28 January 2025, Tuesday
KSFE Galaxy Chits Banner 2

ഇന്ത്യ കാനഡ നയതന്ത്രം പ്രതിച്ഛായക്ക് മങ്ങലേൽക്കുന്നു

Janayugom Webdesk
October 18, 2024 5:00 am

സമീപകാലത്തായി ഇന്ത്യയ്ക്കെതിരെ കാനഡ ഉന്നയിക്കുന്ന ഗുരുതര ആരോപണങ്ങൾ സുഹൃദ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളുടെ ചരിത്രത്തിൽ അസാധാരണവും അഭൂതപൂർവമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. കാനഡയിലെ സിഖ് സമുദായാംഗങ്ങൾക്കെതിരെ ഇന്ത്യ ആസൂത്രിത അക്രമത്തിന്റെയും ഭീഷണിയുടെയും കൊലപാതകത്തിന്റെയും മാർഗം അവലംബിക്കുന്നതായാണ് ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം ഉന്നത ഭരണവൃത്തങ്ങൾ ആരോപിക്കുന്നത്. കാനഡയുടെ പൗരന്മാർക്കെതിരായ ഇന്ത്യയുടെ ഗൂഢനീക്കത്തിന് പിന്നിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്ത്യയുടെ വിദേശ ചാര സംഘടനയായി അറിയപ്പെടുന്ന റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ് (റോ), ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറടക്കം നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ടിട്ടുള്ളതായും കാനഡ ആരോപിക്കുന്നു. കാനഡയുടെ മണ്ണിൽ ആ രാജ്യത്തെ പൗരന്മാർക്ക് എതിരായ വിധ്വംസക പ്രവർത്തനങ്ങൾക്ക് മതിയായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും കനേഡിയൻ റോയൽ മൗണ്ടഡ് പൊലീസ് ഉൾപ്പെടെ ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെടുന്നു. കാനഡയിൽ പ്രവർത്തിച്ചുവരുന്ന ലോറൻസ് ബിഷ്ണോയിയുടെ ക്രിമിനൽ സംഘത്തെയും ആർഎസ്എസ് അനുകൂല സംഘങ്ങളെയും നിരോധിക്കണമെന്ന ആവശ്യവും ആ രാജ്യത്തെ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായ കാനഡയിലെ സിഖ് സംഘടനാ നേതാക്കൾ ഉന്നയിക്കുന്നു. വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ ഇന്ത്യയുടെ ഭരണകൂട വൃത്തങ്ങൾ ഈ ആരോപണങ്ങൾ അപ്പാടെ നിഷേധിക്കുന്നു. 2025ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന കാനഡയിൽ ജനസമ്മതിയിൽ കനത്ത ഇടിവ് നേരിടുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഏഴുലക്ഷത്തില്‍പരം വരുന്ന സിഖ് വോട്ടർമാരെ ലക്ഷ്യംവച്ചുള്ള നീക്കമാണ് നടത്തുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാഖ്യാനം. ഖാലിസ്ഥാൻപക്ഷ സിഖ് നേതാവ് നിജ്ജറുടെ വധത്തെ തുടർന്ന് ഉടലെടുത്ത വിവാദത്തിൽ അന്വേഷണത്തോട് സഹകരിക്കാൻ ഇന്ത്യ വിസമ്മതിക്കുന്നതായും കാനഡ കുറ്റപ്പെടുത്തുന്നു. അതേസമയം യുഎസ്‌ കാനഡ പൗരനായ ഗുരുപത്വന്ത് സിങ്ങ് പന്നൂൻ വധശ്രമവുമായി ബന്ധപ്പെട്ട് യുഎസ് നടത്തുന്ന അന്വേഷണത്തിൽ സഹകരിക്കുന്ന ഇന്ത്യൻ നിലപാടിലെ വൈരുധ്യവും കാനഡ എടുത്തുകാട്ടുന്നു. രണ്ട് സംഭവങ്ങളിലും ഇന്ത്യക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്. 

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും പുരോഗതിയിലും ഗണ്യമായ പങ്കുവഹിക്കുന്ന സുഹൃദ് രാഷ്ട്രങ്ങളുടെ പട്ടികയിലാണ് കാനഡയുടെ സ്ഥാനം. അടിസ്ഥാനഘടന, പുനരുല്പാദകോർജം, സാങ്കേതികവിദ്യ, ജീവശാസ്ത്രം എന്നീ മേഖലകളിലെ പ്രത്യക്ഷ നിക്ഷേപങ്ങൾക്ക് പുറമെ നഗരവികസനം, ഭക്ഷ്യസുരക്ഷ, വ്യാപാര പങ്കാളിത്തം എന്നിവ വഴിയുള്ള വിതരണശൃംഖലാ ഉദ്ഗ്രഥനം എന്നിവകളിൽ കാനഡ നിർണായക പങ്കാണ് നിർവഹിച്ചുവരുന്നത്. ഇന്ത്യൻ കുടിയേറ്റക്കാരുടെ ഇഷ്ട ലക്ഷ്യങ്ങളിൽ ഒന്നാണ് കാനഡ. 20 ലക്ഷത്തോളം ഇന്ത്യക്കാർ കാനഡയിൽ ഇപ്പോൾത്തന്നെ സ്ഥിരതാമസക്കാരാണ്. സമീപ വർഷങ്ങളിൽ കാനഡയിലേക്ക് കുടിയേറുന്ന വിദേശികളുടെ നാലിൽ ഒന്നും ഇന്ത്യയിൽ നിന്നാണ്. ഇപ്പോഴത്തെ നയതന്ത്ര മരവിപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, കുടിയേറ്റ ബന്ധങ്ങളെ സാരമായി ബാധിക്കാമെന്ന ആശങ്ക ശക്തമാണ്. ഖാലിസ്ഥാൻ വാദവും ഭീകര പ്രവർത്തനങ്ങളും നിശിതമായി എതിർക്കപ്പെടേണ്ടതാണ്. അത് പരിഷ്കൃത നയതന്ത്ര മാർഗത്തിലൂടെയും ബഹുരാഷ്ട്ര രാഷ്ട്രീയ വേദികളിലൂടെയും നേടിയെടുക്കുന്നതിന് പകരം പ്രാകൃത കുടിലതന്ത്രങ്ങൾ അവലംബിക്കുന്നത് ആശാസ്യമല്ല. ഇന്ത്യ‌യ്ക്കെതിരെ കാനഡ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടവയാണ്. എന്നാൽ നരേന്ദ്ര മോഡിയുടെയും അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ തന്റെ വിശ്വസ്ത ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ച അമിത് ഷായുടെയും പൂർവകാല ചരിത്രം സംശയങ്ങൾക്ക് വഴിവയ്ക്കുന്നുവെങ്കിൽ അതിന് മറ്റാരെയും കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ഗുജറാത്ത് കലാപത്തിലും സൊഹ്‌റാബുദ്ദിൻ ഷേക്ക് വധത്തിലും മറ്റും ഉയർന്ന സംശയങ്ങളും ജഡ്ജ് ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ മരണത്തിലും ഉയർന്ന ദുരൂഹതകൾ ഇപ്പോഴും നിലനില്‍ക്കുന്നത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിരാക്ഷേപപത്രം നൽകുന്നതിന് വിഘാതമായി തുടരുന്നു. 

ഇപ്പോഴത്തെ വിവാദങ്ങളെത്തുടർന്ന് വഷളായിക്കഴിഞ്ഞ നയതന്ത്ര ബന്ധങ്ങൾ കേവലം നയതന്ത്രത്തെയോ സാമ്പത്തിക സഹകരണത്തെയോ രണ്ട് ജനതകൾ തമ്മിലുള്ള സൗഹൃദത്തെയോ മാത്രം ബാധിക്കുന്ന വിഷയമല്ല. അത് രാഷ്ട്ര സമൂഹങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായക്കുതന്നെ മങ്ങലേല്പിക്കാൻ മാത്രം പ്രസക്തമാണ്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ അഞ്ചുരാജ്യങ്ങൾ ഉൾപ്പെട്ട ആംഗല ലോകത്തെ ചാരസംഘടനകളുടെ കൂട്ടായ്മ ‘ഫൈവ് ഐയ്സ്’ കാനഡയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങളുടെ ഫലം ഇന്ത്യയുടെ അവകാശവാദങ്ങളെ അംഗീകരിക്കുന്നില്ല. കാനഡയും യുഎസും നടത്തുന്ന അന്വേഷണങ്ങളുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാവണമെന്നാണ് അവരുടെ ആവശ്യം. ഇന്ത്യയുടെ ചാരസംഘടനകളുടെ വിദേശ രാഷ്ട്രങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പാകിസ്ഥാൻ, ഖത്തർ, കാനഡ, യുഎസ് തുടങ്ങി പല സുഹൃദ് രാജ്യങ്ങളും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യക്ക് ലോകരാഷ്ട്രങ്ങൾക്കിടയിൽ ജനാധിപത്യത്തിന്റെയും സുതാര്യതയുടെയും പരിവേഷം ഇതുവരെ അവകാശപ്പെട്ടതായിരുന്നു. അത് നഷ്ടപ്പെടുന്നത് ദീർഘകാല അടിസ്ഥാനത്തിൽ ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും പ്രതിച്ഛായയെയാണ് പ്രതികൂലമായി ബാധിക്കുക. ബിജെപി പിന്തുടരുന്ന ഫാസിസ്റ്റ് മാതൃക ഒരു ജനതയുടെ സൽപ്പേരിനാണ് കളങ്കമായി മാറുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരെ ഉയർന്നിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ നടക്കുന്ന അന്വേഷണങ്ങളുമായി സഹകരിക്കുകയും രാഷ്ട്രത്തിന്റെ സൽപ്പേര് നിലനിർത്തുകയുമെന്നത് ഇന്ത്യൻ ജനതയുടെ ആവശ്യമായി മാറിയിരിക്കുന്നു. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 28, 2025
January 28, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.