21 January 2026, Wednesday

ദളിത് അതിക്രമങ്ങൾ: നീതിന്യായ സംവിധാനം ഇടപെടണം

Janayugom Webdesk
October 24, 2025 5:00 am

രാജ്യത്ത് ദളിതർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നുവെന്നത് ബിജെപിക്കാരും സംഘ്പരിവാറുകാരുമൊഴികെ എല്ലാവരെയും വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്. അതിന് ഉപോൽബലകമായ സംഭവങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഉത്തർപ്രദേശിലെ ലഖ്നൗ, മധ്യപ്രദേശിലെ ഭിന്ദ് എന്നിവിടങ്ങളിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ദളിത് അതിക്രമങ്ങളുടെ വാർത്തകളെത്തിയത്. ദീപാവലി ദിനം യുപിയുടെ തലസ്ഥാനമായ ലഖ്നൗവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ക്ഷേത്രത്തിന് സമീപം പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്നാരോപിച്ച് 60 വയസുള്ള ദളിത് പുരുഷനെ നിർബന്ധിച്ച് നിലം നക്കിവൃത്തിയാക്കിച്ചതാണ് ആദ്യ സംഭവം. കകോരിയിലെ ശീതളമാതാ ക്ഷേത്രത്തിലെത്തിയ രാംപാലാണ് അതിക്രമത്തിനിരയായത്. വെള്ളം കുടിച്ചശേഷം ക്ഷേത്ര പരിസരത്തെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം മർദിക്കുകയും പരിസരം നക്കി വൃത്തിയാക്കുന്നതിന് നിർബന്ധിക്കുകയുമായിരുന്നു. കുടിക്കുന്നതിനിടയിൽ പുറത്ത് തൂവിയ വെള്ളം മൂത്രമൊഴിച്ചതാണെന്നായിരുന്നു പ്രതികളുടെ ആരോപണം. രാംപാൽ നിഷേധിച്ചുവെങ്കിലും പമ്മു എന്നറിയപ്പെടുന്ന സാമി കാന്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം നക്കിത്തുടച്ച് വൃത്തിയാക്കുന്നതിന് നിർബന്ധിക്കുകയായിരുന്നു. പ്രധാന പ്രതി ആർഎസ്എസ് പ്രവർത്തകനാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് 25 വയസുള്ള ദളിത് തൊഴിലാളിയെ മുൻ തൊഴിലുടമയും രണ്ടുപേരും ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് മൂത്രം കുടിപ്പിച്ചത്. സോനു ബറുവ, അലോക് ശർമ്മ, ഛോട്ടു ഓജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം നടന്നത്. ബറുവയുടെ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ദളിത് യുവാവ് പ്രസ്തുത ജോലി ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷം തൊഴിലാളിയുടെ വീട്ടിലെത്തിയ സംഘം ഭിന്ദിലേക്ക് തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് അടിക്കുകയും ഒരു കുപ്പിയിൽ നിന്ന് മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ഇര മാധ്യമപ്രവർത്തകരോട് പറഞ്ഞിരിക്കുന്നത്. 2023 ഏപ്രിലിൽ മധ്യപ്രദേശിലെ തന്നെ സിദ്ധിൽ ബിജെപി എംഎൽഎയുടെ പ്രതിനിധി ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം വിവാദമായിരുന്നു. വൻ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് ഈ സംഭവത്തിൽ പൊലീസ് കേസെടുക്കുന്നതിന് സന്നദ്ധമായത്. 

ഈ വിധത്തിൽ ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. ഈ വർഷം ആദ്യം, കട്നിയിൽ അനധികൃത ഖനനത്തെ എതിർത്ത ഒരു ദളിത് യുവാവിനെ മർദിച്ചു, ഉജ്ജയിനിൽ മറ്റൊരാളെ മർദിക്കുകയും മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ മാസം ആദ്യമാണ് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ 37കാരനെ മോഷ്ടാവെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത്. പ്രദേശത്ത് മോഷണം പതിവായിരിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെ രാത്രി കണ്ടെത്തിയ ദളിത് പുരുഷനെ മോഷ്ടിച്ചുവെന്നാരോപിച്ച് ആക്രമിച്ച് പരിക്കേല്പിക്കുകയായിരുന്നു. മാനസിക വൈകല്യമുള്ള ഇയാളെ പിന്നീട് റെയിൽവേ ട്രാക്കിന് സമീപം മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കേസിൽ വലിയ പ്രതിഷേധമുയർന്നതിനെ തുടർന്ന് കുറ്റാരോപിതർക്കെതിരെ കേസെടുത്തുവെങ്കിലും അവരെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനെതിരെ വൻ രോഷമുണ്ടായപ്പോൾ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്യേണ്ടിവന്നിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ വർധിക്കുന്നുവെന്നത് അവരുടെ ദളിത് വിരുദ്ധതയും സവർണാഭിമുഖ്യവുമാണ് തെളിയിക്കുന്നത്. ഏറ്റവുമൊടുവിൽ പുറത്തുവന്ന ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) യുടെ കണക്കുകൾ ഇത് സ്ഥിരീകരിക്കുന്നുണ്ട്. 2022ൽ ദേശീയതലത്തിൽ, ദളിത് വിഭാഗക്കാർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 12,960 ആയി ഉയർന്നതായാണ് എൻസിആർബി റിപ്പോർട്ട്. 2021ൽ അത് 10, 064 ആയിരുന്നു. പട്ടികജാതിക്കാർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ 2022ലെ 57,582 കേസുകളിൽ നിന്ന് 2023 ൽ 57,789 ആയി വർധിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം വർധനയുള്ളതെന്നും റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. കുറ്റങ്ങൾ നടക്കുമ്പോൾ യഥാസമയം കേസെടുക്കാതിരിക്കുകയും വൻ പ്രതിഷേധങ്ങൾക്കൊടുവിൽ കേസെടുത്താൽ കൃത്യമായ തുടർനടപടികൾ കൈക്കൊള്ളാതിരിക്കുന്നതും സംഭവങ്ങൾ ആവർത്തിക്കുന്നതിനും വർധിക്കുന്നതിനും കാരണമാകുന്നു. 2020ലെ ചില കണക്കുകൾ പരിശോധിച്ചാൽ അത് ബോധ്യമാകുന്നതാണ്. ഉത്തർപ്രദേശിൽ ആകെ 12,714 കേസുകളുണ്ടായപ്പോൾ നാലിലൊന്നിൽ മാത്രമാണ് ശിക്ഷയുണ്ടായത്. ഹരിയാനയിൽ 1210ൽ 12 കേസുകളിലും മധ്യപ്രദേശ് 6,899ൽ 791, മഹാരാഷ്ട്രയിൽ 2,569ൽ 87, ഒഡിഷയിൽ 2046ൽ അ‍ഞ്ച്, രാജസ്ഥാനിൽ 7,017ൽ 886 എന്നിങ്ങനെ കേസുകളിലുമാണ് ശിക്ഷയുണ്ടായത്. കേസും ശിക്ഷയും തമ്മിലുള്ള ഈ വൻ അന്തരം ദളിതർക്കെതിരെ അതിക്രമങ്ങൾ നടത്തിയാൽ ഒന്നും സംഭവിക്കാനില്ലെന്ന തോന്നലുണ്ടാക്കുന്നതിന് സഹായകമാണ്. അതുകൊണ്ട് ദളിതർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് നീതിന്യായ സംവിധാനത്തിന്റെ മുൻകയ്യിലുള്ള സുശക്തമായ നടപടികൾ ആവശ്യമാണെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.