22 December 2024, Sunday
KSFE Galaxy Chits Banner 2

ഭക്ഷ്യ വിലക്കയറ്റം സമ്പദ്ഘടനയുടെ രോഗലക്ഷണം

Janayugom Webdesk
November 15, 2024 5:00 am

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പാവപ്പെട്ടവരും ഇടത്തരക്കാരും ഉൾപ്പെട്ട മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെയും കുടുംബബജറ്റുകളെ തകിടംമറിച്ച് അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഭക്ഷ്യോല്പന്നങ്ങളുടെ മൊത്തവിലയിലും ചില്ലറവിലയിലും പ്രകടമായ കുതിപ്പ് റിസർവ് ബാങ്കിന്റെ സഹിഷ്ണുതാതലത്തെയും മറികടന്ന് പൊതു സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതായാണ് വ്യക്തമാകുന്നത്. പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ, പയറുവർഗങ്ങൾ, ഭക്ഷ്യഎണ്ണകൾ എന്നിവയുടെ വിലയിൽ പ്രകടമായ ഉയര്‍ച്ച മറ്റെല്ലാ ചെലവുകളും മാറ്റിവയ്ക്കാൻ കുടുംബങ്ങളെ നിർബന്ധിതമാക്കുന്നു. അത് നല്ലയളവിൽ വിറ്റഴിഞ്ഞിരുന്ന ഉപഭോക്തൃ ഉല്പന്നങ്ങളുടെയും വാഹനങ്ങളടക്കം വ്യാവസായിക ഉല്പന്നങ്ങളുടെയും വില്പനയെ പ്രതികൂലമായി ബാധിക്കുകവഴി സമ്പദ്ഘടനയുടെ വളർച്ചയെത്തന്നെ മാന്ദ്യത്തിലേക്കാണ് നയിക്കുന്നതെന്ന ആശങ്ക സാമ്പത്തികവൃത്തങ്ങളിൽ ശക്തമാണ്. എന്നാൽ ഭക്ഷ്യവസ്തുക്കളുടെ കുതിക്കുന്ന വിലക്കയറ്റമാണ് കുടുംബങ്ങളെ ഏറെ അസ്വസ്ഥമാക്കുന്നത്. ഇന്ത്യൻ കുടുംബങ്ങളുടെ തീൻപാത്രത്തിൽ ഒഴിവാക്കാനാവാത്ത അടിസ്ഥാന ഇനങ്ങളായ തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലക്കുതിപ്പ് അവ അപ്പാടെ ഒഴിവാക്കാൻ കുടുംബങ്ങളെ നിർബന്ധിതമാക്കുന്നതാണ് അവസ്ഥ. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പതിവ് ശൈലിയിൽ കുടുംബങ്ങളുടെ തീൻപാത്രത്തിൽ അനിവാര്യങ്ങളായ ഈ ഇനങ്ങളെ ‘ടോപ്’ (ടൊമാറ്റോ, ഒനിയൻ, പൊട്ടറ്റോ) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അവ എല്ലാ കുടുംബങ്ങൾക്കും എല്ലായ്പ്പോഴും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ആവർത്തിച്ച് ഉറപ്പുനൽകിയിരുന്നു. അതാണ് മഹാഭൂരിപക്ഷത്തിന്റെയും തീൻപാത്രത്തിൽനിന്നും അപ്രത്യക്ഷമാകുന്നത്. അവയുടെ വില യഥാക്രമം 161.3, 64.9, 51.8 ശതമാനം തോതിലാണ് കുതിച്ചുയർന്നിരിക്കുന്നത്. പച്ചക്കറികളുടെ വിലക്കയറ്റം സെപ്റ്റംബർ മാസത്തെക്കാൾ 49 ശതമാനം കണ്ടാണ് ഉയർന്നത്. അടിയന്തര ഇടപെടലുകൾക്കും സാമ്പത്തിക നയങ്ങളിലെ ദിശാമാറ്റത്തിനും മോഡി സർക്കാർ തയ്യാറാവാത്തപക്ഷം വിലക്കയറ്റം അനിയന്ത്രിതമായി തുടരുകയും സാമൂഹിക അസ്വസ്ഥതകൾക്ക് വഴിവയ്ക്കുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്. 

സർക്കാരിന്റെ കാർഷിക, സാമ്പത്തിക നയങ്ങളുടെ പരാജയത്തെയാണ് ഈ വിലക്കയറ്റം അടയാളപ്പെടുത്തുന്നത്. ആഗോളതാപനത്തിന്റെ ഫലമായുള്ള താളംതെറ്റിയ കാലാവസ്ഥ കൃഷിയെയും കാർഷികോല്പാദനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കാലാവസ്ഥാവ്യതിയാനം മുൻകൂട്ടിക്കണ്ടുള്ള കൃഷി, കാര്‍ഷികോല്പാദനം, ഉല്പന്നങ്ങളുടെ സംഭരണം, ദീർഘകാലത്തേക്കുള്ള അവയുടെ സൂക്ഷിപ്പ്, വിപണി ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വിതരണം, വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഉചിതമായ വിപണി ഇടപെടൽ, ഇക്കാര്യങ്ങളിൽ ആവശ്യമായ ആസൂത്രണം തുടങ്ങിയവയിൽ മോഡി സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു. അതാണ് ഭക്ഷ്യ വിലക്കയറ്റത്തിന്റെ രൂപത്തിൽ ജനജീവിതത്തിന് തിരിച്ചടിയായിരിക്കുന്നത്. ഉല്പന്നങ്ങൾക്ക് ന്യായമായ താങ്ങുവില നിശ്ചയിച്ച് അവ സർക്കാർ നേരിട്ടോ അല്ലെങ്കിൽ സർക്കാരിന്റെ കർശന മേൽനോട്ടത്തിലോ സംഭരിക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കാൻ മോഡി ഭരണകൂടം തയ്യാറല്ല. അതിനുവേണ്ടി കർഷകർ പ്രക്ഷോഭത്തിന് മുതിർന്നാൽ അവരെ ദേശവിരുദ്ധ ശക്തികളും ഖലിസ്ഥാൻവാദികളും നഗര നക്സലുകളും മറ്റുമായി മുദ്രകുത്തി അടിച്ചമർത്തുന്നു. പഴം, പച്ചക്കറി വിപണികളുടെപോലും നിയന്ത്രണം അഡാനിമാരും അംബാനിമാരും അടക്കമുള്ള കുത്തകകളും ഇടനിലക്കാരും കയ്യടക്കിയിരിക്കുന്നു. തന്റെ ചങ്ങാതിമാരായ അവരുടെ ലാഭതാല്പര്യങ്ങൾക്ക് ഇന്ത്യയുടെ കാർഷികമേഖലയെയും കർഷകരെയും മോഡി ഭരണകൂടം അടിയറവ് വച്ചിരിക്കുന്നു. രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ എൻഡിഎ സഖ്യം അധികാരം കയ്യാളുന്ന മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകൾ നിയന്ത്രിക്കുന്നതിന് യാതൊരുനടപടിക്കും തയ്യാറാവാത്ത അവർ, ഉള്ളിയടക്കം പല പച്ചക്കറി ഇനങ്ങളുടെയും ഉല്പാദനത്തകർച്ചയ്ക്ക് ആക്കം കൂട്ടി. വേഗത്തില്‍ കേടുവരുന്ന പച്ചക്കറി ഉല്പന്നങ്ങൾ സംഭരിച്ച് സൂക്ഷിക്കുന്നതിനുള്ള ശീതീകൃത സംഭരണികൾക്കുവേണ്ടി കുറഞ്ഞ പലിശയ്ക്ക്, വൻ സബ്സിഡിയോടെ നൽകിവരുന്ന വായ്പകൾ ഭൂരിപക്ഷവും ചെന്നെത്തുന്നത് വൻകിട കുത്തകകളുടെ പക്കലാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കുകയോ കർഷകരെ സംരക്ഷിക്കുകയോ അല്ല മോഡി സർക്കാരിന്റെ കാർഷിക നയത്തിന്റെ കാതൽ. കൃഷിയുടെ കുത്തകവൽക്കരണമാണ് നടക്കുന്നത്. ആ നയത്തിന്റെ ഇരകളായി മാറുകയാണ് കർഷകരും ബഹുഭൂരിപക്ഷംവരുന്ന ഉപഭോക്താക്കളും. 

ഭക്ഷ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം സാമാന്യജനതയുടെ ക്രയശേഷിയെ ഗണ്യമായി കുറയ്ക്കുമെന്നത് സ്വാഭാവിക സാമ്പത്തിക പ്രക്രിയയാണ്. ഭക്ഷണത്തിനുവേണ്ടി വരുമാനത്തിന്റെ സിംഹഭാഗവും വിനിയോഗിക്കേണ്ടിവരുന്ന ഇടത്തരക്കാരാണ് രാജ്യത്ത് ഉല്പാദിപ്പിക്കുന്ന അതിവേഗം വിറ്റഴിയുന്ന ഉപഭോഗവസ്തുക്കളുടെ (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് — എഫ്എംസിജി) മുഖ്യ വിപണി. ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയും ഇടത്തരക്കാരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ആ ഗണത്തിൽപ്പെട്ട ഉല്പന്നങ്ങളുടെ വിപണി മന്ദഗതിയിലോ, ഒരുപടി കടന്ന് സ്തംഭനാവസ്ഥയെയോ നേരിടുന്നതായാണ് പ്രമുഖ ഉല്പാദകരും സാമ്പത്തിക സ്ഥാപനങ്ങളും നൽകുന്ന മുന്നറിയിപ്പ്. ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യംവച്ചുള്ള വ്യാവസായികോല്പന്നങ്ങളുടെ വിപണിയും സ്തംഭനം നേരിടുന്നു. സാധാരണ ഉപഭോക്താക്കളെ ലക്ഷ്യംവച്ച് നിർമ്മിച്ച ഏഴ് ലക്ഷത്തില്പരം കാറുകൾ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതായി കാർനിർമ്മാണ വ്യവസായ വൃത്തങ്ങൾ പറയുന്നു. കോവിഡിനെത്തുടർന്ന് തെല്ല് അനക്കംവച്ച ഇരുചക്രവാഹന വിപണിയും മന്ദഗതിയിലായി. ഇതെല്ലാം വ്യാപകമായ തൊഴിലില്ലായ്മയിലേക്കാണ് രാജ്യത്തെ തള്ളിനീക്കുക. ഇപ്പോൾത്തന്നെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയെ നേരിടുന്ന ചെറുപ്പക്കാരെ കൂടുതൽ ഭീഷണമായ ഭാവിയാണ് തുറിച്ചുനോക്കുന്നത്. വിലക്കയറ്റം ഒരു രോഗമല്ല. അത് രാഷ്ട്ര സമ്പദ്ഘടനയെ കാത്തിരിക്കുന്ന സാമ്പത്തികമാന്ദ്യം എന്ന ഗുരുതര രോഗത്തിന്റെ പ്രാരംഭ ലക്ഷണമാണ്. അതിനെ മറികടക്കാൻ സാമ്പത്തികനയങ്ങളിൽ അടിമുടി അഴിച്ചുപണി കൂടിയേതീരൂ. അതാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മൗലിക മാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.