ഞ 6–7 മാസങ്ങളായി നൂറുകണക്കിന് അത്തരക്കാരെ നാടുകടത്തിയിട്ടുണ്ടെന്നും ഫഡ്നാവിസ് ഓർമ്മിപ്പിക്കുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തെ അപ്പാടെ ലംഘിക്കുന്ന പ്രചാരണ രീതിക്കെതിരായ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷനോ തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനോ യാതൊരു നടപടിക്കും ഇനിയും സന്നദ്ധമായിട്ടില്ല. സംസ്ഥാനത്ത് ഇതിനകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ഏതാണ്ട് എഴുപതില്‍പരം തദ്ദേശ വാർഡുകളിൽ വിജയം എതിരില്ലാതെയായിരുന്നു. വോട്ടുമാത്രമല്ല സ്ഥാനാർത്ഥികളെപ്പോലും മോഷ്ടിക്കുന്നതിലേക്കാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പുകൾ എത്തിനിൽക്കുന്നത്. 

ബിഎംസി തെരഞ്ഞെടുപ്പോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ കൂട്ടുകെട്ടുകളിലും വിള്ളൽ വീണിട്ടുണ്ട്. അവിഭക്ത ശിവസേനയുടെ ശക്തികേന്ദ്രമായിരുന്ന മുംബൈ നഗരത്തിൽ ഉദ്ദവ്, രാജ് താക്കറെമാർക്കിടയിൽ നിലനിന്നിരുന്ന ഭിന്നിപ്പും ശിവസേനയിലുള്ള ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന്റെ കൂറുമാറ്റവും ഉദ്ദവ് ശിവസേനയെ ദുർബലമാക്കിയിരുന്നു. ശിവസേന (യുബിടി), എംഎൻഎസ് വിഭാഗങ്ങളുടെ നാടകീയമായ ഐക്യത്തിലൂടെ താക്കറെമാർക്ക് തങ്ങളുടെ നഷ്ടസ്വാധീനം പുനഃസ്ഥാപിക്കാമെന്നവർ കണക്കുകൂട്ടുന്നു. ബിഎംസി തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാടി (എംവിഎ) തങ്ങളുടെ മുംബൈയിലെ പ്രാമാണ്യം നിലനിർത്തുന്നതിന് വിഘാതമാകും എന്ന വിലയിരുത്തലിലാണ് പുതിയ സഖ്യത്തിന് ഉദ്ദവിനെ പ്രേരിപ്പിച്ചത്. ശരദ് പവാറിന്റെ സ്വാധീന മേഖല പശ്ചിമ മഹാരാഷ്ട്രയിലെ ‘ഷുഗർ ബെൽറ്റാണ്’. മുംബൈ അദ്ദേഹത്തിന്റെ മുൻഗണനാ മേഖലയല്ല. കോൺഗ്രസിനാകട്ടെ തങ്ങളുടെ രാഷ്ട്രീയ കണക്കുകൂട്ടലിൽ മുംബെെ നഗരവും ബിഎംസി തെരഞ്ഞെടുപ്പും പ്രധാനമാണ്. താക്കറെമാരുമായുള്ള കൂട്ടുകെട്ട് തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് അവർ വിലയിരുത്തുന്നു. ഇക്കാരണങ്ങളാൽ ബിഎംസി തെരഞ്ഞെടുപ്പിൽ എംവിഎ കൂട്ടുകെട്ട് ഈ തെരഞ്ഞെടുപ്പിൽ അപ്രസക്തമായി. മുംബെെ തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്രയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിൽ നിർണായകമാണ്. ബിജെപി, ശിവസേന (ഷിൻഡെ) കൂട്ടുകെട്ടും അവർ മുന്നോട്ടുവയ്ക്കുന്ന തീവ്ര വർഗീയതയുടെ രാഷ്ട്രീയവും സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങളെപ്പറ്റി നഗരത്തിലെയും സംസ്ഥാനത്തെയും രാജ്യത്തെത്തന്നെയും മതനിരപേക്ഷ ജനാധിപത്യ പുരോഗന ശക്തികൾ തികച്ചും ആശങ്കാകുലരാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.