
പലസ്തീൻ ജനതയെ നിഷ്ഠുരമായി വംശഹത്യ ചെയ്യുന്ന ഇസ്രയേലുമായി സമഗ്രമായ ഉഭയകക്ഷി നിക്ഷേപക്കരാറിൽ മോഡി സര്‍ക്കാര്‍ ഒപ്പുവച്ചത് തിങ്കളാഴ്ചയാണ്. അതിന്റെ തൊട്ടടുത്ത ദിവസം, ഇസ്രയേല്‍ ഖത്തറിന് നേരെ ആക്രമണം നടത്തി. ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് ആക്രമണം നടന്നത്. വെടിനിർത്തൽ ചർച്ചയ്ക്കായി ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹമാസ് നേതാക്കൾ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണം തെളിയിക്കുന്നത് ഇസ്രയേലിന്റെ ചോരക്കൊതിയാണ്. യുദ്ധമുന്നറിയിപ്പില്ലാതെ ജനവാസ മേഖലയില്‍ ആക്രമണം നടത്തിയത് തികച്ചും മനുഷ്യത്വരഹിതമാണ്. ഖത്തറില്‍ മാത്രമല്ല, ടുണീഷ്യ, ലെബനൻ, സിറിയ, ഗാസ എന്നിവിടങ്ങളിലും അതേദിവസം ഇസ്രയേൽ ആക്രമണം നടത്തി. ‘ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിൽ വലിയ ആശങ്ക’യെന്ന പ്രസ്താവനയ്ക്ക് കാലവിളംബം വരുത്തിയില്ലെങ്കിലും യുദ്ധക്കൊതിയും വംശഹത്യയും മുഖമുദ്രയാക്കിയ ആ രാജ്യവുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടതില്‍ യാതൊരു മനഃസാക്ഷിക്കുത്തും കേന്ദ്ര ഭരണകൂടത്തിനുണ്ടായില്ല. ഇരുരാജ്യത്തെയും നിക്ഷേപകർക്ക് സംരക്ഷണം, വിവേചനരാഹിത്യം, നീതിയുക്തമായ പരിഗണന, തർക്കപരിഹാരത്തിന് സ്വതന്ത്ര സംവിധാനം, സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിൽനിന്ന് സംരക്ഷണം, നിയന്ത്രണങ്ങളിൽ വ്യക്തത, സുഗമമായ ഫണ്ട് കൈമാറ്റം, നഷ്ടപരിഹാരം തുടങ്ങിയ വ്യവസ്ഥകളാണ് ധനമന്ത്രി നിർമ്മലാ സീതാരാമനും ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചും ഒപ്പുവച്ച നിക്ഷേപക്കരാറിലുള്ളത്. ഗാസയിലെ കൂട്ടക്കുരുതിയെ ലോകരാജ്യങ്ങളാകെ തള്ളിപ്പറയുന്ന ഘട്ടത്തില്‍ അവരുമായി നിക്ഷേപ സഹകരണത്തിനുള്ള കേന്ദ്രസർക്കാർ തീരുമാനം രാജ്യത്തിന്റെ നെെതികമൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ടുള്ളതാണ്. സാമ്പത്തികബന്ധം ശക്തിപ്പെടുത്തുകയെന്നതിനപ്പുറം റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുനയിപ്പിക്കുക എന്ന ലക്ഷ്യവും ഇസ്രയേലുമായി കൈകൊടുക്കുന്ന മോഡി സർക്കാരിനുണ്ട്.
‘ഈ സാഹചര്യം തന്നെ പുളകം കൊള്ളിക്കുന്നില്ലെന്നാണ്’ ഖത്തര്‍ ആക്രമണത്തെക്കുറിച്ച് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അത്രപോലും ശക്തമായി അപലപിക്കാന്‍ ന്യൂഡല്‍ഹി തയ്യാറായില്ല എന്നതും അത്യന്തം ഖേദകരമാണ്. അല്ലെങ്കില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രവേശനവിലക്കേര്‍പ്പെടുത്തിയ ബെസലേൽ സ്മോട്രിച്ചിനെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കില്ലല്ലോ. കടുത്ത വംശീയ പ്രസ്താവനകൾ നടത്തിയതിന് വിവിധ സർക്കാരുകളിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും ഉപരോധങ്ങള്‍ നേരിട്ടയാളാണ് സ്മോട്രിച്ച്. യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങള്‍ അദ്ദേഹത്തിനും ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിറിനും കഴിഞ്ഞ ജൂണില്‍ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഉപരോധമേർപ്പെടുത്തിയിരുന്നു. ഗാസയിലെ വംശഹത്യയും ഇറാനുനേരെ നടത്തിയ ആക്രമണത്തിനും പിന്നലെയായിരുന്നു വിലക്ക്. എന്നാല്‍ ഇറാനുനേരെ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തെ പൂർണമായും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അന്നും മോഡി സർക്കാർ കെെക്കൊണ്ടത്. ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) പ്രസ്താവനയിൽ നിന്ന് അംഗരാജ്യമായ ഇന്ത്യ വിട്ടുനിന്നു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന പൊതുപ്രസ്താവന മാത്രമാണ് വിദേശ മന്ത്രാലയം ഇറക്കിയത്. മൂന്ന് വർഷത്തിനിടെ കുറഞ്ഞത് നാല് തവണയെങ്കിലും ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ പൊതുസഭാ പ്രമേയങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിൽ നിന്നും ഇന്ത്യ അകലം പാലിച്ചു.
യൂറോപ്പിൽ ജൂതർ വേട്ടയാടപ്പെട്ടുവെന്നതിന്റെ പേരിൽ യുഎന്നിനെ മറയാക്കി പാശ്ചാത്യരാഷ്ട്രങ്ങളുടെ പിന്തുണയോടെ 1948ല്‍ പലസ്തീനെ വെട്ടിമുറിച്ച് ഇസ്രയേൽ എന്ന ജൂതരാഷ്ട്രം രൂപീകൃതമായ ശേഷം ആ രാജ്യം കൈക്കൊണ്ടതെല്ലാം ഏകപക്ഷീയ നടപടികളായിരുന്നു. ഇസ്രയേലിനും അതിന്റെ സയണിസ്റ്റ് വംശീയതയ്ക്കുമെതിരെ ഉയരുന്ന വിമർശനങ്ങളെയെല്ലാം ‘സെമിറ്റിക് വിരോധം’ എന്നാക്ഷേപിച്ച് രക്ഷപ്പെടാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. അവരുമായി ബന്ധമുണ്ടാക്കുമ്പോള്‍ മനസിലാക്കേണ്ട കാര്യം ഇസ്രയേൽ അതിജീവിക്കുന്നത് അമേരിക്കയുടെ പിന്‍ബലത്തില്‍ മാത്രമാണ് എന്നതാണ്. അവർക്ക് സ്വന്തമായ വിഭവങ്ങളൊന്നുമില്ല. എതുകാര്യത്തിലും അമേരിക്കയെ ആശ്രയിക്കണം. താരിഫിന്റെ പേരില്‍ യുഎസുമായി കടുത്ത നിലപാടിലാണെന്ന് പുറമേ തോന്നിപ്പിക്കുന്ന നരേന്ദ്ര മോഡിയുടെ ട്രംപിനോടുള്ള വിധേയത്വമാണ് ഇസ്രയേല്‍ കരാര്‍ എന്ന് സംശയിക്കാന്‍ ന്യായമായും കാരണങ്ങളുണ്ട്. റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങളെ ഉക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ വിരട്ടുന്ന അമേരിക്ക, ഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രയേലുമായി ഇന്ത്യയുള്‍പ്പെടെ സഹകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ തന്റെ പ്രിയ ചങ്ങാതിയെ അനുനയിപ്പിക്കാന്‍, വംശഹത്യ മുഖമുദ്രയാക്കിയ ഒരു രാജ്യത്തോട് കൂറ് പ്രഖ്യാപിക്കുന്നത് മഹത്തായ വിദേശനയമുണ്ടായിരുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ഭൂഷണമല്ല. ഇന്ത്യയുമായി വ്യാപാരചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും വെെകാതെ പുനരവലോകനം ഉണ്ടാകുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയെ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.