
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയിൽ കുറ്റാരോപിതരായ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ ട്രഷറർ കെ കെ ഗോപിനാഥ്, ഐ സി ബാലകൃഷ്ണൻ എംഎല്‍എ എന്നിവർക്കെതിരായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചെങ്കിലും ചോദ്യം ചെയ്യലുൾപ്പെടെ മറ്റ് നിയമനടപടികൾ പുരോഗമിക്കുകയുമാണ്. രണ്ടുപേരുടെ ആത്മഹത്യ, അതിനുള്ള പ്രേരണ എന്നതിനൊപ്പം സഹകരണ മേഖലയെ ഉപയോഗിച്ച് കോൺഗ്രസ് നടത്തുന്ന വൻതോതിലുള്ള അഴിമതിയും വായ്പയുടെ പേരിലുള്ള തട്ടിപ്പുകളുമാണ് വെളിപ്പെട്ടിരിക്കുന്നത്. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് ഭരണവുമായി ബന്ധപ്പെട്ട് കോൺഗ്രസും നേതാക്കളും നടത്തിയ തട്ടിപ്പിന്റെ ഫലമായി ഏറ്റെടുക്കേണ്ടിവന്ന വൻ സാമ്പത്തിക ബാധ്യതയാണ് തന്റെയും മകന്റെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന നൽകുന്ന വിജയന്റെ കത്തുകൾ പുറത്തുവന്നിരുന്നു. അതനുസരിച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നിയമനത്തിന്റെയും വായ്പകളുടെയും പേരിൽ നടന്നിരിക്കുന്നതെന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. ബത്തേരി അർബൻ ബാങ്കിന്റെ പേരിൽ നടന്ന നിയമനക്കോഴ സംബന്ധിച്ചും മറ്റുമുള്ള സൂചനകളാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ബാങ്ക് ഭരണം പിടിച്ചെടുക്കുന്നതിന് എന്ന പേരിൽ കോഴയിലൂടെ പണം സമാഹരിക്കുകയും നിയമനം നടക്കാതെ വന്നപ്പോൾ പണം തിരികെ നൽകാൻ നേതാക്കൾ സന്നദ്ധമാകാത്തതിനാൽ ബാധ്യത ഏറ്റെടുക്കേണ്ടി വരികയും ചെയ്തതിന്റെ പേരിലാണ് ആത്മഹത്യയെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കപ്പെടുന്ന വെളിപ്പെടുത്തലുകൾ മറ്റുചില കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടാകുകയും ചെയ്തു. അതനുസരിച്ചാണെങ്കിൽ ബത്തേരി ബാങ്കിൽ മാത്രം ദശലക്ഷക്കണക്കിന് രൂപയുടെ കോഴയും മറ്റ് ക്രമക്കേടുകളുമാണ് നടന്നിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും അഴിമതി ആരോപണത്തിന്റെ വെളിച്ചത്തിൽ വിജിലൻസും അന്വേഷണം നടത്തിവരികയാണ്.
ഇതോടൊപ്പം വെളിപ്പെടുത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള വിവിധ ബാങ്കുകൾക്കെതിരെ സഹകരണ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ജില്ലയിലെ അഞ്ച് സഹകരണ ബാങ്കുകളിൽ വൻതോതിൽ തട്ടിപ്പ് നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക്, സർവീസ് സഹകരണ ബാങ്ക്, പൂതാടി, മടക്കിമല സർവീസ് സഹകരണ ബാങ്കുകൾ, ബത്തേരി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എന്നിവിടങ്ങളിലാണ് നിയമനത്തിൽ സാമ്പത്തിക അഴിമതി നടന്നതായി പരാതികളുണ്ടായത്. വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വിശദ അന്വേഷണത്തിന് നിർദേശമുണ്ടായിരിക്കുന്നത്. നിയമനത്തിനായി കോഴവാങ്ങിയെന്ന പേരിൽ ഓരോ ദിവസവും പുതിയ പരാതികൾ എത്തുകയാണ്. സുൽത്താൻ ബത്തേരി ബാങ്കിൽ മകന് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന് നെന്മേനി താമരച്ചാലിൽ ഐസക്ക് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. യു കെ പ്രേമൻ, എൻ എം വിജയൻ എന്നിവർ ഐ സി ബാലകൃഷ്ണന്റെയും പി വി ബാലചന്ദ്രന്റെയും അറിവോടെ 10 ലക്ഷം രൂപ വാങ്ങിയെന്നാണ് ഐസക്കിന്റെ പരാതിയിലുള്ളത്. മറ്റൊരു ബാങ്കിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് 2013ൽ അഞ്ച് ലക്ഷം രൂപ വാങ്ങിയത്. ഇത് ലഭിക്കാതിരുന്നത് പ്രശ്നമാക്കിയപ്പോൾ അഞ്ച് ലക്ഷം കൂടി നൽകിയാൽ ബത്തേരി ബാങ്കിൽ ജോലി നൽകാമെന്ന് പറയുകയും തുക വാങ്ങുകയുമായിരുന്നുവെന്നാണ് ഐസക്കിന്റെ പരാതി. 2013ൽ കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരിക്കുന്ന ഘട്ടമായിരുന്നു. അതിനർത്ഥം തങ്ങളുടെ ഭരണപരിധിയിലുള്ള എല്ലാ അവസരങ്ങളും അഴിമതിക്കുപയോഗിച്ചുവെന്നാണ്.
നിയമനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും പക്ഷപാതിത്തങ്ങൾ ഇല്ലാതാക്കുന്നതിനുമായി നമ്മുടെ നാട്ടിൽ സഹകരണ ബാങ്ക് നിയമനത്തിന് പ്രത്യേക ബോർഡുകളും സംവിധാനങ്ങളും നിലവിലുള്ളതാണ്. അർഹരായ എല്ലാവർക്കും നിയമന പ്രക്രിയയിൽ അവസരം നൽകുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്. അങ്ങനെയൊരു ഘട്ടത്തിലാണ് വയനാട്ടിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിൽ അഴിമതി നടന്നതായി വെളിപ്പെടുത്തലും അന്വേഷണവും ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള സംവിധാനങ്ങളെ പോലും നോക്കുകുത്തിയാക്കിയാണ് നിയമനങ്ങൾ നടന്നത് എന്നുവേണം കരുതുവാൻ. കോൺഗ്രസിന്റെ പൊതുസ്വഭാവത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ് വയനാട്ടിൽ നിന്ന് വെളിപ്പെട്ടിരിക്കുന്നത്. എന്തിലും ഏതിലും അഴിമതി നടത്തുകയെന്ന തങ്ങളുടെ സ്ഥിരം ശൈലിയുടെ ഭാഗമായാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. പ്രത്യേക സാഹചര്യത്തിൽ എൻ എം വിജയന്റെ ആത്മഹത്യയെ തുടർന്ന് അതിൽ ചിലത് പുറത്തുവരാനിടയായി എന്നുമാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഇത് വയനാട്ടിൽ മാത്രം ഒതുങ്ങുന്നതായിരിക്കില്ലെന്നുറപ്പാണ്. കണ്ണൂർ പയ്യന്നൂരിലും കോഴിക്കോടുമൊക്കെ സമാന ആരോപണം ഉയരുകയുണ്ടായി. ഈ സാഹചര്യത്തിൽ കോൺഗ്രസ് ഭരണം കയ്യാളുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.