13 January 2026, Tuesday

ആണവായുധ മാത്സര്യം അനുവദിക്കരുത്

Janayugom Webdesk
November 1, 2025 5:00 am

മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആ രാജ്യത്തും ലോകത്തെമ്പാടുമുള്ള സമാധാനകാംക്ഷികൾ അവിശ്വസനീയമായ അമ്പരപ്പോടെയാണ് ശ്രവിച്ചത്. ‘മറ്റ് ആണവായുധ രാഷ്ട്രങ്ങൾ നടത്തുന്ന പരീക്ഷണങ്ങളോട് കിടപിടിക്കുംവിധം പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ “യുദ്ധകാര്യ വകുപ്പിന്” നിർദേശം നൽകിയതായി’ ട്രംപ് ഒരു സാമൂഹ മാധ്യമ പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണകൊറിയയിലെ ബുസാനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ഒരുമണിക്കൂർ മുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്. 1998ന് ശേഷം ഉത്തരകൊറിയ ഒഴിച്ച് ഒരു രാജ്യവും ആണവ വിസ്ഫോടനത്തിലൂടെയുള്ള ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല. അടുത്തിടെ റഷ്യ ആണവായുധങ്ങൾ വിന്യസിക്കാൻ ഉതകുന്ന ക്രൂയിസ് മിസൈലും സൂപ്പർ ടോർപിഡോയും പരീക്ഷിക്കുകയുണ്ടായി. ചൈന സമീപകാലത്ത് തങ്ങൾ വികസിപ്പിച്ച ആണവായുധ വാഹകശേഷിയുള്ള മിസൈലും പ്രദർശിപ്പിക്കുകയുണ്ടായി. എന്നാൽ അവയൊന്നും ആണവായുധങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ആയിരുന്നില്ല. ഈ പശ്ചാത്തലത്തിൽ ഏതുതരത്തിലുള്ള പരീക്ഷണങ്ങൾക്കാണ് യുഎസ് മുതിരുന്നതെന്നതിൽ കടുത്ത ആശങ്കയാണ് ഐക്യരാഷ്ട്രസഭയടക്കം വിവിധ കേന്ദ്രങ്ങളിൽനിന്നും ഉയരുന്നത്. 1992 സെപ്റ്റംബർ 23നാണ് യുഎസ് അവസാനമായി ഒരു സമ്പൂർണ ആണവായുധ പരീക്ഷണം നടത്തിയത്. അക്കൊല്ലം അവസാനത്തിൽ പ്രസിഡന്റ് ജോർജ് ബുഷ് (സീനിയർ) ഭൂഗർഭ ആണവ വിസ്ഫോടന പരീക്ഷണത്തിന് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് അതേകാലത്തോടെ റഷ്യയും ചൈനയും ആണവ വിസ്ഫോടന പരീക്ഷണങ്ങൾ നിർത്തിവച്ചിരുന്നു. എന്നാൽ കമ്പ്യൂട്ടറുകളടക്കം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരീക്ഷണങ്ങളും ആയുധവികസനവും അവയുടെ പ്രയോഗശേഷി നിരീക്ഷണങ്ങളും അണുവായുധ ശക്തികൾ തുടർന്നുപോന്നിരുന്നു. അണുവായുധ പോർമുനകൾ ലക്ഷ്യത്തിൽ എത്തിക്കാൻ പ്രാപ്തമായ വിന്യാസ സംവിധാനങ്ങളുടെ വികസനവും പരീക്ഷണങ്ങളും നിർബാധം തുടർന്നുപോരുകയായിരുന്നു. ഇപ്പോഴളത്തെ ട്രംപിന്റെ പൊടുന്നനെയുള്ള പ്രഖ്യാപനം സ്ഫോടനാത്മകമായ യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ആണവായുധ മ­ത്സരത്തിലേക്ക് വഴിതെളിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. 

1996ൽ ആഗോള സമഗ്ര ആണവ നിർവ്യാപന കരാർ (സിടിബിടി) നിലവിൽവന്നതോടെ പ്രമുഖ ആണവായുധ ശക്തികളായ സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന അടക്കമുള്ള രാജ്യങ്ങൾ ആണവായുധ വിസ്ഫോടന പരീക്ഷണങ്ങൾ നിർത്തിവച്ചിരുന്നു. സിടിബിടി കരാറിൽ ഒപ്പുവച്ചിട്ടില്ലാത്ത ഇന്ത്യയും പാകിസ്ഥാനും ആണവായുധ വിസ്ഫോടന പരീക്ഷണം അവസാനമായി നടത്തിയത് 1998ൽ ആണ്. ഏറ്റവും അവസാനമായി ആണവായുധ വിസ്ഫോടന പരീക്ഷണം നടത്തിയത് 2017ൽ ഉത്തരകൊറിയയാണ്. സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റി‌റ്റ്യൂട്ടിന്റെ കണക്കുകൾ അനുസരിച്ച് റഷ്യ, യുഎസ്, ചൈന, ഫ്രാൻസ്, യുകെ, പാകിസ്ഥാൻ, ഇന്ത്യ, ഇസ്രയേൽ, ഉത്തരകൊറിയ എന്നീ ഒൻപത് രാജ്യങ്ങളുടെ പക്കലായി 12,512 ആണവ പോർമുനകളാണ് ഉള്ളത്. ആണവായുധ പരീക്ഷണങ്ങൾ പ്രകൃതിക്കും അന്തരീക്ഷത്തിനും ജൈവവൈവിധ്യത്തിനും സൃഷ്ടിക്കുന്ന ഭീമമായ മലീനീകരണത്തെക്കുറിച്ചുള്ള ഉയർന്ന അവബോധമാണ് ആണവ നിർവ്യാപന കരാറിലേക്ക് നയിച്ചത്. കരാറിൽ ഒപ്പുവച്ചെങ്കിലും യുഎസ് അത് നാളിതുവരെ ഔപചാരികമായി അംഗീകരിക്കുക ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയൻ കരാർ ഔപചാരികമായി അംഗീകരിച്ചെങ്കിലും ആ രാഷ്ട്രത്തിന്റെ തിരോധാനത്തെത്തുടർന്ന് നിയമാനുസൃത പിൻഗാമിയായി മാറിയ റഷ്യൻ ഫെഡറേഷൻ 2023ൽ കരാറിൽനിന്നും പിൻമാറിയിരുന്നു. റഷ്യയും നാറ്റോ സഖ്യത്തിന്റെ പിന്തുണയോടെ ഉക്രെയ‌്‌നും തമ്മിൽ ആരംഭിച്ച യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പിന്മാറ്റം. ഫലത്തിൽ സിടിബിടി കരാർ അടക്കം ആണവായുധങ്ങളും അവ വിന്യസിക്കാനുള്ള സംവിധാനങ്ങളും നിയന്ത്രിക്കാനുള്ള യാതൊരു കരാറും അന്തരാഷ്ട്രതലത്തിൽ ഇപ്പോൾ നിലവിലില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. 

ആണവായുധ വിസ്ഫോടന പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനം ആണവായുധ മാത്സര്യത്തിലേക്ക് ലോകത്തെ നയിക്കുമെന്ന ആശങ്ക ശക്തമാണ്. യുഎസ് അതിന്റെ ആണവായുധ ശേഖരവും അവയുടെ പ്രഹരശേഷിയും വർധിപ്പിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ മറ്റ് ആണവായുധ രാഷ്ട്രങ്ങളും ആണവായുധ ശേഷി വികസിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രങ്ങളും അത് കയ്യുംകെട്ടി നോക്കിനിൽക്കുമെന്ന് കരുതാനാവില്ല. പ്രമുഖ ആണവായുധ ശക്തികൾ എല്ലാംതന്നെ വിസ്ഫോടന പരീക്ഷണങ്ങൾ ഒഴികെയുള്ള മാർഗങ്ങൾ പ്രയോജനപ്പെടുത്തി തങ്ങളുടെ ആയുധശേഷിയും പ്രഹരശേഷിയും വർധിപ്പിക്കാനുള്ള ശ്രമത്തിൽ ഇപ്പോൾത്തന്നെ വ്യാപൃതരാണ്. അവ ലക്ഷ്യസ്ഥാനത്തേക്ക് പ്രയോഗിക്കാനുള്ള നാനാതരം സംവിധാനങ്ങൾ ആ രാഷ്ട്രങ്ങൾ നിരന്തരം വികസിപ്പിച്ചുവരികയാണ്. ലോകജനതയെ ഇപ്പോൾത്തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന പട്ടിണി, തൊഴിൽരാഹിത്യം, പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും നാശം, കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങി മനുഷ്യരാശി നേരിടുന്ന അടിയന്തര വെല്ലുവിളികളെ നേരിടാനുള്ള വിഭവശേഷി, രാഷ്ട്രീയ നിശ്ചദാർഢ്യം എന്നിവയുടെ ചെലവിലായിരിക്കും ഈ ആണവായുധ മത്സരം. അത് ഫലപ്രദമായി തടയുന്നതിന് പ്രാപ്തിയുള്ള അന്താരാഷ്ട്ര സംവിധാനങ്ങളുടെ അഭാവത്തിൽ എല്ലാ പ്രതീക്ഷയും സമാധാനവും സ്വൈരജീവിതവും കാംക്ഷിക്കുന്ന ജനതയിലാണ് എത്തിനിൽക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.