
അധികാരം സ്വയമേവ മുഖമില്ലാത്തതാണ്. ആരെങ്കിലും ഭരണം ഏറ്റെടുക്കുമ്പോൾ മാത്രമേ അത് പ്രവർത്തിക്കൂ. വിഭാഗീയ പദ്ധതികളുമായി നയിക്കപ്പെടുന്നവരാൽ അത് സ്വേച്ഛാധിപത്യപരമായി മാറുന്നു. പുതിയ വർഷം ആരംഭിച്ചു. ഇപ്പോഴും ചുറ്റം ആക്രമണങ്ങളുണ്ട്. പക്ഷേ എല്ലാവർക്കും എതിരെയല്ല; ദുർബല വിഭാഗങ്ങളും ന്യൂനപക്ഷ സമൂഹങ്ങളും മാത്രമാണ് ലക്ഷ്യമാകുന്നത്. 2005ൽ, രാജ്യത്ത് ആദ്യമായി, ദരിദ്രർക്ക് സഹായം നൽകി. തൊഴിലില്ലാത്തവർക്ക്, ഭക്ഷണവും വിശ്രമവുമില്ലാതെ അടിത്തട്ടിൽ ജീവിക്കുന്നവർക്ക് ആശ്വാസവും ലഭിച്ചു. സ്ത്രീകൾക്കും, പാർശ്വവൽക്കരിക്കപ്പെട്ട ജാതി വിഭാഗങ്ങൾക്കും, കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുന്ന കർഷക ജനവിഭാഗങ്ങൾക്കും ജോലിയും പകരം പണവും നൽകി. പക്ഷേ ഇതെല്ലാം വെറും രണ്ട് പതിറ്റാണ്ടുകൾ മാത്രമായിരിക്കുമെന്ന് അവർക്കറിയില്ലായിരുന്നു. 2025ന്റെ അവസാന ദിവസങ്ങളിൽ, പഴയ സമ്പ്രദായം തിരിച്ചുവന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നരേന്ദ്ര മോഡി സർക്കാർ നിർത്തലാക്കിയതോടെ, ഏതാനും വർഷങ്ങൾ മാത്രം നിലനിന്ന സാമൂഹിക വിപ്ലവത്തിന്റെ വെളിച്ചം നഷ്ടമായി.
ഗ്രാമീണ തൊഴിലാളികൾക്ക് ഉറപ്പായ തൊഴിൽ നൽകുന്നതിനാണ് എംജിഎൻആർഇജിഎ കൊണ്ടുവന്നത്. സമ്പദ്‌വ്യവസ്ഥയിലെ നവഉദാരീകരണം തൊഴിലാളികളുടെ ആവശ്യകത വർധിക്കുന്നതിലേക്ക് നയിച്ചിരുന്നെങ്കിലും മിനിമം വേതനത്തോടെ ഉറപ്പായ ജോലികൾ ഉറപ്പുണ്ടായിരുന്നില്ല. എല്ലാ വർഷവും 100 ദിവസത്തെ ജോലി ഉറപ്പ് നൽകിക്കൊണ്ട് എംജിഎൻആർഇജിഎ ഈ നിർണായക പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. തൊഴിലില്ലാത്തവർക്ക് ഇത് ഒരു അനുഗ്രഹമായിരുന്നു. വർഷത്തിൽ 100 ദിവസം മാത്രമായിരുന്നെങ്കിലും, ഓരോ ഗ്രാമീണ കുടുംബത്തിനും തൊഴിലിൽ അനിശ്ചിതത്വമില്ല എന്ന ഉറപ്പുണ്ടായിരുന്നു. തൊഴിലാളി കുടുംബങ്ങൾ സാമ്പത്തികമായി മാത്രമല്ല, ധാർമ്മികമായും ശക്തമായി. അവരുടെ ജീവിതത്തിൽ സ്ഥിരത പുനഃസ്ഥാപിക്കപ്പെട്ടു. സ്ത്രീകളും പാർശ്വവൽക്കരിക്കപ്പെട്ടവരും പുതിയ ആത്മവിശ്വാസം നേടി. എംജിഎൻആർഇജിഎ കേവലം വേതനത്തിനുമപ്പുറം സാമൂഹിക സുരക്ഷ വാഗ്ദാനം ചെയ്തു. സമൂഹത്തിലാകെ അടിസ്ഥാന മാറ്റം കൊണ്ടുവന്നു. നീതി ആവശ്യപ്പെടാൻ കഴിയുമെന്ന തിരിച്ചറിവ് ജനങ്ങളിൽ ഉദിച്ചുയരാൻ തുടങ്ങി. അനീതിക്കെതിരായ പ്രതിഷേധം ഉൾപ്പെടെ സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടായി. എംജിഎൻആർഇജിഎ ഒരു സാമൂഹിക വിപ്ലവത്തിനുള്ള പ്രചോദനമായിരുന്നു. ജ്വാല ചെറുതായിരുന്നു, പക്ഷേ അതൊരു യാഥാർത്ഥ്യമായിരുന്നു. വർഗ വിഭജിത സമൂഹത്തിന്, ദഹിക്കാൻ പ്രയാസമായിരുന്നു ഇത്. അതിനാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമം കൊണ്ടുവന്നു — അടുത്തിടെ പ്രഖ്യാപിച്ച വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആന്റ് ആജീവിക മിഷൻ (ഗ്രാമീൺ) ആക്ട് (വിബി ജി ആർഎഎം ജി).
പുതിയ നിയമം ഗ്രാമീണ ദരിദ്രരുടെ അടിസ്ഥാന അവകാശങ്ങൾ കവർന്നെടുത്തു, അവരെ വീണ്ടും അഗാധതയിലേക്ക് തള്ളിവിടുമെന്ന് ഭീഷണിപ്പെടുത്തി. ഈ നിയമം സർക്കാരിന് നിർണായക ഡാറ്റകൾ തടഞ്ഞുവയ്ക്കാനുള്ള വാതിൽ തുറന്നിട്ടിരിക്കുന്നു. ജോബ് കാർഡുകൾ, ഹാജർ, പ്രോജക്ടുകൾ, ഫണ്ട് ലഭ്യത, വേതനത്തിലെ കാലതാമസം എന്നിവയെക്കുറിച്ചുള്ള ഡാറ്റ പങ്കിടാതിരിക്കാൻ കേന്ദ്രം അതിന്റെ വിവേചനാധികാരം ഉപയോഗിച്ചേക്കാം എന്ന് ലിബ്ടെക് ഇന്ത്യ എന്ന ഗവേഷണ സംഘടന നിരീക്ഷിക്കുന്നു. എംജിഎൻആർഇജിഎ പ്രകാരം, സംസ്ഥാനങ്ങൾക്കുള്ള അംഗീകൃത ലേബർ ബജറ്റ്, വർക്ക് ഡിമാൻഡ് പാറ്റേൺ, ചെലവുകൾ, സോഷ്യൽ ഓഡിറ്റ് കണ്ടെത്തലുകൾ, ആവശ്യകതയനുസരിച്ച് 15 ദിവസത്തിനുള്ളിൽ തൊഴിൽ നൽകിയില്ലെങ്കിൽ കൊടുക്കേണ്ട തൊഴിലില്ലായ്മാ വേതനം തുടങ്ങിയ പ്രധാന വിവരങ്ങൾ ഗ്രാമവികസന മന്ത്രാലയം വെളിപ്പെടുത്തണം. കേന്ദ്രസർക്കാർ വ്യക്തമാക്കിയതുപോലെ, പ്രധാന മെട്രിക്സ്, മസ്റ്റർ റോൾ, പേയ്മെന്റുകൾ, ഉപരോധങ്ങൾ, പരിശോധനകൾ, പരാതികൾ എന്നിവയുടെ പ്രതിവാരമുള്ള ഡിജിറ്റൽ, ഭൗതിക വെളിപ്പെടുത്തൽ ആണ് വിബി ജിആർഎഎം ജി മുന്നോട്ടുവയ്ക്കുന്നത്. ദരിദ്രഗ്രാമീണർക്കെതിരായ ആക്രമണത്തോടെ മാത്രമല്ല 2025 അവസാനിച്ചത്. സർക്കാർ പിന്തുടരുന്ന വിദ്വേഷ രാഷ്ട്രീയം മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിലേക്കും നയിച്ചു. ക്രിസ്മസ് ആഘോഷ വേളയിൽ ഇത് ഏറ്റവും പ്രകടമായി. തീവ്ര ഹിന്ദുത്വ സംഘാംഗങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടു, അവരുടെ മതചടങ്ങുകൾ തടസപ്പെടുത്തി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, അസം, ഹരിയാന തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മിക്ക ആക്രമണങ്ങളും നടന്നത്. പ്രതീക്ഷിച്ചതുപോലെ, ഈ ആക്രമണങ്ങളെ ബിജെപി ഒന്ന് അപലപിക്കുക പോലും ചെയ്തില്ല. ഈ സംഭവങ്ങൾ കേന്ദ്രസർക്കാരിനെയും പ്രകോപിപ്പിച്ചില്ല. ഒരു പ്രസ്താവന പുറപ്പെടുവിക്കുകയോ ആർക്കെതിരെയെങ്കിലും നടപടി എടുക്കുകയോ ചെയ്തില്ല.
ക്രിസ്മസിന് മുന്നോടിയായി, ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ആ ആശങ്ക സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. 2014ൽ മോഡി സർക്കാർ രൂപീകരിച്ചതിനുശേഷം മുസ്ലിങ്ങളെ ലക്ഷ്യമിടുന്നത് പതിവാണ്. ക്രിസ്മസിനോടനുബന്ധിച്ച് രാജ്യത്തുടനീളം ക്രിസ്ത്യാനികൾക്കെതിരായ വ്യാപകമായ ആക്രമണങ്ങൾ ഹിന്ദുത്വ തീവ്രവാദികളുടെ ആത്മവിശ്വാസം കൂടുതൽ വളർന്നുവെന്ന് തെളിയിക്കുന്നു. ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖം ഡിസംബർ 26ന് വെളിപ്പെട്ടു. ത്രിപുരയിൽ നിന്നുള്ള 24 വയസുള്ള എംബിഎ വിദ്യാർത്ഥി ആഞ്ചൽ ചക്മ, തനിക്കും ഇളയ സഹോദരനും നേരെ വംശീയ അധിക്ഷേപം നടത്തിയ ഒരു സംഘം ആളുകളെ നേരിട്ടതിന് ജീവൻ ബലി നൽകി. ഒരു വർഷത്തിലേറെയായി ഡെറാഡൂണിൽ വിദ്യാർത്ഥികളായിരുന്ന ആഞ്ചലിനെയും സഹോദരൻ മൈക്കിളിനെയും ഒരു കൂട്ടം യുവാക്കൾ തടഞ്ഞുനിർത്തി അപമാനിച്ചത് ഡിസംബർ ഒമ്പതിനാണ്. ‘ഞങ്ങൾ ചൈനക്കാരല്ല… ഇന്ത്യക്കാരാണ്’ എന്ന നിലപാടിൽ ഉറച്ചുനിന്നപ്പോൾ, സംഘം ക്രൂരമായ അക്രമത്തിലൂടെയാണ് ആഞ്ചലിനെതിരെ പ്രതികരിച്ചത്. അന്യവൽക്കരണത്തിന്റെ രാഷ്ട്രീയം എങ്ങനെയാണ് വ്യാപിക്കുന്നതെന്ന് ഈ സംഭവം വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ ആദ്യം ലക്ഷ്യമിട്ടത് ന്യൂനപക്ഷങ്ങളെയും ദളിതുകളെയുമായിരുന്നു. ഇപ്പോൾ ഹിന്ദി ബെൽറ്റിന് പുറത്തുള്ള ഹിന്ദുക്കളല്ലാത്ത ആരെയും അത് വിഴുങ്ങുമെന്ന് ഭീഷണിപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.