5 April 2025, Saturday
KSFE Galaxy Chits Banner 2

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പാരിസ്ഥിതിക പാഠം

Janayugom Webdesk
April 3, 2025 5:00 am

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിലാണ്. വിദ്യാര്‍ത്ഥികളുടെ എന്തെങ്കിലും അവകാശം നേടിയെടുക്കുന്നതിനോ പരീക്ഷയുമായോ ക്ലാസ് മുറിയുമായോ ബന്ധപ്പെട്ടുമല്ല, ഒരു ഐടി പാർക്ക് നിർമ്മിക്കാനുള്ള തെലങ്കാന സർക്കാർ തീരുമാനത്തിനെതിരെയാണ് സമരം. അതാണ് ഈ സമരത്തിന്റെ പ്രത്യേകതയും. യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്ന 400 ഏക്കർ വനഭൂമി വെട്ടിത്തെളിച്ച് ഐടി പാര്‍ക്ക് നിര്‍മ്മിക്കുന്നതിനെയാണ് എഐഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ എതിര്‍ക്കുന്നത്. സമരങ്ങളോട്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥിസമരങ്ങളോടുള്ള കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വീണ്ടും വീണ്ടും ഉറപ്പിക്കുന്നതാണ് സര്‍ക്കാര്‍ പ്രതിഷേധക്കാരെ നേരിട്ട രീതിയിലൂടെ തെളിയുന്നത്. കാടുവെട്ടിത്തെളിക്കാനുള്ള നീക്കം ചെറുത്ത മലയാളികളടക്കമുള്ള വിദ്യാർത്ഥികളെ രേവന്ത് റെഡ്ഡിയുടെ പൊലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പൊലീസാക്രമണത്തിൽ പരിക്കേറ്റ ഒമ്പത് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് ജെസിബികൾ എത്തിച്ചതറ‍ിഞ്ഞ് തടയാനെത്തിയ വിദ്യാർത്ഥികളെ പൊലീസ് തടയുകയും ചോദ്യം ചെയ്തവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥി യൂണിയൻ നേതാക്കളും കസ്റ്റഡിയിലാണ്. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ സൗത്ത് ഫസ്റ്റ് എന്ന വെബ് പോർട്ടലിന്റെ റിപ്പോർട്ടർ സുമിത് ഷായെയും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. നേരത്തെയും രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് രണ്ട് വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് വീടുകയറി അറസ്റ്റ് ചെയ്തിരുന്നു. സർവകലാശാലയ്ക്കകത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രതിഷേധത്തെ അടിച്ചമർത്താൻ കാമ്പസിന്റെ മുക്കിലും മൂലയിലും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ് കോൺഗ്രസ് സർക്കാർ. അതിന് സര്‍വകലാശാല അധികാരികളുടെ മൗനാനുവാദവുമുണ്ട്. വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തപ്പോഴും പൊലീസ് അനുകൂല നിലപാടായിരുന്നു സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത്.

സര്‍വകലാശാലയോട് ചേര്‍ന്ന് കിടക്കുന്ന, 220 തരം പക്ഷികളടക്കമുള്ള ജീവജാലങ്ങളുടെ ആവാസമേഖലയായ കാഞ്ച ഗച്ചിബൗളിയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകർ പൊതുതാല്പര്യ ഹർജി നൽകിയിട്ടുണ്ട്. ഈ മാസം ഏഴിന് കോടതി ഹർജി പരിഗണിക്കാനിരിക്കെയായിരുന്നു സർക്കാരിന്റെ തിടുക്കപ്പെട്ട നീക്കം. 1974ൽ 2,300 ഏക്കറിലാണ് സർവകലാശാല സ്ഥാപിച്ചതെങ്കിലും ഇതുവരെ അതിർത്തി നിർണയം നടത്തിയിട്ടില്ല. ഈ ഭൂമിയിൽ ‘മഷ്റൂം റോക്ക്’ പോലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളും മറ്റ് ജൈവവൈവിധ്യ സമ്പന്നമായ മേഖലകളും ഉൾപ്പെടുന്നു. ഇതില്‍ നിന്ന് 400 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് തെലങ്കാന വ്യവസായ വികസന കോർപറേഷൻ തീരുമാനിച്ചത്. ഇതിനെതിരെ മാർച്ച് 12 മുതൽ സർവകലശാലയിൽ ഇടതുപക്ഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ സർവേ നടത്തിയിട്ടില്ലെന്നാണ് ഹൈദരാബാദ് സർവകലാശാല പറയുന്നത്. പക്ഷേ മാർച്ച് ആദ്യം, ഭൂമികയ്യേറാനുള്ള ശ്രമം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോൾ സർവകലാശാല അധികൃതർ അതിനെതിരെ ഒന്നും ചെയ്‌തില്ല. അപ്പോഴാണ് വിദ്യാർത്ഥികളെയും വർക്കേഴ്‌സ് യൂണിയനെയും അധ്യാപക അനധ്യാപക സംഘടനകളെയുമെല്ലാം ചേർത്ത് ജോയിന്റ് ആക്ഷൻ കമ്മിറ്റി(ജെഎസി) രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ, ഈ ഭൂമി സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാമെന്ന് കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചുവെന്നാണ് ഭരണകൂടത്തിന്റെ അവകാശവാദം. 20 വര്‍ഷത്തോളം ഒഴിഞ്ഞുകിടന്നതിനാലും ആരും പരിപാലിക്കാത്തതിനാലും അവിടെ മരങ്ങൾ വളർന്നു. ചില രാഷ്ട്രീയ പാർട്ടികൾ ഇതിനെ വനഭൂമിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിക്കുന്നു. 

നഗരത്തിലെ അവസാനത്തെ പച്ചത്തുരുത്തുകളില്‍ ഒന്നാണ് സർവകലാശാലയും പരിസര പ്രദേശങ്ങളും. പാരിസ്ഥിതിക ആഘാത വിലയിരുത്തൽ കൂടാതെ അവയെ നശിപ്പിക്കുന്നത് ഹൈദരാബാദിന്റെ ഭാവിയെ അപകടത്തിലാ‌ക്കും. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തിയത്. പരിസ്ഥിതി പ്രശ്നത്തില്‍ കേന്ദ്രത്തിലെ മോഡി സര്‍ക്കാരിന്റെ അതേ നയമാണ് രേവന്ത് റെഡ്ഡിയുടെ കോണ്‍ഗ്രസ് സര്‍ക്കാരും പിന്തുടരുന്നത്. “മുംബൈയിലെ ആരേ വനവും ഛത്തീസ്ഗഢിലെ ഹസ്ദിയോ വനവും നശിപ്പിക്കുന്നതിനെതിരെ രാഹുൽ ഗാന്ധി സംസാരിച്ചു. രണ്ടുതവണ അദ്ദേഹം ഹൈദരാബാദ് സർവകലാശാല സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തം പാർട്ടിയുടെ സർക്കാർ വിദ്യാർത്ഥികളെ ക്രൂരമായി പീഡിപ്പിക്കുകയും പരിസ്ഥിതി നശിപ്പിക്കുകയും ചെയ്യുമ്പോൾ, അദ്ദേഹം മൗനം പാലിക്കുന്നു“വെന്ന ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ ടി രാമറാവുവിന്റെ വിമര്‍ശനം തള്ളിക്കളയാവുന്നതല്ല. പരിസ്ഥിതിയെ അറിയാത്ത വികസനം സര്‍വനാശത്തിന്റെ താക്കോല്‍ നിര്‍മ്മാണമാണ്. അതിനെതിരെ ഉയര്‍ന്നുവന്ന യുവജനതയുടെ പ്രക്ഷോഭത്തെ സര്‍വാത്മനാ പിന്തുണയ്ക്കുകയാണ് ജനാധിപത്യത്തിന്റെ ധാര്‍മ്മികത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.