കേരള നിയമസഭ പ്രക്ഷുബ്ധമായ ഒട്ടനവധി സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭരണ പ്രതിപക്ഷാംഗങ്ങള്‍ പരസ്പരം പോര്‍വിളികളും മറ്റും കക്ഷികളോ മുന്നണികളോ വ്യത്യാസമില്ലാതെ ഉണ്ടായിട്ടുമുണ്ട്. സഭയ്ക്കകത്തു നടക്കുന്ന പ്രതിഷേധത്തിന്റെയോ പ്രക്ഷുബ്ധാവസ്ഥയുടെയോ തുടര്‍ച്ചയായി സഭാകവാടത്തിലും സഭാമന്ദിരത്തിന് പുറത്തും പ്രകടനങ്ങളും മറ്റും നടക്കാറുമുണ്ട്. എന്നാല്‍ സഭയില്‍ നിന്ന് ഇന്നലെ പുറത്തിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയെന്ന അസാധാരണമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്. സഭയുടെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി ചോദ്യോത്തരവേളയ്ക്കു ശേഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുകയെന്നത് പതിവാണ്. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് അനുവദിക്കാനും തള്ളാനും സ്പീക്കര്‍ക്ക് അവകാശമുണ്ട്. പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്കിയ അംഗത്തിന് വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് സംസാരിക്കാനും ബന്ധപ്പെട്ട മന്ത്രി മറുപടി നല്കുന്നതിനനുസരിച്ച് സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിക്കാനുമുള്ള അധികാരവും സ്പീക്കറില്‍ നിക്ഷിപ്തമാണ്. മറുപടിക്കു ശേഷം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ അതിനോട് വിയോജിച്ച് സഭ വിട്ടുപോകുന്നതിന് മുന്നോടിയായി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്ക് സംസാരിക്കുവാന്‍ അവസരം നല്കും. തുടര്‍ന്ന് സഭ നടപടികളിലേക്ക് കടക്കും. ശ്രദ്ധ ക്ഷണിക്കല്‍, ഉപക്ഷേപം എന്നിവയാണ് പിന്നീട് പരിഗണിക്കുക. സഭ വിട്ടുപോയാലും തങ്ങളുടെ ഊഴമനുസരിച്ച് പ്രതിപക്ഷാംഗങ്ങള്‍ തിരികെയെത്തി ശ്രദ്ധ ക്ഷണിക്കല്‍, ഉപക്ഷേപങ്ങള്‍ എന്നിവ അവതരിപ്പിക്കുകയും മന്ത്രിമാരുടെ മറുപടികള്‍ ശ്രവിക്കുകയും ചെയ്യും. തങ്ങളുടെ മണ്ഡലത്തിലെയോ സംസ്ഥാനത്തെ ആകെയോ ബാധിക്കുന്ന വിഷയങ്ങളാണ് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയങ്ങളും ഉപക്ഷേപങ്ങളുമായി ഉന്നയിക്കാറുള്ളത്. എന്നതുകൊണ്ടുതന്നെ ബന്ധപ്പെട്ട പ്രതിപക്ഷാംഗങ്ങളും ഈ നടപടിക്രമങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നതാണ് പതിവ്. എന്നാല്‍ ഇപ്പോഴത്തെ പ്രതിപക്ഷം കുറച്ചു ദിവസങ്ങളായി തങ്ങളെ തെരഞ്ഞെടുത്തയച്ച ജനങ്ങളോടുള്ള പ്രതിബദ്ധത പോലും മറന്ന്, സഭയ്ക്കകത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുന്നതിന് ശ്രമിക്കുന്നുണ്ട്.
അതിന്റെ തുടര്‍ച്ചയായി തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇന്നലെ കേരള നിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ സൃഷ്ടിച്ചത്. സ്പീക്കറുടെ മുഖം കാണാനാവാത്ത വിധത്തില്‍ ബാനര്‍ ഉയര്‍ത്തിപ്പിടിക്കുക, ഭരണപക്ഷാംഗങ്ങളെ പ്രകോപിപ്പിക്കുകയും അവരോട് ആവശ്യമില്ലാതെ ആക്രോശിക്കുകയും ചെയ്യുക എന്നിങ്ങനെ സമീപനങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായി. അതുകൊണ്ടാന്നും സംഘര്‍ഷാവസ്ഥ ഉണ്ടാകുന്നില്ലെന്ന് വന്നപ്പോള്‍ പുറത്തിറങ്ങി സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുകയെന്ന സമരരീതി സ്വീകരിക്കുകയായിരുന്നു. അടിയന്തര പ്രമേയത്തിന് സ്വീകരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യമനുസരിച്ചാണ് അവതരണാനുമതി തേടാന്‍ സ്പീക്കര്‍ അനുവദിക്കാറുള്ളത്. ഇന്നലെ ഉന്നയിക്കുവാന്‍ ശ്രമിച്ച വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്നതുകൊണ്ട് ആദ്യ സബ്മിഷനായി അനുവദിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചതുമാണ്. എന്നാല്‍ ഓഫിസിന് മുന്നിലേയ്ക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തുകയായിരുന്നു. അത്തരം ഘട്ടത്തില്‍ സ്പീക്കര്‍ക്ക് സംരക്ഷണം തീര്‍ക്കുകയെന്നത് വാച്ച് ആന്റ് വാര്‍ഡിന്റെ ഉത്തരവാദിത്തമാണ്.
അതനുസരിച്ച് അവര്‍ സ്പീക്കറുടെ വാതിലിനു മുന്നില്‍ അണിനിരന്നപ്പോള്‍ അവരെ പിച്ചിയും മാന്തിയും പ്രകോപനം സൃഷ്ടിക്കുന്നത്, പ്രതിപക്ഷം തന്നെ പകര്‍ത്തി പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ മതിലുപോലെ സുരക്ഷാ വലയം സൃഷ്ടിക്കുന്നതിനിടെ വാച്ച് ആന്റ് വാര്‍ഡിന് പരിക്കേല്ക്കുന്ന സാഹചര്യം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇന്നലെ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയും അവരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. എന്നാല്‍ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്തെന്നാരോപിച്ച് ചില പ്രതിപക്ഷാംഗങ്ങള്‍ ചികിത്സ തേടുകയും ചെയ്തു. അഞ്ച് വനിതകള്‍ ഉള്‍പ്പെടെ വാച്ച് ആന്റ് വാർഡന്മാർക്ക് സാരമായി പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്ന ചില ഭരണ പക്ഷാംഗങ്ങള്‍ കയ്യേറ്റശ്രമം നടത്തിയെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് മുന്നിലും സഭയിലും അമ്പേ പരാജയപ്പെടുന്ന പ്രതിപക്ഷം ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച് സഭയ്ക്കകത്ത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടാക്കുന്നതിന് ശ്രമം നടത്തുന്നുവോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇന്നലെയുണ്ടായത്. അസാധാരണമായ ഒരു സമരമാണ് സ്പീക്കറുടെ ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തുകയെന്നത്. ഒരു സമരരീതിയെന്ന നിലയില്‍ അംഗീകരിച്ചാല്‍ പോലും അതിലവസാനിപ്പിച്ചില്ല പ്രതിപക്ഷം. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ തടസം സൃഷ്ടിച്ചപ്പോഴാണ് വാച്ച് ആന്റ് വാര്‍ഡ് സുരക്ഷാ വലയം തീര്‍ത്തത്. അപ്പോള്‍ അവരോട് പ്രകോപനപൂര്‍വം പെരുമാറുകയും ചെയ്തു. പ്രതിഷേധമുയര്‍ത്താനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നതുപോലെ സഭാനടപടികളില്‍ കീഴ്‌വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അവകാശം സ്പീക്കര്‍ക്കുള്ളതാണ്. അത് അംഗീകരിക്കാതെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാനുള്ള നീക്കം അപലപനീയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.