തൃശൂർ പൂരം തൃശിവപേരൂരിലാണ് നടക്കുന്നതെങ്കിലും കേരളത്തിന്റെയാകെ ആഘോഷവും ആഗോളതലത്തിൽ പ്രസിദ്ധിയാർജിച്ചതുമാണ്. വിശ്വാസികൾ അതിനെ ആചാരമായി കാണുമ്പോൾ ബഹുഭൂരിപക്ഷം ജനങ്ങള്‍ ആഘോഷമായി അതിനെ സമീപിക്കുന്നു. തൃശുരിലുള്ളവർ മാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കാണാനെത്തിച്ചേരുന്നതാണ് തൃശൂർ പൂരത്തിന്റെ പ്രധാന ഇനമായ വെടിക്കെട്ട്. കഴിഞ്ഞ കുറച്ചുനാളുകളായി അതിന് വിവാദത്തിന്റെ അകമ്പടിയും, കഴിഞ്ഞ തവണത്തെ വിവാദത്തിന് ചില രാഷ്ട്രീയ മാനങ്ങളുമുണ്ടായെങ്കിലും വിശ്വാസികളും അല്ലാത്തവരും ചിട്ടയോടെയും ആകർഷകമായും പൂരം നടക്കണമെന്ന് ആഗ്രഹമുള്ളവരാണ്. പക്ഷേ അടുത്ത പൂരവും വിവാദത്തിലാക്കുന്നതിനുള്ള തീരുമാനങ്ങളാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായിരിക്കുന്നത്. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് നടത്തുന്നതിന് മുൻവച്ചിരിക്കുന്ന നിയന്ത്രണങ്ങളാണ് അതിന് കാരണമാകുന്നത്. സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങളിൽ വരുത്തിയ മാറ്റമാണ് വെടിക്കെട്ടിന് തടസമായിരിക്കുന്നത്. കൂടുതൽ കർശനമായ ഉപാധികൾ വച്ചാണ് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്. ഒക്ടോബര്‍ 11ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച ജിഎസ്ആർ 633(ഇ) വിജ്ഞാപനപ്രകാരം 35 നിയന്ത്രണങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സുരക്ഷിതത്വമുണ്ടാകണമെന്നതിനാലാണ് വെടിക്കെട്ട് നടത്തുമ്പോൾ പാലിക്കേണ്ട നിബന്ധനകളിൽ മാറ്റം വരുത്തിയത് എന്നാണ് കേന്ദ്ര നിലപാട്. ഇതിലെ അഞ്ച് നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടിവന്നാൽ തൃശൂർ പൂരം ഉൾപ്പെടെ വിവിധ വിഭാഗങ്ങള്‍ നടത്തുന്ന എല്ലാ വെടിക്കെട്ടും ഉപേക്ഷിക്കേണ്ടിവരും. വിജ്ഞാപന പ്രകാരം തൃശൂർ പൂരത്തിൽ മാത്രമല്ല ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലും വെടിക്കെട്ട് നടത്താൻ സാധിക്കില്ല. പ്രത്യേകിച്ച് ജനസാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ.
വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയർലൈനും തമ്മിൽ 200 മീറ്റർ അകലമുണ്ടാകണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഫയർലൈനിൽ നിന്ന് കാണികളിലേക്ക് 100 മീറ്റർ ദൂരവും നിർദേശിച്ചിരിക്കുന്നു. താൽക്കാലിക ഷെഡും ഫയർലൈനും തമ്മിലും 100 മീറ്റർ ദൂരവ്യത്യാസം വേണം. ആശുപത്രികൾ, സ്കൂളുകൾ എന്നീ പൊതു സ്ഥാപനങ്ങളുടെ 250 മീറ്റർ അകലെ ആയിരിക്കണം വെടിക്കെട്ട് നടക്കേണ്ടതെന്നും നിബന്ധനയുണ്ട്. തൃശൂർ പൂരം നടക്കുന്ന ദിവസങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതിനാൽ ഇവയൊന്നും പ്രവർത്തിക്കാറില്ലെന്നും അതുകൊണ്ടുതന്നെ ദോഷകരമായ ഈ ഉപാധിയും നിയന്ത്രണങ്ങളും എടുത്തുകളയണമെന്നും പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർക്ക് നൽകിയ കത്തിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫയർലൈനും ആളുകളും തമ്മിലുള്ള ദൂരം 100 മീറ്ററെന്നത് 60 — 70 മീറ്ററായും കുറയ്ക്കണമെന്നും താൽക്കാലിക ഷെഡും ഫയർലൈനും തമ്മിലുള്ള ദൂരം 15 മീറ്ററായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിബന്ധനകൾ പാലിച്ചുള്ള വെടിക്കെട്ട് തേക്കിൻകാട് മാത്രമല്ല തൃശൂരിൽ എവിടെയും നടക്കില്ലെന്ന് അതിന്റെ ഭൂമിശാസ്ത്രം അറിയുന്ന ഏതൊരാൾക്കും നിസംശയം പറയാനാകും. നിബന്ധനകളനുസരിച്ച് തൃശൂർ പൂരം വെടിക്കെട്ട് നടത്തണമെങ്കിൽ ജില്ലയ്ക്ക് പുറത്ത് പുതിയ സ്ഥലം കണ്ടെത്തേണ്ടിവരുമെന്നതാണ് സ്ഥിതി. ഹൈന്ദവ ആരാധനാലയങ്ങളിൽ മാത്രമല്ല മുസ്ലിം പള്ളികളിലും, ക്രിസ്ത്യൻ ചർച്ചുകളിലും ചില ആഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ടുണ്ട്. അങ്ങനെയുള്ള ഇടങ്ങളിലും സ്ഥിതി ഇതായിരിക്കുമെന്നുറപ്പാണ്. നിലവിവുള്ള നിയന്ത്രണങ്ങൾ പോലും ലഘൂകരിക്കണമെന്ന ആവശ്യമാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്. അതിൽ കക്ഷിഭേദമോ മതജാതി വ്യത്യാസമോ ഇല്ല. എന്നിരിക്കെ നിയന്ത്രണങ്ങൾ കർശനമാക്കിയതിന് പിന്നിൽ ഒരു ഗൂഢാലോചന സംശയിക്കേണ്ടതുണ്ട്.
ഇത് കേവലം തൃശൂർപൂരം വെടിക്കെട്ട് നടത്തിപ്പിന്റെ പ്രശ്നം മാത്രമായി കാണാനാവില്ല. കഴിഞ്ഞ തവണത്തെ പൂരം വിവാദത്തിലായത് അവിടെ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളും അക്കാര്യത്തിൽ സംഘ്പരിവാറും ചില പൊലീസുദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയുമായിരുന്നു. അത് രാഷ്ട്രീയലക്ഷ്യത്തോടെ ദുരുപയോഗം ചെയ്യപ്പെട്ടതും നമ്മുടെ അനുഭവമാണ്. വലിയ ആൾക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ട ചുമതല അതാതിടങ്ങളിലെ സർക്കാരുകൾക്കും സുരക്ഷാ സംവിധാനങ്ങൾക്കുമാണ്. ഏത് ആരാധനാലയത്തിലും വെടിക്കെട്ടുൾപ്പെടെ നടത്തണമെങ്കിൽ ഈ വ്യവസ്ഥകളോടെ മാത്രമേ പൊലീസിന് അനുമതി നൽകാനും സജ്ജീകരണങ്ങൾ ഒരുക്കാനും സാധിക്കൂ. അങ്ങനെ വരുമ്പോൾ അതാത് വിശ്വാസികൾ പൊലീസിനെതിരായി തിരിയുമെന്നും ഈ സാഹചര്യം മുതലെടുക്കാമെന്നും ദുരുദ്ദേശ്യമുള്ളവരിൽ പ്രധാനികൾ കേന്ദ്ര ഭരണം നടത്തുന്ന ബിജെപി തന്നെയാണ്. ബിജെപി നേതാവാണ് സ്ഥലം എംപി കൂടിയായ കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൂരം പുതിയ രൂപത്തിൽ തടസങ്ങളൊന്നുമില്ലാതെ നടത്തുമെന്ന് പ്രഖ്യാപിച്ച ആൾ കൂടിയാണദ്ദേഹം. എന്നിട്ടും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് ബാധ്യസ്ഥരെന്ന് സ്വയം ഭാവിക്കുന്നവരിൽ നിന്നുതന്നെ ഇത്തരം സമീപനങ്ങൾ ഉണ്ടാകുന്നത് ദുരുദ്ദേശ്യപരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.