22 January 2026, Thursday

രാഷ്ട്ര തലസ്ഥാനമെന്ന മരണക്കെണി

Janayugom Webdesk
November 13, 2025 5:00 am

കഴിഞ്ഞ 30 വർഷക്കാലത്തെ തീവ്ര കാലാവസ്ഥ ദുരന്തബാധിത രാഷ്ടങ്ങളുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഒമ്പതാമതാണെന്ന് കഴിഞ്ഞദിവസം ‘ജർമ്മൻവാച്ചെ‘ന്ന സ്വതന്ത്ര വികസന, പാരിസ്ഥിതിക, മനുഷ്യവകാശ സംഘടന കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ബ്രസീലിലെ ബേലെം നഗരത്തിൽ പുറത്തിറക്കിയ കാലാവസ്ഥാ അപായസൂചിക പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രത്യാഘാതങ്ങളെയാണ് പ്രസ്തുത റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതിൽ മനുഷ്യന്റെ പങ്ക് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല. ഇന്ത്യയുടെ തലസ്ഥാന നഗരി വർഷങ്ങളായി നേരിട്ടുവരുന്ന പ്രാണവായുവിന്റെ തീവ്ര മലിനീകരണത്തിൽ മനുഷ്യരുടെ പങ്കും അത് നേരിടുന്നതിൽ ഭരണകൂടത്തിന്റെ അക്ഷന്തവ്യമായ പരാജയവും ദേശീയ തലസ്ഥാന മേഖലയിൽ മനുഷ്യജീവിതം അസാധ്യമാകുംവിധം വഷളായിരിക്കുന്നു. അതിനെതിരെ പ്രതിഷേധിക്കുന്നതിന് ഇക്കഴിഞ്ഞ ഞായറാഴ്ച രാഷ്ട്രഭരണത്തിന്റെ സിരാകേന്ദ്രം സ്ഥിതിചെയ്യുന്ന ‘കർത്തവ്യപഥി‘ൽ തടിച്ചുകൂടിയ അമ്മമാരും കുഞ്ഞുങ്ങളും മുതിർന്ന പൗരന്മാരും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് തലസ്ഥാനനിവാസികളെ പൊലീസ് നിയമലംഘകരെന്നപോലെ ബലംപ്രയോഗിച്ച് നീക്കംചെയ്യുകയായിരുന്നു. തലസ്ഥാന മേഖല മരണക്കെണിയായി മാറിയതിന്റെ കാര്യകാരണങ്ങളെപ്പറ്റിയോ പരിഹാരമാർഗങ്ങളെപ്പറ്റിയോ യാതൊരു വിശദീകരണംപോലും നൽകാൻ ഡൽഹി സർക്കാരോ ‘ഡബിൾ എന്‍ജിൻ’ സർക്കാരിനെപ്പറ്റി ഊറ്റംകൊള്ളുന്ന മോഡി ഭരണകൂടമോ മുന്നോട്ടുവന്നിട്ടില്ല. സംസ്ഥാന സർക്കാരിന്റെ എല്ലാ അവകാശങ്ങളും കയ്യാളുകയും ‘വിശ്വഗുരു’ ചമയുകയും ചെയ്യുന്ന മോഡി ഭരണകൂടത്തിന്റെ അപമാനകരമായ ഭരണപരാജയത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് പൗരന്മാരെ സാവധാനം കൊല്ലാക്കൊലചെയ്യുന്ന ഗ്യാസ്ചേംബറായി മാറിയിരിക്കുന്ന ഡൽഹി നഗരവും തലസ്ഥാന മേഖലയും. ലോകത്തിലെ ഏറ്റവും കൊടിയ മലിനീകൃത നഗരങ്ങളുടെ മുൻനിരയിലാണ് ഡൽഹിയുടെ സ്ഥാനം. 

തീവ്ര വായു മലിനീകരണംമൂലം പ്രതിവർഷം 12,000 പേരെങ്കിലും ഡൽഹി നഗരത്തിൽമാത്രം മരിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2023ൽ ഇത് 17,200 ആയിരുന്നു. മൊത്തം മരണത്തിന്റെ 11.5%. ഡൽഹി നഗരവും രാഷ്ട്ര തലസ്ഥാന മേഖലയും ലോകത്തെ ഏറ്റവും മലിനീകൃത നഗരമേഖലയാണെന്ന് നിരവധി പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വർഷത്തിൽ 30–60 ദിവസങ്ങൾ ഒഴികെ വർഷം മുഴുവനും രാഷ്ട്ര തലസ്ഥാന മേഖലയുടെ പൊതുസ്ഥിതിയിൽ യാതൊരു മാറ്റവുമില്ല. ശൈത്യകാലത്ത് നഗരമേഖലയാകെ അക്ഷരാർത്ഥത്തിൽ ഗ്യാസ്ചേംബറായി മാറും. ഈ അവസ്ഥയ്ക്ക് മുഖ്യകാരണം പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമമാണ് കേന്ദ്ര‑സംസ്ഥാന സർക്കാരുകളും മറ്റുപല തല്പരകേന്ദ്രങ്ങളും തുടർച്ചയായി നടത്തിവരുന്നത്. ഇത് യഥാർത്ഥ പ്രശ്നങ്ങളും അവ പരിഹരിക്കുന്നതിൽ സർക്കാരുകളുടെ പരാജയവും മറച്ചുപിടിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ്. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുക വഴിയുള്ള മലിനീകരണം 15–30% അധികരിക്കുന്നില്ലെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതാവട്ടെ ഒക്ടോബർ, നവംബർ മാസങ്ങളിൽ മാത്രമാണ് സംഭവിക്കുന്നത്. ഈ രീതി അവസാനിപ്പിക്കുന്നതിന് അനുയോജ്യമായ ശാസ്ത്രീയ രീതികൾ കണ്ടെത്തി നടപ്പാക്കുന്നതിന് രാഷ്ട്രത്തിന്റെ ഭക്ഷ്യോല്പാദനത്തിൽ നിർണായക പങ്കവഹിക്കുന്ന മേഖലയിലെ കർഷകരെ പ്രാപ്തരാക്കുന്നതിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട ശാസ്ത്ര‑ഗവേഷണ സ്ഥാപനങ്ങളും പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രതലസ്ഥാന മേഖലയിലെ വായു മലിനീകരണത്തിൽ ഏറ്റവും മാരകവും വ്യാപകവുമായ സംഭാവന വാഹനങ്ങളിൽ നിന്നുള്ളവയാണ്. ലഭ്യമായ കണക്കുകളനുസരിച്ച് അത് മൊത്തം മലിനീകരണത്തിന്റെ 51% വരെയാണ്. കാറുകളുടെ നമ്പർപ്ലേറ്റുകള്‍ അടിസ്ഥാനത്തിൽ നിയന്ത്രണം കൊണ്ടുവന്നപ്പോൾ മലിനീകരണം ഗണ്യമായി നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. അത്തരം കർക്കശനടപടികൾ തങ്ങളുടെ വോട്ടുബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിൽ മലിനീകരണത്തിനെ അതിന്റെ ഉറവിടത്തിൽത്തന്നെ തടയുന്ന നടപടി തുടരുന്നതിൽ ഭരണകൂടം വൈമനസ്യം കാട്ടുന്നു. മലിനീകരണത്തിൽ ഗണ്യമായ പങ്കുവഹിക്കുന്ന ഡീസലിലോടുന്ന ബസുകൾ പിൻവലിച്ച് പകരം സമ്മർദിത പ്രകൃതിവാതകത്തിലും വൈദ്യുതിയിലും ഓടുന്ന ബസുകൾ നിരത്തിലിറക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാരുകൾ തുടരുന്നത്. അവസാന മൈൽ യാത്രയ്ക്ക് സൈക്കിളടക്കം മലിനീകരണരഹിതമായ യാത്രയ്ക്ക് ലോകനഗരങ്ങൾ സ്വീകരിച്ചുവിജയിച്ച സംവിധാനങ്ങളെപ്പറ്റി ആലോചിക്കാൻപോലും ബന്ധപ്പെട്ട സർക്കാരുകൾ വിസമ്മതിക്കുന്നു. 

ഡീസൽ, പെട്രോൾ വാഹനങ്ങളുടെ ആയുർദൈർഘ്യം യഥാക്രമം 10, 15 വർഷമായി പരിമിതപ്പെടുത്തിയ നിയമത്തിൽ വൈകാരികതയുടെ പേരിൽ നൽകിയ ഇളവും മലിനീകരണത്തോത് ഉയരുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ദീപാവലിക്ക് ‘ഹരിത കരിമരുന്ന്’ പ്രയോഗത്തിന് അനുമതി നൽകിയതും മറ്റും നിരുപദ്രവകരമായ നടപടികളായിരുന്നില്ല. അവയെല്ലാം മതപ്രീണനവും വോട്ടുബാങ്കും ലക്ഷ്യം വച്ചുള്ളവയായിരുന്നു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഭരണഘടനാപരമായ ബാധ്യതയുള്ള സർക്കാരിന്റെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളും നടപടികളുമാണ് തലസ്ഥാന നഗരിയെയും തലസ്ഥാന മേഖലയിലെയും ജനജീവിതത്തെ നരകതുല്യമാക്കി മാറ്റി അകാല മൃത്യുവിലേക്കും ജീവിതത്തെ അർത്ഥശൂന്യമാക്കി മാറ്റുന്ന രോഗപീഡകളിലേക്കും തള്ളിനീക്കിയിരിക്കുന്നത്. തലസ്ഥാനവും തലസ്ഥാന മേഖലയും 145 കോടി ജനതയുടെ രാഷ്ട്രത്തിന്റെ പരിച്ഛേദമാണ്. വികസിത ഭാരതം, ട്രില്യൺ ഡോളറുകളുടെ സമ്പദ്ഘടന, വിശ്വഗുരു, സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് തുടങ്ങി മോഡിയും ബിജെപി സർക്കാരും ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളുടെ പൊള്ളത്തരവും അർത്ഥശൂന്യതയും കാപട്യവുമാണ് രാഷ്ട്രതലസ്ഥാനം എന്ന ജനങ്ങളുടെ മരണക്കെണി ലോകത്തിനുമുന്നിൽ തുറന്നുവയ്ക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.