രാജ്യത്ത് ഇൻഡിഗോ എന്ന കമ്പനി യാത്രാവിമാനങ്ങൾ റദ്ദാക്കിയതിന്റെ ഫലമായി യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമായിട്ടില്ല. ആഭ്യന്തര വിമാനയാത്രാ രംഗത്ത് ഇൻഡിഗോ പ്രതിസന്ധി ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്. ആഭ്യന്തര സര്‍വീസില്‍ 60ശതമാനത്തിൽ അധികമാണ് ഈ കമ്പനിയുടെ പങ്കെന്നാണ് കണക്കാക്കുന്നത്. വിമാനങ്ങൾ റദ്ദാക്കിയത് ആഭ്യന്തര യാത്രക്കാരെ മാത്രമല്ല പ്രതിസന്ധിയിലാക്കിയത്. വിദേശങ്ങളിൽ ജോലിക്ക് പോകുന്നതിന് രാജ്യത്തെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് പുറപ്പെട്ടവർ വഴിയിൽക്കുടുങ്ങി യാത്ര മുടങ്ങുന്ന സ്ഥിതിയുണ്ടായി. ഇത് അവരുടെ ഭാവിയെപ്പോലും ബാധിക്കുന്ന പ്രതിസന്ധിയാണ്. കേന്ദ്രസർക്കാരിന്റെ നയസമീപനങ്ങളും നടത്തിപ്പുരീതികളും പാളിയതാണ് ഈ പ്രതിസന്ധി വിളിച്ചുവരുത്തിയതെന്ന് കാര്യങ്ങളുടെ ആകെ ചിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. കമ്പനിക്കാണ് ആത്യന്തിക ഉത്തരവാദിത്തമെങ്കിലും അവരെ മാത്രം പഴിചാരി സർക്കാരിന് രക്ഷപ്പെടാനാകില്ല. പ്രധാന കാരണമായി അവതരിപ്പിക്കപ്പെട്ടത് കേന്ദ്രം പുറപ്പെടുവിച്ച വിമാന ജോലി സമയപരിധി (എഫ്ഡിടിഎൽ) നിശ്ചയിക്കലായിരുന്നു. ക്രൂവിന് ആഴ്ചയിൽ നിലവിലുള്ള 36 മണിക്കൂറിന് പകരം 48 മണിക്കൂർ വിശ്രമം, രാത്രി 12 മുതൽ പുലർച്ചെ ആറ് വരെയുള്ള സമയങ്ങളിലെ രാത്രി ജോലി ഒരു പൈലറ്റിന് ആഴ്ചയിൽ രണ്ടെണ്ണം മാത്രമാക്കൽ, രാത്രി ജോലി എട്ട് മണിക്കൂർ എന്നിങ്ങനെ നിയന്ത്രണങ്ങളാണ് നിർദേശിച്ചത്. പൈലറ്റുമാരുടെ ജോലിഭാരം കുറയ്ക്കുകയും അതുവഴി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനംകൊണ്ട് ലക്ഷ്യം വച്ചത്.
എഫ്ഡിടിഎൽ മാനദണ്ഡങ്ങൾ 2024 ജനുവരിയിൽ പരിഷ്കരിച്ച് 2024 മേയ് 31നാണ് പ്രഖ്യാപിച്ചത്. പ്രാഥമിക ഘട്ടമായി നടപ്പിലാക്കേണ്ടിയിരുന്നത് 2024 ജൂൺ ഒന്നിനായിരുന്നു. ഇത് നടപ്പിലാക്കണമെങ്കിൽ വിമാനക്കമ്പനികൾ പൈലറ്റുമാർ ഉൾപ്പെടെ കൂടുതൽ പേരെ നിയമിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ കമ്പനികളുടെ സമ്മർദത്തിന് വഴങ്ങി തീയതി നീട്ടിനൽകുകയും ചെയ്തു. അവസാനം നവംബർ ഒന്ന് എന്ന് തീരുമാനിക്കുകയായിരുന്നു. തീയതികൾ പലതവണ നീട്ടിയെങ്കിലും നടപ്പിൽ വരുത്തുന്നതിനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന പരിശോധനകൾ ഉണ്ടായില്ല. നടപ്പിലാക്കുകയെന്നത് കമ്പനിയുടെ ഉത്തരവാദിത്തമാണ് എന്നതുപോലെതന്നെ ജീവനക്കാരുടെ അവകാശവുമാണ്. അതുകൊണ്ട് നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിലായതിന്റെ ഫലമായി ജീവനക്കാരുടെ ക്ഷാമമുണ്ടാകുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. അപ്പോഴും ഇടപെടാൻ സർക്കാർ തയ്യാറായില്ല. ഇതാണ് കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടറദ്ദാക്കലിനും ദുരിതത്തിനും കാരണമായത്. നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് ഏകദേശം ഒന്നര വർഷത്തിലധികം ലഭ്യമായിട്ടും കമ്പനികൾ തയ്യാറാകാതിരുന്നപ്പോൾ അത് പരിശോധിക്കുന്നതിന് ഒരു നടപടിയും ഉണ്ടായില്ലെന്നതാണ് പ്രധാന കാരണമെന്നതിനാൽ പ്രതിസന്ധിയുടെ ഒന്നാം ഉത്തരവാദിത്തം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാകുന്നു.
കേന്ദ്ര സർക്കാരിന്റെ ഉദാരവൽക്കരണ നയത്തിന്റെ പാളിച്ചകളിലേക്ക് ഈ പ്രതിസന്ധി വിരൽ ചൂണ്ടുന്നുണ്ട്. മത്സരം വർധിക്കുമ്പോൾ മെച്ചപ്പെട്ട സേവനവും കുറഞ്ഞ നിരക്കുകളും സാധ്യമാകുമെന്ന് വിശദീകരിച്ചാണ് വ്യോമയാന മേഖലയിൽ സ്വകാര്യവൽക്കരണം നടപ്പിലാക്കിയത്. അത് അമ്പേ പരാജയമാണെന്ന് ഈ പ്രതിസന്ധി തെളിയിക്കുന്നു. മത്സരിക്കാൻ പൊതുമേഖല ഇല്ലാതായതോടെ വിലനിർണയം തോന്നിയ പടിയായി. അത് നിയന്ത്രിക്കുന്നതിന് ഇടപെടാൻ സാമ്പത്തിക താല്പര്യങ്ങളാൽ കേന്ദ്ര സർക്കാർ സന്നദ്ധമാകുന്നുമില്ല. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ മൂന്നും നാലും ഇരട്ടി നിരക്ക് നിശ്ചയിച്ചാണ് കമ്പനികൾ യാത്രക്കാരെ പിഴിയാൻ ശ്രമിച്ചത്. പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച നടപടികളാകട്ടെ കൺകെട്ട് മാത്രമായി മാറുകയും ചെയ്തു. ഒന്നരവർഷമായിട്ടും എഫ്ഡിടിഎൽ നടപ്പിലാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാതിരുന്ന കേന്ദ്ര സർക്കാർ പ്രതിസന്ധിയുണ്ടായപ്പോൾ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറെ (സിഇഒ) മാറ്റുന്നതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. പിഴ ചുമത്തുമെന്നതാണ് മറ്റൊരു നടപടി. വളരെ നേരത്തെ വേണ്ടിയിരുന്ന ഈ നടപടികൾക്ക് വൻ പ്രതിസന്ധി ഉണ്ടാകേണ്ടി വന്നുവെന്നതുതന്നെ കേന്ദ്രസർക്കാരിന്റെ നിസംഗത അടയാളപ്പെടുത്തുന്നുണ്ട്. സർവീസുകളുടെ എണ്ണം കുറയ്ക്കുകയെന്ന മറ്റൊരു നടപടിയും നിർദേശിക്കപ്പെട്ടിട്ടുണ്ട്.
60ശതമാനത്തിലധികം പങ്ക് വഹിക്കുന്ന ഒരു സ്ഥാപനത്തിന്റെ ആഭ്യന്തര വിമാന സർവീസ്, പകരം സംവിധാനമേർപ്പെടുത്താതെ കുറയ്ക്കുകയെന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുകയെന്ന് കണ്ടെത്താന്‍ സാമാന്യബുദ്ധി മാത്രം മതിയാകും. ഇതര കമ്പനികളുടെ കൊള്ള നിയന്ത്രിക്കുന്നതിനെന്ന പേരിൽ നിർദേശിച്ച പുതിയ നിരക്കുകള്‍ നിലവിലുള്ള നിരക്കുകളിൽ നിന്ന് ഉയർന്നതാണെന്നതും സർക്കാരിന്റെ പ്രതിബദ്ധത യാത്രക്കാരോടല്ല വിമാനക്കമ്പനികളോടാണ് എന്ന് തെളിയിക്കുന്നതാണ്. ഫലത്തിൽ കേന്ദ്രസർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായതെന്നതിൽ സംശയമില്ല. അതുകൊണ്ട് വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് അനിവാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.