13 January 2026, Tuesday

Related news

January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026

ശുദ്ധമായ കുടിവെള്ളം അവകാശമാണ്

Janayugom Webdesk
January 10, 2026 5:00 am

കുടിവെള്ളം പൗരന്മാരുടെ അവകാശമാണെങ്കിലും അത് യഥാവിധി ലഭ്യമാക്കുന്നതിൽ വരുത്തുന്ന ഗുരുതരവീഴ്ച മൂലം രാജ്യത്തെ വൻ നഗരങ്ങളിൽ മരണവും രോഗാവസ്ഥയുമുണ്ടായതിന്റെ നിരവധി വാർത്തകളാണ് പുറത്തുവന്നത്. മധ്യപ്രദേശിലെ ഇൻഡോറിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെ തുടർന്ന് ആറ്മാസം പ്രായമുള്ള കുഞ്ഞടക്കം 18 പേരാണ് മരിച്ചത്. 40,000ത്തിലധികം പേർക്ക് രോഗബാധയുമുണ്ടായി. കേന്ദ്രസർക്കാരിന്റെ ശുചിത്വ മിഷൻ ആറുവർഷമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്തതാണ് ഇൻഡോർ എന്ന വൈരുദ്ധ്യവും ഇവിടെയുണ്ട്. (ഈ നഗരത്തെ മാതൃകയാക്കി വികസിപ്പിക്കുമെന്നാണ് ബിജെപി ഭരണം ലഭിച്ച തിരുവനന്തപുരം നഗരസഭാ മേയർ പറഞ്ഞതെന്ന തമാശയും ഇവിടെയുണ്ടായി). മധ്യപ്രദേശിലെ ദുരന്തത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഗാന്ധിനഗറിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിന്റെ ഫലമായി നൂറിലധികംപേർക്ക് രോഗാവസ്ഥയുണ്ടായത്. ഗുജറാത്തിന്റെ തലസ്ഥാനം കൂടിയായ ഗാന്ധിനഗറിലെ അടിവാഡ പ്രദേശത്താണ് രോഗബാധ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.

104ലധികം പേർക്കാണ് ടൈഫോയിഡ് ബാധയുണ്ടായത്. അമിത്ഷായുടെ മണ്ഡലമായതിനാൽ രണ്ട് കാര്യങ്ങൾ പിന്നീട് സംഭവിച്ചു. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടു. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരെയും നിയോഗിച്ചു. അതിനുശേഷം രോഗാവസ്ഥയെയോ ജലമലിനീകരണകാരണങ്ങളോ പുറത്തുവന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് മലിന ജലം കുടിച്ചതിനെ തുടർന്ന് നിരവധിപ്പേർ രോഗ ബാധിതരായെന്ന മറ്റൊരു റിപ്പോർട്ട് പുറത്തുവന്നത്. ഏഴ് കുടുംബങ്ങളിലുള്ളവരിലാണ് ഛർദി, പനി, വയറിളക്കം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ആദ്യം പ്രകടമായത്. ഇതിന് പിന്നാലെ മറ്റനവധി പേരും ചികിത്സ തേടുന്ന സ്ഥിതിയുണ്ടായി.
ശുദ്ധജല ലഭ്യതയും ശുചീകരണവും ലക്ഷ്യമിട്ട് നേരത്തെ തന്നെ വിവിധ പദ്ധതികൾ നിലവിലുണ്ടായിരുന്നു.

എന്നാൽ നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനുശേഷം മറ്റെല്ലാത്തിലുമെന്നതുപോലെ അവയുടെ പേരിലും വാചാടോപങ്ങൾ പതിവായി. നിലവിലുള്ള പദ്ധതികളെ മെച്ചപ്പെടുത്തി പുതിയവ എന്ന പേരിൽ ജൽ ജീവൻ മിഷൻ, സ്വച്ഛ് ഭാരത് അഭിയാൻ തുടങ്ങിയവയെ കുറിച്ച് പ്രചണ്ഡമായ പ്രചരണങ്ങളും കെട്ടഴിച്ചുവിട്ടു. കോടിക്കണക്കിന് രൂപ ഇവയ്ക്കായി നീക്കിവയ്ക്കുന്നതായും പ്രഖ്യാപിച്ചു. പക്ഷേ എല്ലാം എന്നതുപോലെ ഇവയും കേവല പ്രചരണോപാധി മാത്രമാണെന്നാണ് രാജ്യത്തെ മൂന്ന് വൻ നഗരങ്ങളിൽ നിന്ന് പുറത്തെത്തിയ ഈ വാർത്തകൾ വ്യക്തമാക്കുന്നത്. ലോകബാങ്ക്, എഷ്യൻ ഡവലപ്മെന്റ് ബാങ്ക് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വൻതുക സഹായമായും കടമെടുത്തും വിനിയോഗിക്കുന്നു. മധ്യപ്രദേശിലെ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് മാത്രമായി 2003 മുതൽ ഇതുവരെയായി 300 ദശലക്ഷം ഡോളറോളം സഹായം നൽകിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.

പമ്പിങ് സ്റ്റേഷനുകൾ നവീകരിക്കുക, കാലപ്പഴക്കം സംഭവിച്ച മലിന ജല പൈപ്പുകൾ മാറ്റി സ്ഥാപിക്കുക, വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാര പരിശോധന ഉറപ്പുവരുത്തുക, ജലവിതരണവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായി ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഈ തുക അനുവദിച്ചത്. എന്നാൽ അത് യഥാർത്ഥ ലക്ഷ്യത്തിനായി ഉപയോഗിക്കപ്പെട്ടില്ലെന്നാണ് ഇൻഡോറിലെ ദുരന്തം തെളിയിക്കുന്നത്.
മധ്യപ്രദേശിലെ ഗ്രാമങ്ങളിൽ കുടിവെള്ളത്തിന്റെ മൂന്നിലൊന്നിൽ അധികവും കുടിക്കാൻ യോഗ്യമല്ലെന്ന് കേന്ദ്രസർക്കാരിന്റെ ജൽ ജീവൻ മിഷൻ തന്നെ റിപ്പോർട്ട് നൽകിയിരുന്നതാണ്. റിപ്പോർട്ട് പ്രകാരം ദേശീയ ശരാശരിയായ 76 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മധ്യപ്രദേശിൽ നിന്നുള്ള 63.3% കുടിവെള്ള സാംപിളുകൾ മാത്രമാണ് ഗുണനിലവാര പരിശോധന പാസായത്. അതായത് 36.7% കുടിവെള്ള സാംപിളുകളും കുടിക്കാൻ യോഗ്യമല്ല. ഇതിൽ ആരോഗ്യത്തിന് ഭീഷണിയായ ബാക്ടീരിയകളും രാസപദാർത്ഥങ്ങളും കണ്ടെത്തുകയും ചെയ്തു. മുഴുവൻ വീടുകളിലും ജലവിതരണ പൈപ്പ് കണക്ഷൻ ഉണ്ടെങ്കിലും 33% വീടുകൾക്ക് മാത്രമാണ് അതുവഴി ശുദ്ധജലം ലഭിക്കുന്നതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ടാങ്കറുകളിൽ വിതരണം ചെയ്യുന്ന ജലത്തിലും ഘനലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പദ്ധതികളുടെ പ്രഖ്യാപനമല്ല പ്രായോഗികമായി നടപ്പിലാക്കുന്നതിലൂടെയാണ് ജനങ്ങൾക്ക് അനുഭവവേദ്യമാകുക എന്നാണ് ഇൻഡോറും ഗാന്ധിനഗറും ഗ്രേറ്റർ നോയിഡയും തെളിയിക്കുന്നത്. വൻതോതിലുള്ള രോഗാവസ്ഥയും മരണങ്ങളും സംഭവച്ചതുകൊണ്ട് ഈ നഗരങ്ങളിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവന്നു എന്ന് മാത്രമേ കരുതേണ്ടതുള്ളൂ. എല്ലായിടങ്ങളെയും ചൂഴ്ന്നുനിൽക്കുന്ന ദുരന്തസാധ്യതയാണിത്. നഗരവൽക്കരണത്തിന്റെ ഫലമായുണ്ടായ ജനസാന്ദ്രത, ഭൂഗർഭജല സ്രോതസിലുണ്ടായിരിക്കുന്ന ഗണ്യമായ ഇടിവ്, അതിനൊപ്പം ആസൂത്രണത്തിലും പദ്ധതികൾ നടപ്പിലാക്കുന്നതിലും സംഭവിക്കുന്ന ഗുരുതര വീഴ്ചകൾ എന്നിവയെല്ലാം ഈ ദുരന്തത്തിൽ വില്ലനാകുന്നു. വലിയൊരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ശുദ്ധജലത്തിന്റെ മലിനീകരണം. അതുകൊണ്ട് മാനവരാശിയുടെ നിലനില്‍പ്പിന്റെ ഭാഗമാണെന്ന് മനസിലാക്കി, ശുദ്ധമായ കുടിവെള്ളം പൗരന്മാർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.