22 January 2026, Thursday

ഭരണഘടനാ സംരക്ഷണം; പ്രതീക്ഷ സുപ്രീം കോടതിയില്‍

Janayugom Webdesk
September 13, 2025 5:00 am

“നമ്മുടെ ഭരണഘടനയിൽ നമ്മൾ അഭിമാനിക്കുന്നു. അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും നേപ്പാളിലും എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.” സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് കഴിഞ്ഞദിവസം കോടതിമുറിയില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടി. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് കഴിയുമോ എന്ന വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കവെയാണ് ആഭ്യന്തര പ്രക്ഷോഭങ്ങളിൽ പൊറുതിമുട്ടുന്ന അയൽരാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം പരമോന്നത നീതിപീഠം ഊന്നിപ്പറഞ്ഞത്. കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാകട്ടെ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1975ല്‍ നടപ്പാക്കിയ അടിയന്തരാവസ്ഥയെക്കുറിച്ച് തന്റെ വാദത്തില്‍ പരാമര്‍ശിച്ച് രാഷ്ട്രീയം വ്യക്തമാക്കുകയും ചെയ്തു. 10 ദിവസത്തെ വാദത്തിനുശേഷം ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്, വിക്രം നാഥ്, പി എസ് നരസിംഹ, എ എസ് ചന്ദൂർകർ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബർ 23ന് മുമ്പ് ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കും. കേരളം, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബില്ലുകൾ ഗവർണറുടെ അനുമതിക്കായി ദീർഘകാലം കെട്ടിക്കിടക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെതിരെ തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ലെന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് കോടതി വിധിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരം രാഷ്ട്രപതിക്ക് പൊതുതാല്പര്യമുള്ള വിഷയങ്ങളിൽ സുപ്രീം കോടതിയുടെ ഉപദേശം തേടാൻ അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ അനുമതി നൽകാൻ വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വ്യക്തത തേടി രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീം കോടതിയെ സമീപിച്ചത്. കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളും, പഞ്ചാബും റ­ഫറൻസിനെ എതിർത്തപ്പോള്‍ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ അനുകൂലിച്ചുവെന്നത് വിഷയത്തിലെ നിയമപ്രശ്നത്തിലുപരി രാഷ്ട്രീയം വ്യക്തമാക്കുന്നതായി. ഓഗസ്റ്റ് 19നാണ് വിഷയത്തില്‍ സുപ്രീം കോടതി വാദം ആരംഭിച്ചത്. സംസ്ഥാനങ്ങളുടെ ബില്ലുകൾ തടഞ്ഞുവയ്ക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ഭരണഘടനാ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. നിയമത്തിന്റെ ഇ­ത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്നും അങ്ങനെയെങ്കിൽ മണി ബില്ലുകൾ പോലും തടഞ്ഞുവയ്ക്കാവുന്ന സ്ഥിതിയല്ലേയെന്നും കോടതി ചോദിച്ചു. അനുച്ഛേദം 200 പ്രകാരം ഗവർണർക്ക് ബിൽ തിരിച്ചയയ്ക്കാതെ പിടിച്ചുവയ്ക്കാന്‍ അധികാരമുണ്ട്. അങ്ങനെ വ്യാഖ്യാനിക്കാമെങ്കില്‍ മണി ബിൽ പോലും ഗവർണർക്ക് ത­ടഞ്ഞുവയ്ക്കാമെന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇത് സംസ്ഥാനങ്ങളിൽ ഭരണപ്രതിസന്ധി സൃഷ്ടിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ കാലതാമസം വരുത്താതെ അംഗീകരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. എന്നാൽ, ഇതിന് വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. 

ബില്ലുകളിൽ ഗവർണർ അടയിരുന്നാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന മുന്‍ നിലപാട് ചീഫ് ജസ്റ്റിസ് ആവർത്തിച്ചുവെന്നത് ശ്രദ്ധേയമാണ്. അധികാര വിഭജനമെന്ന തത്വത്തിൽ വിശ്വസിക്കുന്നുവെന്നും ജുഡീഷ്യൽ ആക്ടിവിസം ജുഡീഷ്യൽ സാഹസമായി മാറരുതെന്നും മുന്നറിയിപ്പ് നല്‍കിയ കോടതി, ജനാധിപത്യത്തിന്റെ ഒരു ഘടകം ഉത്തരവാദിത്ത നിർവഹണത്തില്‍ പരാജയപ്പെട്ടാൽ ഭരണഘടനയുടെ സംരക്ഷകരായ കോടതി കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് പരസ്യമായി പറയുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്‌നാട് കേസിലെ വിധിയിലും കോടതി പറഞ്ഞത്, ‘ഭരണഘടനാപരമായി ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഭരണഘടനയുടെ മൂല്യങ്ങളെ അനുസരിക്കണം. പദവികൾ വഹിക്കുന്നവർ പിന്തുടരേണ്ടത് ഭരണഘടനയുടെ അന്തഃസത്തയെയാണ്; താൽക്കാലികമായ രാഷ്ട്രീയ പരിഗണനകളെയല്ല’ എന്നാണ്. ഡോ. അംബേദ്‌കറുടെ പ്രശസ്തമായ വാചകങ്ങളുള്‍പ്പെടെ ഉദ്ധരിച്ചുകൊണ്ട് ഭരണഘടനയുടെയും രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും മഹത്തായ പാരമ്പര്യത്തെക്കുറിച്ചും കോടതി വിശദീകരിച്ചു. എന്നിട്ടും ആര്‍എസ്എസ് തിട്ടൂരങ്ങളുമായി സംസ്ഥാനങ്ങളില്‍ ഭരണപ്രതിസന്ധിയുണ്ടാക്കുന്ന ഗവര്‍ണര്‍മാരുടെ നിലപാട് ശാശ്വതീകരിക്കാനായി രാഷ്ട്രപതിയെ ഉപയോഗപ്പെടുത്തി സുപ്രീം കോടതിയെ ചോദ്യം ചെയ്യിക്കുകയായിരുന്നു മോഡി ഭരണകൂടം. ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയും മുമ്പ് ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയുണ്ടാകുമെന്ന് പ്രത്യാശിക്കാം. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.