31 December 2025, Wednesday

Related news

December 31, 2025
December 31, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025

തോൽവിയിലും ജയത്തിലും പഠിക്കാത്ത കോൺഗ്രസ്

Janayugom Webdesk
November 26, 2025 5:00 am

തോൽവികളിൽ നിന്ന് പാഠം പഠിക്കാത്ത ലോകത്തെ ഏക രാഷ്ട്രീയ കക്ഷിയായിരിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ജനങ്ങൾ കനിഞ്ഞു നൽകുന്ന വിജയത്തെ മാനിക്കാനും അവർ തയ്യാറാകാറില്ല. കനത്ത പരാജയം ഏറ്റുവാങ്ങിയ ബിഹാറും ജനം ജയിപ്പിച്ച് അധികാരത്തിലുള്ള കർണാടകയുമാണ് അതിന്റെ അവസാനത്തെ ഉദാഹരണങ്ങൾ. ബിഹാറിലെ തോൽവിക്ക് സാങ്കേതികമായി മറുപടി നൽകാൻ കോൺഗ്രസിനും ഇന്ത്യ സഖ്യകക്ഷികൾക്കും കാരണങ്ങളേറെയുണ്ട്. അതിൽ പ്രധാനം വോട്ട് മോഷണം തന്നെയാണ്. അതല്ലാതെ ബിഹാറിലെ എൻഡിഎ സഖ്യത്തിന് ഇതുപോലൊരു തൂത്തുവാരലിനുള്ള സാഹചര്യങ്ങൾ ഒന്നുംതന്നെ നിലവിലുണ്ടായിരുന്നില്ല. ഭരണത്തിന്റെ തണലിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ലക്ഷക്കണക്കിന് സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നൽകി സ്വാധീനിക്കുവാനും അവർക്ക് സാധിച്ചു. 

ഇത് നഗ്നമായ പെരുമാറ്റച്ചട്ട ലംഘനവും പണം നൽകിയുള്ള വോട്ട് വാങ്ങലുമായിട്ടും ബിജെപിയുടെ സഖ്യകക്ഷിയെന്നതുപോലെ പ്രവർത്തിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു നടപടിക്കും തയ്യാറായില്ലെന്നത് മറ്റൊരു കാരണമായി. എന്നാൽ അതുമാത്രമല്ല പരാജയത്തിന് കാരണമെന്നും കോൺഗ്രസിന്റെ തന്നെ പ്രശ്നങ്ങളാണെന്നും പ്രമുഖ നേതാക്കൾ വരെ തുറന്നുപറഞ്ഞിരിക്കുകയാണ്. മുതിർന്ന നേതാവ് താരിഖ് അൻവർ ഉൾപ്പെടെ ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിഹാറിലെ രാഷ്ട്രീയത്തെയോ കോൺഗ്രസിനെയോ കുറിച്ച് ഒരു ധാരണയുമില്ലാത്ത കൃഷ്ണ അല്ലവാരു എന്നയാളെ ചുമതലക്കാരനായി നിശ്ചയിച്ചത് പ്രധാന വീഴ്ചയാണെന്ന് താൻ മാത്രമല്ല, സംസ്ഥാനത്തെ പ്രമുഖ നേതാക്കളും നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിൽ ഒക്ടോബർ 20ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അല്ലവാ­രുവിനെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെ­യ്തിരുന്നു. കൂടാതെ സംസ്ഥാനത്ത് ആർജെഡി അടക്കമുള്ള ഇന്ത്യ സഖ്യ കക്ഷികളിൽ നിന്ന് നിർബന്ധപൂര്‍വം പിടിച്ചുവാങ്ങിയ മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയെന്നും പണം നൽകിയവരെ മത്സരിപ്പിച്ചെന്നുമുൾപ്പെടെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. പക്ഷേ അതൊന്നും മുഖവിലയ്ക്കെടുക്കാതെ മുന്നോട്ടുപോകുകയായിരുന്നു ദേശീയ നേതൃത്വം. ഇ­ക്കാര്യങ്ങളാണ് താരിഖ് അൻവർ ഉൾപ്പെടെ നേ­താക്കൾ ആവർത്തിച്ചിരിക്കുന്നത്. കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും അതിന്റെ പരിശോധനയ്ക്ക് സമയം കണ്ടെത്തുന്നതിന് പകരം പ്രമുഖ നേതാക്കളെ പുറത്താക്കി പ്രതികാരം ചെയ്യുകയാണെന്നും ആരോപണമുണ്ട്. 

തോൽവിയിൽ പാഠമുൾക്കൊള്ളുന്നില്ലെന്നതാണ് ബിഹാറിന്റെ അനുഭവമെങ്കിൽ നിലവിലുള്ള ഭരണം അടുത്ത തവണ ബിജെപിക്ക് താലത്തി­ൽ വച്ച് നൽകുന്നതെങ്ങനെയെന്നതിൽ ഗവേഷണം നടക്കുന്നുവെന്നാണ് കർണാടകയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നത് കോൺഗ്രസിന്റെ ആഭ്യന്തരകാര്യമെങ്കിലും അതിന്റെ പേരിലുള്ള തമ്മിലടികൾ ശത്രുക്കൾക്ക് സഹായകമാകുന്ന സാഹചര്യമാണ് അവിടെ ഉരുത്തിരിയുന്നതെന്ന് വേണം കരുതുവാൻ. ബിജെപിയുടെ ഭരണത്തിനുകീഴിൽ സാമൂഹ്യക്ഷേമത്തിനും വികസനത്തിനും പകരം വർഗീയ ചേരിതിരിവുകളും സാമുദായിക പ്രശ്നങ്ങളും നേരിടേണ്ടിവന്ന ജനങ്ങൾ മനംമടുത്താണ് രണ്ടര വർഷം മുമ്പ് കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത്. എന്നാൽ അന്നുമുതൽ ഇന്നുവരെ തമ്മിലടിയും ആഭ്യന്തര പ്രശ്നങ്ങളും കാരണം വലയുന്ന കോൺഗ്രസിന് യഥാർത്ഥത്തിൽ മികച്ച ഭരണം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമായിട്ടില്ല. ഈയൊരു സാഹചര്യമാണ് നിലവിലുള്ളതെങ്കിലും മുഖ്യമന്ത്രിപദത്തിനുവേണ്ടിയുള്ള തമ്മിലടി രൂക്ഷമായിരിക്കുകയാണ്. സിദ്ധാരാമയ്യയെ മാറ്റി, തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ചരടുവലികൾ അനുയായികളെ മുൻനിർത്തി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നടത്തുകയാണ്. രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം പങ്കുവയ്ക്കാൻ ധാരണയുണ്ടെന്നും അല്ലെന്നുമാണ് ഇരുവിഭാഗങ്ങളും തർക്കിക്കുന്നത്. മുഖ്യമന്ത്രിയെ മാറ്റുന്നതിനുള്ള സമ്മർദം ശക്തമാക്കുന്നതിന് ശിവകുമാർ അനുയായികളും സ്ഥാനം നിലനിർത്തുന്നതിന് സിദ്ധരാമയ്യ അനുയായികളും ഡൽഹിക്ക് പറക്കുന്നു. അതിനിടെ രണ്ടുപേരുമല്ല താനാണ് വേണ്ടതെന്ന് പറഞ്ഞ് മുതിർന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ ജി പരമേശ്വരയും രംഗത്തെത്തി. ഇതോടെ ഒരു മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി മൂന്നുപേർ പിടിവലി നടത്തുന്നതാണ് കർണാടകയിലെ കാഴ്ച. 

ജനങ്ങൾ നൽകുന്ന താക്കീതുകളെ പഠിക്കാനോ അവസരങ്ങളെ ഉപയോഗിക്കാനോ താല്പര്യമില്ലെന്നും അധികാരവും കയ്യിട്ടുവാരലും സീറ്റുകൾ വില്പന നടത്തി പണമുണ്ടാക്കലും മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളൂ എന്നാണ് കർണാടകയും ബിഹാറും തെളിയിക്കുന്നത്. പ്രവിശാലമായ ഇന്ത്യ മുഴുവൻ ഭരിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ കേവലം മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം അധികാരം കയ്യാളുന്ന വിധം തകർന്നടിഞ്ഞിരിക്കുകയാണ്. കർണാടകയ്ക്ക് പുറമേ തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവയാണവ. എന്നിട്ടും തങ്ങളുടെ ശക്തി ദൗർബല്യങ്ങൾ മനസിലാക്കാൻ കോൺഗ്രസ് സന്നദ്ധമാകുന്നില്ല. ഇത് യഥാർത്ഥത്തിൽ ബിജെപി — ആർഎസ്എസ് കൂട്ടുകെട്ടിനെയാണ് സഹായിക്കുന്നതെന്ന് സ്വയം തിരിച്ചറിയുന്നില്ലെങ്കിൽ കോൺഗ്രസ് എന്ന പാർട്ടി അപ്രസക്തമാകുമെന്ന കാര്യത്തിൽ സംശയമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.