15 January 2026, Thursday

Related news

January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026

ഇറാനിലെ ജനകീയകലാപം നേരിടുന്ന വെല്ലുവിളികൾ

Janayugom Webdesk
January 15, 2026 5:00 am

റാനിലെ ഇസ്ലാമിക പൗരോഹിത്യ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരായ ജനകീയകലാപം നിർണായകമായ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. അയത്തൊള്ള അലി ഖമനേയിയുടെയും ഭരണകൂടത്തിന്റെ തന്ത്രപ്രധാന പദവികൾ വഹിക്കുന്ന മഹാപുരോഹിതന്മാരുടെയും ഇസ്ലാമിക വിപ്ലവ സേനകളുടെ മേധാവികളുടെയും ആഹ്വാനങ്ങളും ഭീഷണികളും തള്ളി ജനങ്ങൾ തെരുവുകളിൽ നിന്ന് പിന്മാറാൻ വിസമ്മതിക്കുന്നു. ഇന്റർനെറ്റടക്കം വാർത്താ വിതരണ, വിനിമയ സംവിധാനങ്ങളുടെ അഭാവത്തിലും പുറത്തുവരുന്ന വിവരമനുസരിച്ച് ഇപ്പോഴത്തെ പ്രക്ഷോഭ വേലിയേറ്റത്തിൽ ഇതിനകം 2,500ലധികം ഇറാൻ പൗരന്മാർ ഭരണകൂട ഭീകരതയുടെ ഇരകളായി. 17,000ത്തിലധികം പേർ തടവുകാരാക്കപ്പെട്ടു. ജനകീയ പ്രതിഷേധത്തിൽ ഭരണകൂടം ആടിയുലയുകയാണ്. എന്നാലും, എല്ലാ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുമെന്നപോലെ യാഥാർത്ഥ്യം അംഗീകരിക്കാൻ വിസമ്മതിക്കുന്ന പൗരോഹിത്യ ഭരണകൂടം ഒടുങ്ങാത്ത ദുർവാശിയോടെ സ്വന്തം ശവക്കുഴി തോണ്ടുന്നത് തുടരുന്നു. മറുവശത്ത് യുഎസിന്റെ സർവാധിപതി ഡൊണാൾഡ് ട്രംപ് കലാപം തുടരാൻ ഇറാൻ ജനതയെ ആഹ്വനം ചെയ്യുകയും സൈനിക ഇടപെടൽ ഉടൻ ഉണ്ടാവുമെന്ന് വാഗ്ദാനം ചെയ്യുകയുമാണ്. മറ്റൊരു തലത്തിൽ യുഎസിലെ മെരിലാന്റില്‍ തന്റെ വസതിയുടെ സുരക്ഷിതത്വത്തിൽനിന്നും മുൻ ഇറാനിയൻ ചക്രവർത്തി റെസ പഹ്‌ലവിയുടെ മകൻ ഷാ മുഹമ്മദ് റെസ പഹ്‌ലവി തന്റെ തിരിച്ചുവരവിനാണ് ജനങ്ങൾ തെരുവുകളിലിറങ്ങിയതെന്ന വ്യാമോഹത്തിൽ കലാപം തുടരാൻ ആഹ്വനം ചെയ്യുന്നു. ഒരുകൂട്ടം മാധ്യമങ്ങൾ ഈ രാഷ്ട്രീയ ഹാസ്യം കൊണ്ടാടുന്നു. ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്, ഇറാൻ ആഴമേറിയ രാഷ്ട്രീയ, സാമ്പത്തിക കുഴപ്പത്തിന്റെ ചുഴിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നും പിന്നോട്ടുപോകാൻ കഴിയാത്തവിധം സമൂല മാറ്റത്തിന്റെ നൽക്കവലയിലാണ് എത്തിനില്‍ക്കുന്നതെന്നുമാണ്.

പഹ്‌ലവി സ്വേച്ഛാധിപത്യത്തിനും ദുർഭരണത്തിനും സാമ്രാജ്യത്വ ദാസ്യത്തിനും എതിരായ 1979ലെ ജനകീയ വിപ്ലവം, അവരിൽനിന്നും കവർന്നെടുത്ത പൗരോഹിത്യ ഭരണകൂടത്തെ ഇറാൻ ജനത ഒരിക്കലും മനസാ വരിച്ചിരുന്നില്ല. ജനകീയ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളായിരുന്ന തൊഴിലാളി വർഗത്തെയും ഇറാനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി (തുദേ പാർട്ടി) യടക്കം പുരോഗമന ജനാധിപത്യ ശക്തികളെയും ആസൂത്രിതമായി തകർക്കുകയും അതിന്റെ നേതൃത്വത്തെ ഉന്മൂലനം ചെയ്യുകയും വഴി ഇസ്ലാമിക ഭരണകൂടം ഇറാനിലെ ജനാധിപത്യ ശക്തികളെ അപ്പാടെ തുടച്ചുനീക്കിയിരുന്നു. ഇസ്ലാമിക വിപ്ലവ വാചാടോപത്തിന്റെ ആവരണത്തിലൊളിപ്പിച്ച പ്രാകൃത മുതലാളിത്ത സാമ്പത്തികനയങ്ങൾ രാജ്യത്തിന്റെയും ജനങ്ങളുടെയും സാമ്പത്തികഭദ്രതയുടെ അടിത്തറ തകർത്തു. ഇസ്ലാമിക വിപ്ലവത്തിന്റെ കയറ്റുമതിയിലും അതിനായുള്ള യുദ്ധസന്നാഹങ്ങളിലും രാജ്യത്തിന്റെ വിഭവശേഷിയാകെ വിനിയോഗിച്ച ഭരണകൂടം ജനങ്ങളെ പൂര്‍ണമായും അവഗണിക്കുകയും ലോക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ ഇറാനെ ഒറ്റപ്പെടുത്തുകയുമാണ് ചെയ്തത്. ഇറാന്റെ എണ്ണ, പ്രകൃതിവാതകം, ധാതുസമ്പത്ത് എന്നിവയിൽ എക്കാലത്തും കണ്ണുനട്ടിരുന്ന യുഎസ് അടക്കം പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾ അവ കയ്യടക്കാനുള്ള കുത്സിത തന്ത്രങ്ങളുടെ ഭാഗമായി രാജ്യത്തിനെതിരെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം ദേശീയ സമ്പദ്‌വ്യവസ്ഥയിലും ജനജീവിതത്തിലും മാരകമായ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. പലസ്തീൻ ജനതക്കെതിരെ യുഎസ്, പാശ്ചാത്യ പിന്തുണയോടെ പശ്ചിമേഷ്യയിൽ തുടർന്നുവരുന്ന സാമ്രാജ്യത്വ അസ്ഥിരീകരണ രാഷ്ട്രീയം ഇറാന്റെ നിലനില്പിനെത്തന്നെ വെല്ലുവിളിക്കുംവിധം വളർന്നു. ഇറാൻ ജനത ഇന്നഭിമുഖീകരിക്കുന്ന ആഴമേറിയ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിക്ക് സ്വേച്ഛാധിപത്യ ഇസ്ലാമിക ഭരണകൂടത്തോടൊപ്പം ആഗോള സമഗ്രാധിപത്യത്തിനുവേണ്ടി യുഎസ്, പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളും സയണിസ്റ്റ് ഇസ്രേയേൽ ഭരണകൂട കൂട്ടുകെട്ടും ഉത്തരവാദികളാണ്. 

ഇറാൻ ജനത അതീവ ദുഷ്കരമായ ഒരു ത്രിമാന രാഷ്ട്രീയ വെല്ലുവിളിയാണ് നേരിടുന്നത്. രാജ്യത്തെയും ജനങ്ങളെയും കൊടിയ സാമ്പത്തിക ദുരിതത്തിലേക്കും വിവരണാതീതമായ മനുഷ്യാവകാശ ലംഘനങ്ങളിലേക്കും തള്ളിവിട്ട ഇസ്ലാമിക, മതമൗലിക, പൗരോഹിത്യ സ്വേച്ഛാധിപത്യത്തിൽനിന്നുള്ള മോചനമാണ് ഒന്നാമത്തെ വെല്ലുവിളി. എണ്ണയടക്കം പ്രകൃതിസമ്പത്ത് കൊള്ളയടിക്കാനും ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി മാറിയിരിക്കുന്ന പശ്ചിമേഷ്യയിൽ രാഷ്ട്രീയവും സാമ്പത്തികവും സെെനികവുമായി കാലുറപ്പിക്കാനുള്ള ഉറച്ച ഇടമായി ഇറാനെ നോക്കിക്കാണുന്ന യുഎസ്, പാശ്ചാത്യ സാമ്രാജ്യത്വ, സയണിസ്റ്റ് കൂട്ടുകെട്ടിനെയും അവരുടെ ‘ട്രോജൻ കുതിര’യാവാൻ തയ്യാറെടുത്തുനിൽക്കുന്ന ഷാ മുഹമ്മദ് റെസ പഹ്‌ലവിയെയും പ്രതിരോധിക്കുക എന്നതാണ് രണ്ടാമത്തെ വെല്ലുവിളി. ഇവ രണ്ടും സാധ്യമായാലും ഇറാനിൽ സമാധാനവും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പുരോഗതിയും സുസ്ഥിരതയും ഉറപ്പുവരുത്താൻ പ്രാപ്തമായ രാഷ്ട്രീയ ബദൽ ഉയർത്തികൊണ്ടുവരിക എന്നതാണ് മൂന്നാമത്തെ വെല്ലുവിളി. ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സുസംഘടിതമായ തൊഴിലാളി സംഘടനകളുടെയും പുരോഗമന സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും പുനരേകീകരണത്തിലൂടെയേ ഇപ്പോഴത്തെ ജനകീയ മുന്നേറ്റത്തിന് ശരിയായ ദിശാബോധം കൈവരിക്കാനാവൂ. ഇസ്ലാമിക പൗരോഹിത്യ ഭരണകൂടത്തിന്റെ പതനം ഏതാണ്ട് ഉറപ്പായ സാഹചര്യത്തിൽ അവർ അവശേഷിപ്പിക്കുന്ന രാഷ്ട്രീയ ശൂന്യത ആര് കയ്യടക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇറാന്റെയും പശ്ചിമേഷ്യയുടെയും വലിയൊരളവ് ലോകത്തിന്റെയും ഭാവി നിർണയിക്കപ്പെടുക. 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.