
മുപ്പതാമത് കോൺഫറൻസ് ഓഫ് പാർട്ടീസ് (സിഒപി 30) എന്നറിയപ്പെടുന്ന, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ 1992ലെ ഫ്രെയിംവർക്ക് ഉടമ്പടിയിൽ പങ്കാളികളായ 197 രാജ്യങ്ങളുടെ ഇക്കൊല്ലത്തെ സമ്മേളനം ഔപചാരികമായി ബ്രസീലിലെ ആമസോൺ നദീമുഖത്തുള്ള ബെലേം എന്ന ചെറുനഗരത്തിൽ ആരംഭിക്കും. രാഷ്ട്രങ്ങളുടെയും സർക്കാരുകളുടെയും തലവന്മാർ, ഉന്നത ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, കോർപറേറ്റ് പ്രതിനിധികൾ, ആക്ടിവിസ്റ്റുകൾ തുടങ്ങി ലോകജനസംഖ്യയുടെ ഒരു പരിച്ഛേദത്തെത്തന്നെ പ്രതിനിധീകരിക്കുന്ന, പതിനായിരങ്ങൾ പങ്കെടുക്കുന്ന ഒന്നായി സിഒപി കഴിഞ്ഞ 33 വർഷങ്ങൾകൊണ്ട് വളർന്നുകഴിഞ്ഞു. ഇന്നലെയും ഇന്നുമായി നടക്കുന്ന രാഷ്ട്ര, സർക്കാർ തലവന്മാരുടെ ഉച്ചകോടിയെ തുടർന്ന് തിങ്കളാഴ്ച ആരംഭിക്കുന്ന ഔപചാരിക സമ്മേളന നടപടികൾ നവംബർ 21 വരെയെങ്കിലും നീണ്ടുനിൽക്കും. ആഗോളതാപന ലക്ഷ്യങ്ങൾ കൈവരിക്കുന്നത് സംബന്ധിച്ച പരിപാടികൾ, അതിനായുള്ള വിഭവ സമാഹരണം, അവയുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ എന്നിവയിൽ സമവായത്തിൽ, നിശ്ചിതസമയത്തിനുള്ളിൽ, എത്തിച്ചേരാനായില്ലെങ്കിൽ നടപടിക്രമം നീണ്ടുപോകുക മുൻ കീഴ്‌വഴക്കമാണ്. പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാത്ത കടുത്ത യാഥാസ്ഥിതിക രാഷ്ട്രീയ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണ് സിഒപി 30 സമ്മേളിക്കുന്നത്. ആഗോളതാപനം വ്യാവസായിക വിപ്ലവത്തിന്റെ മുമ്പുള്ളതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം ലോകത്തിന്റെ പലഭാഗങ്ങളിലും പലകാരണങ്ങളാൽ ഭേദിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന് പ്രകൃതിദത്തമായ കാരണങ്ങൾ കണ്ടെത്താമെങ്കിലും ഏറെയും അവ മനുഷ്യനിർമ്മിതമാണ്. ജൈവഇന്ധനങ്ങളുടെ ഉപയോഗം ക്രമാനുഗതമായി പരിമിതപ്പെടുത്താൻ വികസിത, വികസ്വര സമ്പദ്ഘടനകൾ വിസമ്മതിക്കുന്നതാണ് ഇതിന് മുഖ്യ കാരണം. ജൈവഇന്ധനങ്ങൾക്ക് ലോകരാഷ്ട്രങ്ങൾ ഇപ്പോൾ നൽകിവരുന്ന ഏഴുലക്ഷം കോടിയില്പരം യുഎസ് ഡോളറിന് തുല്ല്യമായ സബ്സിഡി, സർക്കാരുകൾതന്നെ എങ്ങനെയാണ് ആഗോളതാപന ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നുവെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അന്തരീക്ഷ മലിനീകരണം, കാർബൺ പുറന്തള്ളൽ തുടങ്ങി ആഗോള താപനത്തിൽ മുന്നണിയിൽ നില്‍ക്കുന്ന യുഎസ്, ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ സമ്പദ്ഘടനകളെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖരാഷ്ട്രങ്ങളുടെ രാഷ്ട്ര/സർക്കാർ നേതാക്കൾ ബ്രസീലിൽ നടക്കുന്ന സിഒപി 30ൽ പങ്കെടുക്കുന്നില്ല എന്നത് അതിന്റെ വിജയത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമാണ്. ഒന്നാം ട്രംപ് ഭരണകൂടം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയിൽനിന്നും പിന്മാറിയിരുന്നു. ബൈഡൻ ഭരണത്തിൽ, യുഎസ് ഉടമ്പടിയിൽ തിരിച്ചെത്തിയെങ്കിലും ഇപ്പോൾ വീണ്ടും ട്രംപ് ഭരണകൂടം ഉടമ്പടിയിൽനിന്നും പിന്മാറ്റം പ്രഖ്യാപിക്കുകയും ഔദ്യോഗിക പ്രതിനിധിസംഘത്തെ ബ്രസീൽ സമ്മേളനത്തിലേക്ക് അയയ്ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. ഉക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ഇന്ത്യയടക്കം രാജ്യങ്ങൾക്കെതിരെ താരിഫ് യുദ്ധം പ്രഖ്യാപിക്കുമ്പോഴും എക്സോൺ മൊബീൽ അടക്കം അമേരിക്കൻ കമ്പനികൾക്ക് പുതിയ ഖനനകരാറുകൾ അനുവദിക്കുകയും അവർ ഉല്പാദിപ്പിക്കുന്ന ഷേല്‍ ഓയിൽ അടക്കം ജൈവഇന്ധനങ്ങൾക്കായി ലോകവിപണി കയ്യടക്കാനുള്ള ശ്രമത്തിലുമാണ് യുഎസ്. ജൈവഇന്ധനങ്ങൾ ക്രമാനുഗതമായി ഉപേക്ഷിച്ച് സുസ്ഥിര ബദൽ സ്രോതസുകളിലേക്ക് മാറുന്നതിനും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തടയുന്നതിന് നിലവിലുള്ള മഴക്കാടുകളെ സംരക്ഷിക്കുന്നതിനും ഭൂമിക്കുമേൽ ഹരിതാവരണം വ്യാപിപ്പിക്കുന്നതിനും വികസ്വര അവികസിത രാജ്യങ്ങളെ സഹായിക്കുന്നതിനും പാരിസ് ഉടമ്പടിയടക്കം കരാറുകൾ വാഗ്ദാനം നൽകുന്ന സാമ്പത്തിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സമ്പന്ന ഉത്തരഗോള രാഷ്ട്രങ്ങൾ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. കോർപറേറ്റ് ലാഭതാല്പര്യങ്ങളുടെ സംരക്ഷകരായി വർത്തിക്കുന്ന മോഡി ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങളും പ്രവൃത്തിയും ആഗോളതാപന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തെല്ലും വ്യത്യസ്‍തമല്ല. ലോകമെമ്പാടുമുള്ള ഊർജ ഉല്പാദന, വ്യാപാര കുത്തകകളിൽനിന്നും ഒട്ടും ഭിന്നമല്ല ഈ രംഗത്തെ ഇന്ത്യൻ കോർപറേറ്റ് കുത്തകകളും. അഡാനിമാരും അംബാനിമാരും അവരുടെ ലാഭതാല്പര്യങ്ങളുമാണ് മോഡി ഭരണകൂടത്തിന്റെ ഈ രംഗത്തെ നയസമീപനങ്ങളെ നിർണയിക്കുന്നത്. കൽക്കരി അധിഷ്ഠിത ഊർജ ഉല്പാദനത്തിന്റെയും വ്യാപാരത്തിന്റെയും കുത്തക കയ്യാളുന്ന അഡാനിമാർ തന്നെയാണ് ഇന്ത്യയുടെ സൗരോർജ വ്യവസായത്തിന്റെയും അധിപന്മാർ. അതുനൽകുന്ന സന്ദേശം ഒരിക്കലും ആഗോളതാപന ലക്ഷ്യങ്ങൾക്ക് അനുകൂലമാവില്ല എന്നത് വ്യക്തം.
ബ്രസീലിൽ ആരംഭിച്ച സിഒപി 30 മുന്നോട്ടുവയ്ക്കുന്ന ഏറ്റവും ശ്രദ്ധേയമായ ആഗോളതാപന പ്രതിരോധ പദ്ധതികളിൽ ഒന്നാണ് ആമസോണടക്കം ലോകത്തെ മഴക്കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള ‘നിതാന്ത മഴക്കാട് വ്യവസ്ഥ’ എന്ന് പരിഭാഷപ്പെടുത്താവുന്ന ‘ട്രോപ്പിക്കൽ ഫോറസ്റ്റ് ഫോറെവർ ഫെസിലിറ്റി’ (ടിഎഫ്എഫ്എഫ്). നാശോന്മുഖമായ മഴക്കാടുകളുടെ സംരക്ഷണത്തിനായുള്ള ബഹുമുഖ നിധി സമാഹരണമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. വിഭവങ്ങൾക്കും ലാഭത്തിനുംവേണ്ടിയുള്ള പരക്കംപാച്ചിലും വർധിച്ചുവരുന്ന ദാരിദ്ര്യം, പട്ടിണി, തൊഴിൽരാഹിത്യം എന്നിവ വനങ്ങളുടെയും വിശിഷ്യ, മഴക്കാടുകളുടെ, കയ്യേറ്റത്തിനും നശീകരണത്തിനും കാരണമാകുന്നു. അത് തടയണമെങ്കിൽ വനങ്ങളിൽ ജീവിക്കുകയും വനവിഭവങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഗോത്രജനതകളുടെ സംരക്ഷണം അനിവാര്യമാണ്. കോർപറേറ്റ് ലാഭക്കൊതിയുടെ ഇരകളായി മാറുന്ന ഈ ജനതകളെ വനസംരക്ഷകരായി മാറ്റുകയെന്ന ദൗത്യം ഏറ്റെടുക്കാൻ ദക്ഷിണഗോളത്തിലെ രാഷ്ട്രങ്ങളെ പ്രാപ്തരാക്കാൻ വരുന്ന മൂന്നുവർഷത്തേക്ക് ആമസോൺ മഴക്കാടുകളുടെ സിംഹഭാഗത്തേയും ഉൾകൊള്ളുന്ന ബ്രസീലിനുമാത്രം 12,500 കോടി ഡോളർ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. അതുവഴി ലോകത്തിന്റെ ശ്വാസകോശമായി കണക്കാക്കപ്പെടുന്ന ആമസോൺ മഴക്കാടുകളെ സർവനാശത്തിൽനിന്നും രക്ഷിക്കാനായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിലേക്ക് ഇതിനകം നോർവേ, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങൾ 1000 കോടി ഡോളർ വാഗ്ദാനം നൽകിക്കഴിഞ്ഞു. ഈ പ്രതികരണം എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നില്ലെന്നും ഇരുൾമൂടിയ ചക്രവാളത്തിൽ പ്രതീക്ഷയുടെ വെള്ളിരേഖകൾ ഇനിയും അവശേഷിക്കുന്നുവെന്നുമുള്ള സൂചനയാണ് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.