20 January 2026, Tuesday

ജാതി അടിസ്ഥാനമാക്കി തൊഴിൽ വിഭജനത്തിന് ശ്രമം

Janayugom Webdesk
November 9, 2025 5:00 am

ഉള്ളവരുടെ താല്പര്യങ്ങൾ ഇല്ലാത്തവരുടെ മേൽ അടിച്ചേല്പിക്കുന്നതിന് സമൂഹത്തെ തുണ്ടുകളായി നിലനിർത്തേണ്ടതുണ്ട്. മനുസ്മൃതിയിലെ മോക്ഷത്തിനായുള്ള ബ്രാഹ്മണ മന്ത്രത്തിന്റെ ധ്വനിയിലാണ് ചൂഷണം ഇപ്പോൾ പ്രയോഗിക്കപ്പെടുന്നത്. ഏതു ജാതിയിലാണോ പിറക്കുന്നത് ആ ജാതിയുടെ കടമ എന്താണോ അതിന്റെ അചഞ്ചലമായ നിർവഹണമാണ് ജീവിതം എന്ന വർണ ധർമ്മം. മനുസ്മൃതിയുടെ കേന്ദ്ര സന്ദേശമാണിത്. മനുസ്മൃതിയിൽ ആവർത്തിക്കുന്നു, ഒരാളുടെ ജാതിയുടെ കടമ എന്താണോ അവയുടെ ലംഘനത്തേക്കാൾ ഹീനമായി മറ്റൊന്നുമില്ല. സമൂഹത്തിന്റെ നിലനില്പിന് ആവശ്യമായ വസ്തുക്കൾ ഉല്പാദിപ്പിക്കുകയും അതിനായി പണിയെടുക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകളും പുരുഷന്മാരും തൊഴിലാളി വർഗത്തോടും ഉല്പാദക വർഗത്തോടും ചേർന്നവരാണ്. അവർ കുടുംബം നിലനിർത്താനും ജീവിക്കാനും കഷ്ടപ്പെടുന്നു. എന്നാൽ ഇതിന് ആവശ്യമായ വിഭവങ്ങളില്ലാതെ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയിൽ അവർക്ക് ജീവിക്കേണ്ടിയും വരുന്നു. മനുസ്മൃതിയുടെ വക്താക്കൾ ഇവരെ ചിത്രീകരിക്കുന്നത് നോക്കൂ, ‘അവർ ജന്മം കൊണ്ട് തന്നെ മലിനമാക്കപ്പെട്ടവരാണ്. എന്ത് വില കൊടുത്തും അവർ വർണ ധർമ്മം പിന്തുടരണം. അവരിലെ കളങ്കം വളരെ ആഴമുള്ളതാണ്. അത് ഇല്ലാതാകണമെങ്കിൽ അവർ നശിക്കണം. എങ്കിൽ മാത്രമേ അത് മാഞ്ഞുപോകൂ. ഈശ്വരനാണ് ചാതുർവർണം സൃഷ്ടിച്ചതെന്നുമാണ് മനുസ്മൃതി മതം. പിന്നാക്ക ജാതിക്കാരുടെയും സ്ത്രീകളുടെയും ജാതി നിയമങ്ങളോടുള്ള എതിർപ്പിനുള്ള പ്രതികരണമായാണ് മനുസ്മൃതി രചിക്കപ്പെട്ടത്. തങ്ങൾ വിധേയരാക്കപ്പെടുന്ന അനീതികൾക്കെതിരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നടത്തുന്ന കലാപത്തെ നേരിടാനുള്ള ഒരു സാമൂഹിക ആയുധമായാണ് ഇതിനെ രൂപപ്പെടുത്തിയത്. അധ്വാനവർഗത്തിന്റെ പരിവർത്തനം നിക്ഷിപ്ത താല്പര്യക്കാർക്ക് സഹിക്കാവുന്നതല്ല. ഉയർപ്പിന്റെ കാലത്തെ അധഃപതന കാലഘട്ടം എന്ന് അവർ വിളിച്ചു. തൊഴിലാളി വർഗത്തിനെതിരായ മനുസ്മൃതിയിലെ ആഹ്വാനമാണ് ബിജെപി സർക്കാർ കരട് തൊഴിൽ നയമായി പുനരുജ്ജീവിപ്പിക്കുന്നത്. ‘ഇന്ത്യയുടെ നാഗരിക ഘടനയിൽ ആധുനിക തൊഴിൽ നിയമത്തിന്റെ ഉദയത്തിന് നൂറ്റാണ്ടുകൾക്ക് മുമ്പേ തൊഴിൽ ഭരണത്തിന്റെ ധാർമ്മിക അടിത്തറ ഉൾക്കൊണ്ടിരുന്നു’ എന്ന് പ്രഖ്യാപിച്ചാണ് സംഘ്പരിവാർ നീക്കം. പൊതുജനാഭിപ്രായങ്ങൾക്കായി ഒക്ടോബറിൽ പുറത്തിറക്കിയ ശ്രമശക്തി നീതി 2025 തീവ്രഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര ചിന്തകളിൽ ആധുനിക ഭരണത്തെ പുനർനിർമ്മിക്കാനുള്ള ശ്രമമാണ്. മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങളിൽ നിന്ന് എടുത്ത ഈ നയം, അധ്വാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ ധാരണ സാമ്പത്തിക ശാസ്ത്രത്തിനപ്പുറം വ്യാപിക്കുന്നുവെന്നും അധ്വാനം പ്രതിഫലം ആവശ്യമില്ലാത്ത ഒരു പവിത്രവും ധാർമ്മികവുമായ കടമയാണെന്നും വാദിക്കുന്നു. ധർമ്മം, സാമൂഹിക ഐക്യം, കൂട്ടായ സമൃദ്ധി എന്നിവ നിലനിർത്തുന്നതാണ് അധ്വാനം. ഇത് ചൂഷണത്തിന്റെ നേരിട്ടുള്ളതും അപരിഷ്കൃതവുമായ പുറംചട്ടയാണ്. മിച്ചത്തിന്റെ ഉറവിടവും. ‘ഇന്ത്യൻ ലോകവീക്ഷണത്തിൽ, ജോലി എന്നത് ഉപജീവനമാർഗം മാത്രമല്ല, മറിച്ച് ധർമ്മത്തിന്റെ വിശാലമായ ക്രമത്തിലേക്കുള്ള സംഭാവനയാണ്. ഈ വീക്ഷണം എല്ലാ തൊഴിലാളിയെയും അവർ ഒരു കരകൗശല വിദഗ്ധനോ, കർഷകനോ, അധ്യാപകനോ, വ്യാവസായിക തൊഴിലാളിയോ ആകട്ടെ, സാമൂഹിക സൃഷ്ടിയുടെ ചക്രത്തിലെ ഒരു അനിവാര്യ പങ്കാളിയാണ്.’ കരട് നയത്തിൽ പറയുന്നു. 

‘യാഥാർത്ഥ്യം പാളികളായി വേറിട്ടു നിലനിൽക്കുന്നതല്ല. അധ്വാനത്തിന്റെ ഫലങ്ങൾ ചൂഷിതർക്കുള്ളതല്ല, മറിച്ച് യജമാനന്മാർക്കുള്ളതാണ്. മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി, നാരദസ്മൃതി, ശുക്രനീതിസാരം, അർത്ഥശാസ്ത്രം തുടങ്ങിയ പുരാണങ്ങൾ രാജധർമ്മം എന്ന ആശയത്തിലൂടെ ഇത്തരം ധാർമ്മികതയെ സൃഷ്ടിക്കുന്നു. നീതി, ന്യായമായ വേതനം, തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക എന്നിവ ഉറപ്പാക്കാനുള്ള ചുമതലയെ വേറിട്ട് ചിത്രീകരിക്കുകയും ചെയ്യുന്നു. ശ്രമശക്തി നീതി 2025 ഈ തദ്ദേശീയ ചട്ടക്കൂടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ആധുനിക ഭരണകൂടത്തിന്റെ ഭരണഘടനാപരവും അന്തർദേശീയവുമായ പശ്ചാത്തലത്തിൽ അവയെ ഉൾപ്പെടുത്തുകയും ചെയ്യുന്നു’. കരകൗശല വിദഗ്ധരുടെയും തൊഴിലാളികളുടെയും കൂട്ടായ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന ഗിൽഡുകൾ വ്യാവസായിക സമാധാനം നിലനിർത്തുന്നതിൽ രാജ്യത്തിന്റെയും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പങ്കാളിത്തത്തെ സന്തുലിതമാക്കുന്ന ത്രികക്ഷി ഐക്യത്തിന്റെ ആദ്യകാല രൂപമാണ്. ഗിൽഡ് കൗൺസിലുകൾ വഴിയുള്ള വികേന്ദ്രീകൃത നിയന്ത്രണം അനുബന്ധ സ്ഥാപനങ്ങളെക്കുറിച്ചുള്ള ധാരണ പ്രകടമാക്കുന്നു. ഇന്ത്യയുടെ തദ്ദേശീയ തൊഴിൽ ഭരണ പാരമ്പര്യങ്ങൾ പങ്കാളിത്തപരവും സർവം ഉൾക്കൊള്ളുന്നതും സ്വയം നിയന്ത്രിക്കുന്നതുമാണെന്ന് ഈ സവിശേഷതകൾ കാണിക്കുന്നു’, കരടിൽ വിവരിക്കുന്നു. ഇന്ത്യയുടെ പുരാതന ഗ്രന്ഥങ്ങൾ മാന്യമായ ജോലി, സാമൂഹിക സംവാദം, സുസ്ഥിര വികസനം എന്നീ സമകാലിക തത്വങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നുണ്ടെന്ന് ബിജെപി സർക്കാരിന്റെ കരട് നയം അവകാശപ്പെടുന്നു. “ഈ കാലാതീതമായ മൂല്യങ്ങളെ തൊഴിൽ കോഡുകളുമായി, പ്രത്യേകിച്ച് വേതന കോഡ് (2019), തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യ കോഡ് (2020) എന്നിവയുമായി വിന്യസിക്കുന്നതിലൂടെ, തൊഴിൽ ഭരണത്തിൽ ഇന്ത്യയുടെ സ്വന്തം ധാർമ്മികവും ബൗദ്ധികവുമായ പാരമ്പര്യ നയത്തെ വീണ്ടും അവകാശപ്പെടുന്നു. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ഈ സമന്വയം തൊഴിലിനെ രാജ്യത്തിന്റെ ധാർമ്മികവും വികസനപരവുമായ പ്രതിബദ്ധത എന്ന നിലയിൽ വിവരിക്കുന്നു. മനുസ്മൃതിയുടെ പ്രമാണങ്ങൾ സംഘപരിവാരത്തിന് ഒരു മികച്ച ചേരുവയായേക്കും. കാരണം അവർ ഘോഷിക്കുന്നു, ‘ഇന്ത്യയുടെ നാഗരിക ഘടനയിൽ ഭരണത്തിന്റെ ധാർമ്മിക അടിത്തറ ഉൾക്കൊള്ളുന്നു’. 

ബ്രാഹ്മണ എഴുത്തുകാരുടെ കൈയെഴുത്തുപ്രതിയുടെ അന്തിമ രചനയും ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ ആവിർഭാവവും ഗുപ്ത കാലഘട്ടത്തിൽ ഏതാണ്ട് ഒരേസമയം ആയിരുന്നു എന്നത് യാദൃച്ഛികമല്ല. ദക്ഷിണേഷ്യയുടെ ഈ ഭാഗം മനുസ്മൃതിക്ക് മുമ്പുള്ള കാലഘട്ടത്തിൽ ശക്തമായ ബുദ്ധമത സാന്നിധ്യമുള്ള ഊർജസ്വലമായ ഒരു സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ജീവിതത്താൽ അടയാളപ്പെടുത്തിയിരുന്നു. ഇന്ത്യൻ നാഗരികത പൂത്തുലഞ്ഞ കാലം. എന്നാൽ മനുസ്മൃതിക്കു ശേഷമുള്ള കാലഘട്ടം ഒരു അടഞ്ഞ സമ്പദ്‌വ്യവസ്ഥയെ സൃഷ്ടിച്ചു. ഒറ്റപ്പെട്ട കാഴ്ചപ്പാട്, അമിതമായ ജാതി യാഥാസ്ഥിതികത, ഫ്യൂഡലിസത്തിന്റെ വളരുന്ന കൂടാരങ്ങൾ എന്നിവയാൽ നിശ്ചലവും അധഃപതിച്ചതുമായ സമൂഹത്തെയാണ് പിന്നീട് കണ്ടത്.
2025ലെ കരട് തൊഴിൽ നയവുമായി ബന്ധപ്പെടുമ്പോൾ പുരാതന കാലഘട്ടത്തിൽ നിന്ന് ചിലതെല്ലാം വരച്ചുകാട്ടാനുള്ള ശ്രമങ്ങൾ മാത്രമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അടിമത്തത്തിൽ കഴിയുന്നവരെ ചൂഷണം ചെയ്യുന്നതിന്റെ ക്രൂരവും വന്യവുമായ രീതികൾ ഒഴികെ ആ കാലഘട്ടത്തിലെ സാഹചര്യങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. വ്യവസായവൽക്കരണത്തിനും മുതലാളിത്തത്തിന്റെ ആവിർഭാവത്തിനും ശേഷം ഉയർന്നുവന്ന ആധുനിക ആശയങ്ങളാണ് കൂലി, തൊഴിലാളികളുടെ അവകാശങ്ങൾ, ചൂഷണത്തിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയ ആശയങ്ങൾ. മനുസ്മൃതി രചിക്കപ്പെട്ട പുരാതന കാലത്ത് ഈ ആശയങ്ങൾ നിലവിലില്ലായിരുന്നു. നിർവചിക്കപ്പെട്ട കൂലി സമ്പ്രദായം ഉണ്ടായിരുന്നില്ല. ജോലിക്ക് പകരമായി, തൊഴിലാളികൾക്ക് ഉപജീവനമാർഗമായി, പ്രധാനമായും വസ്തുക്കളുടെ രൂപത്തിൽ എന്തെങ്കിലും നൽകിയിരുന്നു എന്നുമാത്രം. വേതനം നിശ്ചയിക്കുന്നതിൽ അവർക്ക് പങ്കില്ലായിരുന്നു. മതപരമായ ചടങ്ങുകളിൽ ബ്രാഹ്മണർ അവരുടെ ആചാരാനുഷ്ഠാനങ്ങളിലൂടെ ഉന്നത പദവി ആസ്വദിക്കുന്നു, അതേസമയം അധ്വാനിക്കുന്ന ജനങ്ങളിൽ ആധുനിക പൂർവ കാലഘട്ടത്തിലെ ദുരിതവിധി അനുഭവിക്കേണ്ടിവരുന്ന ജാതി അടിസ്ഥാനമാക്കിയുള്ള ശ്രേണിപരമായ തൊഴിൽ വിഭജനത്തെ ശക്തിപ്പെടുത്താനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ല ശ്രമ (തൊഴിൽ) ആശയത്തെ വേറിട്ട് മഹത്വവൽക്കരിക്കാനുള്ള ബിജെപി ഭരണശ്രമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.