
പശ്ചിമബംഗാളിന്റെ ഉത്തര ജില്ലകളായ ഡാർജിലിങ്, കലിംപോങ് ജില്ലകളിൽ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ചുരുങ്ങിയത് 20 ജീവനാശവും വലിയ നാശനഷ്ടങ്ങളുമുണ്ടായതായി വൈകിയെത്തിയ വാർത്തകൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ദുഷ്കരമായ ഈ കിഴക്കന്‍ ഹിമാലയ പർവതപ്രദേശത്തെ ജീവനാശവും ദുരന്തത്തിന്റെ വ്യാപ്തിയും വ്യക്തമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരും. നേപ്പാളിലെ ഇലം ജില്ലയിൽ പേമാരിയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 47 ജീവനുകളെങ്കിലും പൊലിഞ്ഞതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. മേഘ വിസ്ഫോടനങ്ങൾ, പൊടുന്നനെയുള്ള വെള്ളപ്പൊക്കം, വിനാശകരമായ മണ്ണിടിച്ചിൽ തുടങ്ങിയവയും വൻതോതിലുള്ള ജീവനാശവും ഭീമമായ നാശനഷ്ടങ്ങളും ഹിമാലയപർവത മേഖലയിൽ, ജമ്മു കശ്മീർ മുതൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങൾവരെ, മൺസൂൺ കാലത്ത് ദൈനംദിന സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം സംഭവങ്ങൾ രാജ്യത്ത് വ്യാപകമാണെന്ന് മുണ്ടക്കൈ, ചുരൽമല ദുരന്തങ്ങളുടെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലാത്ത കേരളത്തോട് വിശേഷിച്ച് വിവരിക്കേണ്ടതില്ല. എന്നാൽ പ്രവിശാലമായ ഹിമാലയൻ മേഖല അഭൂതപൂർവമായ പ്രകൃതിദുരന്തങ്ങളുടെ നിരന്തര ഭീഷണിയിലാണ്. അതിനെ പ്രകൃതിദുരന്തം എന്ന് വിളിക്കുന്നത് അനുചിതമാണെന്നാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി അവിടെനിന്നുവരുന്ന ദുരന്തവാർത്തകളുടെ കുത്തൊഴുക്ക് നമ്മെ ബോധ്യപ്പെടുത്തുന്നത്. പരിസ്ഥിതിലോല ഹിമാലയൻ പർവതമേഖലയിലെ മനുഷ്യവാസ പ്രദേശങ്ങളിൽ ഇടവേളകളില്ലാതെ ആവർത്തിക്കുന്ന ദുരന്തപരമ്പരകൾ പ്രകൃതിദുരന്തം എന്നതിലേറെ മനുഷ്യനിർമ്മിത വിനാശങ്ങളാണെന്ന് അവിടത്തെ ജനങ്ങളും ശാസ്ത്രലോകവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. അതീവ പരിസ്ഥിതിലോലമായ ഈ മേഖലയിൽ മനുഷ്യൻ നടത്തുന്ന അനിയന്ത്രിതമായ ഇടപെടലുകളാണ് പ്രകൃതിദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നതെന്ന് അനിഷേധ്യമായ വസ്തുതകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ അറിവോടും മിക്കപ്പോഴും ഒത്താശയോടും നടക്കുന്ന അനധികൃതവും അശാസ്ത്രീയവുമായ നിർമ്മാണ പ്രവർത്തനങ്ങൾ, ഭൂമികയ്യേറ്റം, വിനോദത്തിന്റെയും തീർത്ഥാടനത്തിന്റെയും പേരിൽ പ്രോത്സാഹിക്കപ്പെടുന്ന സഞ്ചാരികളുടെ തള്ളിക്കയറ്റം, സാമ്പത്തിക വളർച്ചയുടെയും അടിസ്ഥാന സൗകര്യവികസനത്തിന്റെയും പ്രതിരോധത്തിന്റെയും പേരിൽ നടപ്പാക്കുന്ന കൂറ്റൻ പദ്ധതികൾ, പരമ്പരാഗത കൃഷി രീതികളിൽനിന്നും മാറി പ്രകൃതിക്ക് തെല്ലും യോജിക്കാത്ത കാർഷിക പരിഷ്കാരങ്ങൾ, ഇവയുടെയെല്ലാം പേരിൽ നടക്കുന്ന വൻതോതിലുള്ള വൃക്ഷ — വന നശീകരണം എന്നിവയാണ് ഇന്നത്തെ സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്നത്. വൈദ്യുതി ഉല്പാദനം, ജലസംഭരണം എന്നിവയുടെ പേരിൽ നിർമ്മിക്കുന്ന അണക്കെട്ടുകൾ മിക്കതും ഹിമാലയത്തിന്റെ ആവാസവ്യസ്ഥയ്ക്കും പരിസ്ഥിതിക്കും തെല്ലും യോജിച്ചതല്ലെന്ന മുന്നറിയിപ്പുകൾ അപ്പാടെ അവഗണിക്കപ്പെടുന്നു. വിനോദസഞ്ചാരത്തിന്റെയും തീർത്ഥാടനത്തിന്റെയും പേരിൽ പർവതങ്ങളെ അപായകരമായി വെട്ടിമുറിച്ചും തുരങ്കങ്ങൾ നിർമ്മിച്ചും നടത്തുന്ന പാതനിർമ്മാണങ്ങൾ അപരിഹാര്യമായ വിപത്തുകളാണ് ക്ഷണിച്ചുവരുത്തുന്നത്. കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർത്ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 839 കലോമീറ്റർ ദൈര്‍ഘ്യമുള്ള ചാർധാം ദേശീയപാതയിൽ ഇതിനകം 811 മണ്ണിടിച്ചിലുകൾ ഉണ്ടായതായി പഠനങ്ങൾ വ്യക്തമാക്കുന്നു. പരിസ്ഥിതി ആഘാത പഠനമടക്കമുള്ള ആജ്ഞാപകമായ മാനദണ്ഡങ്ങളെയെല്ലാം മറികടന്നാണ് ഇത്തരം പദ്ധതികൾ ഓരോന്നും നടപ്പാക്കുന്നത്. ചാർധാം പദ്ധതി പൂർത്തിയാവുമ്പോൾ ദേവദാരു, പൂവരശ്, ഓക്ക് തുടങ്ങി സാവധാനം വളരുന്നതും ദീർഘായുസുള്ളതും മണ്ണിന് ഉറപ്പേകുന്നതുമായ 50,000 വൃക്ഷങ്ങളെങ്കിലും വെട്ടിനീക്കപ്പെടും. 2019ൽ സുപ്രീം കോടതി നിയോഗിച്ച സർക്കാരിലെയും സ്വതന്ത്രരുമായ വിദഗ്ധരുടെ ഒരു സമിതി ഈ പദ്ധതി ആസൂത്രണരഹിതവും അശാസ്ത്രീയവുമാണെന്ന് കണ്ടെത്തിയിരുന്നു. പദ്ധതിയിലുടനീളമായി 150ലധികം മണ്ണിടിച്ചിൽ മേഖലകൾ ഉണ്ടായിരിക്കുമെന്നും പഠനം പറയുന്നു. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്പര്യങ്ങളെക്കാൾ ഉപരി കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് ചങ്ങാത്ത താല്പര്യങ്ങളാണ് ഇവയ്ക്കുപിന്നിൽ പ്രവർത്തിക്കുന്നത്. കേദാർനാഥ്-സോൻപ്രയാഗ് റോപ്‌വേയുടെ 4,081 കോടി രൂപയുടെ കരാർ ലഭിച്ചത് മോഡിയുടെ ഉറ്റമിത്രം അഡാനിക്കാണെന്നത് ഇത്തരം വിനാശകരമായ പദ്ധതികളുടെ പിന്നിലുള്ള താല്പര്യം എന്താണെന്ന് വ്യക്തമാക്കുന്നു.
സാമ്പത്തിക വളർച്ചയുടെയും വികസനത്തിന്റെയും പേരിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഇരകൾ സാമാന്യജനങ്ങളും പരിസ്ഥിതിയും ആവാസവ്യവസ്ഥയുമാണ്. പദ്ധതികളുടെ പേരിൽ രാജ്യത്തുടനീളം കുടിയിറക്കപ്പെടുന്നത് പതിനായിരക്കണക്കിന് കുടുംബങ്ങളാണ്. അവർക്ക് മതിയായ നഷ്ടപരിഹാരമോ പുനരധിവാസമോ നിഷേധിക്കപ്പെടുന്നു. അതേജനങ്ങൾ തന്നെയാണ് അനുദിനം സംഭവിക്കുന്ന മനുഷ്യനിർമ്മിത പ്രകൃതിദുരന്തങ്ങളുടെ ഇരകളായി മാറുന്നതും. അവരെ സഹായിക്കാനും ചേർത്തുപിടിക്കാനും ‘വികാസ് പുരുഷൻ’ തെല്ലും തയ്യാറല്ലെന്ന് കേരളജനത നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇത് കേരളത്തോട് മാത്രമുള്ള അവഗണനയായി നമുക്ക് തോന്നിയേക്കാം. എന്നാൽ ‘ഡബിൾ എന്‍ജിൻ സർക്കാർ’ ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ജനങ്ങളുടെ അനുഭവം ഇരകളോടുള്ള നിർദയവും പുച്ഛം നിറഞ്ഞതുമായ ഭരണകൂട സമീപനമാണ് വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിൽ സെപ്റ്റംബറിൽ ഉണ്ടായ പ്രകൃതിദുരന്തത്തെ തുടർന്ന് പതിനൊന്നിന് നിശ്ചയിച്ചിരുന്ന വിഹഗവീക്ഷണം പ്രകാശമാനമായ അന്തരീക്ഷത്തിലും മോശം കാലാവസ്ഥയുടെ പേരില്‍ റദ്ദാക്കിയ മോഡി തെരഞ്ഞെടുക്കപ്പെട്ട ചിലരെ ഡെറാഡൂൺ വിമാനത്താവളത്തിൽ കണ്ട് മടങ്ങുകയായിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ട 5,300 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിനുപകരം അനുവദിച്ചതാകട്ടെ കേവലം 1,200 കോടിയും! ഇതാണ് മോഡിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.