
സാങ്കേതിക പുരോഗതിയിൽ വലിയ കുതിപ്പിനുള്ള പദ്ധതികളിലാണ് കോർപറേറ്റ് മേഖല. കൂടുതൽ ലാഭം ആർജിക്കുന്നതിനും ചൂഷണത്തിന്റെ തോത് അതിന്റെ ഉച്ചസ്ഥായിയിലെത്തിക്കുന്നതിനും സാങ്കേതിക പുരോഗതിയെയും വിജ്ഞാനത്തെയും ഉപയോഗിക്കുന്നതിലും ആവേശം കാട്ടുന്നുണ്ട് കോർപറേറ്റ് വൈദഗ്ധ്യം. മനുഷ്യവിഭവശേഷി കുറയ്ക്കുന്നതിനും അതിലൂടെ ജോലികൾ ഇല്ലാതാക്കുന്നതിനും സാങ്കേതിക പുരോഗതി ഇവർ ചട്ടുകമാക്കുന്നു. ഇത്തരം സമീപനങ്ങളിലൂടെ തൊഴിലില്ലായ്മ നിരക്ക് സ്വാഭാവികമായും വർധിക്കും. തൊഴിലാളികളുടെ നിലനില്പ് അനിശ്ചിതത്വം നിറഞ്ഞതാക്കും. അസംഘടിതരും സംഘടിതരുമായ തൊഴിലാളികൾക്ക് അവരുടേതായ പ്രത്യേകതകൾ കണ്ടെത്താനാകും. പക്ഷെ, തൊഴിലാളികൾ പൊതുവെ ആശയക്കുഴപ്പത്തിലാണ്. കേന്ദ്രം ഉദാരവൽക്കരണത്തെ പിന്തുടരുകയാണ്. സ്വകാര്യവല്‍ക്കരണമാണ് മുദ്രാവാക്യം. ഈ വിനാശകരമായ നടപടിയുടെ ഭാരം തൊഴിലാളിവർഗം വഹിക്കുകയാണ്. എന്നാൽ കേന്ദ്രം അതിൽ ശ്രദ്ധിക്കുന്നതേയില്ല. ഉദാരവല്‍ക്കരണാനന്തരം തൊഴിലില്ലാത്ത വളർച്ചയുടെ കാലമാണ്. തൊഴിലുടമകളും വക്താക്കളും സ്വീകരിക്കുന്ന എല്ലാ വിരുദ്ധ നടപടികളും മൗനമായി അംഗീകരിക്കേണ്ടിവരുന്നു ഇപ്പോൾ തൊഴിലാളിവർഗത്തിന്. ഉള്ള ജോലി അപകടത്തിലാക്കുന്നത് നിലനില്പിനെ ബുദ്ധിമുട്ടിലാക്കുന്നു. വർത്തമാന സങ്കീർണതകൾ തൊഴിലാളിവർഗത്തിന് പുത്തരിയല്ല. രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് പോലും അനീതികൾക്കെതിരെ പോരാടാൻ ധൈര്യപ്പെട്ട തൊഴിലാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. എന്നാൽ ഇന്നാകട്ടെ ജോലികൾ നാമമാത്രമായിരിക്കുന്നു. തൊഴിലില്ലായ്മ വ്യാപകമായിക്കൊണ്ടിരിക്കുന്നു.
ഉല്പാദന പ്രക്രിയകളുടെയും സേവനങ്ങളുടെയും രീതികളിലും ഉടമസ്ഥാവകാശം, തൊഴിലാളികൾ എന്നിവയിലും സാങ്കേതിക വികസനത്തിന്റെയും അവയുടെ സ്വാധീനത്തിന്റെയും കാര്യത്തിലും സാധാരണ ജനത നേരിടുന്ന പ്രശ്നങ്ങൾ സങ്കീർണമാണ്. ആഗോളവൽക്കരണത്തിന്റെ സ്വഭാവത്തിലും വ്യതിയാനമുണ്ട്. വ്യക്തിഗത ലാഭത്തിൽ കേന്ദ്രീകൃതമായതോ, സാങ്കേതിക വളർച്ചയെ ലക്ഷ്യമാക്കിയുള്ളതോ ആയ ശാക്തീകരണം അസമമായ വിതരണത്തിന് വഴി ഒരുക്കുന്നു. 21ാം നൂറ്റാണ്ടിലെ വെല്ലുവിളികൾ കഠിനമാണ്. പ്രധാനമായും തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുന്ന ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും അവർക്ക് അനുകൂല സമീപനം സ്വീകരിക്കുന്ന ഭരണകൂടങ്ങളിൽ നിന്നും തൊഴിലാളികൾക്കെതിരായ വെല്ലുവിളികൾ ഉയരുന്നു. അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും തടസ്സങ്ങളുണ്ടാകുന്നു. സാങ്കേതികവിദ്യയും അതിന്റെ പുരോഗതിയും പൊതുജനക്ഷേമത്തിനായി ഉപയോഗിക്കാമെന്നുള്ള പ്രതീക്ഷകൾ ചോദ്യം ചെയ്യുപ്പെടുന്നു.
നീണ്ടതും കഠിനവുമായ പോരാട്ടത്തിനൊടുവിൽ ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് ലഭിച്ച അവകാശമായിരുന്ന എട്ട് മണിക്കൂർ ജോലി. എന്നാൽ ഇപ്പോൾ പന്ത്രണ്ട് മണിക്കൂർ പണിയെടുക്കേണ്ടി വരുന്നു. ഇത് നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന്റെ ഫലമാണ്. ഇത് കൊളോണിയൽ വ്യവസ്ഥയെ ഓർമ്മിപ്പിക്കുന്നു. അടിമകൾക്ക് ബോധമില്ല, അതിനാൽ പരിണാമമില്ല എന്ന സങ്കല്പത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു. തൊഴിലാളി യന്ത്രത്തിന്റെ ഒരു ഭാഗം മാത്രമായി മാറുന്നു. മുതലാളിത്തത്തിന്റെ ശാഠ്യങ്ങളും സജീവമാകുന്നു. തൊഴിലാളികൾക്കായുള്ള സംരക്ഷണ നടപടികൾ പുതിയ തൊഴിൽ കോഡ് ഇല്ലാതാക്കുന്നു. ഇതിനെതിരെ പോരാട്ടമുയരണം. ദീർഘമായ ജോലി സമയം, സുരക്ഷാ നടപടികളുടെ അഭാവം, വിശ്രമമില്ലാത്ത തൊഴിൽ സമീപനങ്ങൾ, മാലിന്യകൂമ്പാരങ്ങൾ എല്ലാം തൊഴിലെടുക്കുന്നവരുടെ ജീവന് ഭീഷണിയായി മാറുന്നു. ഫാക്ടറീസ് ആക്റ്റ്, 1948 അനുസരിച്ച് അധിക സമയ വേതനം കൂടാതെ ഒരു ദിവസം ഒമ്പത് മണിക്കൂറിലധികം അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറിലധികം ജോലി ചെയ്യാൻ തൊഴിലാളികളെ നിർബന്ധിക്കാൻ കഴിയില്ല. ഇപ്പോൾ ആറ് എട്ട് മണിക്കൂർ ദിവസങ്ങളുടെ സാധാരണ ഷെഡ്യൂളിനൊപ്പം നാല് 12 മണിക്കൂർ ഷിഫ്റ്റുകൾക്കുള്ള സാധ്യത അനുവദിച്ചിരിക്കുന്നു. അങ്ങനെ, 48 മണിക്കൂർ പ്രതിവാര പരിധി ഔദ്യോഗികമായി നിലനിർത്തുമ്പോൾ തന്നെ അധിക സമയ വ്യവസ്ഥകൾ വഴി പരമ്പരാഗത പരിധിക്കപ്പുറത്തേക്ക് ദൈനംദിന ജോലി സമയം വർധിപ്പിക്കാൻ കോഡുകൾ തൊഴിലുടമകളെ അനുവദിക്കുന്നു. ഒറ്റനോട്ടത്തിൽ, ഈ വ്യവസ്ഥ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനകരമെന്ന് തോന്നാം. തൊഴിലുടമകൾക്ക് ഉല്പാദന ആവശ്യകതകൾക്കനുസരിച്ച് തൊഴിൽ സമയം ക്രമീകരിക്കാം. തൊഴിലാളികൾക്ക് അധിക സമയ വേതനം നേടാം എന്നാണ് വാദം.
പക്ഷെ, പുതിയ കോഡുകൾ കരാറുകൾ പുതുക്കാൻ ആഗ്രഹിക്കുന്ന സ്ഥിര‑കാലയളവിലുള്ള കരാർ തൊഴിലാളികളെ ദീർഘമായ സമയക്രമം അംഗീകരിക്കാൻ നിർബന്ധിതമാക്കും. പുതിയ തൊഴിൽ നിയന്ത്രണങ്ങൾ കാരണം തൊഴിലാളികൾക്ക് ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്യുകയല്ലാതെ മറ്റ് വഴിയില്ലാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെടും. ഒരു തെരഞ്ഞെടുപ്പും സാധ്യമല്ലാത്ത ദുരവസ്ഥ. നഷ്ടപരിഹാരം ലഭിച്ചാലും, ദിവസേനയുള്ള 12 മണിക്കൂർ ജോലി തൊഴിലാളികളുടെ ആരോഗ്യത്തെ തകർക്കും. കുടുംബജീവിതത്തിന്റെ താളം തെറ്റിക്കും. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും തൊഴിലാളിവർഗത്തിന്റെ ഐക്യം ശക്തമായ ആവശ്യമായിരിക്കുന്നു. എട്ട് മണിക്കൂർ ജോലി നീണ്ട പോരാട്ടത്തിന് ശേഷം കൈവരിച്ചതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ അമേരിക്കയിൽ ആരംഭിച്ച പോരാട്ടം തൊഴിലാളി ദിനത്തിന് വാതിൽ തുറക്കുകയായിരുന്നു. 1890 മേയ് ഒന്നിന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നാലാമത്തെ ജർമ്മൻ പതിപ്പിനുള്ള ആമുഖത്തിൽ, അന്താരാഷ്ട്ര തൊഴിലാളി സംഘടനകളുടെ ചരിത്രം അവലോകനം ചെയ്ത് ആദ്യത്തെ അന്താരാഷ്ട്ര മേയ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എംഗൽസ് എഴുതി: “ഞാൻ ഈ വരികൾ എഴുതുമ്പോൾ, യൂറോപ്പിലെയും അമേരിക്കയിലെയും തൊഴിലാളിവർഗം അവരുടെ കരുത്ത് പ്രകടിപ്പിക്കുയാണ്. അവർ സൈന്യമായി അണിനിരക്കുകയും നിയമപരമായ പ്രഖ്യാപനത്തിലൂടെ ഉറപ്പാക്കുന്ന എട്ട് മണിക്കൂർ ജോലി ദിവസം എന്ന ഉടമ്പടിയുടെ ലക്ഷ്യത്തിനായി പോരാടുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള തൊഴിലാളികൾ ഐക്യപ്പെട്ടിരിക്കുന്നു എന്ന കാഴ്ചയ്ക്കാണ് ലോകമെമ്പാടുമുള്ള മുതലാളിമാരും ഭൂവുടമകളും സാക്ഷ്യം വഹിക്കുന്നത്. മാർക്സ് എന്റെ കൂടെയുണ്ടായിരുന്നെങ്കിൽ സ്വന്തം കണ്ണുകൊണ്ട് ഇത് കണ്ടേനെ.”
തൊഴിലാളിവർഗ പ്രകടനങ്ങളും ആഹ്വാനങ്ങളും ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ഭാവനയെയും വിപ്ലവകരമായ സഹജാവബോധത്തെയും ആകർഷിക്കുന്നു. വർഷങ്ങൾ കഴിയും തോറും ജനങ്ങൾ കൂടുതലായി പ്രകടനങ്ങളിൽ പങ്കാളികളാകുന്നു. എട്ട് മണിക്കൂർ ജോലി പ്രാപ്തിയുടെ ഓർമ്മയിലുള്ള മേയ് ദിന പ്രകടനം വർഗ വ്യത്യാസങ്ങൾ സാമൂഹിക മാറ്റത്തിലൂടെ ഇല്ലാതാക്കാനുള്ള തൊഴിലാളിവർഗത്തിന്റെ നിശ്ചയദാർഢ്യത്തെ പ്രകടിപ്പിക്കുന്നു. ഇത് എല്ലാ ജനങ്ങൾക്കുമുള്ള സമാധാനത്തിന്റെ ഏക വഴി തെളിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.