14 March 2026, Saturday

Related news

March 14, 2026
March 13, 2026
March 12, 2026
March 11, 2026
March 10, 2026
March 9, 2026
March 8, 2026
March 7, 2026
March 6, 2026
March 5, 2026

പട്ടിണിയിലേക്ക് നയിക്കുന്ന പാചകവാതക പ്രതിസന്ധി

Janayugom Webdesk
March 14, 2026 5:00 am

ശ്ചിമേഷ്യൻ യുദ്ധം അഭൂതപൂർവമായ ആഗോള പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അത് ലോകമെമ്പാടും ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പരിഭ്രാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിരിക്കുന്നു. യുദ്ധവുമായി പുലബന്ധംപോലുമില്ലാത്ത ഇന്ത്യയിലെ 30 കോടിയില്പരം കുടുംബങ്ങളുടെയും അനേകകോടി സാധാരണ മനുഷ്യരുടെയും ജീവിതത്തിലാണ് അനിശ്ചിതത്വത്തിന്റെ നിഴൽ വീഴ്ത്തിയിരിക്കുന്നത്. ഭക്ഷണാവശ്യത്തിന് പാചകവാതകത്തെ ആശ്രയിക്കുന്ന ബഹുകോടി കുടുംബങ്ങളും വ്യക്തികളും തികഞ്ഞ പരിഭ്രാന്തിയിലാണ്. പരമ്പരാഗത രീതിയിൽ വിറക്, കരി, മണ്ണെണ്ണ എന്നിവ ഉപേക്ഷിച്ച് താരതമ്യേന ശുദ്ധ ഇന്ധനമായ പാചകവാതകത്തിലേക്ക് മാറിയ മഹാഭൂരിപക്ഷം ഇന്ത്യക്കാർക്ക് മുമ്പിൽ മറ്റൊരു പാചക ഇന്ധനം ഇല്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഹോട്ടലുകളെയും ഭക്ഷണ വിതരണ സംവിധാനങ്ങളെയും തെരുവോര ഭക്ഷണ വ്യാപാരത്തെയും ആശ്രയിച്ചിരുന്നവർക്ക് മുമ്പിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ ഭക്ഷണസ്രോതസ് അടഞ്ഞിരിക്കുന്നത്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയും കൂട്ടിരിപ്പുകാരെയും തുറിച്ചുനോക്കുന്നത് വിശപ്പിനെപ്പറ്റിയുള്ള ആശങ്കയാണ്. വിദ്യാർത്ഥികളും തൊഴിലെടുക്കുന്നവരും ആശ്രയിച്ചുപോന്ന ഹോസ്റ്റലുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അക്ഷരാർത്ഥത്തിൽ യുദ്ധം സാധാരണമനുഷ്യരുടെ അടുക്കളകളിലും തീന്മേശയിലും വരെ എത്തിയിരിക്കുന്നു. ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഒരേയൊരു വിഭാഗം ഇന്ത്യൻ ഭരണകൂടവും അതിന്റെ നേതൃത്വവും മാത്രമാണെന്ന പ്രതീതിയാണ് കഴിഞ്ഞദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ലോക്‌സഭയിൽ നടത്തിയ പ്രസ്താവന നൽകുന്നത്. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് പാചകവാതക പ്രതിസന്ധിയെപ്പറ്റി നൽകിയ ഉപക്ഷേപത്തോട് പ്രതികരിക്കവെ അത് ‘ഉ‌ൗഹാപോഹ പ്രചാരണവും വ്യാജ ആഖ്യാനവു‘മാണെന്നായിരുന്നു പുരിയുടെ പ്രതികരണം. 

‘കോവിഡ് മഹാമാരിയെ മറികടന്നതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇപ്പോഴത്തെ പ്രതിസന്ധിയെയും നാം മാറികടക്കു‘മെന്നായിരുന്നു മറ്റൊരു കേന്ദ്രമന്ത്രി പ്രശ്നത്തോട് പ്രതികരിച്ചത്. അതുതന്നെയാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. കോവിഡ് ബാധിച്ച് മരണമടഞ്ഞവരെപ്പറ്റി കേന്ദ്രസർക്കാർ പറയുന്ന കണക്കുകൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന യാഥാർത്ഥ്യത്തോട് സത്യസന്ധമായി പ്ര­തികരിക്കാൻ ഇനിയും മോഡിസർക്കാർ സന്നദ്ധമായിട്ടില്ല. സർക്കാർ കണക്കുകളുടെ ഒമ്പതിരട്ടി മരണമെങ്കിലും സംഭവിച്ചതായാണ് ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നത്. അത്തരത്തിലായിരിക്കുമോ ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാൻ മോഡിസർക്കാർ നേതൃത്വം നൽകുകയെന്നതാണ് ജനങ്ങളുടെ ആശങ്കയ്ക്കും പരിഭ്രാന്തിക്കും കാരണം. രാജ്യത്ത് പാചകവാതകത്തിന്റെയും വ്യാവസായിക, വാണിജ്യ ആവശ്യങ്ങൾക്കായുള്ള പ്രകൃതിവാതകത്തിന്റെയും യഥാസ്ഥിതി എ­ന്തെ­ന്നത് സംബന്ധിച്ച് പരസ്പരവിരുദ്ധമായ കണക്കുകളാണ് പുറത്തുവരുന്നത്. കേരളത്തിലെ പാചകവാതക ബോട്ടിലിങ് പ്ലാന്റുകളിൽ വാതകം നിറയ്ക്കുന്നതിലും അവയുടെ വിതരണത്തിലും സാരമായ കുറവ് വന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും എണ്ണ, പ്രകൃതിവാതക ടാങ്കറുകളുടെ സഞ്ചാരം തടസപ്പെടുകയും ചെയ്തതോടെ ഇന്ത്യയിലേക്കുള്ള അവയുടെ പ്രവാഹം നിലച്ചിരിക്കുകയാണ്. യുഎസ്, നോർവേ, അൾജീരിയ തുടങ്ങിയ സ്രോതസുകളിൽ നിന്നും ഭരണകൂടം പ്രതീക്ഷിക്കുന്ന ഇറക്കുമതിക്ക് അന്തരാഷ്ട്ര കപ്പൽ ഗതാഗതത്തിൽ യുദ്ധംമൂലം ഉണ്ടായിരിക്കുന്ന തടസങ്ങൾ കാലതാമസത്തിനും കൂടിയ വിലയ്ക്കും കാരണമാവും. യുദ്ധം യുഎസും ഇസ്രയേലും കണക്കുകൂട്ടിയതുപോലെ ദിവസങ്ങൾകൊണ്ട് അവസാനിക്കുന്ന ഒന്നായിരിക്കില്ല എന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമുക്ക് ആശ്രയിക്കാവുന്ന എണ്ണയുടെയും പെട്രോളിയം വാതകങ്ങളുടെയും സുലഭ സ്രോതസുകളിൽ ഒന്നായിരുന്നു റഷ്യ. 

ട്രംപ് ഇപ്പോൾ റഷ്യയിൽനിന്നും എണ്ണ വാങ്ങുന്നതിന് ‘അനുവദിച്ചിട്ടുള്ള’ ഇളവ് ഒരുമാസക്കാലമാണ്. മാത്രമല്ല, ഇപ്പോൾ സമുദ്രങ്ങളിലുള്ള ടാങ്കറുകളിൽ നിന്നും അവ വാങ്ങാനുള്ള അനുമതി മാത്രമാണ് ‘ലോക പ്രസിഡന്റാ‘യി സ്വയം അവരോധിച്ചിരിക്കുന്ന ട്രംപ് കനിഞ്ഞ് നൽകിയിട്ടുള്ളത്. പുതുതായി പെട്രോളിയം വാതകങ്ങൾ റഷ്യയിൽനിന്ന് വാങ്ങാനോ കരാറിൽ ഏർപ്പെടാനോ ഇപ്പോഴത്തെ ഇളവിൽ വ്യവസ്ഥയില്ല. ഒരു രാജ്യത്തിന്റെ വിദേശ, വ്യാപാര നയങ്ങൾ ആ രാജ്യത്തെ ജനങ്ങളുടെ ഉത്തമതാല്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാവണം. നരേന്ദ്ര മോഡിയുടെ വിദേശ, വ്യാപാര നയങ്ങൾ രാജ്യത്തിന്റെയോ ജനങ്ങളുടേയോ താല്പര്യങ്ങൾക്ക് അനുസൃതമായിരുന്നില്ലെന്ന് ഇന്ത്യ‑യുഎസ് വ്യാപാരക്കരാറും പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങളും വ്യക്തമാക്കുന്നു. 145 കോടി ജനങ്ങളുടെ രാജ്യത്തെ, മോഡി യുഎസ് സാമ്രാജ്യത്തിന്റെ നീരാളിപ്പിടിത്തതിന് വിട്ടുനൽകി. ആ ധൃതരാഷ്ട്രാലിംഗനത്തിൽ വീർപ്പുമുട്ടുകയാണ് ഇന്ത്യൻ രാഷ്ട്രവും ജനതയും. സാഹചര്യം മുതലെടുത്ത് പൂഴ്ത്തിവയ്പും കരിഞ്ചന്തയും നടത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ നിലയ്ക്കുനിർത്താനും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും കേരളത്തിൽ എൽഡിഎഫ് സർക്കാർ മുന്നോട്ടുവന്നിട്ടുണ്ടെന്നത് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. എന്നാൽ ജനങ്ങളുടെ ദുരവസ്ഥ പ്രയോജനപ്പെടുത്തി സ്വകാര്യ, പൊതുമേഖലാ എണ്ണ കമ്പനികൾ എണ്ണയുടെയും പാചകവാതകത്തിന്റെയും മറ്റും വിലയുയർത്തി ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിച്ചുകൂടാ. പാചകവാതക ക്ഷാമവും പരമ്പരാഗത ഇന്ധന ലഭ്യതയിൽ പെട്ടെന്നുണ്ടാകുന്ന കുറവും വിലക്കയറ്റവും കണക്കിലെടുത്ത് വൈദ്യുതി ഇളവുകള്‍ അനുവദിച്ച് ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാൻ കേന്ദ്ര — സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.