
ഗ്രാമീണ മേഖലയിൽ കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ജൽ ജീവൻ മിഷന്റെ (ജെജെഎം) വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കം പ്രകടമാണ്. 2025–26 ബജറ്റിൽ വകയിരുത്തിയ 67,000 കോടി രൂപയിൽ നിന്ന് നടപ്പുസാമ്പത്തിക വർഷത്തെ പുതുക്കിയ കണക്കുകൾ പ്രകാരം 17,000 കോടി രൂപയായി കുറയ്ക്കുന്നതിനാണ് തീരുമാനം. ഏകദേശം 60 ശതമാനത്തോളം വരുന്ന പ്രകടമായ കുറവാണിത്. ജലം ജീവന്റെ ധാരയാണ്. ശുദ്ധജലത്തിന്റെ ലഭ്യത ഒരു സംസ്കാരത്തിന്റെ നിലവാരത്തെയും ജനരാശിയോടുള്ള കരുതലിനെയും സൂചിപ്പിക്കുന്നു. മുഴുവൻ മനുഷ്യരാശിയുടെയും ജീവിത നിലവാരത്തെക്കുറിച്ചുള്ള പൊതുവായ അവബോധം കൂടിയാണ് ശുദ്ധജലം ഉറപ്പാക്കുന്നതിലൂടെ ബോധ്യപ്പെടുത്തുന്നത്. കുടിവെള്ള വിതരണത്തിന് ഉത്തരവാദികളായവർ വിതരണ സ്ഥലങ്ങളിൽത്തന്നെ അതിന്റെ ഗുണനിലവാരം പരിശോധിക്കണം. കുറവുകളും പോരായ്മകളും ഇവിടെ വച്ചാണ് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടത്.
മധ്യപ്രദേശിലെ ഇൻഡോറില്‍ സമീപകാലത്ത് സംഭവിച്ച മലിനജല ദുരന്തം ഇത്തരം അപകടസാധ്യതകളെ എടുത്തുകാട്ടുന്നു. 2025 ഡിസംബർ 31ന് ഭഗീരഥ്പുരയിൽ പെെപ്പ്‌വെള്ളം കുടിച്ച നിരവധി പേർ രോഗബാധിതരായി. മലിനജലം കുടിച്ച് ഒന്നര ഡസൻ ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ ആശുപത്രിയിലാവുകയും ചെയ്തു. ജനതയുടെ ക്ഷേമത്തിന് ശുദ്ധമായ ജലലഭ്യത അനിവാര്യമാണ്. ജലത്തിലെ മാലിന്യം സാമൂഹിക‑രാഷ്ട്രീയ സംവിധാനത്തിന്റെ നിലവാരമില്ലായ്മയെയും കഴിവുകേടിനെയുമാണ് അടയാളപ്പെടുത്തുന്നത്. ദാരിദ്ര്യത്തിലും ദുരിതത്തിലും കഴിയുന്ന വലിയൊരു വിഭാഗം ജനങ്ങളോടുള്ള കടമകൾ നിറവേറ്റാൻ ഇത്തരം സംവിധാനങ്ങൾക്ക് കഴിയുന്നില്ല. മറ്റുള്ളവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാത്ത കോർപറേറ്റ് വിഭാഗങ്ങളുടെ ഇടപെടലിന്റെ ഫലമാണ് ഇത്തരം കടുത്ത അവഗണനകൾ. മിക്ക പകര്‍ച്ചവ്യാധികളും രോഗങ്ങളും വരുന്നത് ജലത്തിലൂടെയാണ്. മലിനജലം ഇൻഡോറിൽ അതിതീവ്രവും വിനാശകരവുമായ ദുരിതത്തിന് വഴിവച്ചു. മധ്യപ്രദേശിലെ ഗ്രാമങ്ങളിൽ കുടിവെള്ളം പൊതുജനാരോഗ്യ ഭീഷണിയായിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, മധ്യപ്രദേശില്‍ ഗ്രാമീണ കുടിവെള്ളത്തിന്റെ മൂന്നിലൊന്ന് മനുഷ്യഉപഭോഗത്തിന് യോഗ്യമല്ല. ഇത് ദശലക്ഷക്കണക്കിന് ആളുകളെ മാരകമായ മലിന ജലം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.
2026 ജനുവരി നാലിന് പുറത്തിറക്കിയ ‘ഫങ്ഷണാലിറ്റി അസസ്‌മെന്റ് റിപ്പോർട്ട്’ പ്രകാരം മധ്യപ്രദേശിലെ 63.3% ജല സാമ്പിളുകൾ മാത്രമേ ഗുണനിലവാര പരിശോധനയിൽ വിജയിച്ചിട്ടുള്ളൂ (ദേശീയ ശരാശരി 76 % ആണ്). അതിനർത്ഥം സംസ്ഥാനത്തെ ഗ്രാമീണ കുടിവെള്ള സാമ്പിളുകളിൽ 36.7% സുരക്ഷിതമല്ലെന്നും അവയിൽ അപകടകാരിയായ ബാക്ടീരിയ അല്ലെങ്കിൽ രാസ മലിനീകരണം ഉണ്ടെന്നുമാണ്. 2024 സെപ്റ്റംബർ — ഒക്ടോബർ മാസങ്ങളിൽ മധ്യപ്രദേശിലുടനീളമുള്ള 15,000ലധികം ഗ്രാമീണ വീടുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. രോഗശമനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള ഇടങ്ങളിലെ സ്ഥിതി കൂടുതല്‍ ഭയാനകമാണ്. സർക്കാർ ആശുപത്രികളിൽ 12% ജല സാമ്പിളുകൾ മാത്രമാണ് മൈക്രോബയോളജിക്കൽ സുരക്ഷാ പരിശോധനയിൽ വിജയിച്ചത്. ദേശീയ ശരാശരി 83.1% ആണ്. മധ്യപ്രദേശിലെ 88% ആശുപത്രികളും രോഗികൾക്ക് സുരക്ഷിതമല്ലാത്ത കുടിവെള്ളമാണ് നൽകുന്നത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ജലപരിശോധനയില്‍ 26.7% സാമ്പിളുകളും പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ദിവസവും കുടിക്കുന്നത് മലിനജലമെന്ന് സാരം. ബാലഘട്ട്, ബേതുൽ, ഛിന്ദ്വാര എന്നിവിടങ്ങളിലെ 50 ശതമാനത്തിലധികം ജല സാമ്പിളുകളും മലിനമായിരുന്നു.
31.5% വീടുകളിൽ മാത്രമേ പൈപ്പ് കണക്ഷനുകൾ ഉള്ളൂ. ഇത് ദേശീയ ശരാശരിയായ 70.9 ശതമാനത്തെക്കാൾ വളരെ താഴെയാണ്. പൈപ്പ് ലൈനുകൾ ഉള്ളിടത്തുപോലും സംവിധാനം തകരാറിലാണ്. 99.1% ഗ്രാമങ്ങളിലും പൈപ്പ് വഴി ജലവിതരണം ഉണ്ടെങ്കിലും 76.6% വീടുകളിൽ മാത്രമേ പൈപ്പുകള്‍ പ്രവർത്തിക്കുന്നുള്ളൂ. അതിനർത്ഥം ഓരോ നാലാമത്തെ വീട്ടിലും പൈപ്പുകള്‍ പ്രവർത്തനരഹിതമാണ് അല്ലെങ്കിൽ വെള്ളം ലഭിക്കുന്നില്ല എന്നാണ്. പൈപ്പ് വെള്ളം എന്നത് സുരക്ഷിതമായ വെള്ളം എന്ന് ഇവിടെ ആരും കരുതുന്നുമില്ല. ഔദ്യോഗികമായി 100% കണക്ഷൻ പ്രഖ്യാപിച്ച ഇൻഡോർ ജില്ലയിൽ, 33% വീടുകളിൽ മാത്രമേ സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നുള്ളൂ. 33% ജല സാമ്പിളുകൾ ഗുണനിലവാര പരിശോധനയിൽ സംസ്ഥാനത്തുടനീളം പരാജയപ്പെട്ടു. ഇത് വെള്ളത്തിന്റെ ലഭ്യത മാത്രമല്ല, വിഷലിപ്തമായ വിതരണമാണ് പ്രശ്നമെന്നും തെളിയിക്കുന്നു.
കേന്ദ്രസർക്കാർ ഇതിനെ സംവിധാനത്തിന്റെ പിഴവുകൊണ്ട് ഉണ്ടായ ദുരന്തം എന്നാണ് ചൂണ്ടിക്കാട്ടിയത്. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടില്ലെങ്കിൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒരു വലിയ ദുരന്തത്തിന് ശേഷമാണ് ഈ മുന്നറിയിപ്പ് വന്നത്. ഇൻഡോറിലെ ഭഗീരഥ്പുരയിൽ മലിനജലം കുടിച്ച് 18 പേർ കൊല്ലപ്പെട്ടു. 429 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ 16 പേർ തീവ്രപരിചരണ വിഭാഗത്തിലും മൂന്ന് പേർ വെന്റിലേറ്ററിലുമാണ്. മധ്യപ്രദേശ് ഹൈക്കോടതി ഈ പ്രതിസന്ധിയെ ‘പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ ആയി പ്രഖ്യാപിച്ചു. അനുച്ഛേദം 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിൽ ശുദ്ധമായ കുടിവെള്ളവും അവകാശമായി ഉൾപ്പെടുന്നുവെന്നും, നിലവിലെ സാഹചര്യം അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും കോടതി അടിവരയിടുന്നു. മാലിന്യ സംസ്കരണത്തിലും ശുചിത്വത്തിലും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട ഇൻഡോറിലാണ് ഇത് സംഭവിച്ചത് എന്നത് അതീവ ഗൗരവമാണ്. പുതിയ വിതരണ ലൈൻ സ്ഥാപിക്കുന്നതിലെ കാലതാമസമാണ് കാരണമെന്ന് പറഞ്ഞ് അധികാരികള്‍ പരസ്പരം പഴിചാരുകയാണ്.
വിഷയത്തിൽ അന്വേഷണത്തിന് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്, എന്നാൽ ഇത്തരമൊരു മാലിന്യത്തിന്റെ മരണക്കിണറിലേക്ക് കാര്യങ്ങൾ എത്താൻ അനുവദിക്കരുതായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മധ്യപ്രദേശിലുണ്ടാകുന്ന രണ്ടാമത്തെ ജലജന്യ പ്രശ്നമാണിത്. ഭൂരിഭാഗം കേസുകളിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ് ലൈനുകളാണ് പ്രധാന വില്ലനായത്. പല ഇന്ത്യൻ നഗരങ്ങളും 40 വർഷത്തിലധികം പഴക്കമുള്ള ജലവിതരണ ശൃംഖലകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഡൽഹി ജൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം അവിടെ 18 ശതമാനത്തോളം പൈപ്പുകൾ 30 വർഷത്തിലധികം പഴക്കമുള്ളതാണ്. ഓവുചാലുകൾക്ക് സമാന്തരമായോ താഴെയോ സ്ഥാപിച്ചിട്ടുള്ള ഈ പൈപ്പുകളിലെ വിള്ളലുകൾ നിരന്തരമായ മലിനീകരണ ഭീഷണി സൃഷ്ടിക്കുന്നു.
രാജ്യത്ത് ജലജന്യ രോഗങ്ങൾ സാധാരണയായി മഴക്കാലത്താണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. വെള്ളപ്പൊക്കവും ഓവുചാലുകൾ നിറഞ്ഞുകവിയുന്നതുമാണ് കാരണം. എന്നാൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 34 സംഭവങ്ങൾ പരിശോധിച്ചാൽ, മലിനജലത്തിലൂടെയുള്ള രോഗബാധ ഏതെങ്കിലും കാലത്തെ ആശ്രയിക്കുന്നില്ല എന്ന് വ്യക്തമാകുന്നു. എല്ലാ മാസങ്ങളിലും ഇത്തരം കേസുകൾ ആവര്‍ത്തിക്കുന്നു. 2025 ഡിസംബർ മുതൽ 2026 ജനുവരി ഏഴ് വരെ ഒരു മാസത്തിനുള്ളിൽ, മലിനജലം കുടിച്ച് 19 പേർ മരിച്ചു. 3,500 ലധികം പേർക്ക് രോഗം ബാധിച്ചു. ഈ ചുരുങ്ങിയ കാലയളവിൽ പട്ന (ബിഹാർ), റായ്‌പൂർ (ഛത്തീസ്ഗഢ്), ബംഗളൂരു (കർണാടക), ഡെറാഡൂൺ (ഉത്തരാഖണ്ഡ്), ഗാന്ധിനഗർ (ഗുജറാത്ത്), ഗുവാഹട്ടി (അസം), ജമ്മു, റാഞ്ചി (ഝാർഖണ്ഡ്), ഇൻഡോർ (മധ്യപ്രദേശ്), ചെന്നൈ (തമിഴ്‌നാട്), ഗുരുഗ്രാം (ഹരിയാന) തുടങ്ങി രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ നിന്നായി കുടിവെള്ള മലിനീകരണത്തിന്റെ 11ലേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ഒമ്പത് സംസ്ഥാന തലസ്ഥാനങ്ങളും ഉൾപ്പെടുന്നു എന്നത് നഗര കുടിവെള്ള അടിസ്ഥാന സൗകര്യങ്ങളുടെ പഴക്കവും തകർച്ചയും അടിവരയിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.