22 January 2026, Thursday

അതിർത്തിയിലെ അശാന്തി

Janayugom Webdesk
May 9, 2025 5:00 am

പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ അശാന്തി നിറഞ്ഞ സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയാണ് പാകിസ്ഥാന്‍. 15 ദിവസം മുമ്പ് പഹൽഗാം സംഭവമുണ്ടായതിന് ശേഷം അതിർത്തിയിൽ പ്രകോപനമുണ്ടാക്കുന്ന സമീപനം സ്വീകരിച്ച അവര്‍ ഇപ്പോഴുമത് തുടരുന്നു. എല്ലാ ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് അതിർത്തിക്കടുത്ത് അവരുടെ വെടിവയ്പുണ്ടാകുന്നു. ആദ്യനാളുകളില്‍ ആളപായമുണ്ടായില്ലെങ്കിലും അതിർത്തിക്കടുത്ത് അധിവസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും കാവൽ നിൽക്കുന്ന സൈനികർക്കും സംഭ്രമജനകമായ അവസ്ഥയിൽ കഴിയേണ്ടിവരുന്നു. പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ പഹൽഗാമിൽ നടത്തിയ കൂട്ടക്കൊലയാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് വഴിവച്ചത്. ആദ്യ രണ്ടാഴ്ച ഇന്ത്യ സംയമനത്തിന്റെ അങ്ങേയറ്റമാണ് പാലിച്ചത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട നയതന്ത്ര നടപടികളാണ് ഇന്ത്യയില്‍ നിന്നുണ്ടായത്. എന്നാൽ പ്രകോപനം തുടരുകയും ഭീകരതയെ തള്ളിപ്പറയുവാൻ പാകിസ്ഥാൻ തയ്യാറാകാതെ വരികയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസം രാജ്യത്തെ സൈന്യത്തിന് പാക് അതിർത്തിക്കകത്ത് പ്രവർത്തിക്കുന്ന ഭീകരകേന്ദ്രങ്ങളെ തകർക്കേണ്ടിവന്നത്. നൂറിലേറെ ഭീകരരെയാണ് സൈന്യം ഈ നടപടിയിലൂടെ വകവരുത്തിയത്.
ശക്തമായ തിരിച്ചടി നൽകിയിട്ടും അടങ്ങാൻ സന്നദ്ധമല്ലെന്നാണ് രണ്ടുദിവസമായി അതിർത്തിയിൽ പാകിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണം തെളിയിക്കുന്നത്. സൈനികനുൾപ്പെടെ 16 പേർക്ക് ജീവഹാനിയുണ്ടായിരിക്കുന്നു. രണ്ടുദിവസങ്ങളിലെ ഷെല്ലാക്രമണത്തിൽ ആറ് സ്ത്രീകളും മൂന്ന് കുട്ടികളുൾപ്പെടെയുള്ള സാധാരണക്കാരാണ് മരിച്ചത്. ഹരിയാനയിലെ പൽവൽ ജില്ലക്കാരനായ ലാൻസ് നായിക് ദിനേഷ് കുമാറിനാണ് വീരമൃത്യുവുണ്ടായത്. കശ്മീരിലെ പൂഞ്ച്, കുപ്‌വാര, ബാരാമുള്ള, ഉറി, അഖ്നൂർ, രജൗരി മേഖലകളിലാണ് പ്രകോപനപരമായ ഷെല്ലാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ശക്തമായ പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. കശ്മീരിന് പുറമേ പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാന അതിർത്തികളിലും പാക് പ്രകോപനമുണ്ടാകുമെന്ന സൂചനകൾ ലഭിച്ചതിനെത്തുടർന്ന് അവിടെയും സുരക്ഷയും കാവലും ശക്തമാക്കിയിരിക്കുകയാണ്. 

ബോധപൂർവം പ്രകോപനമുണ്ടാക്കിയ പാകിസ്ഥാന്‍ ഇതിനിടെ നഗരങ്ങള്‍ ലക്ഷ്യം വച്ചുള്ള ആക്രമണനീക്കം നടത്തിയത് ഇന്ത്യ നിര്‍വീര്യമാക്കുകയായിരുന്നു. ഇതെല്ലാം യുദ്ധം ക്ഷണിച്ചുവരുത്താനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നതിന്റെ സൂചനയായി വേണം കരുതുവാൻ. അതിനും ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിക്കഴിഞ്ഞു. ഡ്രോണ്‍ ആക്രമണത്തിലൂടെ പാക് വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കുന്നതുള്‍പ്പെടെ ആള്‍നാശമൊട്ടുമില്ലാതെയുള്ള പ്രതികരണമാണ് നടത്തിയത്. എങ്കിലും യുദ്ധമുണ്ടാകുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇന്നലെ ചേര്‍ന്ന സർവകക്ഷി യോഗത്തിൽ ഇക്കാര്യം കക്ഷി നേതാക്കള്‍ ഒരുപോലെ ഉന്നയിച്ചിരുന്നു. സുപ്രധാനമായ ഈ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തില്ലെന്നത് പോരായ്മയാണെങ്കിലും സർക്കാരിന്റെ നിലപാട് സുവ്യക്തമാണ്. ഭീകരാക്രമണമുണ്ടായതിനുശേഷം വിളിച്ച ആദ്യയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചുവെന്നായിരുന്നു യോഗത്തിൽ പ്രതിരോധമന്ത്രി അറിയിച്ചത്. പഹൽഗാമിലും അതിന് മുമ്പും പാകിസ്ഥാൻ കേന്ദ്രീകരിച്ചും അവരുടെ പിന്തുണയോടെയും നടത്തിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൃത്യമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഞെട്ടിവിറച്ചിരിക്കുന്ന പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനങ്ങൾ തുടരുന്നുവെങ്കിലും യുദ്ധമല്ല ഇന്ത്യയുടെ മാർഗമെന്നാണ് ഇന്നലെ ഉത്തരവാദപ്പെട്ടവർ വെളിപ്പെടുത്തിയിരിക്കുന്നത്. അനിവാര്യമായാൽ അതിനുള്ള സന്നദ്ധതയും രാജ്യം തള്ളിക്കളയുന്നില്ല. 

യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് എല്ലാവർക്കും ബോധ്യമുള്ളതാണ്, ഇപ്പോൾ പാകിസ്ഥാനൊഴികെ. റഷ്യ- ഉക്രെയ്ൻ, പലസ്തീനെതിരായ ഇസ്രയേൽ യുദ്ധങ്ങളും വിവിധ രാജ്യങ്ങളിൽ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളും അനുഭവങ്ങളായി നമ്മുടെ മുന്നിലുണ്ട്. നാശങ്ങളും ജീവഹാനികളുമല്ലാതെ യുദ്ധങ്ങൾ, പങ്കാളികൾക്കോ ജനങ്ങൾക്കോ നേട്ടങ്ങളൊന്നും പ്രദാനം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ അതിർത്തിയിലെ അശാന്തി ഇന്ത്യയുടെ വലിയ ഉത്ക്കണ്ഠയാകണം. അവിടെയുള്ള സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുന്നതിൽ സുസജ്ജമായ നടപടികൾ ഉണ്ടാകണം. പുറത്തിറങ്ങാനും രാത്രിയുറങ്ങാനും സാധിക്കാതെ നമ്മുടെ സഹോദരങ്ങൾ പ്രതിസന്ധിയിലാണ്. പകൽപോലും സുഗമ സഞ്ചാരമില്ലാതെ, കമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ അവശ്യവസ്തുക്കൾ ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നു. പാകമാകാത്ത വിളവെടുപ്പും തൊഴിൽ ലഭിക്കാത്ത സാഹചര്യങ്ങളും ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. അതിനൊപ്പം പാകിസ്ഥാന്റെ ഷെല്ലാക്രമണങ്ങൾ ഏത് നിമിഷവും ജീവനപഹരിക്കാമെന്ന ഭീതിയും. അതിർത്തിയിലൂടെ സഞ്ചരിക്കുന്ന മാധ്യമ പ്രവർത്തകരോട് അവിടെയുള്ള സാധാരണ മനുഷ്യർ ഇത്തരം വേവലാതികള്‍ പങ്കുവയ്ക്കുന്നുണ്ട്. അവരെല്ലാവരും തങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നതിന് കാരണമായ ഭീകരതയെയും കൂട്ടക്കൊലകളെയും എതിർക്കുന്നവരാണ്. അതുകൊണ്ട് അവിടെയുള്ള ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളും അധികൃതരുടെ പരിഗണനയിലുണ്ടാകണം. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.