27 June 2024, Thursday
KSFE Galaxy Chits

രണ്ട് ദുരന്തങ്ങളും വ്യവസ്ഥിതിയുടെ വീഴ്ച

Janayugom Webdesk
May 28, 2024 5:00 am

ഗുജറാത്തിലെ രാജ്കോട്ടിലും കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലും ഉണ്ടായ രണ്ട് ദുരന്തങ്ങൾ നമ്മുടെ വ്യവസ്ഥിതിയുടെ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഉത്തരേന്ത്യയിൽ രൂക്ഷമായ ചൂട് അനുഭവപ്പെടുകയാണ്. 50 ഡിഗ്രി സെൽഷ്യസിലധികം ചൂട് പലയിടങ്ങളിലും അനുഭവപ്പെടുന്നു. അതിനിടയിലാണ് രാജ്കോട്ടിൽ ഗെയിം സോണിലും ഡൽഹിയില്‍ കുട്ടികളുടെ ആശുപത്രിയിലും തീപിടിത്തമുണ്ടായത്. രാജ്കോട്ടിൽ 33, ഡൽഹി ആശുപത്രിയിൽ ഏഴ് നവജാത ശിശുക്കളടക്കം 40 പേർക്കാണ് രണ്ടിടങ്ങളുമായി ജീവൻ നഷ്ടമായത്. രാജ്കോട്ടിൽ മരിച്ചവരിലും 16 വയസിന് താഴെയുള്ള ഒമ്പത് കുട്ടികളുണ്ട്. ശനിയാഴ്ച വൈകിട്ടാണ് രാജ്കോട്ടിലെ അപകടമുണ്ടായത്. ഡൽഹിയിൽ രാത്രിയിലും. രാജ്കോട്ടിൽ ടിആർപി ഗെയിം സോണിലെ താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ സജ്ജീകരിച്ച മുഴുവൻ സൗകര്യങ്ങളും അഗ്നിക്കിരയായി. കനത്തചൂടും ശക്തിയേറിയ കാറ്റുമുണ്ടായത് രക്ഷാ പ്രവർത്തനത്തെ ദുഃസഹമാക്കിയെന്നും ഇത് മരണ നിരക്ക് ഉയരുന്നതിന് കാരണമായെന്നുമാണ് ഔദ്യോഗിക വിശദീകരണം. ശനിയാഴ്ച അർധരാത്രിയോടെ ഓക്സിജൻ സിലിണ്ടർ സംഭരണ കേന്ദ്രത്തിൽ പൊട്ടിത്തെറിക്ക് പിന്നാലെയാണ് ഡൽഹി വിവേക് വിഹാറിലെ ആശുപത്രിയിൽ അപകടമുണ്ടായത്. എന്നാൽ ഈ രണ്ട് സംഭവങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തതിന്റെയും അത് യഥാസമയം പരിശോധിക്കപ്പെടാത്തതിന്റെയും അനന്തരഫലമാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. രാജ്കോട്ടിലെ ഗെയിമിങ് സെന്റർ യാതൊരു അനുമതിയും ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അഗ്നിശമന സംവിധാനങ്ങളോ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റുകളോ ഇല്ലെന്നും നഗരസഭാ അധികൃതർ തന്നെ സമ്മതിച്ചിരിക്കുകയാണ്. രണ്ട് നിലകളുള്ള താൽക്കാലിക കെട്ടിടത്തിനകത്തേക്ക് ഒരു പ്രവേശനമാർഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടുത്ത ചൂടനുഭവപ്പെടുന്ന പ്രദേശമായിരുന്നിട്ടും തീപിടിത്ത സാധ്യതയുള്ള കെട്ടിടത്തിൽ 2000 ലിറ്റർ ഡീസലും 1500 ലിറ്റർ പെട്രോളും സൂക്ഷിച്ചതായും കണ്ടെത്തി. അപകടത്തിന് പിന്നാലെ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി മനുഷ്യനിർമ്മിത ദുരന്തമെന്നാണ് വിശേഷിപ്പിച്ചത്. എന്നുമാത്രമല്ല ഇന്നലെ കേസ് പരിഗണിച്ച വേളയിൽ നടത്തിയ പരാമർശങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഗുജറാത്ത് സർക്കാരിന്റെ നടപടികളെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്.

ആവശ്യമായ സർട്ടിഫിക്കറ്റുകളോ അനുമതികളോ ഇല്ലാതെ 24 മാസത്തിലേറെയായി രണ്ട് ഗെയിമിങ് സോണുകൾ പ്രവർത്തിക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാരിനെ ഇനി വിശ്വസിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. നിങ്ങൾ അന്ധരാണോ എന്നും ഉറങ്ങുകയായിരുന്നോ എന്നും ചോദിച്ച കോടതി പ്രാദേശിക സംവിധാനത്തിലും ഭരണകൂടത്തിലും വിശ്വാസമില്ലെന്നുകൂടി പറഞ്ഞുവച്ചു. സർക്കാർ സംവിധാനങ്ങളുടെ ഗുരുതരമായ വീഴ്ചതന്നെയാണ് ഡൽഹിയിലെ അപകടത്തിനും കാരണമായതെന്നാണ് അവിടെനിന്നുള്ള വിവരങ്ങളും തെളിയിക്കുന്നത്. നിരവധി കെട്ടിടങ്ങൾക്കിടയിൽ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന വിവേക് നഗർ ആശുപത്രിയും ചട്ടങ്ങൾ പാലിക്കാതെയാണ് പ്രവ‍ർത്തിച്ചിരുന്നത്. ആശുപത്രിക്കൊപ്പം തന്നെ ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആശുപത്രി നടത്തിയത് അനുമതി ലഭിക്കാതെയാണെന്നും വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ശിശുപരിപാലനത്തിനായുള്ള മതിയായ സജ്ജീകരണങ്ങളോ അഗ്നിശമന സംവിധാനങ്ങളോ ഇല്ലാതെ പ്രവർത്തിച്ചിരുന്നതാണ് മരണനിരക്ക് ഉയരുന്നതിന് കാരണമായത്. ചൂടുള്ള കാലാവസ്ഥയിൽ തീ തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും പടർന്നു.
ഉദ്യോഗസ്ഥരുടെ അലംഭാവവും ഗുരുതരമായ വീഴ്ചയും കാരണം തീപിടിത്ത അപകടങ്ങൾ ഗുജറാത്തിൽ ആവർത്തിക്കുകയാണെന്ന് വാർത്തകൾ വന്നിട്ടുണ്ട്. 

കഴിഞ്ഞ വർഷം നവംബറിൽ സൂറത്തിലെ രാസ ഫാക്ടറിയിലുണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. അതേവർഷം ജൂലൈയിൽ അഹമ്മദാബാദ് ആശുപത്രിയിലും മേയ് മാസത്തിൽ പടക്കശാലയിലും സ്ഫോടനവും തീപിടിത്തവുമുണ്ടായി. നഗരത്തിലെ വ്യവസായ മേഖലയിലാണ് പടക്കശാല പ്രവർത്തിച്ചിരുന്നത്. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും വീഴ്ചകൾ സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടാവുകയും അന്വേഷണങ്ങൾ പ്രഖ്യാപിച്ച് കേസെടുക്കുകയും ചെയ്യാറുണ്ടെങ്കിലും തുടർനടപടികളുണ്ടാകുന്നില്ലെന്നത് അപകടങ്ങൾ ആവർത്തിക്കുന്നതിന് കാരണമാകുന്നു. രാജ്കോട്ടിലെ ഗെയിം സോൺ ഒരു വ്യവസ്ഥയും പാലിക്കാതെ രണ്ട് വർഷത്തിലധികമായി പ്രവർത്തിച്ചുവരികയാണ്. ഇത്തരം നിരവധി സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് അധികൃതർ തയ്യാറാകുന്നില്ല. ഇതാണ് അപകടങ്ങൾ ആവർത്തിക്കുന്നതിന് മുഖ്യ കാരണമാകുന്നത്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാൽത്തന്നെ ഒരു പരിധിവരെ അപകടങ്ങൾ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. അതുകൊണ്ട് 40 പേരുടെ മരണത്തിനിടയാക്കിയ ഈ രണ്ട് അപകടങ്ങളും നമ്മുടെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിന് പ്രേരകമാകേണ്ടതാണ്. അതുപോലെ സാധാരണക്കാരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.