
മഹാവനം വശ്യമോ ഇരുണ്ടഗാധമോ അല്ല, റോബർട്ട് ഫ്രോസ്റ്റ് ഏകനുമല്ല. കടുത്ത പ്രതിസന്ധിയിലൂടെ ജനത കടന്നുപോയ ഒരേയൊരു കാലവുമായിരുന്നില്ല അത്. ഇന്നോ, ജീവിതം തന്നെ ക്ഷയോന്മുഖമായിരിക്കുന്നു. കാലാവസ്ഥ വെല്ലുവിളിയായിരിക്കുന്നു. എല്ലാ ദിവസവും അപകടങ്ങൾ സംഭവിക്കുന്നു, അവ പെരുകുന്നു. നദികൾ വറ്റി വരണ്ടുണങ്ങുന്നു. കാട്ടുതീ, ഉഷ്ണതരംഗങ്ങൾ, കുറയുന്ന ഭൂഗർഭജലനിരപ്പ്, വരൾച്ച, കാട് കത്തിയമരുന്നു. ലോകകാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ)യുടെ 2024ലെ റിപ്പോർട്ട് ക്രമരഹിതമായ മൺസൂണിനൊപ്പം ഉയരുന്ന സമുദ്രനിരപ്പിനെക്കുറിച്ചും മുന്നറിയിപ്പു നൽകുന്നുണ്ട്. ജലം, കൃഷി, ആരോഗ്യം, തീരദേശ സംരക്ഷണം തുടങ്ങിയ നിർണായക മേഖലകളിൽ അടിയന്തരവും പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുമുള്ള സംവിധാനം ലോകത്തിന് ആവശ്യമാണ്.
ദാരിദ്ര്യത്തിനൊപ്പം കാലാവസ്ഥാ പ്രതിസന്ധിയും വർധിക്കുന്നത് ഗുരുതരമായ അപകടത്തിന്റെ മുന്നറിയിപ്പാണ്. ഇവയെ ഏകോപിപ്പിച്ചുള്ള പരിഹാരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ലോകം പതിറ്റാണ്ടുകളിലൂടെ നേടിയ പുരോഗതി മാറിമറയും. വർത്തമാന കാലഘട്ടത്തിലെ അസമത്വങ്ങൾ രൂക്ഷമാകും.
ഓക്സ്ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും (ഒപിഎച്ച്ഐ) ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയും ‘ഓവർലാപ്പിങ് ഹാർഡ്ഷിപ്പുകൾ: പോവർട്ടി ആന്റ് ക്ലൈമറ്റ് ഹസാർഡ്സ്’ എന്ന് തലക്കെട്ടില്‍ ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവും സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചതിന് സമാനമായ കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർ കാലാവസ്ഥാ ആഘാതങ്ങൾക്ക് കൂടുതൽ ഇരയാകുന്നു. ചില കണക്കുകൾ അനുസരിച്ച് കുറഞ്ഞത് 651 ദശലക്ഷം ദരിദ്രർ ഒരേസമയം ഒന്നിലേറെ കാലാവസ്ഥാ അപകടങ്ങളെ നേരിടുന്നു. 309 ദശലക്ഷം പേർ ഒരേസമയം മൂന്നോ നാലോ അപകടസാധ്യതകളെ അഭിമുഖീകരിക്കുന്നു.
അത്തരം മേഖലകളിൽ, ദാരിദ്ര്യത്തിന്റെ നിരക്ക് 24.8 ശതമാനമാണ്. കുറഞ്ഞ ആഘാതമുള്ള പ്രദേശങ്ങളിൽ ഇത് 14.4 ശതമാനമാണ്. ഈ കണ്ടെത്തലുകൾ വന്യമായൊരു സത്യത്തിന് അടിവരയിടുന്നു. കാലാവസ്ഥാ വ്യതിയാനം പതിറ്റാണ്ടുകളിലൂടെ സാധ്യമാക്കിയ ദാരിദ്ര്യ ലഘൂകരണം ഇല്ലാതാക്കുക മാത്രമല്ല, രാജ്യങ്ങൾക്കിടയിലും ഉള്ളിലും അസമത്വങ്ങൾ വർധിപ്പിക്കുന്നു. 109 വികസ്വര രാജ്യങ്ങളിലായി 1.1 ദശലക്ഷം ജനങ്ങളുടെ ജീവിതത്തെ ദാരിദ്ര്യം ഭരിക്കുന്നു എന്നാണ് കണക്കുകൾ. കാലാവസ്ഥാ വ്യതിയാനം എല്ലാ വർഷവും വലിയൊരു വിഭാഗം ജനതയെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങളെയും കാലാവസ്ഥാ പ്രവർത്തനങ്ങളെയും വേർതിരിച്ചു കാണാനാവില്ല. ഭൂമിയേയും ജനതകളെയും കേന്ദ്രീകൃതമായ വികസന ചിന്തയിൽ നിലനിർത്താനുതകുന്ന സംയോജിത നയ സമീപനം ആവശ്യമാണ്. അപകടസാധ്യതകൾ അംഗീകരിക്കുന്നതിനപ്പുറം പരിഹാരങ്ങൾ നടപ്പിലാക്കുന്നതിലേക്ക് അതിവേഗം നീങ്ങണം. ദാരിദ്ര്യത്തിന്റെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ഇരുട്ടടി യാഥാർത്ഥ്യമാണ്. പ്രതിരോധിക്കാൻ ഏകോപിപ്പിച്ച നടപടി സ്വീകരിച്ചില്ലെങ്കിൽ ലോകം നേടിയ പതിറ്റാണ്ടുകളുടെ പുരോഗതി പിന്നോട്ടിറങ്ങും.
വർത്തമാന അസമത്വങ്ങൾ കൂടുതൽ ആഴത്തിൽ പ്രകടമാകും. കാലാവസ്ഥാ പ്രതിസന്ധിയുടെ ആഴങ്ങൾ മൂടിവച്ച് ആഗോള സമവായങ്ങൾക്ക് സജ്ജമാകുന്നതിനെ ബ്രസീലിലെ കാലാവസ്ഥാ ഉച്ചകോടിയിലടക്കം ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. എവിടെയും നിഷേധിയായി ജനവിരുദ്ധ ചേരിയിൽ തുടരുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ ചെയ്തികളെ അക്കമിട്ടു വിമർശിച്ചു. പട്ടിണിക്കെതിരായ പോരാട്ടം കാലാവസ്ഥാ നീതികണത്തിനായുള്ള മറുത്തുനില്പാണ്. ഒന്നിച്ചുള്ള ചെറുത്തുനില്പിലൂടെ മാത്രമേ ഭൂമിയെ സംരക്ഷിച്ചും ജനതയെ നിലനിർത്തിയുമുള്ള സുസ്ഥിരവും തുല്യവുമായ ഒരു ഭാവി കെട്ടിപ്പടുക്കാനാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.