
ജോസഫ് സിറിള്‍ ബാംഫോഡ് എന്ന ഒരു യുവ എൻജിനീയര്‍ 1945ൽ രൂപകല്പന ചെയ്ത യന്ത്രമാണ് ജെസിബി. സാമ്രാജ്യത്വ ഭീകര യുദ്ധങ്ങളില്‍, തകർക്കപ്പെട്ട കെട്ടിടങ്ങളെയും നാഗരികതകളുടെ അവശിഷ്ടങ്ങളെയും മണ്‍കൂനകളില്‍ നിന്ന് മാന്തിയെടുക്കാൻ ഇത് ഉപകാരപ്രദമായി. എന്നാല്‍ ഇത് പിന്നീട് സ്വേച്ഛാഭരണകൂടങ്ങളുടെ രാഷ്ട്രീയ ആയുധമായി. ഏറ്റവും ഭീകരമായി യന്ത്രനീതി പ്രയോഗിച്ചത് സയണിസ്റ്റുകളാണ്. പലസ്തീന്‍ വിമോചന പോരാട്ടത്തെ തകര്‍ക്കാന്‍ ബുൾഡോസറുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. നിയമവാഴ്ചയുടെയും നീതിബോധത്തിന്റെയും ജനാധിപത്യ ജീവിതത്തിന്റെയും സകല ധാരണകളെയും അട്ടിമറിച്ചുകൊണ്ട് സംഘ്പരിവാർ സർക്കാരുകൾ ഇന്ത്യയിൽ ‘ബുൾഡോസർ രാജ്’ നടപ്പാക്കാൻ തുടങ്ങിയത് 2014 മുതലാണ്. കുറ്റവാളികളെന്ന് ഭരണകൂടം വിധിക്കുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുകയെന്നത് നിയമത്തിന്റെ വ്യാജസാധൂകരണത്തിനായി നടത്തുന്ന ആക്രമണമാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഹിംസാത്മകമായ ജനാധിപത്യവിരുദ്ധ സ്വഭാവം ജനങ്ങൾക്കുമേല്‍ പരീക്ഷിക്കുന്ന പരിപാടിയാണിത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബുള്‍ഡോസര്‍ രാജ് ഒരു സ്വാഭാവിക പ്രക്രിയയായി മാറിയിട്ടുണ്ട്. നരേന്ദ്ര മോഡിയുടെ പ്രതിപുരുഷനെന്ന് വാഴ്ത്തപ്പെടുന്ന ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷ — ദളിത് നിഷ്കാസനത്തിന് ഒറ്റമൂലിയാണിപ്പോള്‍ ബുള്‍ഡോസര്‍ രാജ്. സംഘ്പരിവാര്‍ നടത്തുന്ന നിയമവിരുദ്ധമായ കൂട്ട ഇടിച്ചുനിരത്തലുകളെ ജനാധിപത്യവിശ്വാസികള്‍ ഒന്നടങ്കം അപലപിക്കുകയും ചെയ്യുന്നുണ്ട്. അതിനിടയിലാണ് ന്യൂനപക്ഷവിരുദ്ധതയില്‍ സംഘ്പരിവാറിനെ തോല്പിക്കുന്ന കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഇടിച്ചുനിരത്തല്‍ വാര്‍ത്തകളില്‍ നിറയുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ ബംഗളൂരുവില്‍ മുന്നൂറോളം വീടുകളാണ് ജെസിബികൾ ഉപയോഗിച്ച് തകര്‍ത്തത്. ഇടിച്ചുനിരത്തലിനെ അപലപിച്ചവരെ പരിഹസിക്കുകയും കാട്ടുനീതിയെ ന്യായീകരിക്കുകയും ചെയ്യുകയാണ് പിസിസി അധ്യക്ഷന്‍ കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മുഖ്യമന്ത്രിയും എന്ന ജീര്‍ണത കൂടിയുണ്ട്.
ഇക്കഴിഞ്ഞ 22ന് പുലർച്ചെ നാലുമണിക്കാണ് കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ ഒഴിപ്പിക്കൽ നടന്നത്. ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആണ് ജെസിബികളും നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് വീടുകൾ തകർത്തത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങളാണ് പൊളിച്ചതെന്ന് അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, തങ്ങൾക്ക് മുൻകൂട്ടി നോട്ടീസ് നൽകിയിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നും താമസക്കാർ പരാതിപ്പെട്ടു. മുന്നൂറോളം വീടുകൾ ഇല്ലാതായതോടെ ആയിരത്തിലേറെ പേരാണ് തെരുവിൽ കഴിയുന്നത്. സംഭവം ദേശീയതലത്തില്‍ വിവാദമായതോടെ സംസ്ഥാന കോൺഗ്രസ് നേതാക്കളിൽ നിന്ന് എഐസിസി വിശദീകരണം തേടിയിരുന്നു. ഇതോടെ പുനരധിവാസമെന്ന ഒറ്റമൂലിയുമായി സിദ്ധരാമയ്യ കുടിയൊഴിക്കപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ നിര്‍ബന്ധിതനായി. രാജീവ് ഗാന്ധി ഭവന നിർമ്മാണ പദ്ധതി പ്രകാരം ബൈപ്പനഹള്ളിയിൽ നിർമ്മിച്ച ഫ്ലാറ്റുകളിലേക്കാണ് ഇരകളെ തല്‍ക്കാലം മാറ്റുന്നത്. കൊടുംതണുപ്പില്‍ കുഞ്ഞുങ്ങളും വൃദ്ധരുമുള്‍പ്പെടെയുള്ളവര്‍ക്ക് ഒറ്റരാത്രി കൊണ്ട് തലചായ്ക്കാനിടമില്ലാതാക്കിയ ശേഷം, പകരം സംവിധാനത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നതിലെ അപഹാസ്യത കോണ്‍ഗ്രസ് നേതൃത്വത്തിന് പോരായ്മയായി തോന്നുന്നില്ല. മാത്രമല്ല, മനുഷ്യത്വവിരുദ്ധ നടപടിയെ അപലപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാനും കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തിന് മടിയുണ്ടായില്ല. പിണറായി കേരളത്തിലെ കാര്യം നോക്കിയാല്‍ മതിയെന്ന വിലകുറഞ്ഞ പ്രതികരണമാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറില്‍ നിന്നുണ്ടായത്. ബുള്‍ഡോസര്‍ നീതിയെ വെള്ളപൂശുന്ന നിലപാടാണ് കേരളത്തിലെ യുഡിഎഫ് നേതൃത്വത്തില്‍ നിന്നുമുണ്ടായത്. ‘യുപിയിൽ ബുൾഡോസർ വന്ന് ഇടിച്ചിട്ടിട്ട് തെരുവിലേക്കിറക്കി തെണ്ടിക്കോളാൻ പറയുകയാണ്. കർണാടകയിൽ അങ്ങനെയല്ല, അവർക്ക് പുനരധിവാസം ഉറപ്പുവരുത്തും എന്ന് സർക്കാർ ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്’ എന്നാണ് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ വെളുപ്പിക്കല്‍. കർണാടകത്തിൽ സംഭവിക്കുന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമെന്ന് പറഞ്ഞെങ്കിലും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കര്‍ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്തിയില്ല. മുസ്ലിം ഭൂരിപക്ഷ മേഖലയായ യെലഹങ്കയിലെ പാവങ്ങളുടെ കണ്ണീരിനെ ഇങ്ങനെ അവമതിക്കുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്.
ഭരണകൂടം നേരിട്ട് നീതി നടപ്പാക്കുന്ന ഫാസിസവാഴ്ച നടത്തുന്നത് കേണ്‍ഗ്രസായാലും ബിജെപി ആയാലും ഒന്നുപോലെ മനുഷ്യവിരുദ്ധമാണ്. ‘പാർപ്പിടത്തിനുള്ള അവകാശം ഭരണഘടന അനുച്ഛേദം 21ന്റെ അവിഭാജ്യഘടകമാണ്’ എന്ന് സുപ്രീം കേടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലില്‍ യുപിയിലെ പ്രയാഗ്‌രാജിൽ വീടുകൾ ഇടിച്ചുനിരത്തിയ സംഭവം മനഃസാക്ഷിയെ പിടിച്ചുലച്ചു എന്നാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവര്‍ അന്ന് വിശേഷിപ്പിച്ചത്. നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും ഞങ്ങൾ നിയമവിരുദ്ധമായി രേഖപ്പെടുത്തുമെന്ന മുന്നറിയിപ്പും കോടതി ഭരണകൂടത്തിന് നല്‍കിയിരുന്നു. കുറ്റാരോപിതർ കുറ്റക്കാരാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ആ ചുമതല കൂടി ഭരണനിർവഹണ സംവിധാനം (എക്സിക്യൂട്ടിവ്) ഏറ്റെടുക്കുന്നത് നിയമവാഴ്ചയുടെയും ഭരണഘടനാനുസൃതമായ അധികാര വിഭജനത്തിന്റെയും മരണമണിയാണ്. ഭരണകൂടത്തിന് ഏകപക്ഷീയമായി പൗരാവകാശങ്ങൾക്കുമേൽ ആക്രമണം നടത്താനുള്ള അധികാരമില്ല. കുറ്റാരോപിതർക്ക് നിയമപ്രക്രിയയിലുള്ള അവകാശം, സ്വന്തം ഭാഗം വിശദീകരിക്കാനും തന്റെ ന്യായം സ്ഥാപിക്കാനുമുള്ള പൗരാവകാശം, നിയമാനുസൃതമായ പ്രക്രിയയിലൂടെ നീതി നടപ്പാക്കുക എന്നിവയാണ് നിയമവാഴ്ച നിലനില്‍ക്കുന്നതിനായി ഭരണകൂടം പാലിക്കേണ്ടത്. ഇന്ത്യയിലെ എല്ലാ സർക്കാരുകൾക്കും ബാധകമാകുന്ന നിർദേശങ്ങൾ സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥരെയും ഭരണനേതൃത്വത്തെയും നിയമപരമായി ശിക്ഷിക്കണം. അശരണര്‍ക്ക് നീതിയാണവശ്യം, കേവല ചര്‍ച്ചയാേ രാഷ്ട്രീയ പകപോക്കലോ അല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.