
രാജ്യത്തിന്റെ നികുതി ഘടന ഒരു രാഷ്ട്രം ഒരു നികുതി എന്ന നിലയിലേക്ക് മാറ്റുന്നുവെന്ന് പ്രഖ്യാപിച്ചാണ് ബിജെപി അധികാരത്തിലെത്തി മൂന്നാം വർഷം ചരക്കുസേവനനികുതി (ജിഎസ്‌ടി) ഘടന നടപ്പിലാക്കിയത്. വിശദമായ പഠനങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ 2017 ജൂലൈ ഒന്നു മുതൽ ജിഎസ്‌ടി നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനങ്ങളിൽ നിന്നും സാമ്പത്തിക വിദഗ്ധരിൽ നിന്നുമെല്ലാം ശക്തമായ വിമർശനമുയർന്നിരുന്നു. ഒരു രാത്രി മുന്നറിയിപ്പുകളൊന്നുമില്ലാതെ പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രാജ്യം കരകയറുന്നതിന് മുമ്പായിരുന്നു ജിഎസ്‌ടി നടപ്പിലാക്കിത്തുടങ്ങിയത്. അടിമുടി ആശയക്കുഴപ്പം നിലനിന്നതുകൊണ്ട് സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയെ ഇത് ദോഷകരമായി ബാധിച്ചുതുടങ്ങി. പല തവണകളുള്ള പരിഷ്കരണങ്ങളും നികുതി ഘടനയുടെ പുനർനിർണയങ്ങളും അത്യാവശ്യമായി വരികയും ചെയ്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ട നികുതികൾ കേന്ദ്ര പൂളിലെത്തി, അത് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമെന്ന പേരിൽ നൽകുന്ന രീതിയാണ് ആവിഷ്കരിച്ചത്. നിശ്ചയിക്കപ്പെട്ട നഷ്ടപരിഹാരമാകട്ടെ ആനുപാതികമല്ലാതിരുന്നത് സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാക്കുകയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനവും സംസ്ഥാന സമ്പദ്ഘടനയുടെ നിലനില്പിനെ ബാധിക്കുന്ന സ്ഥിതിയും സൃഷ്ടിച്ചു. എന്നാൽ അവയൊന്നും പരിഗണിക്കാതെ കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണ്. ഇതിനിടയിലാണ് ചരക്കുസേവനനികുതി വീണ്ടും പരിഷ്കരിക്കുന്നുവെന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ പുതിയ ഘടന നടപ്പിലാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്തകൾ.
പതിവുപോലെ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കരണം കൊണ്ടുവരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. നിലവിലുള്ള ഘടനയനുസരിച്ച് അഞ്ച്, 12, 18, 28% നിരക്കിലാണ് വിവിധ വസ്തുക്കൾക്കും സേവനങ്ങൾക്കും ജിഎസ്‌ടി ഈടാക്കുന്നത്. അത് അഞ്ച്, 18% എന്ന നിരക്കിലേക്ക് ക്രമീകരിക്കണമെന്നാണ് നിർദേശമുള്ളത്. സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജിഎസ്‌ടി കൗൺസിൽ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്. അതിനിടെ അത്യാഡംബരമെന്ന വിഭാഗത്തിൽപ്പെടുത്തി ചില വില്പന, സേവനങ്ങളെ 40% എന്ന പ്രത്യേക നിരക്കിൽ നിലനിർത്തണമെന്ന നിർദേശം വിദഗ്ധ സമിതിയിൽ നിന്നുണ്ടായിട്ടുണ്ട്. കേന്ദ്രത്തിന്റെ നടപടി നികുതി കുറയുമെന്ന പ്രതീതിയാണ് ഉണ്ടാക്കുകയെങ്കിലും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കില്ലെന്നാണ് ഇതുസംബന്ധിച്ച് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ പ്രതികരണം. സംസ്ഥാനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കമ്പനികളാണ് ലാഭം കൊയ്യുക. ഇത് സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കേന്ദ്ര സർക്കാരിന് മറ്റ് വരുമാന മാർഗങ്ങളുണ്ടെങ്കിലും സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നത് ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലത്തിൽ പരിഷ്കരണത്തിലൂടെ സംസ്ഥാനങ്ങളുടെ നഷ്ടം തുടരുകയും കേന്ദ്രത്തിന് നേട്ടമുണ്ടാക്കുകയും ചെയ്യുമെന്നാണ് കരുതേണ്ടത്. എന്നുമാത്രമല്ല സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കുമെന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ട്.
കേരളം പോലുള്ള സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു നിർദേശം ലോട്ടറിയെ ആഡംബരനികുതി പരിധിയിൽ കൊണ്ടുവരണമെന്നതാണ്. ഇത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുകയില ഉല്പന്നങ്ങൾ, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയ്ക്കൊപ്പം ലോട്ടറിയെ ഉൾപ്പെടുത്തുന്നു എന്നത് അനുചിതവും ക്രമവിരുദ്ധവുമാണ്. രാജ്യത്ത് അപൂർവം സംസ്ഥാനങ്ങളിലേ ലോട്ടറി സംവിധാനമുള്ളൂ എന്നതിനാൽ ഇത് കേന്ദ്രത്തിന് വരുമാനനേട്ടമുണ്ടാക്കുമെങ്കിലും സംസ്ഥാനത്ത് വൻ നഷ്ടത്തിന് കാരണമാകും. രണ്ടുതരത്തിലാണ് ഇത് ബാധിക്കുക. ഒന്ന് ലോട്ടറി നിരക്കിൽ വർധനവരുത്തേണ്ടി വരികയും അതുവഴി വില്പനയിൽ ഇടിവുണ്ടാക്കുകയും ചെയ്യും. രണ്ടാമതായി വില്പനക്കാരുടെ ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കും. ലക്ഷക്കണക്കിന് പേരുടെ ആശ്രയമാണിത് എന്ന നിലയിൽ തീരുമാനം സർക്കാരിന്റെ സമ്പദ്ഘടനയെയും തൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നതാണ്. എന്തായാലും മുന്നൊരുക്കങ്ങളില്ലാതെ ചരക്കുസേവന നികുതി നടപ്പിലാക്കുക വഴി സംസ്ഥാനങ്ങളുടെ മാത്രമല്ല കേന്ദ്രത്തിനും നേട്ടമുണ്ടായിട്ടില്ലെന്ന സംശയവും ഈ പരിഷ്കരണ പ്രഖ്യാപനത്തിലൂടെ വെളിപ്പെടുന്നുണ്ട്. ഓരോ മാസവും നികുതി പിരിവിൽ റെക്കോഡ് വർധനയെന്ന വാർത്തകളാണ് കേന്ദ്ര ധനവകുപ്പും വിവിധ സർക്കാർ ഏജൻസികളും പുറത്തുവിടുന്നത്.
നിലവിലുള്ള ഘടന ഓരോ മാസവും വരുമാന വർധന നൽകുന്നുവെങ്കിൽ എന്തിനാണ് അടുത്ത തലമുറയെന്ന് പറഞ്ഞ് പുതിയ പരിഷ്കാരം എന്ന ചോദ്യവും പ്രസക്തമാണ്. എങ്കിലും ജിഎസ്‌ടി രണ്ട് യുക്തിസഹവും ജനപക്ഷവുമായിരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.