
ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുകയും അവരുടെ നിർദേശങ്ങൾ സമാഹരിക്കുകയും അത് തങ്ങളുടെ പ്രവർത്തനങ്ങളും ഭാവി പരിപാടികളും രൂപീകരിക്കുന്നതിനുള്ള ഉപാധിയാക്കുകയും ചെയ്യുക എന്നത് പൗരസമൂഹത്തോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ കക്ഷികളുടെ അടയാളമാണ്. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സർക്കാരും ആ ഉത്തരവാദിത്തം ഫലപ്രദമായി നിർവഹിച്ചുപോരുന്നുണ്ട്. 10 വർഷത്തോളമായി അധികാരത്തിൽ തുടരുന്ന എൽഡിഎഫ് സർക്കാരും അതിന് നേതൃത്വം നൽകുന്ന കക്ഷികളും നാളിതുവരെ ആ രീതി തന്നെയാണ് അവലംബിച്ചിട്ടുള്ളത്. അതുകൊണ്ടാണ് എൽഡിഎഫ് സർക്കാരും സിപിഐ, സിപിഐ(എം) പാർട്ടികളും ഒരിക്കൽകൂടി ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് കൈക്കൊണ്ട തീരുമാനം ശ്രദ്ധേയമാകുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തീരുമാനിച്ച എൽഡിഎഫ് സർക്കാരിന്റെ ‘നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം’ വികസന ക്ഷേമ പഠന പരിപാടി ഇന്നലെ ആരംഭിച്ചു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അഭിപ്രായങ്ങൾ ആരാഞ്ഞ്, അവരെ വികസന ചർച്ചകളിൽ പങ്കാളികളും നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകങ്ങളുമാക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് സർക്കാർ പദ്ധതി. 31വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി പരമ്പരാഗത രീതിയിൽ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചല്ല നടത്തുന്നത് എന്നതുകൊണ്ടാണ് വ്യത്യസ്തമാകുന്നത്. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് മുന്നോട്ടുവന്ന സന്നദ്ധ പ്രവർത്തകരാണ് ഇതിൽ പങ്കെടുക്കുന്നത്. 85,000ത്തിലധികം പേർ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ട്. നവകേരള സൃഷ്ടിക്കായുള്ള വിവിധ പദ്ധതികൾ ഇതിനകം തന്നെ എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിക്കുകയും തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. വികസനം സംബന്ധിച്ച കാഴ്ചപ്പാടുകൾ, ക്ഷേമപദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും, പ്രാദേശിക വികസന ആവശ്യങ്ങൾ എന്നിവ മനസിലാക്കി പദ്ധതികൾ ആസൂത്രണം ചെയ്യാനും അഭിപ്രായങ്ങൾ സമാഹരിക്കാനുമാണ് ഗൃഹസന്ദർശന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളിലും ക്ഷേമാനുകൂല്യ വിതരണത്തിലും എല്ലാ പ്രദേശങ്ങളും പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും വിട്ടുപോയിട്ടുണ്ടെങ്കിൽ കൂട്ടിച്ചേർക്കുകയും സന്ദർശനത്തിന്റെ ലക്ഷ്യമാണ്.
എൽഡിഎഫിലെ പ്രധാന കക്ഷികളായ സിപിഐ ജനുവരി 15 മുതൽ 30 വരെയും സിപിഐ(എം) 15 മുതൽ 22 വരെയുമാണ് ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് ജനങ്ങളുമായി തുറന്ന ആശയ സംവാദം നടത്തുമെന്നാണ് ഇരുകക്ഷികളും പ്രഖ്യാപിച്ചിട്ടുള്ളത്. എന്നും ഇടതുപക്ഷത്തിന്റെ സ്വാഭാവിക ബന്ധുക്കളായി കണ്ടിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോൾ അങ്ങനെ കാണുന്നുണ്ടോ? അകന്നുപോയിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്താണ് കാരണം തുടങ്ങിയ കാര്യങ്ങളാണ് ജനങ്ങളുമായുള്ള ആശയവിനിമയ വിഷയങ്ങളെന്നാണ് സിപിഐ പ്രഖ്യാപിച്ചിട്ടുള്ളത്. കക്ഷി രാഷ്ട്രീയം പരിഗണിക്കാതെ മുഴുവൻ ജനങ്ങളെയും കാണുമെന്നും തെരഞ്ഞെടുപ്പ് പരാജയമടക്കം എല്ലാ വിഷയവും ചർച്ചയാകുമെന്നും സിപിഐ(എം) അറിയിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ കുടുംബയോഗങ്ങളും ലോക്കൽ തലത്തിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനും അവർ തീരുമാനിച്ചിട്ടുണ്ട്. ഒരു ദശാബ്ദമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാത്രമല്ല വൻകിട രാഷ്ട്രങ്ങളോട് കിടപിടിക്കാവുന്ന വികസന, ക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. അതിദാരിദ്ര്യം തുടച്ചുനീക്കിയതും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് ഫലപ്രദമായ വിപണി ഇടപെടൽ നടത്തിയതും വ്യവസായ വളർച്ചയ്ക്കും സംരംഭക വികസനത്തിനും പദ്ധതികൾ നടപ്പിലാക്കിയതും കാർഷിക മേഖലയിൽ മുന്നേറ്റമുണ്ടാക്കിയതും ഉൾപ്പെടെ നേട്ടങ്ങളുടെ പട്ടിക നീളുന്നു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും സംസ്ഥാനം വളരെയേറെ മുന്നിലെത്തി. പുതിയ തൊഴിൽ സംരംഭങ്ങളിലൂടെയും പബ്ലിക് സർവീസ് കമ്മിഷൻ നിയമനങ്ങളിലൂടെയും കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തു. ക്ഷേമപെൻഷൻ വർധിപ്പിച്ചതും സ്ത്രീകൾക്ക് 1000 രൂപ പ്രതിമാസ പെൻഷനും വിദ്യാർത്ഥികൾക്കും തൊഴിൽ തേടുന്നവർക്കും സ്റ്റൈപ്പൻഡ് നടപ്പിലാക്കിയതുമെല്ലാം സർക്കാരിന്റെ നേട്ടപ്പട്ടികയിൽ ചിലത് മാത്രമാണ്. ജീവിതത്തിന്റെയും വികസനത്തിന്റെയും സമസ്ത മേഖലകളെയും സ്പർശിച്ച നേട്ടങ്ങൾ പലതായിട്ടും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയമല്ല എൽഡിഎഫിന് ഉണ്ടായത്. ഈ യാഥാർത്ഥ്യം കൂടി തിരിച്ചറിഞ്ഞാണ് ഭവന സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ഇടതുപക്ഷം തകർന്നടിഞ്ഞുവെന്ന പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും. വോട്ടുകണക്കിന്റെയും ജനകീയാടിത്തറയുടെയും കാര്യത്തിൽ എൽഡിഎഫിന് പോറൽ സംഭവിച്ചിട്ടില്ലെന്ന വസ്തുത മറച്ചുപിടിച്ചാണ് ഈ പ്രചാരണം. എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയമുണ്ടാകാതെ പോയത് ഗൗരവത്തോടെ കാണുന്നു എന്നതിനാലാണ് ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ അഭിപ്രായം തേടിയുള്ള ഈ കാമ്പയിൻ. പിശകുകൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള മാർഗം കൂടിയാണിത്. അതിലൂടെ കൂടുതൽ തിളക്കമാർന്ന വിജയത്തിലേക്ക് എൽഡിഎഫിന് ചുവടുവയ്ക്കാനാകുമെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.