28 January 2026, Wednesday

കേന്ദ്ര ബജറ്റ്: കേരളത്തിന് വേണം പ്രത്യേക പാക്കേജ്

Janayugom Webdesk
January 29, 2026 5:00 am

ടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഞായറാഴ്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുകയാണ്. സാമ്പത്തിക നടപടികളിൽ വിവേചനവും ഫെഡറൽ തത്വങ്ങളുടെ ലംഘനവും ആവർത്തിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് ബജറ്റ് അവതരണമെന്നതുകൊണ്ട് കേരളം പോലുള്ള സംസ്ഥാനങ്ങൾ ആകാംക്ഷയോടെയാണ് അതിനെ ഉറ്റുനോക്കുന്നത്. വായ്പയെടുക്കൽ പരിധിയും ധന കമ്മിഷൻ നിർദേശത്തിന്റെ മറവിൽ സംസ്ഥാന വിഹിതവും വെട്ടിക്കുറച്ചും, സാങ്കേതിക കാരണങ്ങൾ നിരത്തി കേന്ദ്രവിഹിതം പിടിച്ചുവച്ചും, കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള ആനുകൂല്യങ്ങൾ നൽകാതെയും പ്രതിപക്ഷഭരണമുള്ള സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി നരേന്ദ്ര മോഡി സർക്കാർ പിന്തുടരുന്നത്. ഇതിനെതിരെ രാജ്യതലസ്ഥാനത്തും സംസ്ഥാനത്തും എൽഡിഎഫ് സർക്കാരിന്റെ മുൻകയ്യിൽ പ്രത്യക്ഷ സമരം നടത്തേണ്ടി വന്നിരുന്നതുമാണ്. കൂടാതെ സുപ്രീം കോടതിയിൽ വ്യവഹാരം നടത്തേണ്ടിവരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിക്കുന്ന അടുത്ത വർഷത്തേക്കുള്ള ബജറ്റ് നിർദേശങ്ങൾ എന്തായിരിക്കുമെന്ന് ഉദ്വേഗത്തോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ നൽകിയ മറുപടിയിൽ കേന്ദ്ര സമീപനം തുറന്നുകാട്ടുന്നുണ്ട്. സംസ്ഥാന വരുമാനത്തിൽ പ്രധാന സ്രോതസാണ് കേന്ദ്ര നികുതി വരുമാനം. ഓരോ കേന്ദ്ര ധനകാര്യ കമ്മിഷൻ നിർദേശം പുറത്തുവരുമ്പോഴും വിഹിതം കുറഞ്ഞുവരികയാണെന്നതിന്റെ കണക്കുകൾ മന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. 10-ാം ധനകാര്യ കമ്മിഷന്റെ കാലത്തുണ്ടായിരുന്ന 3.88% എന്ന വിഹിതം 15-ാം കമ്മിഷനിലെത്തുമ്പോൾ 1.925% ആയി കുറഞ്ഞു. പതിനായിരക്കണക്കിന് കോടി രൂപയുടെ കുറവാണ് ഈയിനത്തിൽ മാത്രം സംസ്ഥാനത്തിനുണ്ടായത്. കൂടാതെ വിവിധ ഗ്രാന്റുകൾ ലഭിക്കുന്നതിന് ധനകാര്യ കമ്മിഷൻ മാനദണ്ഡങ്ങൾ നിഷ്കർഷിച്ചിട്ടുള്ളതിനാൽ അവ ലഭിക്കുന്നതിനും കാലതാമസം നേരിടുന്നു. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലായി മുൻ വർഷങ്ങളിലുൾപ്പെടെ 5650.45 കോടി രൂപ കേന്ദ്ര വിഹിതം കഴിഞ്ഞ സെപ്റ്റംബർ വരെ കുടിശികയാണെന്ന കാര്യവും മന്ത്രിയുടെ മറുപടിയിലുണ്ട്.

സംസ്ഥാനം ചെലവഴിക്കുന്ന ക്ഷേമപദ്ധതികളുടെ കേന്ദ്ര വിഹിതം പോലും ലഭിക്കാത്ത സ്ഥിതിയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ വകയിൽ 190.76 കോടി രൂപ ലഭിക്കാനുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ 636.88 കോടി, നെല്ല് സംഭരണം 1206.69, ഭക്ഷ്യസുരക്ഷാ നിയമം 54.19, സമഗ്ര ശിക്ഷാ കേരളം 1148.13 കോടി എന്നിങ്ങനെ 21 ഇനങ്ങളിലായുള്ള കുടിശികയാണ് ലഭിക്കാനുള്ളത്. റവന്യുവരുമാനം സമാഹരിക്കുന്നതിൽ സംസ്ഥാനം കാഴ്ചവയ്ക്കുന്ന മികച്ച പ്രവർത്തനമാണ് ഒരു പരിധിവരെ താങ്ങാകുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ ആകെ വരുമാനത്തിന്റെ 75% തനത് നികുതി, നികുതിയേതര ഇനങ്ങളിൽ നിന്നായിരുന്നു. 2016ൽ 1,66,246 രൂപയായിരുന്ന ആളോഹരി വരുമാനം കഴിഞ്ഞ വർഷം 3,08,338 രൂപയായതായി ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ കാലയളവിൽ ആഭ്യന്തര ഉല്പാദനവും ഇരട്ടിയായി. 5.62 ലക്ഷം കോടിയിൽ നിന്ന് 12.49 ലക്ഷം കോടിയായാണ് വർധിച്ചത്. ശരാശരി 12% സാമ്പത്തിക വളർച്ച നേടാൻ സാധിക്കുന്നുവെന്നർത്ഥം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാർ എന്ന നിലയിൽ സാമൂഹ്യ, ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയോ കുടിശിക വരുത്തുകയോ ചെയ്യാതെ മുന്നോട്ടുപോകുന്നതിനാൽ കേന്ദ്ര നടപടി സംസ്ഥാനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇതിന്റെ കൂടെയാണ് വായ്പയെടുക്കുന്നതിനുള്ള പരിധി വെട്ടിക്കുറച്ചുള്ള ദ്രോഹം. ഇതോടൊപ്പം തന്നെയാണ് ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര നിക്ഷേപം കുറഞ്ഞുവരുന്ന സ്ഥിതിവിശേഷവും. ആരോഗ്യരംഗത്തിന് വേണ്ടി കഴിഞ്ഞ ബജറ്റിൽ ആകെ തുകയുടെ കേവലം രണ്ട് ശതമാനം മാത്രമാണ് നീക്കിവച്ചത്. ആരോഗ്യ പരിപാലനത്തിലും വിദ്യാഭ്യാസ വിഷയങ്ങളിലും പ്രഥമ പരിഗണന നൽകുകയും ലോകോത്തര നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്ന കേരളത്തെ സംബന്ധിച്ച് ഈ പരിമിതി വലിയ ബാധ്യതകൾ അധികമായി ഏറ്റെടുക്കുന്നതിന് കാരണമാകുന്നു. 

ഈ വർഷം എടുക്കാവുന്ന ആകെ കടമെടുപ്പ് പരിധിയിൽ 17,000ത്തിലധികം കോടി രൂപയാണ് വെട്ടിക്കുറവ് വരുത്തിയത്. അവസാന മൂന്ന് മാസക്കാലം 12,000 കോടി രൂപയാണ് കിട്ടേണ്ടത്. അത് 5,900 കോടിയിലധികം വെട്ടിക്കുറച്ച് പകുതിയിൽ താഴെ മാത്രമാക്കി. ജിഡിപി, ജിഎസ്ഡിപി കണക്കാക്കുന്നതിന്റെ കുറവും സംസ്ഥാന സമ്പദ്ഘടനയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ബജറ്റിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രസക്തമാകുന്നത്. വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും സാമൂഹ്യക്ഷേമ പദ്ധതികൾ യാഥാവിധി നടപ്പിലാക്കുന്നതിനും സംസ്ഥാനത്തെ സഹായിക്കുകയെന്നത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. അത് ഫെഡറൽ തത്വത്തിന്റെ അടിസ്ഥാന ഘടകവുമാണ്. അതിന് പകരം സംസ്ഥാനത്തിന് ദോഷകരമാകുന്ന സമീപനങ്ങൾ സ്വീകരിക്കുന്നത് ശത്രുതാ മനോഭാവത്തിന്റെ വ്യക്തമായ തെളിവാണ്. അതല്ലെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ കേന്ദ്ര നിലപാട് കാരണം സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തുന്നതിനുള്ള നിർദേശങ്ങൾ കേന്ദ്ര ബജറ്റിലൂടെ ഉണ്ടാകേണ്ടതുണ്ട്. പ്രത്യേക പാക്കേജായി അത് പ്രഖ്യാപിക്കപ്പെടുമോയെന്നാണ് കേരള ജനത കാത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.