8 January 2025, Wednesday
KSFE Galaxy Chits Banner 2

ഡിസിസി ട്രഷററുടെ ആത്മഹത്യ കൊലപാതകവും നിയമനക്കോഴയും

Janayugom Webdesk
January 8, 2025 5:00 am

വയനാട് ജില്ലാ കോൺഗ്രസ് ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്തതിന് പിന്നാലെ ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെ നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ബാങ്ക് നിയമനത്തിൽ നടന്ന കോഴ ഉൾപ്പെടെയാണ് ആരോപിക്കപ്പെട്ടത്. വിഷം കഴിച്ച് അവശനിലയിൽ വീട്ടിൽ കണ്ടെത്തിയ വിജയനെയും മകനെയും ആശുപത്രിയിലാക്കി, ചികിത്സയ്ക്കിടെ 27ന് മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. ശാരീരിക പ്രയാസം നേരിടുന്ന മകൻ ജിജേഷിന് വിഷം നൽകിയ ശേഷം വിജയനും ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് ആത്മഹത്യ പരപ്രേരണയാലാണെന്നും കോൺഗ്രസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും പ്രതിപക്ഷത്തുനിന്നു മാത്രമല്ല കോൺഗ്രസിനകത്തുനിന്നും പരാതി ഉയർന്നു. അവയെല്ലാം കേവലം രാഷ്ട്രീയ ആരോപണങ്ങളെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു എംഎൽഎ ഉൾപ്പെടെയുള്ളവർ. എല്ലാ ആരോപണങ്ങളും ശരിയായിരുന്നുവെന്ന് മാത്രമല്ല ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചില കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിജയൻ എഴുതി വീട്ടുകാരെ ഏല്പിച്ച കത്ത് സംശയരഹിതമായി വെളിപ്പെടുത്തുന്നത്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, സ്ഥലം എംപി പ്രിയങ്കാ ഗാന്ധി, മുൻ വയനാട് പ്രതിനിധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എന്നിവർക്കും തനിക്കും നൽകിയ കത്തുകളാണ് മകൻ വിജേഷ് പുറത്തുവിട്ടിരിക്കുന്നത്. 

ഇത്തരം കത്തുകളെക്കുറിച്ച് ആദ്യമേ തന്നെ സൂചനകളുണ്ടായിരുന്നു. ആ ഘട്ടത്തിൽ അക്കാര്യം നിഷേധിക്കുകയായിരുന്നു നേതാക്കൾ ചെയ്തത്. എന്നാൽ കത്ത് പുറത്തുവന്നപ്പോൾ കയ്യക്ഷരം ശാസ്ത്രീയമായി പരിശോധിക്കണമെന്ന വിചിത്ര ആവശ്യം ഉന്നയിക്കുകയാണ് ഐ സി ബാലകൃഷ്ണൻ. അതേസമയം കത്ത് ലഭിച്ചതായി കെപിസിസി പ്രസിഡന്റ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ദീർഘകാലമായി കോൺഗ്രസ് നേതൃരംഗത്ത് പ്രവർത്തിക്കുന്ന വിജയൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമുൾപ്പെടെ വഹിച്ച വ്യക്തിയാണ്. അങ്ങനെയൊരാൾ ആത്മഹത്യ ചെയ്തപ്പോൾ ഉന്നയിക്കപ്പെട്ട സംശയങ്ങളെല്ലാം ശരിവയ്ക്കുകയാണ് പുറത്തുവന്നിരിക്കുന്ന കത്ത്. കൃത്യമായ കോഴക്കണക്കുകളാണ് കത്തിലുള്ളത്. ഐ സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവരുടെ പേരുകൾ എടുത്തുപറയുന്നുമുണ്ട്. നേതാക്കൾ നടത്തിയ വെട്ടിപ്പുകളെയും പണം പങ്കുവയ്പുകളെയും കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്ന കത്തിൽ തനിക്കുണ്ടായ വൻ സാമ്പത്തിക ബാധ്യതകളും വിശദീകരിക്കുന്നു. അത് പരിഹരിക്കുന്നതിന് സാധിക്കില്ലെന്ന ഭീതിയാണ് ആത്മഹത്യാ കാരണമെന്നാണ് കത്തിലൂടെ വെളിപ്പെടുന്നത്. ബത്തേരി അർബൻ ബാങ്കിലെ നിയമനത്തട്ടിപ്പിൽ നേതാക്കൾ പണം പങ്കുവച്ചു, പല നേതാക്കളും പണം വാങ്ങി, ബാങ്ക് ഭരണം പിടിച്ചെടുക്കുന്നതിന് നിയമനക്കോഴയിലൂടെ പണം സമാഹരിച്ചു, നിയമനം റദ്ദാക്കപ്പെട്ടപ്പോൾ അത് തിരിച്ചുകൊടുക്കാനാകാത്ത സ്ഥിതിയുണ്ടായി, എൻ ഡി അപ്പച്ചൻ വാങ്ങിയ 10 ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടി വന്നു എന്നിങ്ങനെ വിഭ്രമാത്മക നോവലിലെ ഉള്ളടക്കം പോലെയുള്ള വിവരങ്ങളാണ് കത്തിൽ അടങ്ങിയിരിക്കുന്നത്.
അടിയുറച്ച കോൺഗ്രസുകാരനായ വിജയന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മകനിലൂടെ നൽകിയ കത്തിന് കടലാസ് വില പോലും കല്പിക്കാത്ത കോൺഗ്രസ് നേതാക്കളുടെ മനുഷ്യത്വരഹിതമായ സമീപനത്തെക്കുറിച്ചും മകൻ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്.

നേതാക്കൾക്ക് കത്ത് നൽകി നടപടിയുണ്ടാകുന്നില്ലെങ്കിൽ മാത്രമേ പുറത്തു പറയാൻ പാടുള്ളൂ എന്ന വിജയന്റെ വികാരം കോൺഗ്രസിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. അതുകൊണ്ടുതന്നെ വെറുമൊരു ആത്മഹത്യ എന്നതിനപ്പുറം മാനങ്ങളുള്ള ഒന്നാണ് വിജയന്റെയും മകന്റെയും മരണം. ആത്മഹത്യാ പ്രേരണ മാത്രമല്ല നിയമനത്തട്ടിപ്പ്, കോഴ വാങ്ങൽ എന്നിങ്ങനെ കുറ്റകൃത്യങ്ങളാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇതിനകംതന്നെ പൊലീസും വിജിലൻസും ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്ത് കൂടി പുറത്തുവന്നിരിക്കുന്നതിനാൽ അന്വേഷണം വിപുലമാക്കുകയും എംഎൽഎ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യണം. ആത്മഹത്യാപ്രേരണയിലും നിയമനങ്ങളുമായി ബന്ധപ്പെട്ട കോഴയിലും വ്യക്തമായ തെളിവുകളാണ് കത്തുകൾ. കൂടാതെ അനധികൃത നിയമനം, സ്വത്തുസമ്പാദനം എന്നീ കുറ്റകൃത്യങ്ങളും കത്തിലെ ആരോപണങ്ങളിലൂടെ തെളിയുകയാണ്. സമീപകാലത്ത് നടന്ന മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ സംസാരിക്കുന്ന തെളിവുകളാണ് വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. അന്ന് അതിനെ ആഘോഷിച്ച മാധ്യമങ്ങളും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷവും ഈ സംഭവത്തിൽ സ്വീകരിക്കുന്ന വിരുദ്ധ സമീപനം സംശയം വർധിപ്പിക്കുകയാണ്. അതുകൊണ്ട് ഇത് ഒരു കൊലപാതക, കോഴക്കേസായി പരിഗണിച്ച് സമഗ്ര അന്വേഷണവും നടപടികളുമുണ്ടാകേണ്ടത് മരിച്ചുപോയവരോടുള്ള ആദരവ് കൂടിയാണ്. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.