
കേരളത്തിലെ ലോട്ടറി തൊഴിലാളികൾ സംയുക്തമായി സമരമുഖത്താണ്. രാജ്ഭവന് മുന്നിലേക്ക് മാർച്ച് നടത്തിയ തൊഴിലാളികൾ വിവിധ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തിവരികയുമാണ്. കേന്ദ്ര — സംസ്ഥാന സർക്കാർ ഖജനാവിന് വലിയ വരുമാനം നൽകുന്ന ലോട്ടറിയെയും തൊഴിലിനെയും സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചാണ് സമരം. 28% ആയിരുന്ന ചരക്ക് സേവന നികുതി (ജിഎസ്‌ടി), ലോട്ടറിയെ ആഡംബര വിഭാഗത്തിൽപ്പെടുത്തി 40% ആയി ഉയർത്തുന്നതിനാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സമരം അനിവാര്യമായി വന്നത്. കേരള സർക്കാരിന്റെ വരുമാനമെന്ന നിലയിൽ മാത്രമല്ല തൊഴിലാളികളുടെ ജീവനോപാധി കൂടിയാണ് എന്നതിനാലാണ് കേരള ലോട്ടറിയെ നിലനിർത്തുന്നതിനുള്ള സമരം നടക്കുന്നത്. 2023–24 വർഷം 1203.27 കോടി രൂപയാണ് സംസ്ഥാന സർക്കാരിന് അറ്റാദായം ലഭിച്ചത്. 2019–20ൽ 1763 കോടി, 2020–21ൽ 472, 2021–22ൽ 559.60, 2022–23ൽ 1018.63 കോടി രൂപ വീതം അറ്റാദായമുണ്ടായി. ലോട്ടറി നടത്തുന്ന വകയിൽ വിവിധയിനങ്ങളിലായി ഇതിനകം തന്നെ കോടിക്കണക്കിന് രൂപ നികുതിയായി സംസ്ഥാനം കേന്ദ്രത്തിന് നൽകുന്നുണ്ട്. 2023–24 വർഷം മാത്രം 1504 കോടി രൂപയാണ് കേന്ദ്രത്തിന് ലഭിച്ചത്. ടിക്കറ്റ് വില്പനയിലുള്ള ജിഎസ്‌ടി, സമ്മാനത്തുക, ഏജന്റ് സമ്മാനത്തുക, പരസ്യത്തിന്, ടിക്കറ്റ് അച്ചടിക്കുന്നതിന് എന്നിങ്ങനെ പേരുകളിലാണ് ഈ നികുതി കേന്ദ്രം ഈടാക്കുന്നത്. ഇതിനുപുറമേ സേവന നികുതി പിരിക്കുന്നതിനുള്ള നീക്കവുമുണ്ടായിരുന്നു. വലിയ മുതൽ മുടക്കില്ലാത്ത തൊഴിൽ രംഗമെന്ന നിലയിൽ ഒന്നര ലക്ഷത്തിലധികം പേർ ആശ്രയിക്കുന്നതാണ് ലോട്ടറി വില്പന മേഖല. വൻകിട ഏജന്റുമാർ മുതൽ പ്രതിദിനം കുറഞ്ഞ എണ്ണം ലോട്ടറി വാങ്ങി ഉപഭോക്താക്കൾക്കെത്തിക്കുന്നവർ വരെ ഇതിലുൾപ്പെടുന്നു.
കേരള സംസ്ഥാന ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി നിയമപ്രകാരം സംസ്ഥാനത്ത് നിലവിലുള്ള ക്ഷേമനിധിയിൽ അര ലക്ഷത്തോളം പേരാണ് അംഗങ്ങളായുള്ളത്. ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ഉന്നമനത്തിനായി 2008ലാണ് ക്ഷേമനിധി ബോർഡ് സ്ഥാപിതമായത്. സർക്കാരിന് ലഭിക്കുന്ന മൊത്തവരുമാനത്തിന്റെ ഒരു ശതമാനം നീക്കിവച്ചും തൊഴിലാളി വിഹിതം ഉപയോഗിച്ചുമാണ് അംഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ നല്‍കുന്നത്. അംഗങ്ങൾക്ക് ചികിത്സാ സഹായം, ഗുരുതരമായ രോഗത്തിന് ചികിത്സയിൽ കഴിയുന്നവർക്ക് പ്രത്യേക ചികിത്സാ പദ്ധതി, പ്രസവ സഹായം, വിവാഹ സഹായം, കുട്ടികൾക്ക് രൂപയും സ്കോളർഷിപ്പ്, വിദ്യാഭ്യാസ അവാർഡുകൾ, സ്വാഭാവിക മരണം സംഭവിച്ചവരുടെ ആശ്രിതർക്ക് മരണാനന്തര ധനസഹായം പെൻഷനുകൾ, കുടുംബ പെൻഷൻ, രോഗികൾക്കുള്ള പെൻഷൻ എന്നിവയെല്ലാം നൽകുന്ന ക്ഷേമനിധി ബോർഡിന്റെ പ്രധാനവരുമാനമാർഗം ലോട്ടറി വില്പനയിൽ നിന്നുള്ളതാണ്. അംഗത്വത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിനാലാണ് അംഗത്വം അരലക്ഷത്തിനടുത്തായത്. എന്നാൽ അംഗപരിമിതരുൾപ്പെടെ വലിയൊരു വിഭാഗം തങ്ങളുടെ ദൈനംദിന ചെലവുകൾ കണ്ടെത്തുന്നതിന് ലോട്ടറി വില്പനയെ ആശ്രയിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ നികുതി വർധന സംസ്ഥാന ലോട്ടറിക്ക് തിരിച്ചടിയാണ് എന്ന തിരിച്ചറിവിൽ നിന്നാണ് തൊഴിലാളികൾ സമരരംഗത്തുള്ളത്. നികുതി വർധനയ്ക്കനുസൃതമായി ലോട്ടറി വില വർധിപ്പിക്കുകയെന്നതാണ് കേന്ദ്ര നിലപാട്. ഇത്തരം മേഖലയിൽ വില കൂട്ടിയാലും വില്പന കുറയില്ലെന്നും കേന്ദ്രം പറയുന്നു. എന്നാൽ സംസ്ഥാനത്തിന്റെ അനുഭവം വ്യത്യസ്തമാണ്. 40 രൂപ മുഖവിലയുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകൾക്ക് വില അടുത്തിടെ വർധിപ്പിച്ചപ്പോൾ വില്പനയിൽ നേരിയ തോതിലാണെങ്കിലും ഇടിവുണ്ടായി. അതിനാൽ തന്നെ ഇനിയുമൊരു വില വർധന ഈ മേഖലയ്ക്ക് താങ്ങാവുന്നതല്ല. ഇപ്പോഴത്തെ നിലയിൽ 12% അധിക നികുതിയെന്നത് പത്തു രൂപയുടെയെങ്കിലും വില വർധനയ്ക്കാണ് വഴിയൊരുക്കുക. അങ്ങനെ വന്നാൽ വില്പനയിൽ വൻതോതിൽ കുറവുണ്ടാകുകയും ചെറുകിട വില്പനക്കാരെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിൽ വില കൂട്ടാതെ അധിക നികുതിയായി നൽകേണ്ടിവരുന്ന നഷ്ടം സർക്കാരും തൊഴിലാളികളും ഒരുമിച്ച് വഹിക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്. നിലവിൽ ചെറുകിട വില്പനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്ര കമ്മിഷൻ നിരക്കിൽ 35 പൈസയുടെയെങ്കിലും കുറവ് തൊഴിലാളികൾ സഹിക്കേണ്ടിവരികയാണ് ഇതിലൂടെ. സർക്കാരാണെങ്കിൽ തങ്ങളുടെ വരുമാനത്തിൽ ടിക്കറ്റൊന്നിന് ഒരു രൂപ തൊഴിലാളികളുടെ നഷ്ടമായും നികുതിയായി കേന്ദ്രത്തിന് നൽകുന്നതിലൂടെയും ബാധ്യതയേറ്റെടുക്കേണ്ടിവരും. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ചരക്ക് സേവന നികുതി നിരക്ക് കൂടിയ തോതിലായതിനാൽ ഇതിനകം തന്നെ വലിയ പ്രതിസന്ധി നേരിടുന്ന വിഭാഗമാണ് ലോട്ടറി തൊഴിലാളികൾ. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പരിഷ്കരണത്തിലൂടെ നികുതി നിരക്ക് വർധിപ്പിക്കുവാനുള്ള തീരുമാനം കൂടുതൽ പ്രതിസന്ധിയും വരുമാന നഷ്ടവും സൃഷ്ടിക്കുമെന്ന സാഹചര്യത്തിലാണ് എല്ലാ തൊഴിലാളി സംഘടനകളും സംയുക്തമായി സമരത്തിനിറങ്ങേണ്ടിവന്നത്. അതുകൊണ്ട് സംസ്ഥാനത്തെ വലിയൊരു വിഭാഗത്തിന്റെ ആശ്രയമായ ലോട്ടറിക്ക് ഏർപ്പെടുത്തിയിരിക്കുന്ന ജിഎസ്‍ടി നിരക്ക് വർധന പിൻവലിച്ച് ഈ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുള്ള തീരുമാനം കേന്ദ്രത്തിൽ നിന്നുണ്ടാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.