
രാജ്യത്തെ സേവന മേഖലയിലെ 50 ശതമാനത്തിലധികം സംഭാവന നിലവിൽ ഗിഗ് പ്ലാറ്റ്ഫോമുകളിൽ നിന്നാണ്. രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ 55% ഇവരുടെ സംഭാവനയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നഗര തൊഴിലവസര അന്വേഷണങ്ങളിൽ നിർണായക ഉത്തരം നൽകുന്നതും ഗിഗ് പ്ലാറ്റ്ഫോമുകളാണ്. കുടിയേറ്റക്കാർക്കും അർധനൈപുണ്യ തൊഴിലാളികൾക്കും യുവാക്കൾക്കും ഇത് വലിയ അനുഗ്രഹമാണ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിൽ ഗിഗ് പ്ലാറ്റ്ഫോമുകൾക്ക് ഗണ്യമായ സ്ഥാനവും കണ്ടെത്താം. ഡിജിറ്റലൈസേഷൻ, ക്യാഷ്‌ലെസ് പേയ്മെന്റുകൾ, ജിപിഎസ് അധിഷ്ഠിത ലോജിസ്റ്റിക്സ്, എഐ അധിഷ്ഠിത സേവന വിതരണം എന്നിവയിലൂടെ സമ്പദ്‌വ്യവസ്ഥാ വിപുലീകരണത്തിന് ഇത് ആക്കം കൂട്ടുന്നു. വിവിധ മേഖലകളിലെ ഡിജിറ്റൽ വൽക്കരണത്തിനും നവീകരണത്തിനും ഗിഗ് പ്ലാറ്റ്ഫോമുകൾ വേഗത പകരുന്നു. നഗരങ്ങളിലെ തൊഴിൽ ക്രമവൽക്കരണത്തിലും ഇത് വലിയ പങ്കുവഹിക്കുന്നു.
ഓൺ ലൈൻ ടാക്സി ബുക്കിങ്, ഭക്ഷണ വിതരണം, ലോജിസ്റ്റിക്സ്, ഇകൊമേഴ്സ്, ഹോം സർവീസുകൾ, ഡിജിറ്റൽ ഫ്രീലാൻസിങ് തുടങ്ങിയ മേഖലകൾ അതിവേഗം വളരുകയാണ്. സേവന ഉപഭോഗത്തിൽ ഊന്നിയുള്ള വളർച്ചയെ ഇത് സഹായിക്കുന്നു. 2029–30 ഓടെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ മൊത്തത്തിലുള്ളതിനെക്കാള്‍ ഇരട്ടി വേഗത്തിൽ വളരുമെന്നും ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്ന് സംഭാവന ചെയ്യുന്ന സാഹചര്യത്തിൽ എത്തുമെന്നുമാണ് സൂചികകൾ. മൈക്രോ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും, തൊഴിലാളികൾക്ക് അവരുടെ ജോലി സമയം തെരഞ്ഞെടുക്കാനും വരുമാന സ്രോതസ്സുകൾ വൈവിധ്യവല്‍ക്കരിക്കാനും ഗിഗ് പ്ലാറ്റ്ഫോമുകൾ അവസരമൊരുക്കുന്നു.കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധികളിൽ തൊഴിൽ നഷ്ടപ്പെട്ടവരെ ഉൾക്കൊള്ളാനും ഇതിന് കഴിഞ്ഞു.
നിർഭാഗ്യവശാൽ, പരമ്പരാഗത ജോലികളിൽ ലഭിക്കുന്നതുപോലെയുള്ള ആനുകൂല്യങ്ങൾ ഭൂരിഭാഗം ഗിഗ് ജോലികൾക്കും ലഭിക്കുന്നില്ല. ഇൻഷുറൻസ്, വിരമിക്കല്‍, ശമ്പളത്തോടെയുള്ള അവധി എന്നിവ ഗിഗ് തൊഴിലാളികൾക്ക് കിട്ടാക്കനിയാണ്. ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വർക്കേഴ്സ് റൈറ്റ്സ്’ 2023ൽ നടത്തിയ പഠനമനുസരിച്ച് 54% ഗിഗ് തൊഴിലാളികൾക്കും തൊഴിലുടമയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതുമില്ല. അവർ സ്വന്തമായി ആരോഗ്യ ഇൻഷുറൻസും വിരമിക്കൽ പദ്ധതികളും കണ്ടെത്തേണ്ടി വരുന്നു.
അതുപോലെ, മിക്ക കമ്പനികളും ഗിഗ് തൊഴിലാളികളുടെ പേയ്മെന്റിൽ നിന്ന് നികുതി പിടിക്കാറില്ല. സ്വതന്ത്ര കരാറുകാരായതിനാൽ, നികുതി അവർ തന്നെ കൈകാര്യം ചെയ്യണം. സ്വയം തൊഴിൽ ചെയ്യുന്നവർ വാർഷിക ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്നും ത്രൈമാസ നികുതി അടയ്ക്കണമെന്നും ഐആർഎസ് നിഷ്കർഷിക്കുന്നു. സോഷ്യൽ സെക്യൂരിറ്റിയും മെഡികെയറും ഉൾക്കൊള്ളുന്ന 15.3% സ്വയം തൊഴിൽ നികുതിയും ഇതിൽപ്പെടുന്നു. ചുരുക്കത്തിൽ, സാധാരണ ജോലികളിലുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല.
മറ്റൊരു പ്രധാന പോരായ്മ തൊഴിലിടങ്ങളിലെ കൂട്ടായ്മയുടെ അഭാവമാണ്. ഫ്രീലാൻസർമാരും ഗിഗ് വർക്കർമാരും ഒറ്റയ്ക്ക് ജോലി ചെയ്യുന്നത് പലപ്പോഴും ഏകാന്തതയിലേക്ക് നയിക്കുന്നു. കേന്ദ്രീകൃത ഓഫിസുകളോ സംവിധാനങ്ങളോ നിലവിലില്ലാത്തതിനാൽ സഹപ്രവർത്തകരുമായുള്ള ആശയവിനിമയവും ഓഫീസ് പരിപാടികളും ഇവർക്ക് നഷ്ടമാകുന്നു. ഈ തൊഴിൽ സ്വാതന്ത്ര്യം ഒരു ഗുണമാണെങ്കിലും സഹപ്രവർത്തകരിൽ നിന്നും തൊഴിൽ സംഘങ്ങളിൽ നിന്നോ ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടാക്കാൻ ഇത് കാരണമാകുന്നു.
പുതിയ സോഷ്യൽ സെക്യൂരിറ്റി കോഡ് പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ, ഒരു ഗിഗ് തൊഴിലാളി സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 90 ദിവസമെങ്കിലും കമ്പനിയുമായി ചേർന്ന് പ്രവർത്തിച്ചിരിക്കണം എന്ന് കരട് നിയമങ്ങളിൽ നിർദേശിക്കുന്നു.
ഒന്നിലധികം കമ്പനികൾക്കുവേണ്ടി ജോലി ചെയ്യുന്നവർക്ക് ഈ പരിധി 120 ദിവസമാണ്. വരുമാനം എത്രയായാലും ജോലി തുടങ്ങിയ ദിവസം മുതൽ കണക്കാക്കും. ഒരു തൊഴിലാളി ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ, എല്ലാ ദിവസങ്ങളും കൂട്ടിച്ചേർക്കും. ഉദാഹരണത്തിന്, ഒരു ദിവസം തന്നെ മൂന്ന് അഗ്രഗേറ്ററുകൾക്ക് വേണ്ടി ജോലി ചെയ്താൽ അത് മൂന്ന് ദിവസമായി കണക്കാക്കും. നേരിട്ടോ, അസോസിയേറ്റ് കമ്പനി വഴിയോ, തേർഡ് പാർട്ടി വഴിയോ ജോലി ചെയ്യുന്ന എല്ലാവരും ഗിഗ് തൊഴിലാളികളുടെ പരിധിയിൽ വരുമെന്നും നിയമങ്ങൾ വ്യക്തമാക്കുന്നു. പുതിയ ലേബർ കോഡുകൾ പ്രകാരം ഗിഗ് തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, അപകട ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്. തൊഴിൽ മന്ത്രാലയം ഇതിനകം തന്നെ ‘ഇ‑ശ്രം’ (e‑Shram) പോർട്ടലിൽ ഗിഗ് തൊഴിലാളികളെ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇവരെ ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയുടെ ഭാഗമാക്കുമെന്നും പറയുന്നു.
എന്നാൽ നടപടികൾ കടലാസിൽ ഇഴയുകയാണ്. 10 മിനിറ്റ് ഡെലിവറി പ്ലാൻ ഒഴിവാക്കണം എന്നത് ഗിഗ് തൊഴിലാളികളുടെ ആവശ്യങ്ങളിൽ മുഖ്യമാണ്. തൊഴിൽ സാഹചര്യങ്ങൾ മോശമാകുന്നതിനെതിരെ സൊമാറ്റോ, ബ്ലിന്റ്, ആമസോൺ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികൾ ഡിസംബർ 25നും 31നും പണിമുടക്ക് നടത്തിയിരുന്നു. ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികൾ പങ്കെടുത്തു. എന്നാൽ ഈ സമരത്തിന് വേണ്ട പ്രതികരണം ലഭിച്ചില്ല. മെച്ചപ്പെട്ട വേതനം, തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക സുരക്ഷ എന്നിവയ്ക്കായുള്ള അവരുടെ ആവശ്യം അധികൃതർ ശ്രദ്ധിക്കുയോ പരിഗണിക്കുകയോ ഉണ്ടായില്ല. കടുത്ത എതിർപ്പുണ്ടായിട്ടും, അപകടകരമായ സൂപ്പർഫാസ്റ്റ് 10 മിനിറ്റ് ഡെലിവറി ഇപ്പോഴും തുടരുന്നു.
നീണ്ട ജോലി സമയം, മലിനീകരണം, ഇന്ധന വിലവർധനവ് എന്നിവയാണ് ഗിഗ് തൊഴിലാളികൾ നേരിടുന്ന മറ്റ് പ്രധാന വെല്ലുവിളികൾ. തിരക്കേറിയ സമയത്ത് അതിവേഗതയിൽ സഞ്ചരിച്ച് കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പിഴ നൽകേണ്ടി വരുന്നു. എന്നാൽ ഇത്തരം ദൗത്യങ്ങൾക്കുള്ള കൂലി കൃത്യമായി നിശ്ചയിച്ചിട്ടുമില്ല. വരുമാനം കുറയുന്നതിൽ പരാതിപ്പെടാൻ പോലും ഇവർക്ക് കഴിയില്ല. 10 മിനിറ്റ് ഡെലിവറി അപകടകരമാണെന്ന് പലരും സമ്മതിക്കുന്നു. മെഡിക്കൽ അത്യാവശ്യങ്ങൾക്ക് മാത്രം ഇത് മതിയാകുമെന്ന് ചിലർ വാദിക്കുന്നു. ഇത് നിരോധിച്ചാൽ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
പ്ലാറ്റ്ഫോം, ഗിഗ് തൊഴിലാളികളെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനായുള്ള സർക്കാർ ചർച്ചകൾക്കിടയിലായിരുന്നു ഗിഗ് തൊഴിലാളികളുടെ സമരം നടന്നത്. തൊഴിൽ സുരക്ഷ ഉറപ്പാക്കാനും പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനും കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കണം. സംഘടിക്കാനും വിലപേശാനുമുള്ള അവകാശം ഉറപ്പാക്കുകയും വേണം. വാസ്തവത്തിൽ, ഒരു ഗിഗ് തൊഴിലാളിയുടെ തൊഴിൽ ജീവിതം മുഴുവൻ നിയന്ത്രിക്കുന്നതും പരിശീലിപ്പിക്കുന്നതും പാരിതോഷികം നൽകുന്നതും ഒരു ആപ്പ് വഴിയാണ്. അവിടെ മാനുഷികമായ ഇടപെടലുകൾ ഒന്നുമേയില്ല എന്നതാണ് ഉണ്മ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.