7 December 2025, Sunday

Related news

December 7, 2025
December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025

മത്സ്യമേഖല: നിതി ആയോഗ് റിപ്പോർട്ട് തള്ളണം

Janayugom Webdesk
October 15, 2025 5:00 am

രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വൻ വരുമാനവും ജനസംഖ്യയിലെ വലിയ വിഭാഗത്തിന് തൊഴിലും നൽകുന്നതാണ് മത്സ്യബന്ധനവും അനുബന്ധമേഖലകളും. ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ ഉറപ്പ് നൽകുന്നതിനുമുളള വിവിധ പദ്ധതികൾ കേന്ദ്ര — സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. 30 ദശലക്ഷം പേർക്ക് ഉപജീവനമാർഗം നൽകുന്ന ഈ രംഗത്തെ ഭൂരിപക്ഷവും പരമ്പരാഗതമായി ഈ മേഖലയിലെത്തുകയും വരുമാനം കണ്ടെത്തുകയും ചെയ്യുന്നവരാണ്. കേന്ദ്രസർക്കാരിന്റെ തന്നെ കണക്കനുസരിച്ച് മത്സ്യോല്പന്ന കയറ്റുമതിയിലൂടെ 2023–24 സാമ്പത്തിക വർഷം ഇന്ത്യക്കുണ്ടായ വരുമാനം 60,523 കോടിയിലധികമായിരുന്നു. ലോകത്തെ രണ്ടാമത്തെ വലിയ മത്സ്യോല്പാദന രാജ്യവുമാണ് ഇന്ത്യ. ആഗോള ഉല്പാദനത്തിന്റെ എട്ട് ശതമാനം ഇവിടെയാണ്. ആഴമേറിയ ജലാശയങ്ങൾ, ഒമ്പത് സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 11,098 കിലോമീറ്റർ തീരപ്രദേശം എന്നിവ സമുദ്ര മത്സ്യബന്ധന സാധ്യതകൾ വർധിപ്പിക്കുന്നു. ഇതുകൂടാതെ ആഴക്കടൽ മത്സ്യബന്ധനവും വരുമാന സാധ്യതയ്ക്ക് സഹായകമാകുന്നതാണ്. പരമ്പരാഗതവും പാരമ്പര്യേതരവുമായ മാർഗങ്ങളിലൂടെ 7.16 ദശലക്ഷം ടൺ മത്സ്യോല്പന്നങ്ങളാണ് നമ്മുടെ കടലിൽ നിന്ന് ശേഖരിക്കുന്നതെന്നാണ് കണക്ക്. ഈ വിധത്തിൽ സാമൂഹ്യവും സാമ്പത്തികവുമായി വലിയ പങ്ക് വഹിക്കുന്ന മത്സ്യമേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന നിതി ആയോഗിന്റെ റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നതാണ്. ‘ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥ: ആഴക്കടലിലും കടൽത്തീര മത്സ്യബന്ധനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള തന്ത്രം’ എന്നാണ് പേരെങ്കിലും പരമ്പരാഗത മത്സ്യബന്ധനത്തെ തളർത്തുകയും മേഖലയ്ക്കുള്ള പ്രോത്സാഹനങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദേശിക്കുകയുമാണ് റിപ്പോർട്ട് ചെയ്യുന്നത്. 

നിതി ആയോഗ് അംഗം (കൃഷി) പ്രൊഫ. രമേശ് ചന്ദും സിഇഒ ബി വി ആർ സുബ്രഹ്മണ്യവും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ട് സമുദ്ര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതാണെന്ന പൊതു പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയെ കൂടുതൽ ആശ്രയിച്ചുകൊണ്ട് വരുമാന വർധനയും ലോകോത്തരമാക്കലുമാണ് ലക്ഷ്യമെന്നും അവകാശപ്പെടുന്നു. എന്നാൽ അതിനുള്ള പ്രതിവിധിയായി നിർദേശിക്കുന്ന കാര്യങ്ങൾ പരമ്പരാഗത തൊഴിലാളികളെ സംബന്ധിച്ച് ആശാവഹമല്ല. കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യ സ്വീകരിക്കണമെന്ന് നിർദേശിക്കുമ്പോൾ അതിന് വൻകിട സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതിനെയും ആഗോള സംരംഭങ്ങളുമായി കൈകോർക്കേണ്ടതിനെയും കുറിച്ചാണ് റിപ്പോർട്ട് സംസാരിക്കുന്നത്. സ്ഥാപനശേഷി വർധിപ്പിക്കുക, കപ്പലുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണം, സുസ്ഥിര മത്സ്യബന്ധന മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കൽ, പ്രാദേശിക സമൂഹ പങ്കാളിത്തം വർധിപ്പിക്കൽ, ആഴക്കടൽ മത്സ്യബന്ധനത്തിന്റെ മൂലധന ആവശ്യകത മനസിലാക്കി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെയും ക്ലസ്റ്റർ അധിഷ്ഠിത സമീപനങ്ങളെയും പിന്തുണയ്ക്കൽ, കൂട്ടായ ഉടമസ്ഥാവകാശത്തെ കുറിച്ച് ആലോചിക്കൽ എന്നിങ്ങനെ നിർദേശങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചിരിക്കുന്നത്. പരമ്പരാഗത, പൊതുമേഖലകൾക്കൊപ്പം സ്വകാര്യരംഗത്തെയും കൂടുതലായി ആശ്രയിക്കണമെന്ന സൂചനകളും റിപ്പോർട്ടിലുണ്ട്. ഇത് പരമ്പരാഗതമായി നിലവിലുള്ള രീതികൾക്ക് കോട്ടമുണ്ടാക്കുകയും വൻകിടക്കാർക്ക് കൂടുതലായി കടന്നുകയറുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. കൂടാതെ നിർബന്ധിത രജിസ്ട്രേഷൻ, നിയന്ത്രണനീക്കങ്ങൾ എന്നിവയും പരമ്പരാഗത മത്സ്യത്തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ആവാസവ്യവസ്ഥയ്ക്ക് കോട്ടമുണ്ടാകുന്നത് കുറയ്ക്കുന്നതിനും സുസ്ഥിര മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി മത്സ്യബന്ധന ഉപകരണങ്ങളിലും രീതികളിലും നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. 

ഏറ്റവും പ്രധാനപ്പെട്ട ആശങ്ക സബ്സിഡികളും പ്രോത്സാഹനങ്ങളും ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന നിർദേശം തന്നെയാണ്. ഇന്ത്യയുടെ ആഴക്കടലിലും കടൽത്തീര മത്സ്യബന്ധന വ്യവസായത്തിലും വളർച്ചയും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന മധുരവർത്തമാനം പറഞ്ഞുകൊണ്ടാണ് ഈ നിയന്ത്രണങ്ങൾ വേണമെന്ന് നിർദേശിക്കുന്നത് എന്നതാണ് വിചിത്രമായിട്ടുള്ളത്. എല്ലാ സബ്സിഡികളും പരമാവധി കുറയ്ക്കണമെന്നും നിശ്ചിത കാലയളവിലേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നുമാണ് റിപ്പോർട്ട് നിർദേശിച്ചിരിക്കുന്നത്. എന്നു മാത്രമല്ല ഘട്ടംഘട്ടമായി ഇവ നിർത്തലാക്കണമെന്നും ആവശ്യപ്പെടുന്നു. വിവിധ തരത്തിലുള്ള നയംമാറ്റങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ദോഷം ചെയ്യുന്ന നിരവധി നടപടികൾ ഇതിനകം തന്നെ കേന്ദ്രസർക്കാരിൽ നിന്നുണ്ടായിട്ടുണ്ട്. അതിന്റെ കൂടെയാണ് നിതി ആയോഗിന്റെ പേരിൽ റിപ്പോർട്ടുകൾ തട്ടിക്കൂട്ടി പുതിയ നിയന്ത്രണങ്ങളും വെട്ടിക്കുറവുകളും വരുത്തുന്നതിനുള്ള നീക്കം. ഈ മേഖലയിലേക്ക് ആഗോളഭീമന്മാരെ എത്തിക്കുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ രംഗത്തുനിന്ന് നിഷ്കാസിതരാക്കുന്നതിനുമുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. സമൂഹത്തിലെ വലിയ വിഭാഗത്തിന്റെ തൊഴിൽ സാധ്യതയെയും അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും ഇല്ലാതാക്കുന്ന ഇത്തരം തട്ടിക്കൂട്ട് റിപ്പോർട്ടുകൾ തള്ളിക്കളയുന്നതിനുള്ള ആർജവം മോഡി സർക്കാരിൽ നിന്നുണ്ടാകുമോയെന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.