20 January 2026, Tuesday

അക്കാദമികളുടെമേൽ ഹിന്ദുത്വ ഫാസിസ്റ്റ് കടന്നുകയറ്റം

Janayugom Webdesk
December 24, 2025 5:00 am

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനത്തിനായി ഡിസംബർ 18ന് വിളിച്ചുചേർത്ത വാർത്താസമ്മേളനം തികച്ചും നാടകീയമായി മാറ്റിവച്ച സംഭവം കല, സാഹിത്യ, സാംസ്കാരികരംഗങ്ങളെയും അവയ്ക്ക് നേതൃത്വം നൽകുന്ന സ്വയംഭരണ സ്ഥാപനങ്ങളെയും തങ്ങളുടെ സമ്പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയാണ്. 1954ൽ സ്ഥാപിച്ച, എഴുത്തിന്റെയും സാഹിത്യത്തിന്റെയും രംഗത്ത് അഗ്രിമ സ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന, സാഹിത്യ അക്കാദമിക്ക് അതിന്റെ ഏഴുപതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത അപമാനത്തെയാണ് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്രുവടക്കം അക്കാദമിയുടെ സ്ഥാപകർ, സർക്കാർ ഇടപെടലുകൾ കൂടാതെ, എഴുത്തിനെയും സാഹിത്യത്തെയും പരിപോഷിപ്പിക്കാൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു ദേശീയ സംവിധാനമായാണ് അതിനെ വിഭാവനം ചെയ്തിരുന്നത്. അതാണ് കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര സാംസ്കാരിക മന്ത്രാലയം തിടുക്കപ്പെട്ടിറക്കിയ ഒരു സർക്കുലറിലൂടെ റദ്ദാക്കപ്പെട്ടത്. രാജ്യത്തെ 24 ഭാഷകളിൽ രചിക്കപ്പെട്ട സാഹിത്യകൃതികൾക്കുള്ള ഏറ്റവും വിലമതിക്കപ്പെടുന്ന വാര്‍ഷിക പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനായി വിളിച്ചുചേർക്കപ്പെട്ട വാർത്താസമ്മേളനത്തിന് മിനിറ്റുകൾക്കു മുമ്പ് കൈമാറിയ മന്ത്രാലയത്തിന്റെ സർക്കുലറിന് ആ പ്രഖ്യാപനം തടയുക എന്നതിലുപരി അക്കാദമിയെയും ദേശീയ സാഹിത്യലോകത്തെത്തന്നെയും അപമാനിക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. സാഹിത്യ, ലളിതകല, സംഗീത നാടക അക്കാദമികൾ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നീ സ്ഥാപനങ്ങളുമായി 2025 ജൂലൈ മാസത്തിൽ സാംസ്കാരിക മന്ത്രാലയം ഒപ്പുവച്ച ഒരു ധാരണാപത്രത്തിന്റെ പേരിലായിരുന്നു ഇപ്പോഴത്തെ നടപടി.

അക്കാദമികളുടെ അവാർഡുകൾ ‘പുനഃസംഘടിപ്പിക്കുക’ എന്നതായിരുന്നു ആ ധാരണാപത്രത്തിന്റെ അന്തഃസത്ത. ഇതിൽ സ്കൂൾ ഓഫ് ഡ്രാമ യാതൊരു അവാർഡുകളും നൽകുന്നില്ലെന്നത് മറ്റൊരു വസ്തുത. ‘പുനഃസംഘടന മന്ത്രാലയവുമായി കൂടിയാലോചിച്ച്’ വേണമെന്നും, ‘അതുവരെ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെയേ പുരസ്കാരപ്രഖ്യാപനം പാടുള്ളു’ എന്നും സർക്കുലർ നിഷ്കർഷിക്കുന്നു. തങ്ങൾ അനഭിമതരെന്ന് കരുതുന്ന ആർക്കും പുരസ്കാരത്തിന് അർഹതയില്ലെന്ന നിരുപാധിക പ്രഖ്യാപനമായി വേണം സർക്കുലറിനെ മനസിലാക്കാൻ. പുരസ്കാരങ്ങൾ നിർണയിക്കാൻ കീഴ്‍വഴക്കമനുസരിച്ച് 24 ഭാഷകൾക്കും വിധിനിർണയ സമിതികൾക്ക് അക്കാദമി ജനുവരിയിൽത്തന്നെ നിയമാനുസൃതം രൂപം നൽകിയിരുന്നു. അതിനുശേഷമാണ് മേല്പറഞ്ഞ ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. ഒക്ടോബറിൽ അക്കാദമിയുടെ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ ശ്രീനിവാസറാവു തൽസ്ഥാനത്തുനിന്നും പിരിയുകയും മന്ത്രാലയം, തങ്ങൾക്ക് താല്പര്യമുള്ള, ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട് സർവീസിലെ പല്ലവി പ്രശാന്ത് ഹോൾക്കറെ നിയമിക്കുകയും ചെയ്തിരുന്നു. ഈ പ്രക്രിയയുടെ കാലക്രമം പരിശോധിച്ചാൽ സാംസ്കാരിക മന്ത്രാലയത്തിന് പുരസ്കാര നിർണയത്തിൽ നേരത്തെതന്നെ ഇടപെടാൻ കഴിയുമായിരുന്നു എന്ന് വ്യക്തം. മാത്രമല്ല, ജനുവരിയിൽ ആരംഭിച്ച പുരസ്കാരനിർണയ പ്രക്രിയയ്ക്ക് ആറുമാസത്തിനു ശേഷം ഒപ്പുവച്ച ധാരണാപത്രം ബാധകമാക്കുക സാമാന്യനിയമത്തിൽ നിലനിൽക്കുന്നതല്ലെന്ന വസ്തുതയും അവഗണിക്കപ്പെട്ടു. വസ്തുതകൾ ഇവയൊക്കെയായിരിക്കെ മന്ത്രാലയത്തിന്റെ നടപടിയുടെ ലക്ഷ്യം വ്യക്തമാണ്. അക്കാദമി ഭരണസമതിയെ അപമാനിച്ച് പുകച്ചു പുറത്താക്കുക. സാഹിത്യ അക്കാദമിയെ മാത്രമല്ല, സ്കൂൾ ഓഫ് ഡ്രാമയടക്കം എല്ലാ കേന്ദ്ര സാഹിത്യ, സാംസ്കാരിക, കലാ സ്ഥാപനങ്ങളെയും മൊത്തമായി കയ്യടക്കി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമ്പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ്. 

ബിജെപി, സംഘ്പരിവാർ ശക്തികൾ പ്രതിനിധാനംചെയ്യുന്ന ഫാസിസം രാഷ്ട്രജീവിതത്തിന്റെ സമസ്തമേഖലകളെയും തങ്ങളുടെ നീരാളിപ്പിടിത്തത്തിൽ ഒതുക്കാൻ തികച്ചും ആസൂത്രിതമായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. ശിശുമന്ദിറുകൾ മുതൽ സർവകലാശാലകൾ വരെ അവരുടെ കൈപ്പിടിയിലാണ്. രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായിരുന്ന ഉന്നത പഠന — ഗവേഷണ സ്ഥാപനങ്ങളിൽ അവർ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. പാഠ്യക്രമങ്ങളും വിജ്ഞാനശാഖകളും അവർ തങ്ങളുടെ ഹിന്ദുത്വ ലോകവീക്ഷണങ്ങൾക്കും ഫാസിസ്റ്റ് രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും അനുസൃതമായി പുനർവ്യാഖ്യാന വിധേയമാക്കുന്നു. സാഹിത്യം, കല, സിനിമ തുടങ്ങി സകലതിനെയും അവർ തങ്ങളുടെ ഹിന്ദുത്വ പ്രതിച്ഛായയിൽ പുനഃസൃഷ്ടിക്കുക മാത്രമല്ല വേറിട്ട എല്ലാറ്റിനെയും തുടച്ചുമാറ്റാനും വിയോജിപ്പുകളെ അപ്പാടെ ഉന്മൂലനംചെയ്യാനുമാണ് ഒരുമ്പെടുന്നത്. ഇപ്പോൾ രാജ്യം എത്തിനിൽക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ വേരറുക്കുന്ന പ്രത്യേക വോട്ടർ പട്ടിക പുനഃപരിശോധനയും അക്കാദമികളുടെമേലുള്ള കടന്നുകയറ്റവും വരെ സംഭവപരമ്പരകൾ ഓരോന്നും, രാഷ്ട്രഗാത്രത്തിൽ കാലുറപ്പിക്കുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ ബീഭത്സതയാണ് തുറന്നുകാട്ടുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.