
എല്ലാ യുദ്ധങ്ങളും ബാക്കിയാക്കുന്നത് കരള്‍ നോവിക്കുന്ന കണക്കുകളും അനന്തകാലം അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുമാണ്. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച്, ദശകങ്ങള്‍ എത്രയോ പിന്നിട്ടിട്ടും ബാക്കിയായ കണക്കുകളും ദുരിതങ്ങളും ഇപ്പോഴും വേട്ടയാടുകയാണ്. അതിന് മുമ്പും പിന്നീടുമുണ്ടായ എല്ലാ യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഓരോ യുദ്ധവും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും വസ്തുനാശത്തിനും കാരണമാകുന്നു. ചരിത്രത്തിലെ ഒരിക്കലും മായാത്ത മുറിവുകളായി അത് അവശേഷിക്കുകയും ചെയ്യുന്നു. ഓരോ യുദ്ധവും വിനാശം വിതയ്ക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം ഏല്‍ക്കുന്നത് കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. അവിടെ തീനാളങ്ങളില്‍ വസ്ത്രങ്ങള്‍ കത്തിത്തീര്‍ന്ന് പൊള്ളലേറ്റ ശരീരവുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ കിം ഫുക്കും സിറിയന്‍ അധിനിവേശകാലത്ത് അഭയം നഷ്ടപ്പെട്ട് കടലിലൊഴുകി ജഡമായി തീരമണിഞ്ഞ അയ്‌ലന്‍ കുര്‍ദിയും നമ്മുടെ വേദനയായിതീരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ- ഉക്രെയ്ന്‍ യുദ്ധവും പലസ്തീനെതിരായ ഇസ്രയേലിന്റെ കൊടുംക്രൂരതകളും ഇതേ വേദനകള്‍ തന്നെയാണ് മാനവരാശിക്ക് നല്‍കുന്നത്.
അതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. പലസ്തീനുനേരെ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയുടെ നിര്‍വചനത്തില്‍ തന്നെ എന്നാണ് ഐക്യരാഷ്ട്രസഭ സ്വതന്ത്ര അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ഹമാസിന്റെയും ഭീകരതയുടെയും പേരുപറഞ്ഞ് പ്രത്യേക വിഭാഗത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള നിഷ്ഠുരതകളാണ് അവിടെ ഇസ്രയേല്‍ നടത്തുന്നതെന്ന് യുഎന്‍ സമിതി. തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഒക്ടോബറിലാണ് ഇസ്രയേല്‍ സേനയും ഹമാസും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. എന്നാല്‍ പലസ്തീനിലെ പ്രത്യേക വിഭാഗത്തെ ഇല്ലാതാക്കുന്നതിനും ഗാസ പിടിച്ചടക്കുന്നതിനുമുള്ള ശ്രമങ്ങളാണ് അതിന്റെ പേരില്‍ ഇസ്രയേല്‍ പിന്നീട് നടത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം വംശഹത്യയുടെ നിര്‍വചനങ്ങളായി കണക്കാക്കുന്ന അഞ്ചില്‍ നാലും ഗാസയില്‍ നടപ്പിലാക്കുന്നു. പ്രത്യേക വിഭാഗത്തിലെ അംഗങ്ങളെ കൊല്ലുക, ഗുരുതര ശാരീരിക — മാനസിക ഉപദ്രവം ഏല്പിക്കുക, പ്രത്യേക വിഭാഗത്തെ നശിപ്പിക്കാൻ മറ്റ് സാഹചര്യങ്ങള്‍ മനഃപൂർവം സൃഷ്ടിക്കുക, ജനനം തടയുക എന്നീ പ്രവൃത്തികളാണ് നടത്തുന്നത്. അതിന്റെ ഫലമായുണ്ടായ കൂട്ടക്കുരുതിയുടെയും വസ്തു നാശത്തിന്റെയും കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് വര്‍ഷമാകാന്‍ പോകുന്ന വംശഹത്യക്കിടെ 65,000ത്തോളം പേരെയാണ് സൈന്യം കൊന്നൊടുക്കിയിരിക്കുന്നത്. അതില്‍ മൂന്നിലൊന്നും അഞ്ചില്‍ താഴെ പ്രായമുള്ള കുട്ടികളാണെന്നത് ഭീതിപ്പെടുത്തുന്നതാണ്. പിറന്നുവീണവരെ മാത്രമല്ല, ഗര്‍ഭസ്ഥ ശിശുക്കളെയും നശിപ്പിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ കാതുപൊത്താതിരിക്കാനാകില്ല. ഇത്തരം സംഘര്‍ഷ ഭൂമിയില്‍ സമാധാനത്തിന്റെ ദൂതുമായെത്താറുള്ള ഐക്യരാഷ്ട്രസഭയുടെ 346 ജീവനക്കാര്‍, യാഥാര്‍ത്ഥ്യങ്ങള്‍ ലോകത്തെ അറിയിക്കാനെത്തിയ 252 മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും ഇസ്രയേലിന്റെ ചോരക്കൊതിക്കിരയായി. തടവിലാക്കപ്പെട്ട പലസ്തീനികളുടെ എണ്ണം 10,000ത്തിലധികമാണ്.
ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നത് പട്ടിണിക്കിട്ട് കൊല്ലുകയെന്ന രീതിയാണ്. 500ഓളം പേര്‍ ഈ രീതിയില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുദ്ധത്തിലും അധിനിവേശത്തിലും ആഹാരവും അഭയവും നഷ്ടപ്പെടുന്നവരെ സഹായിക്കുകയെന്നത് മനുഷ്യനീതിയാണ്. അതിന് നിര്‍ബന്ധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ട്. ലോകരാജ്യങ്ങളാകെ ഈ ഘട്ടത്തില്‍ അവശ്യവസ്തുക്കളും മരുന്നുകളുമുള്‍പ്പെടെ സഹായങ്ങളെത്തിക്കുകയും ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ സംഘടനകളുടെ നേതൃത്വത്തില്‍ ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്. യുദ്ധത്തിനും ഉപരോധത്തിനുമിടയില്‍ ഇതിനായി പരസ്പരധാരണയോടെ ഇടവേളകളും നല്‍കും. പ്രത്യേക സഹായകേന്ദ്രങ്ങളും നടത്തും. എന്നാല്‍ അതൊന്നും വകവയ്ക്കാതെ പലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലുകയാണ് ഇസ്രയേല്‍. ലോകരാജ്യങ്ങള്‍ എത്തിക്കുന്ന അവശ്യവസ്തുക്കളും മരുന്നുകളും നല്‍കാനാകാതെയും പ്രത്യേക സഹായ കേന്ദ്രങ്ങള്‍ക്കുനേരെ പോലും ആക്രമണങ്ങള്‍ നടത്തിയും മനുഷ്യനാശത്തിനുള്ള വഴിയൊരുക്കുന്നു. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമണ ലക്ഷ്യങ്ങളില്‍ നിന്നൊഴിവാക്കുന്നില്ല. ഇപ്പോഴാകട്ടെ ഗാസയുടെ പൂര്‍ണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള കരയുദ്ധവും നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമാക്കിയ ആക്രമണത്തില്‍ നൂറിലധികംപേര്‍ മരിച്ചു. ജീവന്‍ രക്ഷിക്കുന്നതിനായി ലക്ഷക്കണക്കിന് മനുഷ്യര്‍ പലായനം ചെയ്യുകയാണ്. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഭീതിദമായ സാഹചര്യങ്ങളാണ് ഇസ്രയേല്‍ പലസ്തീനുമേല്‍ സൃഷ്ടിച്ചിരിക്കുന്നത്. ആധുനിക ചരിത്രത്തില്‍ സമാനതകളില്ലാത്ത കെടുതികളും ദുരിതങ്ങളും വിതറി യുദ്ധഭ്രാന്തുമായി നടക്കുന്ന ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു, എല്ലാ ഒത്താശകളും ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിയ ഭരണാധികാരികള്‍ ലോകത്തിന് മുന്നില്‍ കുറ്റവാളികളായി നില്‍ക്കുകയാണ്. ചോരക്കൊതി തീരാത്ത ഇത്തരം ഭരണാധികാരികള്‍ക്കെതിരെ, സമാധാന കാംക്ഷികളെല്ലാം ഒന്നിക്കണമെന്നാണ് യുഎന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ലോകത്തോട് ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.