പാലക്കാട് മണ്ണാര്‍ക്കാട്ടെ പാലക്കയം വില്ലേജ് ഓഫിസില്‍ ജോലി ചെയ്യുന്ന വി സുരേഷ് കുമാര്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായതോടെ ഉദ്യോഗസ്ഥതല അഴിമതി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. 2,500 രൂപ കോഴ വാങ്ങിയ കേസിലാണ് പിടിയിലായതെങ്കിലും തുടര്‍ന്ന് സുരേഷിന്റെ താമസ സ്ഥലം പരിശോധിച്ച വിജിലന്‍സ് സംഘം ഞെട്ടിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയത്. നോട്ടുകെട്ടുകള്‍, നാണയങ്ങള്‍, നിക്ഷേപത്തിന്റെ രേഖകള്‍, അത്ഭുതപ്പെടുത്തുന്നത്രയും വസ്തുക്കളുടെ ശേഖരം എന്നിവയൊക്കെയാണ് ലഭിച്ചത്. സുരേഷ് കുമാര്‍ പിടിയിലായതോടെ നേരത്തെയും കോഴ നല്കേണ്ടിവന്ന നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തിനും ഏതിനും കോഴയെന്നതാണ് രീതിയെന്നാണ് പ്രസ്തുത പരാതികളില്‍ നിന്ന് വ്യക്തമാകുന്നത്. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച താലൂക്ക്തല അദാലത്തിനിടെയാണ് സുരേഷ് കുമാര്‍ പിടിയിലായത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനമാകെ അഴിമതി നിറഞ്ഞിരിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണമാണ് ഇതിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ നടത്തുന്നത്.
കൃത്യനിഷ്ഠ, ജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനം ഉറപ്പുവരുത്തുക, അഴിമതി ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് വലിയ പരിഗണന നല്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഓഫിസുകളെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ഓഫിസില്‍ നേരിട്ടെത്താതെ കാര്യങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ മിക്കവാറും എല്ലാ വകുപ്പുകളിലും ആരംഭിച്ചിട്ടുണ്ട്. വില്ലേജ്, പഞ്ചായത്ത് ഓഫിസുകള്‍ പോലെ ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പല സേവനങ്ങളും ഇത്തരത്തില്‍ സാങ്കേതികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി ഒരു കാര്യത്തിന് പലതവണ ഓഫിസില്‍ നേരിട്ടെത്തേണ്ട സാഹചര്യവും കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം അഴിമതിയും സേവനലഭ്യതയിലെ കാലതാമസവും ഇല്ലാതാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ്. കൂടാതെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കയ്യോടെ പിടിക്കുന്നതിനുള്ള നിരവധി പരിശോധനകള്‍ പൊലീസ് വിജിലന്‍സിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇതിനുപുറമേ ലഭ്യമാകുന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടികളും വിജിലന്‍സിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. വിവിധ പരിശോധനകളും നിയന്ത്രണങ്ങളും അതാത് വകുപ്പുതലത്തിലും നടക്കാറുണ്ട്.
അതേസമയം എന്തു മുന്നറിയിപ്പുകളും നടപടികള്‍ ഉണ്ടാകുമെന്ന സാഹചര്യങ്ങളുമുണ്ടായാലും ദുഷിച്ചമനസുള്ള ഒരുകൂട്ടം ജീവനക്കാര്‍ നമ്മുടെ സര്‍ക്കാര്‍ മേഖലയിലുണ്ടെന്നതിന്റെ ഉദാഹരണമാണ് പാലക്കയത്തു നിന്ന് പിടിയിലായ സുരേഷ് കുമാര്‍. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ഒറ്റയും തെറ്റയുമായി എല്ലാ വകുപ്പുകളിലും ഇത്തരം ജീവനക്കാരെ കാണാവുന്നതുമാണ്. അതേസമയം ഇപ്പോഴത്തെ സംഭവത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ ആകെയും റവന്യു വകുപ്പിനെ പ്രത്യേകമായും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ സംശയകരമാണ്. സര്‍ക്കാര്‍ സംവിധാനമാകെ കുറ്റമറ്റതാണെന്ന് ആര്‍ക്കും അഭിപ്രായമുണ്ടാകില്ല. ഇപ്പോഴത്തെ സംഭവം പുറത്തുവന്നപ്പോള്‍ ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങളില്‍ പോലും അങ്ങനെയൊരു അവകാശവാദമില്ല. പക്ഷേ എല്ലാവരും ഒരുപോലെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള സാമാന്യവല്‍ക്കരണശ്രമം അപലപനീയമാണ്. ഒരുരൂപ കൈക്കൂലി വാങ്ങാതെയും കൃത്യനിഷ്ഠയോടെ ജോലിചെയ്തും സര്‍ക്കാര്‍ ശമ്പളം മാത്രം പറ്റി ജീവിക്കുന്നവരാണ് മഹാഭൂരിപക്ഷവും. അത്തരം ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും അഴിമതിക്കാരെ പൂര്‍ണമായി ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പ്രധാന പരിഹാര മാര്‍ഗം. പൊതുജനങ്ങള്‍ കോഴ നല്കില്ലെന്ന് തീരുമാനിച്ചാല്‍ മാത്രം അവസാനിപ്പിക്കാവുന്നതല്ല ഒരുവിഭാഗം ജീവനക്കാര്‍ക്കിടയിലെ അഴിമതി. പാലക്കയം തന്നെ ഉദാഹരണമായെടുക്കാം. തന്റെ അധികാര പരിധിയില്‍പ്പെടാത്ത കാര്യംപോലും കോഴവാങ്ങി സുരേഷ് ചെയ്തുകൊടുത്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതിനര്‍ത്ഥം മറ്റുചില ജീവനക്കാര്‍ ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുകയോ മൗനാനുവാദം നല്കുകയോ ചെയ്തുവെന്നാണ്. സുരേഷ് വാങ്ങിയതിന്റെ പങ്ക് പറ്റിയവരുമുണ്ടാകാം. അതുകൊണ്ട് ആദ്യ ശുചീകരണ പ്രക്രിയ ഉണ്ടാകേണ്ടത് ജീവനക്കാരില്‍ നിന്നുകൂടിയാണ്. സംഘടനകള്‍ക്കും വലിയ പങ്ക് വഹിക്കുവാനുണ്ട്. കാര്യസാധ്യത്തിനെത്തുന്ന പൊതുജനങ്ങള്‍ക്കുമാത്രമല്ല, സത്യസന്ധരാണെങ്കില്‍ സഹപ്രവര്‍ത്തകര്‍ക്കും തങ്ങളുടെ ഓഫിസിലെ അഴിമതിക്കാര്‍ക്കെതിരെ പരാതിപ്പെടാനും മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും അവസരമുണ്ട്. ആരും അതിന് മുതിരുന്നില്ല. നിലവിലുള്ള നിയമമനുസരിച്ച് അഴിമതിക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതിനുള്ള സംവിധാനമില്ല. സസ്പെന്‍ഷന്‍ പോലും ശിക്ഷയല്ല, സൗകര്യമായാണ് മാറുന്നത്. വിജിലന്‍സ് പിടികൂടി കേസെടുത്തുകഴിഞ്ഞ് വിചാരണ തീരുന്നതുവരെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതാണ് സ്ഥിതി. അതുകൊണ്ട് അഴിമതിക്കാരെ ഉടന്‍ പുറത്താക്കുന്ന വിധത്തിലുള്ള കര്‍ശന ശിക്ഷാനടപടികള്‍ ലഭിക്കുന്ന രീതിയില്‍ നിയമങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.