23 December 2025, Tuesday

ഇന്ത്യ മുന്നണിയും ചിദംബരത്തിന്റെ ആശങ്കകളും

Janayugom Webdesk
May 17, 2025 5:00 am

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യ — പാകിസ്ഥാൻ സംഘർഷത്തിന്റെയും അന്തരീക്ഷത്തിൽ രാജ്യത്തെ രാഷ്ട്രീയ വ്യവഹാരത്തിൽ പിന്തള്ളപ്പെട്ടുപോയ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ സുപ്രധാന ധർമ്മസങ്കടങ്ങളിൽ ഒന്നിലേക്ക് രാഷ്ട്രത്തിന്റെ ശ്രദ്ധ ക്ഷണിക്കപ്പെട്ടിരിക്കുന്നു. ബിജെപി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ഫാസിസ്റ്റ് മുന്നേറ്റത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി ചിദംബരമാണ് നിർണായക പ്രാധാന്യമുള്ള ചോദ്യമുയർത്തിയിരിക്കുന്നത്. 2029ലെ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കുകയോ ബിജെപിയുടെ ഭീഷണമായ ആധിപത്യം അരക്കിട്ടുറപ്പിക്കുകയോ എന്ന വെല്ലുവിളിയെ സംബന്ധിച്ചതായിരിക്കുമെന്ന് ചിദംബരം പറയുന്നു. ‘ജനാധിപത്യത്തിന്റെ പരിമിതികളോടുള്ള മത്സരം: 2024 തെരഞ്ഞെടുപ്പിന്റെ ഒരു ഉള്ളറക്കഥ’ എന്നപേരിൽ കോൺഗ്രസ് നേതാവ് സാൽമാൻ ഖുർഷിദും മൃത്യുഞ്ജയ സിങ് യാദവും ചേർന്ന് രചിച്ച പുസ്തകത്തിന്റെ ഡൽഹിയിലെ ഇന്ത്യാ ഇന്റർനാഷണൽ സെന്ററിൽ നടന്ന പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചിദംബരം. പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, സഖ്യത്തിന്റെ ഐക്യം എന്നിവയെപ്പറ്റിയുള്ള സന്ദേഹമാണ് ചിദംബരം തന്റെ ഹ്രസ്വഭാഷണത്തിൽ പ്രകടിപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഭാവിയെപ്പറ്റിയും അത് തെരഞ്ഞെടുപ്പിൽ അഭിമുഖീകരിക്കേണ്ടിവരുന്ന ബിജെപിയുടെ ഭീഷണമായ സംഘടിതശേഷിയെപ്പറ്റിയുമാണ് മുൻ കേന്ദ്ര ധനകാര്യ മന്ത്രികൂടിയായിരുന്ന കോൺഗ്രസ് നേതാവ് ആശങ്ക പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ താഴേത്തലത്തിലുള്ള പോലീസ് സ്റ്റേഷനുകൾ വരെ ബിജെപി ചെലുത്തുന്ന സ്വാധീനത്തെയും ആധിപത്യത്തെയും പറ്റി രാജ്യത്തെ ഓർമ്മിപ്പിക്കാൻ ചിദംബരം തന്റെ പ്രസംഗത്തിൽ മടികാട്ടിയില്ല. അത്തരമൊരു സമഗ്രാധിപത്യത്തെ എല്ലാമുന്നണികളും ഒറ്റക്കെട്ടായി നേരിട്ടാലേ ജനാധിപത്യ പുനഃസ്ഥാപനം സാധ്യമാകൂ എന്നും അദ്ദേഹം പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ജനാധിപത്യത്തിന്റെ തിരിച്ചുവരവിനുള്ള ശേഷിയിൽ വിശ്വാസം പ്രകടിപ്പിച്ച ചിദംബരം പ്രതിപക്ഷ സഖ്യത്തിന്റെ തിരിച്ചുവരവ് സാധ്യതയിൽ വിശ്വാസം പ്രകടിപ്പിച്ചു. 2029ലെ പൊതുതെരഞ്ഞെടുപ്പ് ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള സുപ്രധാന പോരാട്ടമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. 

ചിദംബരത്തിന്റെ പ്രസംഗം ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളോട് എന്നതിലേറെ തന്റെതന്നെ പാർട്ടിയോടും അതിന്റെ എല്ലാതലത്തിലുമുള്ള നേതാക്കളോടും ആത്മപരിശോധനയ്ക്കുള്ള അഭ്യർത്ഥനയും ആഹ്വാനവുമായാണ് രാഷ്ട്രീയ വൃത്തങ്ങളും നിരീക്ഷകരും വിലയിരുത്തുന്നത്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിൽ കോൺഗ്രസ് പാർട്ടിയും അതിന്റെ നേതാക്കളും വഹിച്ചതിനെക്കാൾ നിർണായകവും നേതൃത്വപരവുമായ പങ്ക് നിർവഹിച്ചവരാണ് ഇടതുപക്ഷവും പ്രാദേശിക കക്ഷികളും ഉൾപ്പെട്ട മതേതര ജനാധിപത്യ പാർട്ടികൾ. അത്തരമൊരു വിശാല പ്രതിപക്ഷ ഐക്യനിരയിൽ മുഖ്യ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വപരമായ പങ്ക് മറ്റെല്ലാ പാർട്ടികളും ഏറ്റക്കുറച്ചിലോടെയെങ്കിലും അംഗീകരിക്കാൻ തയ്യാറാവുകയുമുണ്ടായി. എന്നാൽ സഖ്യത്തിന്റെ മുഖ്യലക്ഷ്യമായ ബിജെപിയെ അധികാരത്തിൽനിന്നും പുറത്താക്കുക എന്നതിലുപരി സ്വന്തം തെരഞ്ഞെടുപ്പ് നേട്ടങ്ങളിലാണ് കോൺഗ്രസ് നേതൃത്വം വിവിധതലങ്ങളിൽ ഉന്നം വച്ചത്. കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിന് മിക്കപ്പോഴും പ്രാദേശിക നേതൃത്വത്തിന്റെയും അവരുടെ നിക്ഷിപ്തതാല്പര്യങ്ങളുടെയും സമ്മർദത്തിന് വഴങ്ങേണ്ടിവന്നു. പ്രാദേശിക കക്ഷികളടക്കം പ്രതിപക്ഷപാർട്ടികൾ കോൺഗ്രസിന്റെ അവകാശവാദങ്ങൾക്കും സമ്മർദങ്ങൾക്കും വിശാല പ്രതിപക്ഷ ഐക്യത്തിന്റെ പേരിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറായി. എന്നാൽ, പ്രാദേശികപാർട്ടികളുടെയും ഇടതുപക്ഷത്തിന്റെയും ന്യായമായ ആവശ്യങ്ങൾ പോലും സീറ്റ് വിഭജനത്തിൽ അംഗീകരിക്കാൻ കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം വിസമ്മതിച്ചു. 

അവരെ വസ്തുതകൾ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് ദേശീയനേതൃത്വവും പരാജയപ്പെട്ടു. 2024ലെ പൊതുതെരഞ്ഞെടുപ്പിലും തുടർന്നുനടന്ന സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിലും കോൺഗ്രസിനുണ്ടായ സീറ്റുകളുടെയും പ്രതീക്ഷിക്കപ്പെട്ട സംസ്ഥാന ഭരണനഷ്ടത്തിന്റെയും നാൾവഴികൾ പരിശോധിച്ചാൽ കോൺഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും പരാജയത്തിന്റെ മുഖ്യ ഉത്തരവാദി കോൺഗ്രസാണെന്ന് പകൽപോലെ വ്യക്തമാവും. അക്കാരണത്താൽത്തന്നെ ചിദംബരത്തിന്റെ വിമർശനവും ആശങ്കയും കോൺഗ്രസ് പാർട്ടിയെയും അതിന്റെ നേതൃത്വത്തെയും ലക്ഷ്യംവച്ചുള്ളതാണെന്ന് വ്യക്തം. ചിദംബരത്തിന്റെ ആശങ്കകളും ബിജെപിയെയും അവർ പ്രതിനിധാനംചെയ്യുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ആശയങ്ങളുടെയും സംഘടനാശേഷിയുടെയും ഭീഷണതയും രാജ്യത്തെ ജനാധിപത്യ മതേതര ശക്തികൾ തിരിച്ചറിയുന്നുണ്ട്. അത് വേണ്ടത്ര ബോധ്യപ്പെടാത്തത് തങ്ങളുടെ ഭൂതകാല പ്രാമാണ്യത്തിൽ ഇപ്പോഴും അഭിരമിക്കുന്ന ഒരുവിഭാഗം കോൺഗ്രസുകാരാണ്. കോൺഗ്രസിന്റെ ഈ ദൗർബല്യം തിരിച്ചറിഞ്ഞ നേതാക്കളും പ്രവർത്തകരും ബിജെപിയുടെ ശാദ്വലമായ മേച്ചിൽപ്പുറങ്ങൾ തേടുന്ന കാഴ്ച അപഹാസ്യമാണ്. ഇവിടെയാണ് ചിദംബരത്തിന്റെ നൈരാശ്യത്തോടതിരിടുന്ന ഉത്ക്കണ്ഠ പ്രസക്തമാകുന്നത്. അത് കോൺഗ്രസിനെയും അതിന്റെ നേതൃത്വത്തെയും സ്വയം വിമർശനത്തിനും പുനർവിചിന്തനത്തിനും പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. 

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.