
വെടിനിർത്തലെന്നത് വെറും പ്രഹസനമാണെന്ന് തെളിയിച്ചുകൊണ്ട് പലസ്തീനും ഗാസയും ഉണങ്ങാത്ത മുറിവായി തുടരുകയാണ്. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേലിന്റെ പലസ്തീൻ അധിനിവേശം അവസാനിക്കുമെന്ന പ്രതീക്ഷ നൽകി കഴിഞ്ഞ ഒക്ടോബറിലാണ് വെടിനിർത്തൽ കരാറുണ്ടായത്. പക്ഷേ കുടിയൊഴിപ്പിക്കലും കൂട്ടക്കൊലകളും ഇടിച്ചുനിരത്തലുകളും അവസാനിച്ചതേയില്ല. 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പകരമെന്ന പേരിലായിരുന്നു ഇസ്രയേൽ പലസ്തീനുനേരെ ആക്രമണമാരംഭിച്ചത്. ഹമാസ് ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രയേലി അധികൃതർ പറയുന്നത്. എന്നാൽ പ്രതികാരമായി ഇസ്രയേൽ ആരംഭിച്ച ആക്രമണം, വംശഹത്യയും ഗാസയെ ആകെ നശിപ്പിക്കുന്ന തരത്തില്‍ രണ്ട് വർഷത്തോളം തുടരുകയായിരുന്നു. ജനുവരി 12ന് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇസ്രയേൽ അധിനിവേശം ആരംഭിച്ചതിനുശേഷം ഗാസ മുനമ്പിൽ മരിച്ച പലസ്തീനികളുടെ എണ്ണം 71,419 ആണ്. 1,71,318 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതിൽ 20,000ത്തിലധികവും കുട്ടികളായിരുന്നു. ഗാസയിലെ 39,000 ത്തിലധികം കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളെയോ രണ്ടുപേരെയുമോ നഷ്ടപ്പെട്ടു. 17,000 കുട്ടികളും മാതാപിതാക്കളിൽ ഒരാളില്ലാതെയാണ് അവശേഷിച്ചത്. ആധുനിക ചരിത്രത്തിൽ ഇത്രയധികം പേരെ അനാഥരാക്കിയ മറ്റൊരു അധിനിവേശമുണ്ടായിട്ടില്ലെന്ന് പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അധിനിവേശം മുനമ്പിലുടനീളം വ്യാപക നാശത്തിന് കാരണമായി. ഏകദേശം 90% പൗരന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ 10,000 പേരെ കാണാതായതായി പലസ്തീൻ സിവിൽ ഡിഫൻസ് റിപ്പോർട്ടും വെളിപ്പെടുത്തുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അവിടെ നിന്ന് പുറത്തുവരുന്നത്.
പുരാതന യുദ്ധങ്ങളിൽ പോലുമില്ലാതിരുന്ന വിധം മനുഷ്യത്വരഹിതമായ അതിക്രമങ്ങളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായത്. ആതുരാലയങ്ങൾക്കും അഭയകേന്ദ്രങ്ങൾക്കും നേരെ അക്രമങ്ങൾ പാടില്ലെന്നാണ് വ്യവസ്ഥയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. 2023 ഒക്ടോബർ മുതൽ ലോകമെമ്പാടും ആരോഗ്യ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ 2,925 ആക്രമണങ്ങളിൽ 1,153 എണ്ണം പലസ്തീനിൽ മാത്രമായിരുന്നു. മിക്ക ആശുപത്രികളും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതോടെ പരിക്കേൽക്കുന്നവരെയും രോഗികളെയും ചികിത്സിക്കുന്നതിന് താൽക്കാലിക ക്ലിനിക്കുകളാണ് അഭയമായത്. എന്നാൽ ഇവയും ആക്രമിക്കപ്പെട്ടുവെന്നതാണ് പലസ്തീൻ അധിനിവേശം നിഷ്ഠുരമാക്കിയത്. ഇത്രയും മാരകമായ മാനുഷിക ദുരിതങ്ങളും ഭൗതിക നാശങ്ങളുമുണ്ടായ സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തലുണ്ടായത്. ഇസ്രയേലിന്റെ അപൂർവം സഖ്യകക്ഷികളൊഴികെ, ലോകമാകെയുള്ള രാജ്യങ്ങളും സംഘടനകളും പാർട്ടികളും അധിനിവേശത്തിനെതിരെ, പലസ്തീന് ഐക്യപ്പെട്ടുകൊണ്ട് അതത് രാജ്യങ്ങളിൽ തെരുവിലിറങ്ങി. ഇതും വെടിനിർത്തലിലേക്ക് നയിക്കുന്നതിനുള്ള സമ്മര്‍ദം സൃഷ്ടിച്ചു. ഹമാസ് തടവിലാക്കിയ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കൽ, ഘട്ടംഘട്ടമായി യെല്ലോ ലൈനിലേക്കുള്ള ഇസ്രയേലിന്റെ പിൻവാങ്ങൽ, മാനുഷിക സഹായ വിതരണം എന്നിവയായിരുന്നു വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്. ഗാസയിൽ നിന്ന് പൂർണമായ ഇസ്രയേലി പിൻവാങ്ങൽ, സ്ഥിരത നിലനിർത്താൻ സഹായിക്കുന്നതിന് അന്താരാഷ്ട്ര സേനയെ വിന്യസിക്കൽ, പ്രദേശത്തിനായി ഭരണഘടനകൾ സ്ഥാപിക്കൽ എന്നിവ രണ്ടാം ഘട്ടവും. പക്ഷേ ഒന്നാം ഘട്ടത്തിലെ കരാറുകൾ ലംഘിക്കപ്പെടുകയും സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനുള്ള തടസങ്ങൾ തുടരുകയുമാണ്.
ഹമാസും ഇസ്രയേലും തമ്മിലുള്ള വൈരത്തിന് ഇപ്പോഴും പലസ്തീനിലെ, പ്രത്യേകിച്ച് ഗാസ മുമ്പിലെ ജനങ്ങൾ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 2025 ഒക്ടോബർ 11 മുതൽ നിലവിൽവന്ന വെടിനിർത്തൽ കരാർ ലംഘിച്ചതിന്റെ ഫലമായി ഇതുവരെ 460 പലസ്തീനികൾ മരിക്കുകയും 1,240 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നത്. നിരന്തരമായ ആക്രമണങ്ങൾക്ക് പുറമേ കൊടുംതണുപ്പിൽ അഭയമില്ലാതെയും രോഗബാധിതരായും ആളുകൾ മരിക്കുന്നുവെന്ന വിവരങ്ങളും ഓരോ ദിനവും പുറത്തുവരുന്നു. അതിർത്തികൾ തുറക്കാത്തതുമൂലം സഹായങ്ങൾ മതിയായ തോതിൽ എത്തിക്കാനോ ചികിത്സ ഉറപ്പുവരുത്താനോ കഴിയുന്നില്ല. വെടിനിർത്തലിനു ശേഷമെത്തിയ കൊടും തണുപ്പ് സഹിക്കാനാകാതെ മരവിച്ച് മരിച്ചവരുടെ എണ്ണം ഒരു ഡസനിലധികമാണ്. ഇതിൽ നവജാത ശിശുവിന് പുറമേ ഏഴ് ദിവസം, രണ്ട് മാസം, നാല് വയസ് പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്നു. അധിനിവേശത്തിനും വെടിനിർത്തലിനുമിടയിലെ രണ്ട് മഞ്ഞുകാലത്ത് 18 കുട്ടികളുൾപ്പെടെ 21 പേരെങ്കിലും ഇതേസാഹചര്യത്തിൽ മരിച്ചിരുന്നു. വെടിനിർത്തലുണ്ടായിട്ടും ഗാസയിലെ മാനുഷിക പ്രശ്നങ്ങൾക്കും മരണങ്ങൾക്കും അറുതിയായിട്ടില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. എന്നിട്ടും വെടിനിർത്തൽ കരാറിന് കാർമ്മികത്വം വഹിച്ചുവെന്ന് അവകാശപ്പെട്ടിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവര്‍ വാചാടോപങ്ങൾ തുടരുകയാണ്. ഇപ്പോൾ ഗാസ സമാധാന ബോർഡിനെ കുറിച്ചുള്ള വിവാദങ്ങളും വെല്ലുവിളികളുമായാണ് അദ്ദേഹം തന്റെ കപട നിലപാടുകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. പുറംമോടിക്കും മേനി നടിക്കുന്നതിനുമുള്ള കരാറുകൾക്കപ്പുറം മനസുകൊണ്ടുള്ള സന്ധികളും കാരുണ്യവുമാണ് വേണ്ടതെന്നാണ് പലസ്തീൻ ലോകത്തോട് ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.